TopTop
Begin typing your search above and press return to search.

ആരുടെ ഓണം? ചിരിപ്പിക്കല്ലേ സാറേ, കരച്ചില്‍ വരും

ആരുടെ ഓണം? ചിരിപ്പിക്കല്ലേ സാറേ, കരച്ചില്‍ വരും

തൃപ്പൂണിത്തുറ നഗരപാത ചുറ്റി അത്തം ഘോഷയാത്ര കടന്നുപോകുന്ന ദിവസമാണ് ഞാനീ കുറിപ്പ് എഴുതുന്നത്. കേരളത്തില്‍ ഓണാഘോഷത്തിന്റെ വരവ് അറിയിക്കലാണുപോലും തൃപ്പൂണിത്തുറ അത്താഘോഷം. പതിവ്‌ പോലെ ഐതിഹ്യങ്ങളും മിത്തുകളും വ്യാഖ്യാനിക്കുന്ന ദൃശ്യാവിഷ്‌ക്കാരങ്ങള്‍ അത്തം ഘോഷയാത്രയില്‍ അണിനിരന്നു. പുതുതലമുറയിലെ ചിന്താശീലരില്‍ അവ എന്ത് വിചാരങ്ങളും അര്‍ത്ഥബോധവും ഉളവാക്കിയിട്ടുണ്ടാകുമെന്ന് അറിയില്ല.

കെട്ടുകഥകള്‍ കൊണ്ട് രാജ്യാധികാരം കവര്‍ന്ന വലിയ വഞ്ചനയുടെ ചരിത്രം നമുക്കു മാത്രം അവകാശപ്പെട്ടതാണ്. ദൈവപരിവേഷം നല്‍കി കഥയുണ്ടാക്കി വിട്ടാല്‍ പാവങ്ങളെ വളരെ വേഗം വശത്താക്കാമെന്ന് അധികാരിവര്‍ഗ്ഗം നൂറ്റാണ്ടുകളായി തെളിയിച്ചിട്ടുണ്ട്. അതിനാല്‍ പ്രചാരത്തിലുള്ള ഐതിഹ്യങ്ങളും മിത്തുകളും നിഗൂഢമായ രാഷ്ട്രീയ ഉപകരണങ്ങളായിരുന്നു എന്ന് ചരിത്രത്തെ മനുഷ്യപക്ഷത്തു നിന്നു വായിച്ചവര്‍ക്ക് അറിയാം. പരശുരാമന്‍ കോടാലി എറിഞ്ഞ് നികത്തിയെടുത്തതാണ് കേരളം എന്ന കഥയും നാടുവാഴിയായിരുന്ന മഹാബലിയെ വാമനന്‍ ചവിട്ടി പാതാളത്തിലാഴ്ത്തിയ കഥയും വര്‍ഗ്ഗീയാധിപത്യം ഉറപ്പിക്കാന്‍ ഏതോ കാലത്ത് തല്‍പ്പരകക്ഷികള്‍ കെട്ടിച്ചമച്ച് പാവപ്പെട്ട ജനങ്ങളില്‍ എത്തിച്ചതാകാം. ഐതിഹ്യങ്ങളുടെ നാനാര്‍ത്ഥങ്ങളില്‍ ഒളിച്ചുവച്ചിട്ടുള്ള സാമൂഹിക സത്യം വിചിത്രവും അശാസ്ത്രീയവുമാണ്. ഗോകര്‍ണത്തുനിന്ന് ഒരു മഴു വലിച്ചെറിഞ്ഞാല്‍ കന്യാകുമാരിയില്‍ വന്നു വീഴില്ല. കടല്‍ മാറി കര രൂപംകൊള്ളില്ല. അങ്ങനൊരു മായാജാലം കാട്ടി പരശുരാമന്‍ സൃഷ്ടിച്ചതാണ് ഭൂമി മലയാളമെന്ന് വിശ്വസിക്കാന്‍ ആരുടെയും യുക്തിബോധം അനുവദിക്കുമെന്നും തോന്നുന്നില്ല. എന്നാല്‍ ആ ഐതിഹ്യത്തില്‍ മറഞ്ഞിരിക്കുന്ന കുറേ പരമാര്‍ത്ഥങ്ങളിലേക്ക് നമ്മുടെ വിചാരഗതി നീളുമ്പോള്‍ കേരളത്തിന്റെ പ്രാചീനചരിത്രം തകിടംമറിഞ്ഞതെങ്ങനെയെന്ന് അനുമാനിക്കാം. വനനിബിഢമായ ഒരു കടല്‍തീരപ്രദേശത്തുകൂടി വടക്കുനിന്ന് തെക്കോട്ട് പരശുരാമന്മാര്‍ സഞ്ചരിച്ചിട്ടുണ്ടാകണം. അവര്‍ കാട് വെട്ടിത്തെളിച്ച് 68 ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് സ്വന്തം ആളുകളെ കൊണ്ടുവന്ന് അവിടെ പാര്‍പ്പിച്ചു. ശിലായുഗത്തിനു ശേഷം അയേണ്‍ ഏജ് അഥവാ ഇരുമ്പ് യുഗം പിറവിയെടുത്തു കഴിഞ്ഞാണിത്. കാടുവെട്ടി നീക്കാന്‍ പരശുരാമന്മാര്‍ ഉപയോഗിച്ച മഴുവിന് കാലത്തെ കീറിമുറിക്കാന്‍ തക്ക മൂര്‍ച്ചയുണ്ടായിരുന്നു. അറിയപ്പെടുന്ന ആദ്യത്തെ കാട്ടുകള്ളന്‍ പരശുരാമന്‍ ആണെന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നു കേരളോല്‍പ്പത്തിയെക്കുറിച്ചുള്ള ഈ കഥ. 68 ഗ്രാമങ്ങള്‍ നിര്‍മ്മിച്ച പരശുരാമന്മാര്‍ അത്രത്തോളം അധികാരപ്രദേശം കീഴടക്ക് വാണിരുന്നു എന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം കഥയില്‍ മറഞ്ഞു കിടപ്പുണ്ട്. മാവേലിത്തമ്പുരാനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ കഥയും അധികാരക്കവര്‍ച്ചയുടെ അന്യാപദേശപുരാണമാണ് വിളമ്പുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. ബ്രാഹ്മണ്യം ഉറപ്പിക്കാന്‍ ദിവ്യഭാവം ചമച്ച് ഇത്തരം കഥകള്‍ പ്രചരിപ്പിച്ചവര്‍ നൂറ്റാണ്ടുകളോളം നമ്മുടെ രാജ്യത്തെ അടഞ്ഞതും ഇരുണ്ടതുമായ ഒരു പ്രദേശമാക്കിത്തീര്‍ത്തു. സിന്ധു, ഗംഗാ തടങ്ങളില്‍ നിന്ന് ദ്രാവിഡരെ ആട്ടിയോടിച്ചു. ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലൂടെ ജനങ്ങളെ വേര്‍തിരിച്ചു. ഇതിഹാസപുരാണങ്ങള്‍ അധികാര കോയ്മയ്ക്കായി സൗകര്യംപോലെ വ്യാഖ്യാനിച്ചു. ബ്രഹ്മാവിന്റെ മുഖത്തുനിന്നു പിറന്നവരാണ് ബ്രാഹ്മണരെന്ന് നുണ പ്രചരിപ്പിച്ചു. ഭൗതികവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന ശ്രമകരമായ ജോലിയില്‍ നിന്ന് ബ്രാഹ്മണര്‍ വിട്ടുനിന്നു. ക്ഷത്രിയര്‍ രാജ്യം