TopTop
Begin typing your search above and press return to search.

കളിയാക്കുന്നവരോട്: ഉമ്മന്‍ ചാണ്ടി ജനകീയനാകാനുള്ള ശ്രമത്തിലാണ്

കളിയാക്കുന്നവരോട്: ഉമ്മന്‍ ചാണ്ടി ജനകീയനാകാനുള്ള ശ്രമത്തിലാണ്

അഴിമുഖം പ്രതിനിധി

ഉമ്മന്‍ ചാണ്ടി ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി പെട്രോളിന്റെ വില കുറയ്ക്കണമെന്നാവശ്യപ്പെട്ടതിന് അദ്ദേഹത്തിനു നേരെ ഉണ്ടായ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് കയ്യും കണക്കുമില്ലായിരുന്നു.

ഉമ്മന്‍ ചാണ്ടിയെ ട്രോളിയ സകലമാന ട്രോളരോടും: നിങ്ങള്‍ക്ക് ആ രാഷ്ട്രീയക്കാരനെ കുറിച്ച് ഒരുചുക്കും അറിയില്ല.

ഉണ്ടോണ്ടിരുന്ന നായര്‍ക്കൊരു വിളിവന്നതുപോലെയല്ല കുഞ്ഞൂഞ്ഞിന് മോദിയെ ചീത്തവിളിക്കാന്‍ തോന്നിയത്. എന്നും ഒരു മുഴം മുന്നേ ഓടാനറിയാവുന്ന ഉമ്മന്‍ ചാണ്ടിയെയാണ് നിങ്ങള്‍ അഞ്ചുകൊല്ലം ഉറങ്ങുവായിരുന്നോന്നും ഇപ്പോഴാണോ ജനങ്ങളെ കുറിച്ച് ഓര്‍ത്തതെന്നുമൊക്കെ ചോദിച്ച് കളിയാക്കിയത്.

വാസ്തവത്തില്‍ 2021 ലേക്കുള്ള ഓട്ടത്തിനാണ് കുഞ്ഞൂഞ്ഞ് ഇന്നലെ ആദ്യ വിസില്‍ മുഴക്കിയത്.

നിലാവു കണ്ട് നേരം വെളുത്തെന്നു കരുതുന്നവനല്ല ഉമ്മന്‍ ചാണ്ടി. ചവിട്ടി നില്‍ക്കുന്ന മണ്ണിന്റെ ഇളക്കോം മുറുക്കോം തിരിച്ചറിയുന്ന രാഷ്ട്രീയക്കാരനാണ്. വിരാജിച്ചിരുന്ന സ്ഥാനങ്ങളില്‍ നിന്നെല്ലാം ഇറങ്ങേണ്ടി വന്നു. ശത്രുക്കള്‍ പ്രബലരായി. നേര്‍ക്കുനേര്‍ നിന്ന് പോരാടുന്നതു ബുദ്ധിയല്ല. കാത്തിരിക്കണം, ശത്രു തളരുന്നതുവരെയോ സ്വയം ശക്തനാകുന്നതുവരെയോ. അതിനുള്ളില്‍ ചെയ്തിരിക്കേണ്ട പലകാര്യങ്ങളുമുണ്ട്. അതിനാണ് ഇന്നലെ പെട്രോളില്‍ തൊട്ട് തുടങ്ങിയത്.

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജയിച്ചു വന്ന കോണ്‍ഗ്രസുകാരുടെ എണ്ണം 22 ആണ്. അതില്‍ ഗ്രൂപ്പും കുലോമൊക്കെ നോക്കി തരം തിരിച്ചപ്പോള്‍ സ്വന്തം പാളയത്തില്‍ ആറുപേര്‍ മാത്രം. 12 പേര്‍ എതിര്‍ ചേരിക്കാരായ ഐക്കാര്‍. ബാക്കിയൊരു നാലെണ്ണമുണ്ട്. അതില്‍ വി ടി ബലറാം പേരിന് ഐക്കാരനാണെങ്കിലും ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പില്ലാതെ നില്‍ക്കുന്നവനാണ്. കാര്‍ത്തികേയന്റെ മോന്‍ ശബരിനാഥന്റെ കാര്യോം അങ്ങനെ തന്നെ. ഐക്കാരനാണന്നു പറയാറുണ്ടെന്നോയുള്ളൂ. പിന്നെ രണ്ടു പേരുള്ളത് പി ടി തോമസും അനില്‍ അക്കരയുമാണ്. രണ്ടുപേരും സുധീരന്റെ നോമിനികള്‍. ഈ നാലെണ്ണത്തിനെയും കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ല. ആകെയുള്ള ആറുപോരുമായി പ്രതിപക്ഷനേതാവിന്റെ കസേരയ്ക്ക് അവകാശം ചോദിക്കാനും പറ്റില്ല.

വേണോങ്കില്‍ വേറൊരു കളികളിക്കായിരുന്നു, ഘടകന്മാരെ കൊണ്ട് പറയിപ്പിക്കുക, അവര്‍ സ്‌നേഹമുള്ളവരാണ്. മാണി തുടങ്ങിവച്ചതുമാണ്. പക്ഷേ ശരിയാകത്തില്ലെന്നു ഉമ്മന്‍ ചാണ്ടിക്കു സ്വയം തോന്നി. കാരണം അങ്ങനെയാണെങ്കില്‍ ധാര്‍മികതയുടെ ചെരുപ്പ് പുറത്ത് ഊരിയിടണം. അതുമാത്രമോ, ഘടകന്മാര്‍ പറഞ്ഞതുകൊണ്ട് ഇവിടെ കേരളത്തില്‍ സുധീരന്‍ കോണ്‍ഗ്രസോ ഡല്‍ഹിയില്‍ മാഡം കോണ്‍ഗ്രസോ സമ്മതിക്കണമെന്നില്ല. ഹൈക്കമാന്‍ഡ് കുറച്ചു നാളായി ഓങ്ങി നില്‍ക്കുകയായിരുന്നു. വടി ഉമ്മന്‍ ചാണ്ടിയുടെ കൈയിലായിരുന്നതുകൊണ്ടുമാത്രം ഒന്നിനും പറ്റിയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ഉമ്മന്‍ ചാണ്ടിയുടെ വര ചാടിക്കടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്ന് ഉമ്മന്‍ ചാണ്ടി അത്രമേല്‍ ശക്തനായിരുന്നു. ഇപ്പോള്‍ കാലം മാറി കഥ മാറി. വടി ഹൈക്കമാന്‍ഡിനു കിട്ടി. പ്രതിപക്ഷ നേതാവാകണമെന്നാങ്ങാനും വാശി പിടിച്ചാല്‍ പുറത്തടിവീഴും. അതറിയാവുന്നതു കൊണ്ട് മിണ്ടില്ല.

കെ കരുണാകരന്റെ കാലത്ത് തുടങ്ങിയതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹി നേതൃത്വത്തെ വെല്ലുവിളിച്ച് നില്‍ക്കുന്നത്. ഇടയ്ക്ക് ആന്റണി വന്ന് വിധേയത്വബന്ധം പുന:സ്ഥാപിച്ചെങ്കിലും ഉമ്മന്‍ ചാണ്ടിയുഗത്തോടെ വീണ്ടും വെല്ലുവിളിയുടെ കല തുടര്‍ന്നു. ഇതിപ്പോള്‍ ഹൈക്കമാന്‍ഡിന്റെ കാലിലേക്ക് വീണ്ടും പന്ത് കിട്ടിയിരിക്കുകയാണ്. ഇതെല്ലാം മുന്നില്‍ കണ്ടാണ് ധാര്‍മികതയുടെ കുപ്പായോം ഇട്ട് ഉമ്മന്‍ ചാണ്ടി അടുത്ത കളിക്കിറങ്ങിയത്.അങ്ങനെ കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല നിയുക്തനായി. കെപിസിസി പ്രസിഡന്റെ കസേരയില്‍ വി എം സുധീരനുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം യുഡിഎഫ് ചെയര്‍മാന്‍ എന്നതാണ്. വലിയ റോളൊന്നും അല്ല. പക്ഷേ സേഫാണ്. പാര്‍ട്ടി നേതാവും ഭരണാധികാരിയും എന്ന നിലകളിലുള്ള മികവൊരിക്കലും പ്രതിപക്ഷ നേതാവായിരുന്ന് ഉമ്മന്‍ ചാണ്ടിക്ക് കാണിക്കാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടി മികച്ചൊരു പ്രതിപക്ഷ നേതാവായിരുന്നില്ല. ആ കുറവ് മറ്റേരെക്കാളും നന്നായി അറിയാവുന്നതും അദ്ദേഹത്തിനാണ്. അല്ലെങ്കില്‍ തന്നെ ഇത്തവണ പ്രതിപക്ഷ നേതാക്കളുടെ എണ്ണം ഒന്നിലേറെയുണ്ട്. ഔദ്യോഗികമായി പറയുന്നത് രമേശ് ചെന്നിത്തലയെ ആണെങ്കിലും രാജഗോപാലിന്റെ നേതൃത്വത്തില്‍ ബിജെപി ശക്തമായൊരു പ്രതിപക്ഷമാകും. പിന്നെ കെപിസിസി പ്രസിഡന്റ് സുധീരന്‍ ചെന്നിത്തലയെക്കാള്‍ കരുത്തനായ പ്രതിപക്ഷനേതാവായി വിളയാടും. ഇവര്‍ക്കെല്ലാം മേലെ സാക്ഷാല്‍ വി എസ് അച്യുതാനന്ദനും കാണും, പിണറായി സര്‍ക്കാരിന്റെ പ്രതിപക്ഷ നേതാവായി. ഇതിന്റെയൊക്കെ ഇടയില്‍ കുഞ്ഞൂഞ്ഞ് എന്തോ കാട്ടാനാ...

നിയമസഭിയിലോ ഇന്ദിര ഭവനിലോ വല്യ കാര്യമൊന്നുമില്ലെന്ന് മനസിലായതോടെയാണ് തന്ത്രശാലിയായ ആ രാഷ്ട്രീയക്കാരന്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

തനിക്കുമേല്‍ നാറുന്ന അഴിമതിയാരോപണങ്ങളെല്ലാം മാറ്റിയെടുക്കാന്‍ പറ്റിയൊരു എളുപ്പ വഴിയാണ് എളിമ എന്ന് കുഞ്ഞൂഞ്ഞ് കണ്ടെത്തി. ഉമ്മന്‍ ചാണ്ടിയെ എളിമ പഠിപ്പിക്കല്ലേയെന്നൊരു ചൊല്ലു തന്നെയുണ്ട്. കോടികളുടെ അഴിമതിക്കു കൂട്ടുനിന്നാലും വ്യക്തിജീവിതത്തില്‍ ലാളിത്യം പുലര്‍ത്തി ജീവിക്കുന്നൊരാളാണ് താനെന്നു മറ്റുള്ളവരെ കൊണ്ടു പറയിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. ഉമ്മന്‍ ചാണ്ടിയുടെ രണ്ട് ഗുണങ്ങളില്‍ ഒന്നാണ് ഈ എളിമ കാണിക്കല്‍, മറ്റൊന്ന് പണിയെടുക്കാനുള്ള മടിയില്ലായ്മയാണ്. മറ്റു കോണ്‍ഗ്രസുകാരെപ്പോലെയല്ല, എത്രവേണമെങ്കിലും കഷ്ടപ്പെടും.

എളിമയും അധ്വാനശീലവും കൈമുതലാക്കിക്കൊണ്ട് 2021-ല്‍ തിരിച്ചുവരികയെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

ജനങ്ങളിലേക്ക് ഇറങ്ങുകയാണെന്നും ഇനി മുതല്‍ തന്റെ സഞ്ചാരം ബസിലും ട്രെയിനിലുമൊക്കെയായിരിക്കുമെന്നും പറയുന്നത് ഈ ലക്ഷ്യത്തോടെയാണ്. വീണ്ടുമൊരു ജനസമ്പര്‍ക്ക പരിപാടി. തന്റെ തെറ്റുകളില്‍ നിന്നും വീഴ്ച്ചകളിലും നിന്നും അതിവേഗം കരകയറാനുള്ള പാഠമുള്‍ക്കൊണ്ട് തന്നെയാണ് കുഞ്ഞൂഞ്ഞിന്റെ പ്രവര്‍ത്തനങ്ങള്‍. സഭയിലോ സെക്രട്ടേറിയേറ്റ് പടിക്കലോ ബഹളം വയ്ക്കാനും സമരം ചെയ്യാനും ഉമ്മന്‍ ചാണ്ടിയെ കണ്ടില്ലെങ്കില്‍ ആരും തെറ്റിദ്ധരിക്കണ്ട, ഉമ്മന്‍ ചാണ്ടി രാഷ്ട്രീയാപ്രസക്തനായെന്നു കരുതുകയും വേണ്ട. ഉമ്മന്‍ ചാണ്ടി ആ സമയങ്ങളിലൊക്കെ ജനങ്ങള്‍ക്കിടയിലായിരിക്കും.


Next Story

Related Stories