സിനിമ

വണ്‍ ഫൈന്‍ ഡേ; ആകെ നാലേ നാലു ഡയലോഗുകള്‍… ഇതുവരെ കരസ്ഥമാക്കിയത് അഞ്ച് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍

ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, 100 ഡേയ്സ് ഓഫ് ലൗ, വൈ എന്നീ ചിത്രങ്ങളില്‍ സംഭാഷണ രചന നിര്‍വഹിച്ചിട്ടുള്ള വിബിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് വണ്‍ ഫൈന്‍ ഡേ

പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം, ആകെ നാലേ നാലു ഡയലോഗുകള്‍… ഇതുവരെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിന്ന് കരസ്ഥമാക്കിയത് അഞ്ച് പുരസ്‌കാരങ്ങള്‍ കൂടാതെ നിരവധി പ്രമുഖ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കുള്ള സിലക്ഷനും. ദൃശ്യങ്ങളാണ് ചലച്ചിത്രത്തിന്റെ ആത്മാവ് എന്ന തന്റെ സങ്കല്പത്തെ ഊട്ടിയുറപ്പിക്കുകയാണ് വണ്‍ ഫൈന്‍ ഡേ എന്ന ഹ്രസ്വ ചിത്രത്തിലൂടെ എം ആര്‍ വിബിന്‍. ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, 100 ഡേയ്സ് ഓഫ് ലൗ, വൈ എന്നീ ചിത്രങ്ങളില്‍ സംഭാഷണ രചന നിര്‍വഹിച്ചിട്ടുള്ള വിബിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് വണ്‍ ഫൈന്‍ ഡേ. രണ്ട് കുട്ടികള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന് കേരളത്തിലെ പ്രമുഖ ഹ്രസ്വ ചലച്ചിത്രമേളകളില്‍ നിന്നായി ഇതിനോടകം തന്നെ 25 പുരസ്‌കാരങ്ങളാണ് നേടിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യും. തിരുവനന്തപുരത്ത് നിന്നുള്ള സിദ്ധാര്‍ത്ഥ, കണ്ണൂരില്‍ നിന്നുള്ള നീലാഞ്ജന എന്നിവരാണ് ബാലതാരങ്ങളായി എത്തിയിരിക്കുന്നത്.

‘ഏതൊരു ആള്‍ക്കും യാതൊരു തടസവുമില്ലാതെ സിനിമ കാണാനും അത് മനസിലാക്കാനും സാധിക്കണമെന്ന് ആദ്യമേ ഞാന്‍ തീരുമാനിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ അങ്ങനെയൊരു കോണ്‍സപ്റ്റാണ് ഉണ്ടാക്കിയതും പരീക്ഷിച്ചതും. അത് വിജയമായതില്‍ വളരെ സന്തോഷമുണ്ട്. ഡയലോഗുകള്‍ പരിമിതപ്പെടുത്തിക്കൊണ്ട് ദൃശ്യങ്ങള്‍ കൊണ്ട് കഥ പറയാനാണ് ഞാന്‍ ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ ശബ്ദത്തിനും ദൃശ്യങ്ങള്‍ക്കും അതീവ പ്രാധാന്യം നല്‍കിയിയിട്ടുണ്ട്.’ രാജ്യത്തിന് അകത്തും പുറത്തും ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരങ്ങളുടെ നിറവില്‍ വിബിന്‍ പറഞ്ഞു.

കൊറിയയിലെ പ്രശസ്ത ചലച്ചിത്രമേളയായ ഗുറോ ഇന്റര്‍നാഷണല്‍ കിഡ്സ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ഇറ്റലിയിലെ എസ്‌ഐസി ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച ചിത്രം, മികച്ച അഭിനയം, മികച്ച സംഗീതം, ആഡിയന്‍സ് ചോയിസ് അവാര്‍ഡ് എന്നിവ വണ്‍ ഫൈന്‍ ഡേ സ്വന്തമാക്കി. കൂടാതെ സ്പെയിന്‍ റേഡിയോ സിറ്റി ഇന്റര്‍നാഷണല്‍ ഷോര്‍ട്ഫിലിം ഫെസ്റ്റിവല്‍, അമേരിക്കന്‍ എഫ്പിപി ഫിലിം ഫെസ്റ്റിവല്‍, സ്റ്റട്ട്ഗാരട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ജര്‍മ്മനി, മെക്സിക്കോയിലെ ഹിഡാല്‍ഗോ ഫിലിം ഫെസ്റ്റിവല്‍, ബാലിയിലെ മിനി കിനൊ, ഉക്രൈനിലെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ടെലിവിഷന്‍ ഫിലിം ഫെസ്റ്റിവല്‍, ജപ്പാനിലെ കിനേകോ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍, ബ്രസീലിലെ ജോയിന്‍വില്ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പോണ്ടിച്ചേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ചന്ദന്‍നഗര്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ ജയ്പൂര്‍ ഫിലിം വേള്‍ഡ് വൂലര്‍ ലേക്ക് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, കാശ്മീര്‍ ആര്‍ട് ഹൗസ് ഏഷ്യ കൊല്‍ക്കത്ത തുടങ്ങി അന്താരാഷ്ട്രാ രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ ഹ്രസ്വ ചിത്രം. ഡല്‍ഹിയിലെ പിക്ക് യുവര്‍ ഫ്ളിക് ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലും മുംബൈ സിനിമ ഓഫ് ദ് വേള്‍ഡ് ഫെസ്റ്റിവലിലും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വണ്‍ ഫൈന്‍ ഡേ നേടിയിരുന്നു.

അരവിന്ദ് പുതുശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മെജോ ജോസഫ് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് വിനീതാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീജിത് നായര്‍, മൃണാള്‍ മുകുന്ദന്‍, ജി.കെ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമ്പിളി പെരുമ്പാവൂരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ആരതി എം ആര്‍

ആരതി എം ആര്‍

അഴിമുഖം കറസ്പോണ്ടന്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