ഭരിക്കേണ്ടവരാണെന്ന് കല്‍പ്പിച്ചു. വൈശ്യര്‍ക്ക് മാത്രമുള്ളതാണ് വ്യാപാരോപജീവനം. കൃഷി, കൈത്തൊഴില്‍ തുടങ്ങിയ ജോലികള്‍ ശൂദ്രരും മ്ലേച്ഛരും കിരാതരും നിര്‍വഹിക്കണമെന്ന് വന്നു. കായികാദ്ധ്വാനം ആവശ്യമുള്ള ജോലി ചെയ്യുന്നവര്‍ പരമ്പരാഗതമായി ആ തൊഴിലില്‍ തുടങ്ങുകയും സമൂഹത്തിലെ ഏറ്റവും നികൃഷ്ടരായി കാലക്രമത്തില്‍ ആട്ടി അകറ്റപ്പെടുകയും ചെയ്തു. എല്ലാവര്‍ക്കും അന്നവും വസ്ത്രവും ഉണ്ടാക്കുന്നവര്‍ ദൈവതുല്യം മാനിക്കപ്പെടേണ്ടവരായിട്ടും വിയര്‍പ്പ് മണക്കുന്ന കറുത്ത നിറമുള്ള അവര്‍ വരേണ്യവര്‍ഗ്ഗക്കാരാല്‍ തൊട്ടുകൂടാത്തവരായിത്തീര്‍ന്നു.സ്വന്തം ഭൂതകാലത്തെക്കുറിച്ച് അതിരുകവിഞ്ഞ അവകാശവാദം മുഴക്കുന്നവരാണ് ഓരോ ജനതയും. 'ചാതുര്‍വര്‍ണ്യം മയാസൃഷ്ട'മെന്ന് ഭഗവാനെക്കൊണ്ട് പറയിപ്പിക്കും. വിശുദ്ധ നുണകള്‍ ഉണ്ടാക്കി ഐതിഹ്യങ്ങളായി പ്രചരിപ്പിക്കും. ബഹുമുഖമായ ശാസ്ത്രവളര്‍ച്ചയുടെ വെളിച്ചത്തില്‍ പഴംപുരാണങ്ങളെല്ലാം മങ്ങിപ്പോകുന്നു. കെട്ടുകഥകളും മിത്തുകളും മാറ്റിവച്ചാല്‍ ചരിത്രത്തില്‍ തെളിഞ്ഞുകാണുന്ന കുറേ സത്യങ്ങളുണ്ട്. അത് ഇത്രയുമാണ്. ഒരുപാട് വിദേശാക്രമണങ്ങള്‍ നേരിട്ട നാടാണ് നമ്മുടേത്. ഒരിക്കല്‍പ്പോലും നമ്മുടെ നാടുവാഴികള്‍ ഈ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിച്ചിട്ടില്ല. നിരന്തരം തോറ്റു കീഴടങ്ങിയ നാണംകെട്ട ചരിത്രമേ നമുക്കുള്ളൂ. ദ്രാവിഡര്‍ തോറ്റ് കാടുകയറിയപ്പോള്‍ ആര്യന്മാര്‍ പുതിയൊരു സാംസ്‌ക്കാരിക യുദ്ധത്തിലൂടെ ഭൂമി മുഴുവന്‍ സ്വന്തമാക്കാന്‍ ശ്രമിച്ചു. മദ്ധ്യേഷ്യന്‍ വര്‍ത്തകര്‍ വന്നു. യവനചക്രവര്‍ത്തി അലക്‌സാണ്ടര്‍ വന്നു. അറബികള്‍ എത്തി. മംഗോളിയന്‍ ചെങ്കിഷ്‌ക്കാന്‍ ആക്രമിച്ചു. എല്ലാവരോടും നമ്മുടെ നാടുവാഴികള്‍ തോറ്റുകൊടുത്തു. ലോകത്ത് എല്ലായിടവും ശത്രുക്കളെ കീഴ്‌പ്പെടുത്തിയവരാണ് വീരനായകന്മാര്‍. വ്യാപാരത്തിനു വന്നവരുടെ തന്ത്രങ്ങളോട് ബുദ്ധിപരമായും കായികമായും തോറ്റുപോയതാണ് നമ്മുടെ അജപുത്രവീരസ്യം.

