TopTop
Begin typing your search above and press return to search.

'കള്ളവും പൊളിവചനവും എള്ളോളമില്ലാത്ത മാവേലി നാട്ടില്‍' ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍

കള്ളവും പൊളിവചനവും എള്ളോളമില്ലാത്ത മാവേലി നാട്ടില്‍ ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍

കേരളത്തിന്റെ ഭരണം കുറേ കള്ളന്‍മാരുടെ കൈയ്യില്‍ ഏല്‍പ്പിച്ചെന്ന് കരുതുക എങ്ങനെയായിരിക്കും അവര്‍ ഭരണം നടത്തുക?

ആദ്യം തന്നെ 'സത്യമേവ ജയതേ' എന്നതിലെ 'സത്യമേവ'യുടെ മുന്നില്‍ 'അ' ചേര്‍ക്കും. അതാണ് വിളക്കുകൊളുത്തി ഉദ്ഘാടനം. ആ വിളക്കുകൊളുത്തലില്‍ മതവ്യത്യാസമില്ലാതെ ഏവരും പങ്കെടുക്കും. കാരണം, ആ ചടങ്ങ് പുതിയ ദിശാബോധം കുറിക്കലാണ്. പിന്നെ എന്തൊക്കെയാണ് ഉണ്ടാവുക എന്നതിനെക്കുറിച്ച് ആലോചിച്ച് തല പുണ്ണാക്കണ്ട. കഴിഞ്ഞ നാലുവര്‍ഷത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ചെയ്തികള്‍ ഒന്നൊന്നായി നോക്കിയാല്‍ മതി.

കള്ളന്‍മാര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് വാക്കാല്‍ നിര്‍ദ്ദേശം എല്ലാ അധികാരകേന്ദ്രങ്ങള്‍ക്കും നല്‍കപ്പെട്ടു. അതിന്റെ ആദ്യപടിയായി ക്രിമിനല്‍ നടപടിചട്ടങ്ങളിലെ അടിസ്ഥാന ശിലകള്‍ തന്നെ പിഴുതുമാറ്റി. കള്ളനെന്ന സംശയത്തില്‍ ഒരാളെ പിടിച്ചാല്‍, അയാളെയാണ് ആദ്യം ചോദ്യം ചെയ്യുക. മോഷണം പോയി എന്ന് പരാതിപ്പെടുന്നവനെയല്ല, അതാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ അടിസ്ഥാനം തന്നെ. കള്ളനിലൂടെയാണ് പൊലീസ് തെളിവുകളില്‍ ചെന്നെത്തുന്നത്. കള്ളന്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണ മുതല്‍ ഇന്നയാള്‍ക്കു വിറ്റു എന്ന് കള്ളന്‍ പറഞ്ഞാല്‍ പോലീസ് ആ വസ്തുവാങ്ങിയ വ്യക്തിയെ തേടിപ്പോകും. മോഷണവസ്തുവാണെന്നറിയാതെയാണ് അത് വാങ്ങിയതെങ്കിലും കേസില്‍ അയാളും പെടും. അയാളുടെയും കള്ളെന്ന് പറഞ്ഞ് പിടിച്ചയാളുടേയും നിരപരാധിത്തം തെളിയിക്കേണ്ടത് കോടതിയിലാണ്. കോടതി പോലീസന്റെ കുറ്റപത്രം വിശ്വസിച്ചു കൊണ്ടല്ല വിചാരണ നടത്തുന്നത്. കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വാദിക്കാനും തെളിയിക്കാനും പ്രതിക്ക് നിയമപരമായ അവകാശമുണ്ട്. പോലീസിന്റെ മുന്നില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കോടതിക്കു മുമ്പേ നിഷേധിക്കാനും പ്രതിക്ക് അവകാശമുണ്ട്. ഇതൊക്കെ കൊണ്ടാണ് പോലീസിന്റെ വാദം അംഗീകരിയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോടതി പ്രതികളെ വെറുതെ വിടുന്നതും അല്ലെങ്കില്‍ അന്വേഷണം തൃപ്തികരമല്ല എന്നു തോന്നിയാല്‍ തുടര്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്. കോടതി വെറുതെ വിട്ടു എന്നതുകൊണ്ട് പോലീസ് തനിക്കെതിരെ നടത്തിയ അന്വേഷണം തന്റെ ഭാവി തകര്‍ത്തു എന്ന് പറഞ്ഞ് ഒരു മോഷണകേസിലെ പ്രതിയും നാളിതുവരെ കോടതിയില്‍ പോയിട്ടില്ല.

കാതലായത് ഇതാണ്. ക്രൈം നടന്നു എന്ന പരാതി ഉണ്ടായാല്‍ അന്വേഷണം നടക്കും. അന്വേഷണത്തിലാണ് തെളിവുകള്‍ പുറത്തുവരുന്നത്. അന്വേഷണം നടക്കണമെങ്കില്‍ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യണം. അയാള്‍ പറയുന്നതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍, ആ പൊരുത്തക്കേടുകള്‍ അയാള്‍ക്കെതിരെയുള്ള തെളിവുകളായി മാറും. ചിലപ്പോള്‍ അത്തരം പൊരുത്തക്കേടിലൂടെയായിരിക്കും വലിയ കേസിന് തന്നെ തുമ്പുണ്ടാകുന്നത്. പോലീസ് അന്വേഷണം കുറ്റകൃത്യം തെളിയിക്കാനാണ്. കുറ്റവാളിയെ രക്ഷിക്കാനല്ല. കോടതിയില്‍ നൂറു കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ആപ്തവാക്യം. അതായത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ കോടതിയില്‍ ഉണ്ട്. പോലീസ് അന്വേഷണത്തില്‍ ഇല്ല.കാര്യങ്ങള്‍ ഇത്ര വ്യക്തമായിരിക്കെയാണ് അന്വേഷണം തുടങ്ങണമെങ്കില്‍ തന്നെ പരാതിക്കാരന്‍ ആദ്യമേ തന്നെ തെളിവു ഹാജരാക്കട്ടെ എന്ന വിചിത്രവാദം ഉമ്മന്‍ചാണ്ടി കൊണ്ടുവന്നത്. അതായത് നിങ്ങളുടെ വീട്ടില്‍ നിങ്ങളുടെ കാറ് മോഷണം പോയാല്‍, അതിനെക്കുറിച്ച് നിങ്ങള്‍ പരാതി കൊടുത്താല്‍, ഇന്നയാളാണ് നിങ്ങളുടെ വണ്ടി എടുത്തുകൊണ്ടുപോയതെന്ന് പറഞ്ഞാല്‍, അതിനു തെളിവുകൊണ്ടുവാ, എന്നിട്ടേ അന്വേഷണം തുടങ്ങുകയുള്ളു; അല്ലെങ്കില്‍ അത് കള്ളന്‍ എന്ന് നിങ്ങള്‍ പറയുന്നയാളിനോട് ചെയ്യുന്ന തെറ്റാണ് എന്നു പറയും എന്നു ചുരുക്കം. അപ്പോള്‍ നിങ്ങള്‍ പരാതിക്കാരനാകുന്നതിനു മുമ്പ് ഒരു ഡിറ്റക്ടീവ് ആകണം. എല്ലാ തെളിവുകളുമായി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കണം എന്നര്‍ത്ഥം.

