TopTop
Begin typing your search above and press return to search.

സോഷ്യല്‍ മീഡിയകളില്‍ അസഭ്യം വിളിക്കുന്ന പുരുഷന്‍മാരോട്

സോഷ്യല്‍ മീഡിയകളില്‍ അസഭ്യം വിളിക്കുന്ന പുരുഷന്‍മാരോട്

ഷഫ്‌ല കുറുവങ്ങാടന്‍

സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റുകളില്‍ അസഭ്യം വിളിക്കുന്ന പുരുഷജനങ്ങള്‍ക്കായാണ് ഈ എഴുത്ത്...

സത്രീകള്‍ എന്തിടണം, എന്തിടരുത്, ഇങ്ങനെ നടക്കരുത്, അങ്ങനെ നടക്കണം എന്നുപറയാന്‍ നിങ്ങളാരാണ്‌? അത് സ്വന്തം വിട്ടിലെ സ്ത്രീകളോട് പോയി പറഞ്ഞാല്‍ മതി എന്ന് പറയാനാണ് തോന്നുന്നതെങ്കിലും ഞാനൊരു സ്ത്രീ ആയതുകൊണ്ടും ഭരിക്കപ്പെടാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടും മാത്രം ചോദിച്ചു പോകുകയാണ്...അല്ല...ആരാ..നിങ്ങള്‍ക്ക് മറ്റുള്ളവരെ കേറി ഭരിക്കാനുള്ള സ്വാതന്ത്ര്യവും സ്പേസും തന്നത് ..? ആ കണ്ണുകള്‍ ഉപയോഗിച്ച് സ്വന്തം ശരീരത്തിലേക്ക് തന്നെ അങ്ങു നോക്കിയാല്‍ മതി. വേണേല്‍ കണ്ണാടിക്ക് മുന്‍പില്‍ തന്നെ പോയി നോക്ക്..എത്രത്തോളം ശരിയാണ് താന്‍ എന്ന്. എന്നിട്ട് മതി മറ്റുള്ളവരെ കളിയാക്കാനും കേറി അസഭ്യം പറയാനും വരാന്‍. Your freedom ends where my nose begins.

മുസ്ലിം സ്ത്രീ പര്‍ദ്ദ ഇട്ടാല്‍ പ്രശ്നം..അവള്‍ തല മറക്കാതെ നടന്നാല്‍ അതിനും വലിയ പ്രശ്നം- സമുദായത്തെ പറയിപ്പിക്കാന്‍, ബാപ്പയേയും ഉമ്മയേയും പറയിപ്പിക്കാന്‍.. വളര്‍ത്തു ദോഷം..! അപ്പോള്‍ വീണ്ടും കുറ്റം മാതാപിതാക്കള്‍ക്ക്.. !! അപ്പോള്‍ അവള്‍ പര്‍ദ്ദയും നിഖാബും ധരിച്ചു നടന്നാല്‍ മറ്റു സമുദായക്കാര്‍ വരും- വ്യക്തി സ്വാതന്ത്ര്യം ഹനിക്കല്‍.. വ്യക്തി ഹത്യ.. ഇതൊന്നുമല്ലെങ്കിലോ വേറെ ചിലര്‍ “ലിംഗ ചലനവുമായി വരും .!!

ചുരുക്കി പറഞ്ഞാല്‍ സ്ത്രീക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ, ഞങ്ങള്‍ പ്രതികരിച്ചാല്‍ പ്രശ്നം, പ്രതികരിച്ചില്ലേല്‍ പ്രശ്നം..! ഈ എഴുത്ത് പുറംലോകം കണ്ടാല്‍ ഉണ്ടാകാന്‍ പോകുന്ന പുകിലുകള്‍, അതിനെനിക്ക് കൂടുതല്‍ ആലോചിക്കുകയൊന്നും വേണ്ട. ലേശം വെളിച്ചം തട്ടി വളരാന്‍ ശ്രമിക്കും മുന്‍പേ കൊടുംങ്കാറ്റടിച്ചു കെടുത്തിക്കോളും. ഇത്രയും ആവേശം വേറെ ഒന്നിനും ഇല്ല തന്നെ. ഒന്ന് പറക്കാന്‍ ശ്രമിക്കുമ്പോഴേക്കും ചിറകു പിന്നിട്ടു വെച്ചോളും.. അല്ലേല്‍ പ്രാക്കള്‍ വീട് പരിധി വിട്ടു പറന്നു പോകുമത്രേ. അങ്ങനെ പിന്നിട്ടു വെക്കുന്നത് കൊണ്ടാണല്ലോ യജമാനന്‍ കൊടുക്കുന്ന തീറ്റയും കഴിച്ച് വീടും വൃത്തിയാക്കി കൂടേണ്ടി വരുന്നത്.. ! Remove their pins let them fly.ഇവിടെ ഞാനിതെഴുതുന്നത് എന്റെ അധിക പ്രസംഗം, പുറത്തു പഠിക്കാന്‍ വിട്ടതിന്റെ കുഴപ്പം, അഹങ്കാരം, അഹംഭാവം, അതുമല്ലെങ്കില്‍ ‘ വെറുതെ അല്ല, അവള്‍ ഇങ്ങനെയൊക്കെ ആയിപ്പോയതു, കണ്ടില്ലേ അവളുടെ ലൈഫ് സ്റ്റാറ്റസ്.'

അപ്പൊ പറഞ്ഞു വന്നത് സ്ത്രീ സ്വാതന്ത്ര്യം.. ഇപ്പോള്‍ പല ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും പെണ്‍ പ്രതികരണങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. അവരുടെ എഴുത്തുകള്‍ക്ക് പിന്നിലും പല കത്തുന്ന അനുഭവങ്ങളുണ്ട്. അത് ചിലപ്പോള്‍ കുടുംബമാവാം, മറ്റു ചിലപ്പോള്‍ സമൂഹമാകാം. ജിവിതത്തിലെ പല ദുരിത അനുഭവങ്ങളാണ് അവരെ കടുത്ത തീരുമാനം എടുക്കുന്നതിനും അതുതന്നെയാണ് അവരെ എന്തും നേരിടാനും സജ്ജമാക്കുന്നതും.

ഇങ്ങനെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കത്രയൊന്നും വരില്ലല്ലോ സ്ത്രീ ഉടലുകളുടെ വസ്ത്രത്തിന്‍റെ വൃത്തികേടുകള്‍. ഒരു സ്ത്രീയെ തനിച്ചു കിട്ടിയാല്‍ എവിടെപ്പോകും ഈ വൃത്തികേടുകള്‍..!!! ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടും ചുമ്മാ ഇഷ്ടം പോലെ സമയം ഉള്ളതുകൊണ്ടുമാണല്ലോ ഓരോരുത്തന്മാര്‍ കണ്ണില്‍ കണ്ടതും കാണാത്തതും കാണാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ സാമാന്യ ഭാഷയേക്കാള്‍ തരം താഴ്ന്ന രീതിയില്‍ തുറന്നടിക്കുന്നത്. ഇങ്ങനെ ആഭാസം പറഞ്ഞാല്‍ അവര്‍ സാമൂഹ്യ സദാചാരം സംരക്ഷിക്കുന്നവരും – പിന്നെ അവര്‍ക്കറിയാം 'എല്ലാം' എന്നാ ഭാവവും. സര്‍ പ്ലീസ്, നിര്‍ത്തിക്കൂടെ?

സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ ചിലപ്പോള്‍ കാണുന്ന കമന്‍റ്സും പോസ്റ്റും കണ്ടാല്‍ പൂര്‍ണ്ണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിന്‌ അത് വേണ്ടായിരുന്നു എന്നു പോലും തോന്നിപ്പോകും. ഇത്തരം ആഭാസ വാക്കുകളിലൂടെ social morality യെ ചോദ്യം ചെയ്‌താല്‍ സദാചാരം പോലീസിംഗ് നടത്തിയാല്‍ “എല്ലാം ആയി “എന്നുള്ള ഭാവവും. അതിലുപരി പെണ്ണായാല്‍ ഇത് പാടില്ല, അതെ പാടുള്ളൂ .. എന്നു പറയുമ്പോഴും എനിക്കൊന്നേ ചോദിക്കാനുള്ളൂ. “ Who Are You ?