കേരളത്തില്‍ പുറമേനിന്ന് ഉണ്ടായ ഒരാക്രമണത്തോടെങ്കിലും ഏറ്റുമുട്ടി ജയിച്ച രാജാവിന്റെയോ നാടുവാഴിയുടെയോ തിരുനാമം കേള്‍ക്കാനില്ല. തമിഴ്‌നാട്ടിലെ മറവപ്പടയോടുപോലും തോറ്റവരാണ് നമ്മുടെ പൂര്‍വികര്‍. വലിയ വെട്ടിപ്പിടിത്തം നടത്തി മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്റെ വിസ്തൃതി കൂട്ടി. ഇവിടുത്തെ നായര്‍പടയുടെ ശേഷിയില്‍ വിശ്വാസമില്ലാതിരുന്ന ധര്‍മ്മരാജാവും മാര്‍ത്താണ്ഡവര്‍മ്മയും പാണ്ടിനാട്ടില്‍ നിന്ന് ഉശിരന്‍ ഭടന്മാരെ കൂലിക്കിറക്കി. വെള്ളക്കാരനായ കപ്പിത്താനെ പടനായകനും ആക്കി. പരസ്പരം കലഹിച്ച് വിരുന്നുകാരെ വീട്ടുഭരണം ഏല്‍പ്പിച്ച ബുദ്ധിശൂന്യന്മാരാണ് നമ്മുടെ പഴയ നാടുവാഴികള്‍. യുദ്ധത്തില്‍ നൂതനവഴികള്‍ സ്വീകരിച്ച പോരാളിയെന്ന് ബ്രിട്ടീഷ് ശത്രുസൈന്യംപോലും അംഗീകരിച്ച ടിപ്പുസുല്‍ത്താനെ തിരിച്ചറിയാത്ത ദേശസ്‌നേഹം എന്തുതരം പൈതൃകമാണ് അവകാശപ്പെടുന്നത്?

വടക്കു ഹിമാലയത്താലും തെക്കും കിഴക്കും പടിഞ്ഞാറും സമുദ്രത്താലും സംരക്ഷിതമായ വലിയൊരു രാജ്യമാണ് ഇന്ത്യ. വിദേശാക്രമണങ്ങളെല്ലാം ഈ സംരക്ഷണ കവചങ്ങള്‍ ഭേദിച്ചാണ് ഉണ്ടായിട്ടുള്ളത്. ആറായിരം കിലോമീറ്റര്‍ നീണ്ട കടല്‍ സാമീപ്യമുള്ള ചുരുക്കം രാജ്യങ്ങളില്‍ ഒന്നായിട്ടും യൂറോപ്പ്യന്മാരെപ്പോലെ നാവിഗേഷന്‍ ഇന്ത്യയില്‍ ശക്തിപ്പെട്ടില്ല. നല്ലൊരു യുദ്ധക്കപ്പലോ ചരക്കുകപ്പലോ ഇവിടുത്തെ ഏതെങ്കിലും രാജാവിന് ഉണ്ടായിരുന്നില്ല. കടല്‍ കടന്നുപോയാല്‍ ജാതി നശിക്കുമെന്ന മൂഢവിചാരത്തില്‍ ആയിരംകൊല്ലം അടഞ്ഞവാതിലിനുള്ളില്‍ തടവില്‍ കിടന്ന ഒരു ജനസമൂഹത്തിന് ഭാരതീയ പൈതൃകത്തെപ്പറ്റി ഊറ്റംകൊള്ളാന്‍ എന്താണവകാശം? ഇംഗ്ലണ്ടില്‍ ബാരിസ്റ്റര്‍ പഠനത്തിന് പോയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെപ്പോലും സമുദ്രം താണ്ടിയതിന് ഭ്രഷ്ട് കല്‍പ്പിച്ച സാമുദായിക വ്യവസ്ഥ എത്ര നൂറ്റാണ്ടു കാലത്തെ വളര്‍ച്ചയും വികാസവും മുരടിപ്പിച്ചു കളഞ്ഞിട്ടുണ്ടെന്ന് കണക്കാക്കാനാകില്ല.'നവഗതി' എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് നേവി എന്നും നാവിഗേഷന്‍ എന്നും ഉള്ള പദങ്ങള്‍ ഉല്‍ഭവിച്ചത്. അയ്യായിരം കൊല്ലം മുമ്പ് ദ്രാവിഡര്‍ക്ക് ജലസഞ്ചാരം പുതിയ മാര്‍ഗ്ഗമായിരുന്നു. എട്ടു മാസം മഴയും നാലു മാസം വേനലും സമ്മാനിച്ച മിതശീതോഷ്ണ കാലാവസ്ഥയുള്ള ഭൂപ്രദേശത്ത് കാടും ഫലവൃക്ഷങ്ങളും ധാരാളമായി വളര്‍ന്നു. യൂറോപ്പിനെ അപേക്ഷിച്ച് ജീവിക്കാന്‍ പ്രകൃതിയോട് മല്ലിടേണ്ട സാഹചര്യം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടാകാം വിദേശികളുടെ മെയ്ക്കരുത്തിനോട് നമ്മുടെ പടയാളികള്‍ തോറ്റ് വീണുപോയത്. അതുകൊണ്ട് മാത്രമാകാം അതിര്‍ത്തി കടന്ന് ഇന്ത്യ കഴിഞ്ഞ പതിനായിരം കൊല്ലത്തിനിടയില്‍ ഒരു രാജ്യത്തെയും ആക്രമിക്കാന്‍ പോയിട്ടില്ലാത്തത്. ചെറുരാജ്യങ്ങള്‍ പോലും കായികമത്സരങ്ങളില്‍ സ്വര്‍ണ്ണമെഡല്‍ വാരിക്കൂട്ടുന്ന ഒളിംപിക്‌സ് മത്സരവേദിയില്‍ 130 കോടി ജനങ്ങളുടെ രാജ്യമായ നാം തലകുനിച്ചു നില്‍ക്കേണ്ടിവരുന്നു.