ഈ വാദമാണ് സോളാര്‍ കേസു മുതല്‍ ബാര്‍ കോഴ കേസുവരെ എല്ലായിടത്തും കാണുന്നത്. സരിതാനായര്‍ക്ക് മുഖ്യമന്ത്രിയുള്‍പ്പെടെ പല മന്ത്രിമാരും എം എല്‍ എമാരുമായും അടുത്ത ബന്ധമുണ്ടായിരുന്നെന്നും ആ സ്വാധീനമുപയോഗിച്ച് അവര്‍ ധാരാളെ ആള്‍ക്കാരുടെ കൈയ്യില്‍ നിന്ന് കോടിക്കണക്കിന് പണം തട്ടിയെടുത്തുന്നുവെന്നും ഇന്ന് വിശ്വസിക്കാത്തവരായി കേരളത്തില്‍ ആരും ഇല്ല എന്നിരിക്കെ, അതിനൊക്കെ തെളിവ് എവിടെയെന്നാണ് ഉമ്മന്‍ ചാണ്ടി ചോദിയ്ക്കുന്നത്. തെളിവുകണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രനാകട്ടെ സൂര്യന്‍ കിഴക്ക് ഉദിക്കുന്നു എന്നതിനുപോലും തെളിവുകണ്ടെത്താന്‍ കഴിയാത്തയാളും, വേണമെങ്കില്‍ സൂര്യനെത്തന്നെ മായ്ച്ചുകളയാന്‍ യത്‌നിക്കുകയും ചെയ്യുന്ന ശുഷ്‌കാന്തിയുള്ള ഉദ്യോഗസ്ഥനാണ്. ഇത്തരം മഹത്‌വ്യക്തികളെ നിര്‍ണ്ണായകസ്ഥാനത്തു വയ്ക്കുക എന്നതാണ് ഏതൊരു കള്ളനും താന്‍ പിടിയ്ക്കപ്പെട്ടാല്‍ പോലും നിരപരാധിയാണെന്നു തെളിയിക്കാന്‍ വേണ്ടി ആദ്യം ചെയ്യുന്ന പ്രവൃത്തി. അങ്ങനെയാണ് ഉമ്മന്‍ ചാണ്ടി വിജിലന്‍സ് ഡയറക്ടറായി വിന്‍സെന്റ് പോളിനെയും അഡ്വക്കേറ്റ് ജനറലായി ദണ്ഡപാണിയേയും വച്ചത്. ഇനി ആരെങ്കിലും തെളിവിന് സാധ്യതയുണ്ടെന്ന് പറഞ്ഞാലോ? തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിയായിരുന്ന ഹനീഫയെപ്പോലെയുള്ളവര്‍. അവര്‍ക്കെതിരെ ഉമ്മന്‍. ചാണ്ടി നേരിട്ട് ഒന്നും പറയില്ല. നിയമം നിയമത്തിന്റെ വഴിയ്ക്കു പോകട്ടെ എന്നു പറയുകയും നിയമത്തെ തന്നെ ഒരു വഴിക്കാക്കാനായി ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യും. പി സി ജോര്‍ജ്ജിന് അങ്ങനെ ഒരു ക്വട്ടേഷന്‍ കൊടുത്താണ് ഹനീഫയെ പുകച്ചുപുറത്തുചാടിച്ചത്. ബിസിനസ് ഭംഗിയായി നടത്തി കഴിഞ്ഞാല്‍ ആരും ക്വട്ടേഷന്‍ എടുത്തവരെ കുടുംബാംഗമായി കൊണ്ടുനടക്കാറില്ല. ഉമ്മന്‍ ചാണ്ടിയും അതു തന്നെ ചെയ്തു. തനിക്കുവേണ്ടി ഗണേഷ്‌കുമാറിനെതിരെയും തിരുവഞ്ചൂരിനെതിരെയും മാണിയ്‌ക്കെതിരെയും ക്വട്ടേഷന്‍ എടുത്ത ജോര്‍ജിനെ പണി ഭംഗിയായി തീര്‍ന്നതോടെ ഉമ്മന്‍ ചാണ്ടി തള്ളിപ്പറഞ്ഞു. കൂലിത്തല്ലുകാരനായ തന്നോട് ഉമ്മന്‍ചാണ്ടി എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് ജോര്‍ജ്ജും വിശ്വസിച്ചു. ചില കൂലിത്തല്ലുകാര്‍ അങ്ങനെയാണ് അവരെ ചിലര്‍ വിശ്വസിച്ചുകളയും.

