TopTop

സെക്‌സി ദുര്‍ഗ; സനല്‍ കുമാര്‍ ശശിധരനെതിരെ വീണ്ടും പരസ്യ ഭീഷണി

സെക്‌സി ദുര്‍ഗ; സനല്‍ കുമാര്‍ ശശിധരനെതിരെ വീണ്ടും പരസ്യ ഭീഷണി
സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരേ വീണ്ടും പരസ്യമായ ഭീഷണി. സെക്‌സി ദുര്‍ഗ എന്ന പേരില്‍ സിനിമ എടുത്തതിന്റെ പേരില്‍ സംഘപരിവാര്‍ അടക്കമുള്ള ഹിന്ദു സംഘടനകളില്‍ നിന്നും സനലിനെതിരേ ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്.ഇപ്പോള്‍ ആംസ്റ്റര്‍ഡാമിലുള്ള സനലിന്റെ വീട്ടിലേക്കു വിളിച്ചും ഹിന്ദുസേനക്കാര്‍ ഭീഷണി മുഴക്കുന്നുണ്ട്.
ഏറ്റവും ഒടുവിലായി സഞ്ജീവ് നേവാര്‍ എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പരസ്യമായി സനലിനെതിരേയും ബോളിവുഡ് ചലച്ചിത്രകാരന്‍ അനുരാഗ് കശ്യപിനെതിരേയും പരസ്യമായി ഭീഷണി മുഴക്കി പോസ്റ്റ് ഇട്ടിരിക്കുന്നത്. സനല്‍കുമാറിന്റെയും അനുരാഗ് കശ്യപിന്റെയും വിലാസം എല്ലാവരും പരസ്യമായി ഷെയര്‍ ചെയ്യണമെന്നും ഇരുവരെയും വ്യക്തിപരമായി തന്നെ അവരവരുടെ വീട്ടില്‍ എത്തി തന്നെ അഭിനന്ദിക്കണമെന്നും പരിഹാസരൂപേണയുള്ള ഭീഷണിയാണ് സഞ്ജീവ് നേവാറിന്റെ പോസ്റ്റിലുള്ളത്. സനല്‍കുമാറിനെയും അനുരാഗ് കശ്യപിനെയും കൈകാര്യം ചെയ്യണം എന്നു തന്നെയാണു സംഘപരിവാര്‍ വിശ്വാസികളോടായി ഇയാള്‍ ആഹ്വാനം ചെയ്യുന്നത്.


നോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് സെക്‌സി ദുര്‍ഗ. ആദ്യമായാണ് ഒരു മലയാള ചിത്രം ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടുന്നത്. എന്നാല്‍ ഇത്തരമൊരു ചരിത്രനേട്ടം സിനിമ സ്വന്തമാക്കിയ സമയത്തും ചിത്രത്തിനും സംവിധായകനുമെതിരേ മതമൗലിക വാദികളുടെ ഭാഗത്തു നിന്നും ഭീഷണിയാണ് ഉയരുന്നത്.

സഞ്ജീവ് നേവാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ട് സനല്‍ ചോദിക്കുന്നതും ഇതേ ചോദ്യമാണ്. തുറന്ന ഭീഷണികള്‍ വീണ്ടും വീണ്ടും ഉയരുകയാണ്. ഇവിടുത്തെ നിയമവ്യവസ്ഥകളെയോര്‍ത്തു ലജ്ജ തോന്നുന്നൂവെന്നും സനല്‍ പരിതപിക്കുന്നു. ആര്‍ക്കും ആരെയും സ്വതന്ത്രമായി ഭീഷണിപ്പെടുത്താമെന്ന അവസ്ഥയാണെന്നും സനല്‍ പറയുന്നു.

Next Story

Related Stories