അതെ, ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ളത് ധരിക്കും, ചിലപ്പോള്‍ ധരിച്ചില്ലെന്നു വരും. നിങ്ങള്‍ക്കെന്താ? ഞങ്ങള്‍ക്കതൊക്കെ പാടും, പാടില്ലാത്തത് നിങ്ങള്‍ക്ക് ! എന്നാല്‍ ഒന്ന് ചോദിച്ചോട്ടെ? വിട്ടില്‍ അമ്മയും പെങ്ങമാരുമൊക്കെ ഇല്ലേ? പക്ഷെ ശരിക്കും ചോദ്യം ഇതല്ല. ഇങ്ങനെ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ കേറി തെറി വിളിക്കാനേ നിങ്ങള്‍ക്കൊക്കെ ആകൂ. എപ്പോഴെങ്കിലുംലും ചിന്തിച്ചിട്ടുണ്ടോ ഒരു ശരാശരി വീട്ടമ്മ/ working women, അവര്‍ ഒരു ദിവസം എടുക്കുന്ന ജോലികള്‍, ചെയ്തു തീര്‍ക്കുന്ന കാര്യങ്ങള്‍ (പുറത്തു ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കാണങ്കില്‍ ജോലിഭാരം കൂടി). അവര്‍ക്ക് എന്തല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം. എല്ലാ ഉത്തരവാദിത്ത ജോലികളും വിട്ടിലെ പെണ്ണുങ്ങളെക്കൊണ്ട് ചെയ്യിച്ച് ചുമ്മാ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ സദാചാര പോലീസിംഗ് നടത്തി സമുഹത്തില്‍ എന്തോ ആണെന്നു പറഞ്ഞു നടക്കുന്ന എന്റെ സഹോദരന്‍മാരെ, ഒന്നു നിര്‍ത്തിക്കൂടേ?നിങ്ങള്‍ പലതും പുലമ്പുന്നതിനു മുന്‍പ് ഒന്ന് ഭാര്യയെ കുറിച്ച് ആലോചിച്ചു നോക്കൂ, നിങ്ങള്‍ ചുമ്മാഫെയ്സ്ബുക്കിലും വാട്സാപ്പിലും 'നോണ്‍വെജ്' പറഞ്ഞും കണ്ടും ആസ്വദിക്കുന്ന സമയത്ത് അവള്‍ എന്തൊക്കെ ചെയ്തു തീര്‍ക്കുന്നു. അവര്‍ ഓടിനടക്കുന്നത് കാണാന്‍ പറ്റുന്നുണ്ടോ? ഇനി അവര്‍ ഇട്ടിരിക്കുന്ന വസ്ത്രത്തിലേക്കൊന്നു നോക്കൂ . പഴയതാണോ? അലമാരയില്‍ അടുക്കി വെച്ചിരിക്കുന്ന നിങ്ങളുടെ ഡ്രെസ്സും അവരുടെ ഡ്രെസ്സും ഒന്ന് സൂക്ഷിച്ചു നോക്കൂ. Low waist Pantsന് വേണ്ടിയും സുഹൃത്തുക്കളുടെ അടുത്ത് ആളാവാന്‍ വേണ്ടിയും നിങ്ങള്‍ മേടിച്ചിട്ടുള്ള വെണ്ടക്കാ അക്ഷരത്തില്‍ ബ്രാന്‍ഡ്‌ നെയിം എഴുതിയിട്ടുള്ള എത്ര പാന്‍റീസ്? അണ്ടര്‍വെയര്‍സോക്കെ നമ്മള്‍ ബ്രാന്‍ഡെഡ് ഉപയോഗികണമെന്നു അഭിമാനത്തോടെ പറയുന്ന പുരുഷ സഹോദരന്മാരെ... നിങ്ങളുടെ ഭാര്യ, അവരിടുന്ന അടിവസ്ത്രങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അത് വലിച്ചൂരിയെറിയുക എന്നല്ലാതെ അതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ അല്ലേ സമയം?

ഒന്ന് പോയി നോക്കിയേ, ഓ എല്ലാം പഴയത് തന്നെ, മിക്കതും ഓട്ടയായവ. അലക്കി ദ്രവിച്ചവ, അവരുടെ ബ്രാ നിങ്ങള്‍ എത്ര തവണ ഊരി എറിഞ്ഞിട്ടുണ്ട്? അതൊക്കെ അവള്‍ക്ക് നിങ്ങള്‍ എന്ന്‍ മേടിച്ചു കൊടുത്തതാണ്? ഭാര്യയുടെ മാത്രമല്ല വിധവയായ നിങ്ങളുടെ അമ്മമ്മാരുടെയും നിങ്ങള്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. വിട്ടിലെ സ്ത്രീകള്‍ അങ്ങനെ ഒതുങ്ങി തന്റെ അത്യാവശ്യ കാര്യങ്ങള്‍ പോലും ഭര്‍ത്താവിനോടോ മക്കളോടോ പറയാതെ എല്ലാം കണ്ടും കേട്ടും സഹിച്ചു ജീവിച്ചാല്‍ ഉത്തമ ഭാര്യ, എന്തു നല്ല മരുമകള്‍. അതിനെല്ലാം ഉപരി “മഹനീയ വനിത”. അവളൊന്നു ശബ്ദിച്ചാല്‍ ഫെമിനിസ്റ്റ്.. തല്ലുകൊടുക്കാതെ വളര്‍ത്തിയതു കൊണ്ട്.

മറിച്ച് സ്വന്തം അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശുകൊണ്ട് നല്ല വസ്ത്രങ്ങള്‍ ധരിച്ച് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചുള്ള നടത്തം- ഇതൊന്നും നമ്മുടെ ആണ്‍ ജനത്തിന് പിടിക്കുന്നില്ല . ഇതിന്റെ പേരെന്താണ്‌?

പെണ്ണുങ്ങള്‍ ഇങ്ങനെയൊക്കെ മതി. ഓര്‍ക്കെന്ത് ബ്രാന്‍ഡ്‌ ? അതൊക്കെ നമ്മള്‍ ആണുങ്ങള്‍ക്കായി, ഹെന്താല്ലെ? കൂടുതതല്‍ എന്തുപറയാന്‍.. ഞാനീ എഴുതുന്നതിനെതിരെ തെറി വിളിക്കാനും വരും കുറെ ആഭാസന്‍മാര്‍, കൂടെ morally well built ആയ ചില മഹനീയ വനിതകളും ..!! സദാചാരത്തിന്‍റെ അംഗവടിവുകളും തേനും പാലും ചേര്‍ത്ത് മാത്രം സംസാരിക്കാന്‍ മാത്രം അറിയുന്നവര്‍. അവരെ പിന്താങ്ങി സംസാരിക്കാന്‍ വരുന്ന ആണുങ്ങളെ .. നിങ്ങളെ ഇതിനൊക്കെ തന്നെയേ പറ്റൂ.. സ്വന്തം മായിയിട്ടെന്നു പറയ്യാന്‍ നിങ്ങള്‍ക്കിതൊക്കെ തന്നെയേ ഉള്ളൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകവേറെ ചിലര്‍ പറയും “ അവളെയൊക്കെ കൂടുതല്‍ പഠിക്കാന്‍ വിട്ടതിന്റെ കുഴപ്പാ.. അല്ലേല്‍ പൊരേലെ പണിയും തീര്‍ത്തു കുട്ടികളേയും നോക്കി ചട്ടീം പാത്രോം കഴുകി ഇരുന്നേനെ.. ഇതിപ്പോ അതൊന്നു മല്ലല്ലോ.. പഠിക്കാനെന്നും പറഞ്ഞു പോയിരിക്കയല്ലേ ... ചെയ്തു കൂട്ടുന്നതോ ഇതൊക്കെ തന്നെയും.. ആര്‍ക്കറിയാം അവളൊക്കെ അവിടെ എങ്ങനാ ജീവിക്കുന്നെന്നു.. നമ്മുടെ നാട്ടില്‍ ഇതൊന്നും പറ്റില്ലല്ലോ.. അതല്ലേ പഠനം അത് ഇത് എന്നൊക്കെ പറഞ്ഞു ആടെ തന്നെ കൂടുന്നേ, അഴിച്ചിട്ടിരിക്കയല്ലേ....“sorry ഇതൊക്കെ കുറേ കേട്ടതാ.. " അതുകൊണ്ട് തന്നയാ എഴുതുന്നതും .. പെണ്‍കുട്ടി വിദ്യ അഭ്യസിച്ചാലോ എന്തെങ്കിലും എഴുതിയാലോ പറഞ്ഞാലോ അത് അഭാസവും. അത് ആണ്‍കുട്ടികളാണെങ്കില്‍ തികഞ്ഞ അഭ്യാസിയും ആയിത്തീരുന്നു. ഇതെന്ത് വിദ്യാഭ്യാസം? ഇതെങ്ങനെ ശരിയാവും?

അപ്പൊ ഞങ്ങള്‍ നാളെ സാരി ഉടുത്തിറങ്ങിയാലും ജീന്‍സും ടോപ്പുമാണേലും പര്‍ദ്ദ അണിഞ്ഞ് ഇറങ്ങിയാലും ഞങ്ങളുടെ വയറോ, കഴുത്തോ തുടയോ, മുടിയോ എന്തു തന്നെയാവട്ടെ, നിങ്ങള്‍ നോക്കിക്കോളൂ... എന്നിട്ട് ഞങ്ങള്‍ സ്ത്രീ ജനങ്ങളെ എങ്ങനെ കാണണമെന്നും ഞങ്ങളോട് എങ്ങനെ പെരുമാറണമെന്നും ആലോചിക്കൂ, പഠിക്കൂ.. Take your time .. !

നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞതുപോലെ.. എല്ലാത്തിനും ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്, അവകാശം ഉണ്ട്, ഇഷ്ടം പോലെ കാറ്റും വെളിച്ചവുമൊക്കെ കിട്ടിക്കൊണ്ടു തന്നെ. സ്ത്രീകളെ വളരാന്‍ അനുവദിക്കൂ ... അപേക്ഷയല്ല, ആഗ്രഹവും അല്ല, അഹങ്കാരത്തോടെ പ്രസ്താവിക്കുക തന്നെയാണ്.

(ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ഷഫ്‌ല)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories