Top

ഉമ്മന്‍ ചാണ്ടി അടുത്ത പടപ്പുറപ്പാടിന്

ഉമ്മന്‍ ചാണ്ടി അടുത്ത പടപ്പുറപ്പാടിന്
സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും ശക്തനാകുന്നു. വി.എം സുധീരന്‍ രാജി വച്ച ഒഴിവില്‍ തന്റെ അടുത്ത അനുയായി എം.എം ഹസനെ കെ.പി.സി.സിയുടെ താത്കാലിക പ്രസിഡന്റാക്കിക്കൊണ്ടും കെ.എസ്.യു തെരഞ്ഞെടുപ്പ് തൂത്തുവാരിയുമാണ് ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പ് തിരിച്ചടി തുടങ്ങിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സംഘടനാ കാര്യങ്ങളില്‍ കാര്യമായി ഇടപെടാതിരുന്ന ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ പാര്‍ട്ടിയില്‍ താന്‍ തന്നെയാണ് ഇപ്പോള്‍ അവസാന വാക്ക് എന്ന അവസ്ഥ വീണ്ടും ഉറപ്പിക്കുകയാണ്. ഇന്നലെ നടന്ന കെ.എസ്.യു തെരഞ്ഞെടുപ്പില്‍ 11 ജില്ലകളും പിടിച്ചെടുത്തു കൊണ്ടാണ് എ ഗ്രൂപ്പ് ലക്ഷ്യം വ്യക്തമാക്കിയിരിക്കുന്നത്. എ ഗ്രൂപ്പിലെ കെ.എം അഭിജിത്താണ് സംസ്ഥാന പ്രസിഡന്റ്.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടു തന്നെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുകയോ സമവായത്തിലൂടെ പുതിയ ഭാരവാഹികള്‍ വരികയോ ചെയ്‌തേക്കാം. എന്നാല്‍ എ ഗ്രൂപ്പ് തന്നെയായിരിക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടി പിടിക്കുക എന്ന സന്ദേശം കൂടിയാണ് കെ.എസ്.യു തെരഞ്ഞെടുപ്പും ഹസന്റെ നിയമനവും വഴി ഉമ്മന്‍ ചാണ്ടി നല്‍കുന്ന സന്ദേശം.

സുധീരന്‍ കെ.പി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമെന്ന നിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഏറെ ദുര്‍ബലമായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ക്ക് അനഭിമതനെന്ന നിലയില്‍ സുധീരന് പാര്‍ട്ടിയെ ഏകോപിപ്പിച്ച് കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല. ഒപ്പം, ഇടതു സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സമര രംഗത്തിറങ്ങാനും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അനങ്ങാപ്പാറ നയമായിരുന്നു ചെന്നിത്തലയുടേത്. ഈ അവസരം ഉപയോഗിച്ച് കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയിലേക്ക് ഉയരാന്‍ ബി.ജെ.പി ശ്രമിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ നിലപാട് പലപ്പോഴും സംഘപരിവാര്‍ സംഘടനകളുടെ താത്പര്യം സംരക്ഷിക്കുന്ന വിധത്തിലാണെന്ന ആരോപണം വരെയുയര്‍ന്നു.ഉമ്മന്‍ ചാണ്ടി പൂര്‍ണ നിസഹകരണം പ്രഖ്യാപിച്ചതോടെ കേരളത്തിലെ പാര്‍ട്ടിയുടെ അവസ്ഥ പൂര്‍ണമായി താളംതെറ്റി. കോണ്‍ഗ്രസ് ഖജനാവ് കാലിയായി. പാര്‍ട്ടി ചാനല്‍ ജയ് ഹിന്ദ് ജപ്തി നടപടി നേരിടുന്ന അവസ്ഥ വരെയുണ്ടായി. തന്നെ വെട്ടി ഐ ഗ്രൂപ്പിന് ഡി.സി.സി പ്രസിഡന്റ് പദവികള്‍ വീതം വച്ച ഹൈക്കമാന്‍ഡും ഉമ്മന്‍ ചാണ്ടിയുടെ വിട്ടുനില്‍ക്കലില്‍ കുഴങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം വയ്ക്കാന്‍ ആളില്ലെന്ന് അവര്‍ക്ക് മനസിലായി. ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ മുന്നോട്ട് പോക്ക് അസാധ്യമാണെന്ന് മനസിലായതോടെ സുധീരന്‍ കളമൊഴിയുകയും ചെയ്തു. ഇതിനിടെയാണ് സി.ആര്‍ മഹേഷിനെ പോലുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും എതിരെ രംഗത്തു വരുന്നത്.

പ്രതിപക്ഷ നേതാവ് പദവി ഐ ഗ്രൂപ്പിനാണ് എന്നതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് പദവി എ ഗ്രൂപ്പ് അവകാശപ്പെട്ടാല്‍ അതില്‍ ഐ ഗ്രൂപ്പ് എതിര്‍പ്പ് പ്രകടിപ്പിക്കില്ല എന്നത് ഉറപ്പായിരുന്നു. ഉമ്മന്‍ ചാണ്ടി തത്കാലം ഈ സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഹസന് നറുക്കു വീഴുന്നത്. കെ.എസ്.യു തെരഞ്ഞെടുപ്പില്‍ പൂര്‍ണ വിജയം കരസ്ഥമാക്കിയതോടെ ഇനി യൂത്ത് കോണ്‍ഗ്രസിലും കെ.പി.സി.സിയിലും ഇത് ആവര്‍ത്തിക്കുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതിനൊപ്പം, ചത്തുകിടക്കുന്ന കോണ്‍ഗ്രസിനെ എങ്ങനെ പുനരുജ്ജീവിപ്പിക്കുമെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

ഹസന് ഐ ഗ്രൂപ്പുമായി കുഴപ്പമില്ലാത്ത ബന്ധമുണ്ടെങ്കിലും പൊതുജനങ്ങളുടെ മുമ്പാകെയുള്ള പ്രതിച്ഛായ അത്ര മെച്ചമല്ല. ഇത് മാറ്റിയെടുക്കേണ്ടത് ഹസന്റെയും ആവശ്യമാണ്. കളിക്കുന്നത് ഉമ്മന്‍ ചാണ്ടിയാകുമ്പോള്‍ നിന്നു കൊടുക്കേണ്ട ഉത്തരവാദിത്തം മാത്രമേ ഇവിടെ ഹസന് ഉണ്ടാവുകയുള്ളൂ. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് എന്ന പ്രതിപക്ഷത്തിന്റെ ആക്രമണം അധികം നേരിടേണ്ടി വന്നിട്ടില്ലാത്ത പിണറായി സര്‍ക്കാരിനും മുന്നോട്ടുള്ള ദിവസങ്ങള്‍ അത്ര ആയാസകരമായിരിക്കില്ല എന്നു ചുരുക്കം.

Next Story

Related Stories