താന്‍ കള്ളനല്ലെന്ന് പറയാനാണ് ഏത് കള്ളനും ഇഷ്ടം. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നതെല്ലാം ആര്‍ക്കും എപ്പോഴും കാണാനുള്ള സൗകര്യം ഉണ്ടാക്കിക്കൊണ്ട് ഉമ്മന്‍ചാണ്ടി സി സി ടി വി ഓഫീസ് മുറിയില്‍ സ്ഥാപിച്ചു. എന്നാല്‍, സി സി ടി വിയുടെ കണ്ണെത്താത്ത ഇടങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടെന്ന് ഉമ്മന്‍ചാണ്ടിയെ അറിയാവുന്നവര്‍ക്കൊക്കെ അറിയാം. അതുകൊണ്ട് കള്ളത്തരങ്ങള്‍ സി സി ടി വിയുടെ ദൃശ്യപരിധിയ്ക്കപ്പുറം വച്ചാണ് നടത്തുക. ഇനിയെങ്ങാനും ചില തെളിവുകള്‍ സി സി ടി വി വഴി പുറത്താകുമെന്ന് വന്നാലോ സി സി ടി വിയില്‍ നിന്ന് ആ ദൃശ്യങ്ങള്‍ അപ്രത്യക്ഷമാകും. അതുകൊണ്ടാണ് ക്വാറി ഉടമ ശ്രീധരന്‍നായര്‍ സരിതയോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നതും മുഖ്യമന്ത്രി സരിതയുടെ മുന്നില്‍ വച്ചുതന്നെ ശ്രീധരന്‍നായരോട് സോളാര്‍ പോലുള്ള പുതിയ സംരംഭങ്ങളെ വിജയിപ്പിക്കണമെന്ന് പറഞ്ഞതും ഒന്നും സി സി ടി വിയില്‍ ഇല്ലാതെ പോയത്.മിടുക്കനായ കള്ളന്‍ തെളിവുകള്‍ ഉണ്ടാകാതിരിക്കുവാന്‍ ശ്രമിക്കും; ഉണ്ടായാല്‍ അതു മായ്ച്ചുകളയാനും. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി സ്വന്തമായി മൊബൈല്‍ വയ്ക്കാതിരിക്കുകയും ഏതു കള്ളത്തരത്തിനും അല്ലാത്ത കാര്യങ്ങള്‍ക്കും ജോപ്പന്റെയോ ജിക്കുമോന്റെയോ പാവം കുരുവിളയുടെയോ ഫോണ്‍ ഉപയോഗിച്ചിരുന്നതും. സരിത നിരന്തരം മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്നുള്ള വസ്തുതയ്ക്ക് അടിസ്ഥാനമായി കാണിക്കാന്‍ തെളിവില്ല. കാരണം, മുഖ്യമന്ത്രിയ്ക്കു ഫോണില്ല. തന്റെ പിഎമാരുടെ ഫോണില്‍ വന്ന കോളുകള്‍ക്കെല്ലാം താനെങ്ങനെയാണ് ഉത്തരവാദിയാകുക എന്ന ചോദ്യം ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ തയ്യാറാക്കി വച്ചിരുന്നു. ആവശ്യം വന്നപ്പോള്‍, അതെടുത്ത് ഉപയോഗിച്ചുവെന്നേയുള്ളു.

ഫോണ്‍ കോളിന്റെ രേഖകള്‍ നല്ല തെളിവാണ്. പ്രത്യേകിച്ചും ഡിജിറ്റല്‍ യുഗത്തില്‍. സംസാരിച്ചതിന്റെ വിവരങ്ങള്‍ പോലും സെര്‍വറുടെ സഹായത്തോടെ റീട്രീവ് ചെയ്യാമെന്നിരിക്കെ മൊബൈല്‍ ഫോണ്‍ കള്ളന്‍മാരെ കുരുക്കുവാനുള്ള ആയുധമായി മാറാന്‍ എളുപ്പമാണ്. അതുകൊണ്ടാണ് സാദാ പോലീസുകാരനായ ഗണ്‍മാന്‍ സലീംരാജിന്റെ ഫോണിന്റെ കാള്‍ ഡീറ്റൈയില്‍സ് എടുക്കാന്‍ ഒരു സ്വകാര്യ അന്യായത്തിന്മേല്‍ കോടതി ഉത്തരവിട്ടപ്പോള്‍ ഉത്തരവിറക്കി മൂന്നു മണിക്കൂറിനുള്ളില്‍ത്തന്നെ അഡ്വക്കേറ്റ് ജനറല്‍ തന്നെ കോടതിയില്‍ നേരിട്ടെത്തി സ്റ്റേ വാങ്ങിയത്. കോള്‍ ഡീറ്റൈയില്‍സ് പുറത്തുവന്നാല്‍ അതു തന്നെ മാത്രമല്ല, കുടുംബാംഗങ്ങളേയും ബാധിക്കുമെന്നും ഗണ്‍മാനും കുടുംബാംഗങ്ങളുമായുള്ള സൗഹൃദസംഭാഷണങ്ങള്‍ പിന്നെ നാട്ടില്‍പാട്ടാവുമെന്നുമൊക്കെയുള്ളതുകൊണ്ടാണ് ഉത്തരവിന്‍മേല്‍ സ്റ്റേ വാങ്ങാന്‍ ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലിനോട് പ്രത്യേകം ആവശ്യപ്പെട്ടത്. ഏത് കള്ളനും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്.

ഓര്‍ക്കണം, ഇതേ അഡ്വക്കേറ്റ് ജനറലിനെയും അദ്ദേഹത്തിന്റെ 120 അംഗങ്ങളുള്ള ഓഫീസിന്റെയും പ്രവര്‍ത്തനം തീരെ തൃപ്തികരമല്ല എന്ന കാരണത്താലാണ് ഇത്തരമൊരു ഓഫീസിന്റെ ആവശ്യം തന്നെ എന്തിനാണെന്ന് ഹൈക്കോടതി ജഡ്ജി ചോദിച്ചത്.

ഇതിനിടയില്‍ പൊതുജനം മറന്നുപോയ ഒരു കാര്യമുണ്ട്. 2000 ചതുരശ്ര അടിയ്ക്കുമേലുള്ള എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സോളാര്‍ പവറിനു വേണ്ട പാനലുകള്‍ ഉണ്ടായിരിക്കണമെന്ന മന്ത്രിസഭാ തീരുമാനം. സോളാര്‍ കേസും സരിതയും സമൂഹത്തില്‍ എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന ചിന്ത പോലുമില്ലാതിരുന്ന നാളില്‍ ആയിരുന്നു ആ തീരുമാനം. ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗം സോളാര്‍ പാനല്‍ ഇറക്കുമതി ചെയ്ത് വിതരണം നടത്താനുള്ള നീക്കങ്ങള്‍ നടത്തിവരവരെയായിരുന്നു പ്രതിദിനം ഒരു മണിക്കൂര്‍ പോലും സ്ഥിരമായി വൈദ്യുതിക്ഷാമമില്ലാത്ത കേരളത്തില്‍ അത്തരമൊരു മന്ത്രിസഭാ തീരുമാനം വന്നത്. ആറും ഏഴും മണിക്കൂര്‍ പവര്‍ക്കട്ടുള്ള തമിഴ്‌നാട്ടില്‍ നാളിതുവരെ ഇത്തരമൊരു സോളാര്‍ പാനല്‍ സ്‌നേഹം ഉണ്ടായിട്ടില്ല എന്നുകൂടി കാണണം.

വികസനം എന്ന വാക്കിന് ഇത്രയേറെ അശ്ലീലതയുണ്ടെന്ന് സമൂഹത്തിന് കാട്ടിത്തന്നയാളാണ് ഉമ്മന്‍ ചാണ്ടി. എമര്‍ജിംഗ് കേരള എന്ന കച്ചവടത്തിന് ലിസ്റ്റ് ചെയ്ത ഇനങ്ങളില്‍ കൊച്ചില്‍ മെട്രോ കൂടി ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ടോം ജോസ് എന്ന ഐ എ എസുകാരനെക്കൊണ്ട് ഡി എം ആര്‍ സിയേയും ശ്രീധരനേയും കൊച്ചി മെട്രോപദ്ധതിയില്‍ നിന്ന് പുറത്തേക്ക് തള്ളിനീക്കാന്‍ നടത്തിയ അന്തര്‍നാടകങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കുന്നത്. ഇപ്പോഴിതാ, ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ ശ്രീധരന്‍ തന്നെ അതു തുറന്നു പറഞ്ഞിരിക്കുന്നു. ലൈറ്റ് മെട്രോയില്‍ നിന്ന് ഡി എം ആര്‍ സിയെ ഒഴിവാക്കാനും കരാര്‍ റിലയന്‍സിന് കൊടുക്കാനുമുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. റിലയന്‍സിന് കൊടുക്കുന്നതിലൂടെ കൈവരുന്ന കമ്മീഷന്‍ മാത്രമല്ല ലക്ഷ്യം, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സുഖിപ്പിക്കല്‍ കൂടിയാണ്. കാരണം, വിഴിഞ്ഞം പദ്ധതി നരേന്ദ്ര മോദിയുടെ ബിനാമിയായ അദാനിയ്ക്കു കൊടുത്തതില്‍ ഹൈക്കമാന്റിനുള്ള പരിഭവം ലൈറ്റ് മെട്രോ റിലയന്‍സിന് കൊടുക്കുന്നതിലൂടെ പരിഹരിക്കാം.ഇത്തരമൊരു 'സുഖിപ്പിക്കല്‍' ഉമ്മന്‍ ചാണ്ടി പണ്ടും നടത്തിയിരുന്നു. ആദ്യകാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയില്‍ അതൃപ്തരായിരുന്ന ഹൈക്കമാന്റിന്റെ പ്രീതി പിടിച്ചുപറ്റിയത് ആറന്മുള വിമാനത്താവളം എന്ന ശുദ്ധ ഭോഷ്‌കിന് കോണ്‍ഗ്രസിലെ ഉന്നതര്‍ക്ക് താല്‍പ്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍, ആ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ എടുത്തുകൊണ്ടായിരുന്നു.

കേരളത്തില്‍ അങ്ങോളമിങ്ങോളം മാലിന്യകൂമ്പാരങ്ങള്‍ നിറയുമ്പോഴും ലോകത്തുള്ള സകലമാന പദ്ധതികളും കേരളത്തില്‍ സര്‍വ്വസാധാരണമായിരിക്കുമ്പോഴാണ് തോട്ടിന്റെ കരയില്‍ വിമാനമിറക്കാനും വിഴിഞ്ഞത്തെ അന്താരാഷ്ട്ര ടെര്‍മിനലാക്കാനും ഉമ്മന്‍ ചാണ്ടി പാടുപെടുന്നത്. കേരളത്തിന്റെ മുഖഛായ മാറ്റുമെന്നൊക്കെ പറഞ്ഞ് കൊട്ടിഘോഷിച്ചുകൊണ്ടുവന്ന വല്ലാര്‍പ്പാടം ടെര്‍മിനലില്‍ എന്തുകൊണ്ട് അഞ്ചുപൈസയുടെ കച്ചവടം നടക്കുന്നില്ല എന്ന് ഒരു വട്ടമെങ്കിലും ആലോചിക്കുന്നവര്‍ക്ക് വിഴിഞ്ഞത്തിന്റെ 'ശോഭനമായ ഭാവി'യെക്കുറിച്ചോര്‍ത്ത് ആഹ്ലാദിക്കാന്‍ കഴിയില്ല.