കായികശേഷി കുറഞ്ഞവര്‍ ശബ്ദം താഴ്ത്തി ചിന്തയെ ബലപ്പെടുത്തും. വെയിലില്‍ നിന്ന് തണല്‍മരത്തിന്റെ നിഴല്‍ തേടിപ്പോകും. വിജ്ഞാനത്തിന്റെ പ്രകാശം പ്രസരിപ്പിക്കുന്ന പുതിയ ബുദ്ധന്മാര്‍ വളര്‍ന്നുവരും. ലോകത്തിലെ ആദ്യത്തെ സര്‍വകലാശാല ഇവിടെ ഉണ്ടായതു യാദൃച്ഛികമല്ല. വിദേശാക്രണവും ചാതുര്‍വര്‍ണ്യവും ജാതിവിവേചനവും ഇല്ലായിരുന്നെങ്കില്‍ പ്രതിഭാവിലാസംകൊണ്ട് ഇന്ത്യ എന്നേ ലോകം കീഴടക്കുമായിരുന്നു. വേദങ്ങളും ഉപനിഷത്തുകളും 18 പുരാണങ്ങളും അത്രത്തോളം ഉപപുരാണങ്ങളും രണ്ടു ഇതഹാസങ്ങളും ആറ് ദര്‍ശനങ്ങളും ഉള്ളടങ്ങിയ കനപ്പെട്ട വിജ്ഞാനം ജീവിതത്തിന്റെ എല്ലാ സമസ്യകളെയും വ്യാഖ്യാനിക്കുന്നു. അതുപോലൊന്ന് ഇന്ത്യയിലല്ലാതെ വേറെങ്ങുമില്ല. ഹിംസയെ വെടിഞ്ഞ് കാരുണ്യത്തെ പുല്‍കിയ മഹനീയമായ ഒരു മതം പിറന്ന മണ്ണാണ് ഇത്. അതിനെ പണ്ടേ നാം നാടുകടത്തി. സാമ്പത്തികമായി പുരോഗമിക്കുന്ന എല്ലാ കിഴക്കന്‍ രാജ്യങ്ങളിലും ബുദ്ധമതം ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചൈന, ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണകൊറിയ, ഹോങ്ക്‌കോങ്ങ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ കൈവരിച്ച സാമ്പത്തിക വളര്‍ച്ച വിസ്മയാവഹമാണ്. ഇവിടെല്ലാം ജനങ്ങളെ സ്വാധീനിച്ചത് ബുദ്ധമതമാണ്. ഇതിഹാസങ്ങളെയും പുരാണങ്ങളെയും ഉപജീവിച്ച് കള്ളക്കഥകള്‍ ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ അവിടെ ആരും ചെന്നില്ല. ഗൗതമ ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് ആരും അവരോട് പറഞ്ഞില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നു പറഞ്ഞ ഗുരുവിനെ ഹിന്ദുസന്യാസിയാക്കാന്‍ അവിടാരും പീതാംബരം അഴിച്ച് തലയില്‍ കെട്ടില്ല. ബ്രഹ്മസത്യം, ജഗത് മിഥ്യ! കൂടുതല്‍ ചിരിപ്പിക്കരുതേ സാറെ; കരച്ചിലുവരും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories