TopTop
Begin typing your search above and press return to search.

ഇനി ഉമ്മന്‍ ചാണ്ടിയല്ല, സുധീരന്‍ എന്തൊക്കെ ചെയ്യുമെന്നതാണ് അറിയേണ്ടത്

ഇനി ഉമ്മന്‍ ചാണ്ടിയല്ല, സുധീരന്‍ എന്തൊക്കെ ചെയ്യുമെന്നതാണ് അറിയേണ്ടത്

അഴിമുഖം പ്രതിനിധി

പരാജയം തുറന്ന ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് പറയും. അങ്ങനെയെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ അത്തരം ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞിരിക്കണം. ഒരുപക്ഷേ മേയ് 19 നു മുന്നേ. ആ ചര്‍ച്ചകള്‍ എല്ലാം കേന്ദ്രീകരിക്കുന്നത് ഉമ്മന്‍ ചാണ്ടിയിലാണ്. ഈ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ സ്ഥാനം ഏതുവിധത്തിലായിരിക്കും കേരള രാഷ്ട്രീയത്തില്‍ നിര്‍ണയിക്കപ്പെടുക?

രാഷ്ട്രീയത്തില്‍ എന്നല്ല, ഏതു മത്സരത്തിലും പ്രതികൂലസാഹചര്യമാണ് തന്നെ പൊതിഞ്ഞിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന മത്സരാര്‍ത്ഥി പോലും ആത്മവിശ്വാസം പ്രകടിപ്പിക്കും. കാര്യങ്ങളെല്ലാം തനിക്കെതിരാണെന്ന് അറിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും വിശ്വസിച്ചു. ആ വിശ്വാസത്തിന് ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെതായ കാരണങ്ങളുണ്ടായിരുന്നു. അതാണ് അമ്പേ തെറ്റിയിരിക്കുന്നത്.

ഇനിയിപ്പോള്‍ എന്തു ചെയ്യും ഉമ്മന്‍ ചാണ്ടി എന്നതാണ് ചോദ്യം. ഒരുപക്ഷേ അതിലും നല്ല ചോദ്യം ഇനി സുധീരന്‍ എന്തൊക്കെ ചെയ്യും എന്നതായിരിക്കും.

കഴിഞ്ഞ അഞ്ചുവര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയക്കളി പ്രതിപക്ഷത്തോടും ജനങ്ങളോടുമാത്രമല്ലായിരുന്നു സ്വന്തം പാര്‍ട്ടിയോടുകൂടിയായിരുന്നു. കെപിസിസിയേയും ഹൈക്കമാന്‍ഡിനെയും എതിരിട്ടു. കേരളത്തിലെ കോണ്‍ഗ്രസ് താനാണെന്ന തരത്തില്‍ മുന്നോട്ടുപോയി. ഈ സമയത്തെല്ലാം ഉമ്മന്‍ ചാണ്ടിയെ എതിര്‍ക്കാന്‍ പോയിട്ട് പ്രതിരോധിക്കാന്‍പോലും കഴിയാതെ വഴിമാറി നില്‍ക്കാനേ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും കഴിഞ്ഞുള്ളു.

ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ശക്തിയില്ലാതായിരിക്കുന്നു. മറുഭാഗം കളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തിരിക്കുന്നു.

പക്ഷേ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയചതുംരഗത്തില്‍ കാലുറപ്പുള്ള കരുവാണ്. അത്രപെട്ടെന്ന് വെട്ടിവീഴ്ത്താന്‍ പറ്റില്ല. തെരഞ്ഞെടുപ്പില്‍ നേരിട്ടത് വന്‍ തോല്‍വിയാണ്. യുഡിഎഫിന് ആകെ 48 സീറ്റാണ് കിട്ടിയത്. കോണ്‍ഗ്രസിനാകട്ടെ 21 ഉം. ഇത്രവലിയ തോല്‍വി നേരിട്ടിട്ടും അതിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുള്ളതാണെന്നും കൂട്ടത്തില്‍ കുറച്ചു കൂടുതല്‍ തനിക്കാണെന്നും മാത്രമാണ് ഉമ്മന്‍ ചാണ്ടി പറഞത്. എല്ലാ ഉത്തരവാദിത്വവും സ്വയമേറ്റെടുത്താല്‍ അതു രാഷ്ട്രീയ മാന്യതയാകുമെങ്കിലും സ്വന്തം കൈകൊണ്ട് തനിക്കുള്ള ഉദകക്രിയകള്‍ നടത്താന്‍ മാത്രം ഈ കോണ്‍ഗ്രസുകാരന്‍ വിഡ്ഡിയല്ല. പക്ഷേ എത്രകണ്ട് പിടിച്ചു നില്‍ക്കാന്‍ കഴിയും?പ്രതിപക്ഷനേതാവാകാന്‍ ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ തീരുമാനം രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാം. ഒന്ന് ഉമ്മന്‍ ചാണ്ടി നടത്തുന്ന ത്യാഗം, രണ്ട്, ഉമ്മന്‍ ചാണ്ടി നടത്തുന്ന ബുദ്ധിപൂര്‍വമായ നീക്കം. രണ്ടാമത്തെ കാര്യം പിടിച്ച് സംസാരിക്കുന്നതാകും ഉചിതം. ജയിച്ചുവന്നവരില്‍ ഉമ്മന്‍ ചാണ്ടിയുടേതായ എ ഗ്രൂപ്പുകാരെക്കാള്‍ എണ്ണം കൂടതല്‍ ഐക്കാര്‍ക്കാണ്. സ്വാഭാവികമായും പ്രതിപക്ഷനേതാവ് ഐക്കാരനാകും. ഒരുചര്‍ച്ചയ്‌ക്കോ തര്‍ക്കത്തിനോ ഇടയില്ലാത്തവിധം ഉമ്മന്‍ ചാണ്ടിയെ ഐക്കാര്‍ ബ്ലോക് ചെയ്തു കഴിഞ്ഞു. ആവശ്യം ഉന്നയിച്ചാല്‍പോലും എതിരെ നിരത്താന്‍ ഒരുപാട് കാരണങ്ങളുണ്ട്. നേതൃമാറ്റം ഉയര്‍ന്നു കഴിഞ്ഞു. ഇത്രനാളും പലതും കണ്ടുംകേട്ടുമില്ലെന്നു നടിച്ചു കഴിഞ്ഞ ഹൈക്കമാന്‍ഡിനും ഇനി ഉമ്മന്‍ ചാണ്ടിക്കെതിരെ നില്‍ക്കാന്‍ പ്രയാസമുണ്ടാകില്ല. സ്വഭാവികമായും ഇതെല്ലാമറിയുന്ന ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവ് ആകാന്‍ തുനിയില്ല. പകരം മാറിനില്‍ക്കും. പലരും മടങ്ങിവരവ് അസാധ്യമാണെന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് ആയതുകൊണ്ടും ഇവിടെയുള്ള നേതാക്കന്മാരുടെ കഴിവും കഴിവില്ലായ്മയും നന്നായി മനസിലാക്കിയതുകൊണ്ടും മടങ്ങിവരവ് ഉമ്മന്‍ ചാണ്ടി പ്രതീക്ഷിക്കും. എന്നാല്‍ അത്തരമൊരു സാധ്യത ഇല്ലാതാക്കുന്ന ഘടകങ്ങളില്‍ പ്രധാനി സാക്ഷാല്‍ വി എം സുധീരന്‍ തന്നെയാണ്. കണക്കുകള്‍ സുധീരന്‍ വീട്ടുക തന്നെ ചെയ്യും.

സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയോട് പരസ്യമായി ഏറ്റമുട്ടി. പിടിച്ചടുത്ത് ജയിച്ചത് ഉമ്മന്‍ ചാണ്ടിയെന്ന് മാധ്യമങ്ങളടക്കം എഴുതി. സുധീരന്‍ മറുത്തൊന്നും പറഞ്ഞില്ല. ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു അന്നും ജയിച്ചതു സുധീരന്‍ തന്നെ, ഇന്നു തോല്‍ക്കാതിരിക്കുന്നതും സുധീരന്‍ തന്നെ. താന്‍ പറയുന്ന ആറുപേരെ നിര്‍ത്തരുതെന്നായിരുന്നു സുധീരന്‍ പറഞ്ഞത്. കെ ബാബു, കെ സി ജോസഫ്, അടൂര്‍ പ്രകാശ്, എ ടി ജോര്‍ജ്, ഡൊമനിക് പ്രസന്റേഷന്‍, ബന്നി ബെഹനാന്‍. ഇവരെല്ലാം മത്സരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി വാശിപിടിച്ചു. ഒടുവില്‍ ബഹനാനെ മാത്രം വെട്ടി ഹൈക്കമാന്‍ഡ് തീര്‍പ്പിലെത്തി. ഇവിടെയാണ് ജയം ഉമ്മന്‍ ചാണ്ടിക്കെന്ന് എല്ലാവരും കരുതിയത്. ജോര്‍ജ് തോറ്റു, ബാബു തോറ്റു, ബഹനാനു പകരം സുധീരന്‍ കൊണ്ടുവന്ന പിടി തോമസ് ജയിച്ചു. അടൂര്‍ പ്രകാശ് ജയിച്ചത് ഈഴവരെല്ലാം വോട്ട് ചെയ്തതുകൊണ്ടുമാത്രം. സീറ്റ് തന്നില്ലെങ്കില്‍ ബിഡിജെഎസിനൊപ്പം പോകുമെന്ന് ഭീഷണി മുഴക്കിയ അടൂര്‍ പ്രാകശിന് സ്വയം ജയിക്കാനറിയാമായിരുന്നു. ഇരിക്കൂറിലെ കെ സി ജോസഫിന്റെ വിജയം മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് അവകാശപ്പെടാന്‍ കഴിയുന്നത്. ബാബുവിന്റെ തോല്‍വി തലയ്ക്കു കിട്ടിയ അടിയാണ്. ഇതിന്റെയെല്ലാം കണക്കെടുത്ത് പരിശോധിക്കുമ്പോള്‍ സുധീരനാണ് ജയിച്ചിരിക്കുന്നത്. യുഡിഎഫിന്റെ വന്‍ പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്ന് പാര്‍ട്ടി അധ്യക്ഷന്‍ തന്നെ കളങ്കിതരെന്നു വിളിച്ചവരെ മത്സരിപ്പിച്ചതാണെന്ന വാദം ശക്തമായി നിലനില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെയും മെത്രാന്‍ കായല്‍ നികത്തല്‍, പറവൂര്‍ ഭൂമിയിടപാടുകള്‍ക്ക് മന്ത്രിസഭ തുനിഞ്ഞതിനെതിരെയും സുധീരനും സീതശനും അടക്കമുള്ളവര്‍ രംഗത്തെത്തി കടുംവെട്ട് മന്ത്രിസഭയെന്ന ആക്ഷേപം ഉയര്‍ത്തിയതും സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്താന്‍ കാരണമായി. പിസിസി അദ്ധ്യക്ഷന്റെ നിലപാടുകളാണ് തോല്‍വിക്കു കാരണമെന്ന് കെ മുരളീധരന്‍ തുറന്നടിച്ചു. പക്ഷേ സുധീരന്റെ നിലപാടുകള്‍ ഇനി അംഗീകരിച്ചേ ആര്‍ക്കായാലും മതിയാകൂ. കാരണം ആ നിലപാടുകള്‍ ജനം അംഗീകരിച്ചുവെന്നതിനു തെളിവാണ് കോണ്‍ഗ്രസിന്റെ തോല്‍വി.കെപിസിസിയില്‍ ഇനി സുധീരന്റെ തീരുമാനങ്ങള്‍ ശക്തിയേറിയതാവും. പാര്‍ലമെന്റിറി രംഗത്താവട്ടെ അത്തരമൊരു നേതാവ് ആരാകുമെന്ന കാര്യത്തില്‍ തീര്‍ച്ചയിലെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ചെന്നിത്തലയാകണം പ്രതിപപക്ഷനേതാവ്. ചെന്നിത്തല മാറിയാല്‍ കെ മുരളീധരനാണ് സാധ്യത. ഇവര്‍ക്കു പിന്നില്‍ വി ഡി സതീശനും പി ടി തോമസുമൊക്കെയുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകുന്നതുകൊണ്ട് യുഡിഎഫിനോ കോണ്‍ഗ്രസിനോ യാതൊരു വിധ മൈലേജും ഉണ്ടാകില്ല. അതിലും ഭേദം മുരളിയാണ്. മുരളിയോട് സുധീരന്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. ഈ തര്‍ക്കങ്ങള്‍ തുടര്‍ന്നാല്‍ ബാക്കിയുള്ള ചോയ്‌സുകളില്‍ സതീശനും തോമസുമാണുള്ളത്. സതീശന്‍ കെപിസിസി വൈസ് പ്രസിഡന്റാണ്. കാര്യങ്ങള്‍ പഠിച്ചു പറയുന്നയാളും എതിരാളികളെ യുക്തിപരമായി നേരിടുന്നയാളുമാണ്. രാഷ്ട്രീയത്തില്‍ സുതാര്യതയുമുണ്ട്. പി ടി തോമസിനും മേല്‍പറഞ്ഞ ഗുണങ്ങളൊക്കെയുണ്ടെങ്കിലും സതീശനാണ് കൂടുതല്‍ നല്ല ചോയ്‌സ്. ഹൈക്കമാന്‍ഡിനും പ്രിയപ്പെട്ടവന്‍. പക്ഷെ സതീശനെ പ്രതിപക്ഷനേതാവാക്കുന്നതിനെ രമേശും സംഘവും എതിര്‍ക്കും. പാര്‍ട്ടിയില്‍ സുധീരനും പാര്‍ലമെന്ററിരംഗത്ത് സതീശനും വന്നാല്‍ ഈ അച്ചുതണ്ട് കൂടുതല്‍ കരുത്താകും. പാര്‍ട്ടിക്കിത് ഗുണമാണെങ്കിലും എ ഐ ഗ്രൂപ്പുകാര്‍ക്ക് കോട്ടമാണ്. ഉമ്മന്‍ ചാണ്ടിയുടെ പതനം എ ഗ്രൂപ്പിനെ തകര്‍ക്കുമെന്നതും രമേശ് ചെന്നിത്തലയെന്ന ദുര്‍ബലന്റെ നേതൃത്വം ഐ ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് തടസമാകുമെന്നതും കൂട്ടിച്ചേര്‍ത്ത് സുധീരന്‍ സ്വയമൊരു ഗ്രൂപ്പായി ഉയരുകയും തന്റെ പ്രതിയോഗികളെ തളച്ചിടുകയും ചെയ്യും. ഈ വളര്‍ച്ച അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ വരെ എത്തിക്കും സുധീരനെ.

നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷസ്ഥാനം ഐ ഗ്രൂപ്പ് പിടിച്ചെടുത്താല്‍പോലും സുധീരന്റെ അശ്വമേധം തടയാന്‍ അവര്‍ക്ക് സാധിക്കില്ല. വൈകാതെ തന്നെ കേരളത്തിലെ കോണ്‍ഗ്രസിനെ സുധീരനും അദ്ദേഹത്തിന്റെ അനുയായികളും പിടിയിലൊതുക്കും. ഇപ്പോള്‍ തന്നെ പല ഗ്രൂപ്പുകളിലുമായി നിന്നവരൊക്കെ സുധീരന്‍ പക്ഷത്തേക്ക് ചാടാന്‍ തുടങ്ങി. ഈ ശക്തിയെ എങ്ങനെ പ്രതിരോധിക്കണമെന്ന് ചെന്നിത്തലയ്ക്ക് അറിയില്ല. അടവുകളറിയാവുന്ന ഉമ്മന്‍ ചാണ്ടി മുറിവേറ്റ് കിടക്കുകയാണ്. അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിയാതെ വന്നാല്‍, സുധീരന് തടയാന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുഗത്തിന് അന്ത്യമായെന്നും സുധീരന്‍ യുഗത്തിന് തുടക്കമായെന്നും ഉറപ്പിക്കാം.


Next Story

Related Stories