പക്ഷെ, ഉമ്മന്‍ ചാണ്ടിക്ക് കഴിയും. കാരണം വികസനം എന്ന വാക്കിനെ വ്യഭിചരിക്കുന്നതിലൂടെ കൈമറിയുന്നത് കോടിക്കണക്കിനു രൂപയാണ്. സ്വാഭാവികമായിത്തന്നെ കള്ളംപറയുന്ന കള്ളന്‍ തെളിമയാര്‍ന്ന കള്ളനാണ്. അയാള്‍ക്ക് കുറ്റബോധം (മാങ്ങാത്തൊലി!) മൊന്നും ഉണ്ടാകേണ്ട കാര്യമില്ല. ശ്വസിക്കുന്നതിനെക്കുറിച്ചെന്തിനാണ് കുറ്റബോധം?

ഏതു ചോദ്യത്തിനും ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുണ്ട്. മറുപടി കള്ളമാണെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടിക്കും ചോദ്യം ചോദിക്കുന്ന ആള്‍ക്കും രണ്ടും കേട്ടിരിക്കുന്ന പൊതുജനത്തിനും അറിയാം. അപ്പോഴും അതൊന്നും ഉമ്മന്‍ ചാണ്ടിയെ അലട്ടുകയില്ല. ചോദ്യം ചോദിച്ചയാളും കേട്ടിരിക്കുന്നവരും ചിലപ്പോള്‍ കള്ളത്തിന്റെ ഭാരം താങ്ങാനാകാതെ ഓടി രക്ഷപ്പെടും. ഉമ്മന്‍ ചാണ്ടി അവരെ നോക്കിചിരിക്കും. ഉമ്മന്‍ ചാണ്ടിയുടെ ചിരിക്കും ചുടലമുത്തുവിന്റെ ചിരിക്കും തമ്മില്‍ വളരെ സാമ്യമുണ്ട്.

ചുടലമുത്തു ഒരു തോട്ടിയായിരുന്നു. നമ്മള്‍ ഇന്നു കാണുന്നരീതിയിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാതിരുന്ന നാളുകളില്‍ തോട്ടിപ്പണി ചെയ്തുവന്നയാള്‍. വീടുകളോട് ചേര്‍ന്ന കക്കൂസുകളില്‍ നിന്ന് മലം ശേഖരിച്ച് കൊണ്ടുപോയിരുന്നയാള്‍. രാവിലെ പണി തുടങ്ങും. എട്ടുമണിയോടെ ഒരു റൗണ്ട് പൂര്‍ത്തിയാക്കും. പിന്നീടാണ് പ്രാതല്‍. ചുടലമുത്തുവിന് ഒരു കാളവണ്ടിയുണ്ടായിരുന്നു. അതില്‍ മുത്തു ഇരിക്കും. പുറകിലായി മലം നിറച്ച വീപ്പയും. വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഇഡ്ഢലിയോ ദോശയോ മുത്തു ആ വണ്ടിയില്‍ ഇരുന്നുതന്നെ കഴിയ്ക്കും. അതാണ് പതിവ്. ഒരു ദിവസം ഒരാള്‍ മുത്തുവിനോട് ചോദിച്ചു:

''ഇത് ഒന്ന് മാറ്റിക്കൂടേ?''

''ഏത്?'' മുത്തു ചോദിച്ചു.

''അല്ല... ഈ വണ്ടിയില്‍ ഇരുന്നുകൊണ്ട്.. ഈ വീപ്പയുടെ അടുത്തിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതി?''

''അതിനെന്താ, ഞാന്‍ വേണമെങ്കില്‍ അതില്‍ മുക്കിത്തിന്നു കാണിച്ചുതരാം.'' ഇങ്ങനെ പറഞ്ഞുകൊണ്ട് ചുടലമുത്തു ആ വീപ്പയില്‍ ദോശമുക്കി ത്തിന്നു. എന്നിട്ട് ഉറക്കെ ചിരിച്ചു. ചോദ്യം ചോദിച്ചയാള്‍ വായും മൂക്കും പൊത്തിക്കൊണ്ട് ഓടി. ചുടലമുത്തു പണി തുടര്‍ന്നു!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories