TopTop
Begin typing your search above and press return to search.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വീഴ്ത്തുക കോണ്‍ഗ്രസ്സോ അതോ സി.പി.എമ്മോ?

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വീഴ്ത്തുക കോണ്‍ഗ്രസ്സോ അതോ  സി.പി.എമ്മോ?

കാലാവധി പൂര്‍ത്തിയാക്കാനാവാതെ തകരുകയാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍? അതോ വലിയൊരു അഴിച്ചുപണിയിലൂടെ പുതുജീവന്‍ ആര്‍ജിക്കാന്‍ ഒരുങ്ങുകയാണോ? രണ്ടിലൊന്ന് വൈകാതെ സംഭവിച്ചേക്കാം. ഏതായാലും യു.ഡി.എഫ്. സര്‍ക്കാരിന് ഇന്നത്തെ രൂപത്തില്‍ മുന്നോട്ടു പോകാന്‍ ഇനി പ്രയാസമാണ്.

പ്രതിപക്ഷത്തുള്ള ഇടതുമുന്നണിയുടെ ദൗര്‍ബല്യങ്ങള്‍ കൊണ്ടുമാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത്രകാലം ഇങ്ങനെ നിലനിന്നു പോന്നത്. മുഖ്യമായും സി.പി.എമ്മിലെ സംഘടനാ പ്രശ്‌നങ്ങള്‍ ഒരുതരത്തിലും നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത സംസ്ഥാന സര്‍ക്കാരിന് ആയുസ് നീട്ടിക്കൊടുത്തുകൊണ്ടിരിക്കുന്നു. സി.പി.എമ്മിലെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നിട്ടില്ല. എങ്കിലും വലിയ മാറ്റങ്ങള്‍ക്ക് ആ പാര്‍ട്ടി സ്വയം സജ്ജമാകേണ്ടിവരും. അത് സി.പി.എമ്മിന്റെ നിലനില്‍പ്പിന്റെയും ഭാവിയുടെയും അടിയന്തരാവശ്യമാണ്. സ്വന്തം നിലനില്‍പ്പിനുവേണ്ടി ഇടതുമുന്നണിയും സി.പി.എമ്മും ഇനി സ്വീകരിക്കുന്ന ഓരോ രാഷ്ട്രീയ നീക്കവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശവക്കുഴി തോണ്ടും. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ദുഷിച്ച യു.ഡി.എഫ്.സര്‍ക്കാരിനെ ഇങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ കേരളത്തില്‍ എല്‍.ഡി.എഫിന്റെ കഥ കഴിയുമെന്ന തിരിച്ചറിവ് ഇടതു നേതാക്കള്‍ക്ക് ഉണ്ട്. ഇനിയും വൈകി വിവേകം ഉദിച്ചിട്ട് കാര്യമില്ലെന്ന് അവരില്‍ ചിലര്‍ക്കെങ്കിലും അറിയാമെന്ന് തോന്നുന്നു.

ഭരണമുന്നണിയില്‍ ജാഗ്രതയും മുന്നൊരുക്കങ്ങളും ഇടതുപക്ഷത്തുള്ളതിനേക്കാള്‍ വേഗത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തകര്‍ന്നാല്‍ പകരം ഇടതുപക്ഷം രാഷ്ട്രീയ നേട്ടമുണ്ടാക്കി അധികാരത്തില്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കോണ്‍ഗ്രസ്സില്‍ ആരംഭിച്ചുകഴിഞ്ഞു. അധികാരമാറ്റത്തെക്കുറിച്ചുള്ള മര്‍മ്മരങ്ങള്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ചുണ്ടുകളില്‍ സന്ധ്യാനാമംപോലെ വന്നുതുടങ്ങി. മുഖ്യമന്ത്രിയടക്കം അഴിമതി ആരോപണവിധേയരായ മന്ത്രിമാരെയെല്ലാം മാറ്റി യു.ഡി.എഫ്. സര്‍ക്കാരിനെ നിലനിര്‍ത്താനും വരുന്ന തെരഞ്ഞെടുപ്പുകള്‍ ഊര്‍ജ്ജസ്വലവും കാര്യക്ഷമവുമായ ഒരു ഭരണ നേതൃത്വത്തെ വച്ചു നേരിടാനും കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം ആലോചിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ അത്തരത്തില്‍ വിദഗ്ദ്ധമായി നേരിടാമെന്ന ആത്മവിശ്വാസത്തോടെ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മിലെ നേതൃമാറ്റം കേരളത്തിലെ ഭരണ മുന്നണിയുടെ നേതാക്കളില്‍ ഇളക്കങ്ങള്‍ ഉണ്ടാക്കി. പിണറായി വിജയന്‍ മാറി പകരം കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായതും പ്രകാശ് കാരാട്ട് മാറി പകരം സീതാറാം യച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതും വിരസമായ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ വലിയ കോളിളക്കമൊന്നും സൃഷ്ടിക്കണമെന്നില്ല. എന്നാല്‍ ഇടക്കാലത്ത് ഇടതു മുന്നണിയില്‍നിന്ന് പിണങ്ങിപ്പിരിഞ്ഞ ചില കക്ഷികളില്‍ വലിയ പ്രതീക്ഷകള്‍ ഉണര്‍ന്നിട്ടുണ്ട്. എം.പി. വീരേന്ദ്രകുമാര്‍ നയിക്കുന്ന ജനതാദള്‍ വിഭാഗം ദേശീയ ധാരയുടെ ഭാഗമായതോടുകൂടി ഇരുമുന്നണിയിലുമായി മുഖംതിരിച്ചു നില്‍ക്കുന്ന ജനതാദളങ്ങള്‍ ഏതെങ്കിലും ഒരു മുന്നണിയില്‍ ഒരുമിച്ചു നില്‍ക്കേണ്ടിവരും. അതുപോലെ ഒരു വര്‍ഷം മുമ്പ് കൊല്ലം സീറ്റിന്റെ പേരില്‍ പിണങ്ങിപ്പോയ ആര്‍.എസ്.പിയെ അനുനയിപ്പിച്ചു തിരിച്ചുകൊണ്ടുവരാന്‍ സി.പി.എം. ആഗ്രഹിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തകരാത്തിടത്തോളം ആര്‍.എസ്.പിയെ ഇടതുമുന്നണിക്ക് തിരിച്ചുകിട്ടില്ല. ചാണ്ടിസര്‍ക്കാരിനെ വീഴ്ത്തുന്നത് കോണ്‍ഗ്രസ്സോ സി.പി.എമ്മോ എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ സാധ്യതകള്‍.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാറ്റി യു.ഡി.എഫ്. ഭരണത്തെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ 1994 ലെ കരുണാകരന്‍ സര്‍ക്കാരിന്റെ അവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു. ഇല്ലാത്ത ചാരവൃത്തിയുടെ പേരില്‍ കരുണാകരന്റെ ഭരണകൂടത്തെ അന്ന് ബലി കൊടുത്തവരില്‍ പ്രധാനിയാണ് ഇപ്പോള്‍ അഴിമതി സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കരുണാകരന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ പ്രധാനമന്ത്രി നരസിംഹറാവുപോലും തന്റെ ഉറ്റസുഹൃത്തായ കരുണാകരനെ കൈവിട്ടു. എ.കെ. ആന്റണി ഇടക്കാല മുഖ്യമന്ത്രിയായി വന്നു. ചാരക്കേസ് കള്ളക്കേസ് ആയിരുന്നു എന്ന് കാലം തെളിയിച്ചു. പ്രതികളില്‍ ഒരാളായി ചിത്രീകരിക്കപ്പെട്ട ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിയുണ്ടായി. കരുണാകരന്റെ നിരപരാധിത്വത്തിന് പ്രതിവിധിയില്ലേ എന്ന് അദ്ദേഹത്തിന്റെ മകനും നിയമസഭാംഗവുമായ കെ. മുരളീധരന്‍ ചോദിക്കുന്നു. രാഷ്ട്രീയ പ്രതിവിധിയാകാം മുരളീധരന്‍ ഉദ്ദേശിക്കുന്നത്. കുറഞ്ഞപക്ഷം അദ്ദേഹത്തിന് ഒരു മന്ത്രിപദം. അതിനുള്ള സുവര്‍ണ്ണസുന്ദരമായ അവസരമാണിത്.

ആരോപണവിധേയരായ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും മാറ്റി പുതിയൊരു ഭരണനേതൃവൃന്ദം അധികാരത്തില്‍ വരാന്‍ പറ്റിയ കാലാവസ്ഥ കേരളത്തില്‍ ഉരുത്തിരിയുന്നു. കോണ്‍ഗ്രസ്സിന്റെ മന്ത്രിമാര്‍ മാത്രമല്ല, കേരള കോണ്‍ഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും മറ്റു കക്ഷികളുടെയും മന്ത്രിമാരെ സൗകര്യം പോലെ മാറ്റി ഭരണത്തിന് പുതുമയുള്ള മുഖവും ശൈലിയും നല്‍കിയാല്‍ സി.പി.എമ്മിനെ ഏറെക്കാലം അധികാരത്തില്‍ നിന്ന് അകറ്റി നിറുത്താം. ഈ ചിന്ത കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പില്‍ കാട്ടുതീപോലെ പടര്‍ന്നു കഴിഞ്ഞു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അജയ് തറയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അത് പരസ്യമായി പങ്കുവച്ചു. ഏറെപ്പേര്‍ സ്വാഗതം ചെയ്തു. കോഴക്കേസ്സില്‍ പെട്ട മാണി ഇത്തവണ ബജറ്റ് അവതരിപ്പിക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട ആദ്യത്തെ കോണ്‍ഗ്രസ്സ് നേതാവാണ് അജയ് തറയില്‍.വീരേന്ദ്രകുമാറിന്റെ ജനതാദള്‍ വിഭാഗം യു.ഡി.എഫില്‍ ഒരു അസംതൃപ്ത പാര്‍ട്ടിയാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം പാലക്കാട് ലോക്‌സഭാ സീറ്റില്‍ വീരേന്ദ്രകുമാറിന്റെ ദയനീയമായ തോല്‍വിക്കു കളമൊരുക്കിയത് അവിടുത്തെ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നു. അതേപ്പറ്റി ആര്‍. ബാലകൃഷ്ണപിള്ള കമ്മിറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി യു.ഡി.എഫ്. നേതൃത്വത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. ജനതാദള്‍ ലയനത്തോടെ കേരളത്തില്‍ ശക്തിപ്പെടുന്നത് ഇടതുമുന്നണിയോ ഭരണമുന്നണിയോ എന്ന് ഇനിയും വ്യക്തമല്ല. അഴിമതി ഭരണത്തില്‍ പങ്കാളിയാകാനില്ലെന്ന് ഇപ്പോള്‍ ഇടതു പക്ഷത്തുള്ള ജനതാദള്‍ വിഭാഗത്തിന്റെ നേതാവ് മാത്യു ടി. തോമസ് പ്രഖ്യാപിച്ചിട്ടുണ്ട്. വീരേന്ദ്രകുമാറിനെയും കൂട്ടരെയും തോമസ് ഇടതുപക്ഷത്തേക്കു ക്ഷണിച്ചു. ചെറിയ പാര്‍ട്ടിയിലേക്ക് വലിയ പാര്‍ട്ടിയെ ക്ഷണിക്കാറില്ലെന്ന് ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞതോടെ ജനതാദള്‍ കേരള ഘടകത്തില്‍ മൂപ്പിളമ തര്‍ക്കം തുടങ്ങി. സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനതാദള്‍ എസ് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

സി.പി.എം. കേരളത്തില്‍ ജനപ്രീതി സമ്പാദിച്ച് പ്രോജ്വലമായി തിരിച്ചുവരുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. ചിന്താശേഷിക്ക് പാപ്പരത്തം ബാധിച്ച ഒരുകൂട്ടം പ്രാദേശികവാദികളുടെ (കണ്ണൂര്‍ ലോബി) പിടിയിലാണ് ഇപ്പോഴും ഇവിടെ സി.പി.എം. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തം എസ്. രാമചന്ദ്രന്‍ പിള്ളയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ കേരള ഘടകം നടത്തിയ നീക്കംതന്നെ. ബംഗാള്‍ പാര്‍ട്ടിയുടെ കടുത്ത വിയോജിപ്പുമൂലം പിള്ളയ്ക്ക് സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറിയുടെ പിന്തുണയുണ്ടായിട്ടും മുന്നോട്ടു വരാനായില്ല. ജനറല്‍ സെക്രട്ടറി പദത്തിനുവേണ്ടി മത്സരമുണ്ടായാല്‍ തോറ്റുപോകുമെന്ന് ഉറപ്പായ രാമചന്ദ്രന്‍പിള്ള പിന്മാറി. അദ്ദേഹത്തെക്കാള്‍ പത്തുവയസ്സ് ഇളപ്പമുള്ള യച്ചൂരി ജനറല്‍ സെക്രട്ടറിയായി. പിള്ള ജനറല്‍ സെക്രട്ടറിയായിരുന്നെങ്കില്‍ കേരളത്തില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ അഭിലഷിക്കുന്ന പിണറായി വിജയന് ഒരു ഭീഷണി ഒഴിവാകുമായിരുന്നു. വിജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു തന്ത്രം പാളിയതിന്റെ വൈക്‌ളബ്യത്തിലാണ് സി.പി.എം. കേരള ഘടകം. എസ്. രാമചന്ദ്രന്‍പിള്ള അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വാഭാവികമായി ഉയര്‍ന്നുവരാം. എന്തെന്നാല്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കണ്ണൂരില്‍ നിന്നാകുന്ന വിചിത്ര സാഹചര്യം വി.എസ്. അച്യുതാനന്ദനെപ്പോലെ കടുത്ത പിണറായി വിരുദ്ധരാണെങ്കിലും യച്ചൂരിയുടെ ശ്രദ്ധയില്‍പ്പെടുത്തും. തന്നെ അനുകൂലിക്കാതിരുന്ന കേരള ഘടകത്തിന്റെ നേതാവിന് ഇതിനേക്കാള്‍ മധുരമുള്ള ഒരു തിരിച്ചടി നല്‍കാന്‍ യച്ചൂരിക്ക് വേറെന്തുണ്ട്? സി.പി.എമ്മിലും ഇങ്ങനൊക്കെയാണോ കാര്യങ്ങളുടെ പോക്കെന്ന് നെറ്റി ചുളിക്കാന്‍ വരട്ടെ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അന്തര്‍ധാരയില്‍ വ്യക്തിനിഷ്ഠമായ ഇത്തരം ഇഷ്ടാനിഷ്ടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് ജനാധിപത്യ വ്യവസ്ഥയുടെ ഒരു പരിമിതിയാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ യു.ഡി.എഫിന്റെ പ്രതിച്ഛായ ഉയരുമോ? ഹൈക്കമാന്റിന്റെ അനുമതിയോടെ വി.എം. സുധീരന്‍ യു.ഡി.എഫ്. സര്‍ക്കാരിനെ നയിക്കാന്‍ വന്നാല്‍ കോണ്‍ഗ്രസ്സ് രക്ഷപ്പെടുമോ? കേരളത്തിലെ ഇടതുപക്ഷത്തിന് പുതിയ രൂപവും മേല്‍വിലാസവും ഉണ്ടാക്കാന്‍ സി.പി.എം. നേതൃത്വത്തിന് കഴിയുമോ? രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നാല്‍ക്കവലയില്‍ അറച്ചുനില്‍ക്കുന്ന കേരളം ഇനി മുന്നോട്ടുപോകാന്‍ ആരായിരിക്കും ആദ്യചുവടു വയ്ക്കുക? യു.ഡി.എഫിലെ പ്രതിപക്ഷ നേതാവായിരുന്ന പി.സി. ജോര്‍ജിന്റെ മാത്രം നീക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്പട ഒന്ന് വഴിമാറി നടക്കുക. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ജോര്‍ജിന്റെ ലക്ഷ്യം. മഴ പെയ്യുന്നത് മറ്റൊരിടത്താണ്. അപ്പോള്‍ ഇവിടെ കുട ചൂടിയിട്ടെന്തുകാര്യം?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories