TopTop
Begin typing your search above and press return to search.

തെരുവുനായ്ക്കള്‍ വിഷയത്തില്‍ കേരളത്തെ കോടതി കേറ്റാന്‍ പോകുന്ന പ്രശാന്ത് ഭൂഷണ് ഒരു തുറന്ന കത്ത്

തെരുവുനായ്ക്കള്‍ വിഷയത്തില്‍ കേരളത്തെ കോടതി കേറ്റാന്‍ പോകുന്ന പ്രശാന്ത് ഭൂഷണ് ഒരു തുറന്ന കത്ത്

സുകുമാരന്‍ സി.വി

പ്രിയപ്പെട്ട അഡ്വ. പ്രശാന്ത് ഭൂഷണ്‍ സര്‍,

അപകടകാരികളായ തെരുവുനായകളെ കൊല്ലാനുള്ള നീക്കവുമായി കേരള സർക്കാർ മുന്നോട്ടു പോയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നു പറഞ്ഞ് താങ്കൾ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായും തെരുവുനായകളെക്കുറിച്ച് ഭീതി വിതക്കും വിധം വരുന്ന പത്രവാർത്തകൾ പണം നൽകി പ്രസിദ്ധീകരിപ്പിക്കപ്പെടുന്നതാണെന്നും (Paid News) താങ്കളുടെ കത്തിൽ പറയുന്നതായും മറ്റും പത്രങ്ങളിൽ വായിച്ചു. താങ്കളുടെ കത്തിന്‍റെ ഉള്ളടക്കം, കേരളത്തിലെ പത്രങ്ങളെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതും തികച്ചും യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നും ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തുറന്ന കത്തെഴുതുന്നത്.

കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 65 വയസ്സുള്ള ശീലുവമ്മയെന്ന ഒരു പാവം വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചു കൊല്ലുകയുണ്ടായി. കേരളത്തിലെ എല്ലാ പത്രങ്ങളും ആ വാർത്ത പ്രസിദ്ധീകരിച്ചു. ഈ പത്രങ്ങൾക്കൊക്കെ ആരായിരിക്കും സർ പണം നൽകിയത് ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിക്കാൻ? ശീലുവമ്മയെന്നൊരു സ്ത്രീ കേരളത്തിൽ ജീവിച്ചിരുന്നിട്ടേയില്ല അല്ലെ സർ? പാവം തെരുവുനായകള്‍ക്കെതിരെ ഭീതി പരത്തുന്നതിനുവേണ്ടി പത്രങ്ങൾ പണം വാങ്ങി കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണ് ശീലുവമ്മയെന്ന വൃദ്ധയും തെരുവുനായകളുടെ കൂട്ടത്തോടെയുള്ള കടിയേറ്റുണ്ടായ അവരുടെ മരണവുമൊക്കെ അല്ലേ?

താങ്കളുടെ കത്തിനെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ച ദിവസം, തെരുവുനായകൾ മുഖത്തെ മാംസം കടിച്ചെടുത്ത ഒരു അഞ്ചു വയസ്സുകാരന്റെ പടം പത്രത്തിൽ കണ്ടു. കുട്ടിയുടെ അച്ഛനോ അമ്മയോ, അയൽക്കാരോ കുട്ടിയുടെ മുഖത്തു കടിച്ചു പരിക്കേൽപ്പിച്ചതിനു ശേഷം പത്രങ്ങൾക്കു പണം കൊടുത്ത് പാവം തെരുവുനായകൾക്കെതിരെ ഭീതി പരത്തുന്നതിനു വേണ്ടി പ്രസിദ്ധീകരിപ്പിച്ചതാകും ആ വാർത്തയും ഫോട്ടോയും അല്ലേ സർ?ഈ ലേഖകൻ കേരളത്തിലെ പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്ന ഒരു സർക്കാരുദ്യോഗസ്ഥനാണ്. എന്റെ വീട്ടിനടുത്തുള്ള ഒരു പെയിന്റിങ്ങ് തൊഴിലാളിയുടെ എട്ടു വയസ്സ് പ്രായമുള്ള കുട്ടി സ്കൂളിലേക്കു പോകുമ്പോൾ മൂന്നു തെരുവുനായകൾ വളഞ്ഞിട്ടു കടിക്കുകയുണ്ടായി. റാബിസ് വാക്സിൻ നല്ല വിലയുള്ള മരുന്നാണെന്നു സാറിനറിയാമല്ലൊ. ഒരു പെയിന്റിങ്ങ് തൊഴിലാളിക്ക് താങ്ങാനാവാത്ത ചെലവാണത്. കുട്ടിയുടെ ചികിത്സാ ചെലവിൽ അൽപം ആനുകൂല്യം കിട്ടുന്നതിനു വേണ്ടി ആ പാവം മനുഷ്യൻ പഞ്ചായത്തോഫീസിൽ വന്ന് എന്നെ കണ്ടിരുന്നു ബിപിഎൽ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ. ഞാനീപ്പറഞ്ഞ കാര്യവും പെയ്ഡ് ന്യൂസ് ഐറ്റത്തിൽ പെടും അല്ലെ സർ?

അങ്ങനെയാണെങ്കിൽ സാർ, തെരുവുനായയ്ക്കൾ പെരുകേണ്ടത് റാബിസ് വാക്സിൻ നിർമ്മിക്കുന്ന കമ്പനികളുടെ നിലനിൽപ്പിനും ക്ഷേമത്തിനും ആവശ്യമാണെന്നും അത്തരം കമ്പനികളിൽ നിന്നും പണം കൈപ്പറ്റുന്നതുകൊണ്ടാണ് താങ്കൾ മനുഷ്യജീവന് അപകടകാരികളായ തെരുവുനായകളെ കൊല്ലുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറയുന്നതെന്നും ഞങ്ങൾ കേരളീയർ ന്യായമായും സംശയിച്ചാൽ അതിൽ തെറ്റുണ്ടോ സർ?

മാൻ വർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ കാട്ടുമൃഗമാണ് വടക്കെ ഇന്ത്യയിൽ കാണപ്പെടുന്ന നീൽ ഗെയ് (nilgai). ഈ മൃഗങ്ങളെ ബീഹാറിൽ കൂട്ടത്തോടെ കൊന്നൊടുക്കുന്ന കാര്യവും കേന്ദ്രം അതിന് അനുമതി കൊടുത്ത കാര്യവും ഒന്നും സർ അറിഞ്ഞില്ലെന്നു തോന്നുന്നു അല്ലെ? അതുപോലെത്തന്നെ ഹിമാചൽ പ്രദേശിൽ, കേന്ദ്രത്തിന്റെ അനുമതിയോടെ കുരങ്ങുകളെ കൂട്ടത്തോടെ കൊല ചെയ്യുന്ന കാര്യവും സാർ അറിഞ്ഞില്ലെന്നു തോന്നുന്നു. കാരണം അവിടത്തെ മുഖ്യമന്ത്രിമാർക്കൊന്നും 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (Prevention of Cruelty to Animals Act, 1960) ലംഘിച്ചതിന് സുപ്രീം കോടതിയെ സമീപിക്കുമെന്നു പറഞ്ഞ് താങ്കൾ കത്തയച്ചതായി കണ്ടില്ല. മനഷ്യരെ കടിച്ചു കൊല്ലുന്ന കേരളത്തിലെ തെരുവുപട്ടികളെ കൊല്ലുന്നതു മാത്രമാണോ താങ്കളെ സംബന്ധിച്ചിടത്തോളം 1960-ലെ നിയമത്തിന്റെ ലംഘനം? മനുഷ്യനെ ആക്രമിക്കുന്നതു പോയിട്ട്, മനുഷ്യന്റെ സമീപത്തു പോലും വരാൻ പേടിക്കുന്ന തികച്ചും നിരുപദ്രവകാരികളായ നീൽ ഗെയ്കളെ കൊല്ലുന്നത് ഈ നിയമത്തിന്റെ ലംഘനമാകുന്നില്ല അല്ലെ? ഒരു പക്ഷേ അതു ശരിയായിരിക്കാം. കാരണം പാവം നീൽ ഗെയ്കൾ ജീവിച്ചിരിക്കുന്നതു കൊണ്ട് ഒരു മരുന്നു കമ്പനിക്കും ലാഭമൊന്നും ഇല്ലല്ലോ അല്ലെ?

പിന്നെ സർ, ഞാനിതൊക്കെ പറഞ്ഞെന്നു വെച്ച് എനിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു കളയല്ലെ. മുൻസിഫ് കോടതിയെന്നു കേട്ടാൽത്തന്നെ പേടിച്ചു വിറക്കുന്ന, സ്വന്തമായി കാറോ ജീപ്പോ എന്നല്ല ഒരു മോട്ടോര്‍സൈക്കിള്‍ പോലുമില്ലാത്ത ഒരു പാവം സർക്കാരുദ്യോഗസ്ഥനാണ് ഈയുള്ളവന്‍, ജീവിച്ചു പൊക്കോട്ടെ.


ശീലുവമ്മ

പാതയോരങ്ങളെ മാലിന്യ പൂരിതമാക്കുന്ന കേരളീയരുടെ ചിക്കൻ സംസ്കാരത്തിന് തെരുവുനായകളുടെ അംഗസംഖ്യ നിയന്ത്രണാതീതമായ രീതിയിൽ വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കാണുള്ളത്. വഴിയോരങ്ങളിൽ മുഴുവൻ ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങൾ തള്ളി തെരുവുനായകൾ പെരുകുന്നതിനും പരിസരത്തെ ദുർഗന്ധപൂരിതമാക്കുന്നതിനും കാരണമാകുന്ന മലയാളിയുടെ അനാരോഗ്യകരമായ ഭക്ഷണശൈലിയും എല്ലാം പാതയോരത്തേക്ക് വലിച്ചെറിയുന്ന ശുചിത്വബോധമില്ലായ്മയും മാറാതെ തെരുവുനായ ശല്യം പൂർണമായി പരിഹരിക്കാനാകില്ല. അതിനർത്ഥം തെരുവു നായകളെ കൊന്നുകൂടെന്നല്ലതാനും.

ഒരു രഹസ്യം കൂടെ പറയട്ടെ സർ? കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ ഓഫീസിൽ പോകുമ്പോൾ, ഞങ്ങളുടെ വീട്ടിൽ നിന്ന് മെയിൻ റോഡിലെത്താനുള്ള ഇടവഴിയിൽ നാലു തെരുവുപട്ടികൾ കുട്ടത്തോടെ നിൽക്കുന്നുണ്ടായിരുന്നു. അവർ വഴി മാറാതെ എനിക്കു മുമ്പോട്ടു പോകാൻ പറ്റില്ല. അവരാകട്ടെ വഴി മാറാനുള്ള ഭാവവും ഇല്ല. ഞാൻ ഒരു കല്ലെടുത്ത് ഒറ്റയേറു വെച്ചു കൊടുത്തു. കല്ല് പട്ടികളിലൊന്നിന്റെ തലക്കു തന്നെ കൊള്ളുകയും 'കൈ കൈ' എന്നു ശബ്ദമുണ്ടാക്കിക്കൊണ്ട് അത് ഓടിപ്പോവുകയും കൂട്ടത്തിൽ മറ്റു പട്ടികളും സ്ഥലം വിടുകയും ചെയ്തു. ഞാൻ ചെയ്തത് ഞാൻ ജനിക്കുന്നതിനും മുമ്പുണ്ടായ ആ നിയമത്തിന്റെ ലംഘനമായോ സർ?

ഒരു കാര്യം കൂടി താങ്കളുടെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് കത്തവസാനിപ്പിക്കുകയാണ്. നരേന്ദ്ര മോദി അധികാരത്തിലേറിയ ഉടന്‍ സര്‍ദാര്‍ സരോവര്‍ ഡാമിന്‍റെ ഉയരം 17 മീറ്റര്‍ കൂട്ടുന്നതിന് നര്‍മ്മദ കണ്‍ട്രോള്‍ അതോറിറ്റി അനുവാദം നല്‍കുകയുണ്ടായി. ലക്ഷക്കണക്കിന് ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ഏക്കറുകണക്കിനു വനങ്ങളും അവയില്‍ വസിക്കുന്ന വന്യജീവികളും വെള്ളത്തിനടിയിലാവുകയും ചെയ്ത ഈ ഡാം കാരണം ഇന്ന് നര്‍മ്മദ നദി കടലില്‍ എത്തുന്നില്ല. അതിന്‍റെ ഫലമായി കടല്‍ജലം നദീമുഖത്തേക്കിറങ്ങുകയും 40 കിലോമീറ്ററോളം ഉള്ളിലേക്കു കേറുകയും ചെയ്തത് വളരെ വലിയൊരു പാരിസ്ഥിതിക പ്രശ്നമാണ് സൃഷ്ടിച്ചിരിക്കുന്നത്. അദാനിക്കും മറ്റു കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കും ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രം പ്രകൃതിയെയും ആദിവാസികളെയും നശിപ്പിക്കുന്ന ഇത്തരം ഡാം നിര്‍മ്മിതികള്‍ക്കും അവയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരെയല്ലെ സാര്‍, സാറിനെപ്പോലുള്ള പ്രഗത്ഭരായ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടത്? അല്ലേ സര്‍?

(ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ സുകുമാരന്‍ സി വിയുടെ സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ദി ഹിന്ദു, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, മെയിന്‍ സ്ട്രീം തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

.


Next Story

Related Stories