Top

താരിഷിക്കും ചങ്ങാതിമാര്‍ക്കും വേണ്ടി ബാക്കിയുള്ള ലോകത്തിനു മുമ്പാകെ ഒരു തുറന്ന കത്ത്

താരിഷിക്കും ചങ്ങാതിമാര്‍ക്കും വേണ്ടി ബാക്കിയുള്ള ലോകത്തിനു മുമ്പാകെ ഒരു തുറന്ന കത്ത്

ധാക്ക ഭീകരാക്രമണ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ധാക്ക (എഐഎസ്ഡി)യിലെ പൂര്‍വ്വവിദ്യാര്‍ത്ഥി റഫിയ അഫ്‌സര്‍സ്‌കൂള്‍ കൂട്ടായ്മയുടെ മൊത്തം വികാരവും ചിന്തകളും പ്രകടിപ്പിച്ചുകൊണ്ട് എഴുതിയ തുറന്ന കത്ത്.

പ്രിയ ലോകമേ,

ഒരു പക്ഷേ നിനക്ക് അറിയാവുന്നത് പോലെ തന്നെ, നമ്മുടെ കാലത്ത് നിരവധി ഭീകര ആക്രമണങ്ങളാണ് നടക്കുന്നത്. ഇത്തരത്തിലൊരു ഭീകര സംഭവമായിരുന്നു നമ്മുടെ പ്രിയ നഗരമായ ധാക്കയില്‍ ഉണ്ടായത്.

എന്നത്തേയും പോലെ, ദൗര്‍ഭാഗ്യവശാല്‍ പല മനുഷ്യരും കൊല്ലപ്പെട്ടു. എന്നത്തേയും പോലെ തന്നെ പലരിലേക്കും വിരലുകള്‍ ചൂണ്ടപ്പെടുകയും ചെയ്തു. എന്നാല്‍ ഈ കത്ത് വാഗ്വാദങ്ങള്‍ ഉണ്ടാക്കാനോ എന്താണ് ശരി എന്ന് സ്ഥാപിക്കാനോ അല്ല. ഈ കത്ത് ഇനി ഞങ്ങള്‍ക്ക് ഒരിക്കലും കാണാനാകാത്ത ഞങ്ങളുടെ സ്‌നേഹനിധികളായ മൂന്ന് സുഹൃത്തുക്കളുടെ ജീവിതങ്ങള്‍ ആഘോഷിക്കാനാണ്. സ്‌നേഹം ആഘോഷിക്കാനാണ്..

ഞങ്ങള്‍, ടൈഗേഴ്‌സ് ഓഫ് എഐഎസ്ഡി (നിങ്ങളെ സംബന്ധിച്ചിടത്തോളം ധക്കയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍) മറ്റൊരിടത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത ഒരു കാര്യം പങ്കുവയ്ക്കുന്നവരാണ്. സ്‌നേഹവും അനുകമ്പയും അടുപ്പവും ദൃഢബന്ധവും നിറഞ്ഞ ആഴത്തിലുള്ള ഒരു ബന്ധം പങ്കുവയ്ക്കുന്നവരാണ് ഞങ്ങള്‍. ഒരു സ്‌കൂളില്‍ നിന്നു പഠിച്ചിറങ്ങിയ ഒരു കൂട്ടം ബാച്ച്‌മേറ്റ്‌സ് മാത്രമല്ല ഞങ്ങള്‍. ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന ഒരു കുടുംബമാണ്.

ഞങ്ങളുടെ സ്‌കൂളിലെ പരിപാടികളും അവിടുത്തെ വിദ്യാര്‍ത്ഥികളുടെ വിജയങ്ങളും, സ്‌പോര്‍ട്‌സ് ടീമുകളുടെ മുന്നേറ്റങ്ങളും ഓരോ ബാച്ചിന്റേയും ഗ്രാജ്വേഷനും ആഘോഷിക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഞങ്ങള്‍ ഒന്നിച്ചെത്തുന്നു. എന്നാല്‍ ഇതാദ്യമായി ഞങ്ങള്‍ മുമ്പത്തേതിനേക്കാള്‍ ശക്തരായി ഒത്തു ചേര്‍ന്നിരിക്കുന്നു. ആഘോഷത്തിനപ്പുറം മറ്റൊന്നിനായി.

അബിന്‍ത കബിര്‍, തരിഷി ജെയ്ന്‍, ഫറാസ് ഹുസൈന്‍ എന്നീ പേരുകള്‍ ആദ്യമായി നിങ്ങള്‍ കേള്‍ക്കുന്നത് ശനിയാഴ്ച പ്രഭാതത്തിലായിരിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പേരുകള്‍ ഞങ്ങളുടെ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലെ മിന്നും താരത്തിന്റേതും, ഞങ്ങളുടെ നിയുക്ത നൃത്തസംവിധായകന്റേതും, ഞങ്ങളുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്റിന്റേതുമാണ്. എല്ലാ പേരുകളും ഞങ്ങള്‍ നിത്യേനയെന്നോണം കേട്ടു കൊണ്ടിരിക്കുന്നവ. നോക്കൂ, ഞങ്ങളുടെ സ്‌കൂളിലൊന്നാകെ 700-ല്‍ അല്‍പ്പം അധികം വരുന്ന പരസ്പരം ഏറെ അടുപ്പമുള്ള വിദ്യാര്‍ത്ഥികളേ ഉള്ളൂ. എല്ലാവരും എല്ലാവരേയും അറിയും. ഈ മൂന്ന് മനോഹര കുസുമങ്ങളും ഞങ്ങളുടെ കൂട്ടായ്മയ്ക്ക് തിളക്കമേറ്റാന്‍ നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നവരില്‍പ്പെട്ടവരായിരുന്നു.സ്വന്തം കഥകള്‍ കൊണ്ട് എപ്പോഴും ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടിരുന്ന അബിന്‍ത ഞങ്ങളുടെ ബാസ്‌കറ്റ്‌ബോള്‍ ടീമിനു വേണ്ടി കളിക്കുമ്പോള്‍ അനായാസ ഹൂപ് ഷോട്ട് പ്രകടനങ്ങള്‍ക്കൊണ്ട് പലപ്പോഴും ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ടൈഗേഴ്‌സില്‍ ഒരാളായിക്കൊണ്ട് അവള്‍ ഞങ്ങളുടെ അഭിമാനമേറ്റി.

താരിശി തന്റെ ആശയങ്ങള്‍ കൊണ്ടും പ്രവര്‍ത്തന നൈതികത കൊണ്ടും ഞങ്ങളെയെല്ലാം പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. സാംസ്‌കാരിക പരിപാടികള്‍ക്കുള്ള പുതിയ ആശയങ്ങള്‍ കിട്ടാതെ വലയുന്നവരുടേയെല്ലാം സഹായത്തിനും അവള്‍ എപ്പോഴും ഉണ്ടായിരുന്നു. ടൈഗേഴ്‌സില്‍ ഒരാളായിക്കൊണ്ട് അവള്‍ ഞങ്ങള്‍ക്കിടയില്‍ ആനന്ദം പരത്തി.

പിന്നെ ഫറാസ്. ഞങ്ങളെല്ലാവരും വലിയ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന ഒരാളായിരുന്നു. ചെയ്തു തീര്‍ത്ത പ്രവര്‍ത്തികളിലെല്ലാം ഒരു നല്ല ലീഡര്‍ എങ്ങനെ ആയിരിക്കണമെന്ന് തെളിയിച്ചു കൊണ്ടിരുന്ന വിനയാലുവായിരുന്നു അവന്‍. ചുറ്റുമുള്ള ലോകത്തെ കൂടി ശ്രദ്ധിക്കണമെന്നും അവന്‍ ഞങ്ങളെ പഠിപ്പിച്ചു. നമുക്ക് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ചു. എല്ലാ തിരക്കുകളും മാറ്റി വച്ച് രാവെന്നോ പകലെന്നോ കണക്കിലെടുക്കാതെ ഞങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവന്‍ കൂടെ ഉണ്ടായിരുന്നു. ഞങ്ങള്‍ ടൈഗേഴ്‌സിനു അവന്‍ ഒറു ഹീറോ ആയിരുന്നു, ഇപ്പോള്‍ ലോകത്തിനും.

ഇവര്‍ മൂന്ന് പേരും പരസ്പരം വലിയ സുഹൃത്തുക്കളുമായിരുന്നു. ഇത് അവരുടെ അവസാന നിമിഷങ്ങളിലും നാം കണ്ടു. ഞങ്ങളുടെ കൂടുംബത്തിന്റെ ഭാഗമായി നിങ്ങള്‍ മൂന്ന് പേരും ഉണ്ടായി എന്നതില്‍ നാം അങ്ങേയറ്റം ഭാഗ്യമുള്ളവരാണ്. ഞങ്ങളുടേതാണെന്ന് നിങ്ങളെ വിളിക്കുന്നതിലും വലിയ സന്തോഷം മാത്രം. നിങ്ങളെ അഭിമാനത്താല്‍ സന്തോഷിപ്പിച്ച ജീവിതങ്ങളുമായി മുന്നോട്ടു പോകുമെന്ന പ്രതീക്ഷ മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങളുടെ ഓര്‍മ്മകളില്‍ എന്നെന്നും നിങ്ങളുണ്ടാകും, ഞങ്ങളുടെയെല്ലാം ഹൃദയങ്ങളിലും.ഏറ്റവുമധികം സ്‌നേഹിച്ചിരുന്നവരുടെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ ഇതു പോലുളള സംഭവങ്ങളില്‍ ജീവനറ്റവര്‍ക്കു വേണ്ടി ശരിക്കും സങ്കടപ്പെടാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല. ദൗര്‍ഭാഗ്യവശാല്‍ നഷ്ടമായ ആ മൂന്ന് ജീവനുകളും ഞങ്ങള്‍ എന്നും താലോലിച്ചിരുന്ന മൂന്ന് പേരുടേതായിരുന്നു. ഓരോ ജീവിതവും വ്യത്യസ്ത സന്തോഷങ്ങളും ആനന്ദവുമാണ് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത് എന്നത് കൊണ്ടു തന്നെ ഒാരോ ജീവിത നഷ്ടവും വ്യത്യസ്തമാണ്. ഞങ്ങള്‍ അനുഭവിച്ച നഷ്ടാനുഭവം ഒരിക്കലും നിനക്കുണ്ടാവരുതെ എന്ന് പ്രാര്‍ത്ഥന മാത്രം.

ഞങ്ങള്‍ ടൈഗേഴ്‌സ് കാണിക്കുന്നതു പോലെ സ്‌നേഹം കൊണ്ട് മാത്രം ഇത്തരം സംഭവങ്ങളെ അഭിമുഖീകരിക്കാന്‍ എല്ലാവര്‍ക്കും ഞങ്ങള്‍ പ്രചോദനമാവട്ടെ. ജീവിതം ആഘോഷിക്കാനും സ്‌നേഹം ആഘോഷിക്കാനും നമുക്കും ലോകത്തിനും കഴിയുമെന്ന് മാത്രം പ്രത്യാശിക്കാം.

ഞങ്ങളുടെ ഹൃദയങ്ങളില്‍ നിന്നുള്ള വലിയ സ്‌നേഹത്തോടെ, ടൈഗേഴ്‌സ് ഓഫ് എഐഎസ്ഡി
Next Story

Related Stories