TopTop
Begin typing your search above and press return to search.

തുറന്ന അതിര്‍ത്തികള്‍: സാമ്പത്തിക വിദഗ്ധര്‍ ഇഷ്ടപ്പെടുന്ന ആശയം, രാഷ്ട്രീയക്കാര്‍ ചെറുക്കുന്നതും

തുറന്ന അതിര്‍ത്തികള്‍: സാമ്പത്തിക വിദഗ്ധര്‍ ഇഷ്ടപ്പെടുന്ന ആശയം, രാഷ്ട്രീയക്കാര്‍ ചെറുക്കുന്നതും

അന സ്വാന്‍സന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പല സാമ്പത്തിക വിദഗ്ധര്‍ക്കും ലോകം കൂടുതല്‍ ധനികമാക്കാനും ദാരിദ്ര്യം കുറയ്ക്കാനുമുള്ള ഏറ്റവും കാര്യക്ഷമമായ വഴി അതാണ്. ഭരണത്തിലുള്ളവര്‍ക്കാകട്ടെ അതൊരു രാഷ്ട്രീയ കുഴിബോംബാണ്.

അറ്റ്ലാന്‍റിക്കിന്റെ ഇരുകരയിലുമുള്ള രാഷ്ട്രീയക്കാര്‍ കുടിയേറ്റത്തെ കണ്ണും പൂട്ടി എതിര്‍ക്കുകയാണ്. മദ്ധ്യേഷ്യയില്‍ നിന്നും എത്തുന്ന കുടിയേറ്റപ്രവാഹത്തിനെ ഇന്ധനമാക്കി യൂറോപ്പില്‍ കുടിയേറ്റ വിരുദ്ധ കക്ഷികള്‍ക്ക് പ്രിയമേറുന്നു. ബ്രിട്ടനില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിന് ആക്കം കൂട്ടിയത് കുടിയേറ്റത്തെക്കുറിച്ചുള്ള ഭയമാണ്.

യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റവിരുദ്ധ നിലപാടുകള്‍ അയാളുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ മൂലക്കല്ലാക്കി മാറ്റിയിരിക്കുന്നു. നിലവില്‍ യു.എസില്‍ ഉള്ളവര്‍ക്ക് പൌരത്വം നല്‍കിയും അതിര്‍ത്തി സുരക്ഷ ഏര്‍പ്പാടാക്കിയും കുടിയേറ്റ നിയമങ്ങള്‍ അഴിച്ചുപണിയുന്നതിനെ അനുകൂലിക്കുകയാണ് ഹിലാരി ക്ലിന്‍റന്‍. കുറച്ചു ദിവസങ്ങള്‍ മുമ്പ് വിക്കിലീക്സ് പുറത്തുവിട്ട ഇ മെയിലില്‍ ഹിലാരി ഒരു സംഘം ബ്രസീലിയന്‍ ബാങ്കര്‍മാരോട് തുറന്ന വാണിജ്യവും തുറന്ന അതിര്‍ത്തികളുമുള്ള അര്‍ദ്ധഗോളത്തിലെ ഒരു പൊതുവിപണിയാണ് തന്റെ സ്വപ്നം എന്നു പറഞ്ഞെന്ന വാര്‍ത്ത വന്നത് റിപ്പബ്ലിക്കന്‍മാരില്‍ നിന്നും വലിയ വിമര്‍ശനം വിളിച്ചുവരുത്തി. ഹിലാരി അതിര്‍ത്തികള്‍ തുറക്കുന്നതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നതായി അവരുടെ പ്രചാരണ മാനേജരുടെ ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രതികരണം വന്നു.

സാമ്പത്തിക വിദഗ്ദ്ധരുടെ കാഴ്ച്ചപ്പാടില്‍ ആളുകള്‍ക്ക് ദേശാതിര്‍ത്തികള്‍ കടക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിനെ രാഷ്ട്രീയക്കാര്‍ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അത് ലജ്ജാകരമായ കാര്യമാണ്. ആളുകള്‍ക്ക് അവരുടെ അധ്വാനത്തിന് ഏറ്റവും മൂല്യം കിട്ടുന്നിടത്ത് ജോലിചെയ്യാന്‍ അനുവദിച്ചാല്‍-വികസിത രാജ്യങ്ങളിലെ രാഷ്ട്രീയാന്തരീക്ഷം വെച്ച് ഇപ്പോള്‍ ചിന്തിക്കാനാവില്ലെങ്കിലും- ആഗോള സമ്പദ് രംഗത്തിന്റെ വലിപ്പം ഇരട്ടിയാക്കാമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ആഗോള ചലനാത്മകതയ്ക്കുള്ള തടസങ്ങള്‍ നീക്കിയാല്‍ ആഗോള മൊത്ത ആഭ്യന്തര ഉത്പാദനം 67 ശതമാനത്തിനും 147-നും ഇടയില്‍ വര്‍ദ്ധിക്കും എന്നാണ് സാമ്പത്തിക വിദഗ്ധന്‍ മൈക്കല്‍ ക്ലെമെന്‍സ് ഒരു ഡസനിലേറെ പഠനങ്ങള്‍ വിലയിരുത്തിക്കൊണ്ട് പറയുന്നത്.

കുടിയേറ്റനിയന്ത്രണത്തില്‍ ചെറിയ ചില ഇളവുകള്‍ വരുത്തിയാല്‍ പോലും വലിയ നേട്ടങ്ങള്‍ ഉണ്ടാകും എന്നു ക്ലെമെന്‍സ് പറയുന്നു. ഇപ്പോള്‍ ദരിദ്ര രാജ്യങ്ങളില്‍ ജീവിക്കുന്ന 5% ആളുകളെ ധനിക രാജ്യങ്ങളില്‍ പണിയെടുക്കാന്‍ അനുവദിച്ചിച്ചാല്‍ ആഗോള സമ്പദ് രംഗത്ത് പതിനായിരക്കണക്കിന് കോടി ഡോളറിന്റെ വര്‍ധനവാണ് ഉണ്ടാവുക. ലോകത്തെ വാണിജ്യ, നിക്ഷേപ തടസങ്ങളെ മുഴുവന്‍ നീക്കാന്‍ ശ്രമിക്കുന്നതിലും എത്രയോ വലിയ സാമ്പത്തിക നേട്ടങ്ങളായിരിക്കും ലഭിക്കുക.എന്നാല്‍ എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഈ വാദങ്ങളോട് യോജിക്കുന്നില്ല. ഹാര്‍വാര്‍ഡ് സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ബോര്‍ജസ് പറയുന്നത് ഈ കുടിയേറ്റം ചില കൂട്ടങ്ങള്‍ക്ക്, ധനികരായ എക്സിക്യൂട്ടീവുകള്‍ക്ക്, നിക്ഷേപകര്‍ക്ക്, വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുമെങ്കിലും നാട്ടുകാരായ തൊഴിലാളികള്‍ക്ക് നഷ്ടമുണ്ടാക്കും എന്നാണ്.

ഇനിയും കുടിയേറ്റം അനുവദിക്കാതിരിക്കാന്‍ സാമ്പത്തികമല്ലാത്ത കാരണങ്ങളും ഉണ്ടെന്ന് മറ്റുള്ളവര്‍ വാദിക്കുന്നു.

നേട്ടങ്ങള്‍ എന്തായിരിക്കും?

രണ്ടുതരത്തിലാണ് വാദങ്ങള്‍.

ഒന്ന്, ഒരേ തൊഴിലാളിക്ക് ചിലയിടങ്ങളില്‍ മറ്റുള്ളിടത്തേക്കാള്‍ കൂടുതല്‍ സാമ്പത്തിക മൂല്യം സൃഷ്ടിക്കാന്‍ കഴിയും. കച്ചവടത്തിന്റെ ഉത്പാദനക്ഷമതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍-പ്രകൃതി വിഭവങ്ങള്‍, അടിസ്ഥാന സൌകര്യം, സാങ്കേതിക വിദ്യ, നിയമം- വ്യത്യസ്തമായിരിക്കും എന്നതിനാലാണ് അത്. ഉദാഹരണത്തിന് കണക്കില്‍ മിടുക്കനായ ഒരു തൊഴിലാളി കമ്പ്യൂട്ടറുകള്‍ ധാരാളമുള്ള ഒരു രാജ്യത്തു കൂടുതല്‍ മികവ് കാണിക്കും. അതുപോലെ സ്വാഭാവിക സംരംഭക ശേഷിയുള്ള ഒരാള്‍ വ്യാപാരം തുടങ്ങാന്‍ എളുപ്പമുള്ള നിയമങ്ങളുള്ള ഒരു സ്ഥലത്തു കൂടുതല്‍ വിജയിക്കും.

ഉത്പാദനക്ഷമതയിലെ വ്യത്യാസങ്ങള്‍ ഒരേതരം ജോലിക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്ക് ലഭിക്കുന്ന വേതനങ്ങളിലെ വ്യത്യാസം കണ്ടാല്‍ മനസിലാക്കാം. ഏതാണ്ട് 2 ദശലക്ഷം തൊഴിലാളികളുടെ കണക്കുകള്‍ പരിശോധിച്ചതില്‍ ഒരു ശരാശരി പേര് പൌരന് യു.എസില്‍ 2.6 മടങ്ങ് കൂടുതല്‍ വേതനം കിട്ടും. ഒരു ഹൈതി പൌരനാണെങ്കില്‍ ഇത് 7 മടങ്ങാണ്.

രണ്ടാമതായി, കുടിയേറ്റക്കാരുടെ തള്ളിച്ച സമ്പദ് രംഗത്തെ വിപുലമാക്കുമെന്നും നാട്ടുകാരായ തൊഴിലാളികളുടെ വേതനം വരെ ഉയര്‍ത്തുമെന്നും പല സാമ്പത്തിക വിദഗ്ദ്ധരും കണക്കാക്കുന്നു.

സാമ്പത്തിക പഠനങ്ങള്‍ വ്യത്യസ്തമായ ഫലങ്ങളാണ് കാണിക്കുന്നത്. നാട്ടുകാരായ അമേരിക്കക്കാരുടെ ജോലി സാധ്യതയില്‍ കുടിയേറ്റക്കാരുടെ സ്വാധീനം നിസംഗമോ, അല്ലെങ്കില്‍ അനുകൂലമോ ആണെന്ന് അവയില്‍ ഭൂരിഭാഗവും കാണിക്കുന്നു.

പഠനം കാണിക്കുന്നത് പുതുതായി വരുന്ന കുടിയേറ്റക്കാര്‍ പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന വിഭാഗം സമാനമായ ഭാഷാശേഷിയുള്ള കുടിയേറ്റക്കാരാണ്. തീരെ താഴെതട്ടില്‍ തൊഴില്‍ എടുക്കുന്ന, ഹൈസ്കൂളില്‍ പഠനം നിര്‍ത്തിയവരെപ്പോലെ, കുറച്ച് അമേരിക്കക്കാരെയും ബാധിക്കാം. പക്ഷേ പൊതുവേ കുടിയേറ്റം നാട്ടുകാരെ ദോഷകരമായി ബാധിക്കില്ല.

അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തിന് വലിയ സാമ്പത്തിക ഭാരം വരുത്തിവെക്കുമെന്ന് ബോര്‍ജാസ് കരുതുന്നു. സ്വീകര്‍ത്താക്കളായ രാജ്യങ്ങള്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനെ ആശ്രയിച്ചിരിക്കും കുടിയേറ്റത്തിന്റെ നേട്ടങ്ങള്‍. കുടിയേറ്റക്കാര്‍ സമ്പദ് വ്യവസ്ഥയുടെ യന്ത്രത്തിലെ കൃത്യം ഭാഗങ്ങള്‍ മാത്രമല്ല. അവര്‍ ശരിക്കുള്ള മനുഷ്യരാണ്. അവരും അവരുടെ പിന്മുറക്കാരും സമൂഹത്തില്‍ എങ്ങനെ ഒത്തുചേരും എന്നതിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ചോദ്യങ്ങള്‍ അവരുടെ സാന്നിധ്യം ഉയര്‍ത്തുന്നു.

സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായ കണക്കെടുപ്പുകള്‍ ഈ സംവാദത്തെ ശരിവെക്കുന്നു. രാജ്യത്തെ 40 പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരില്‍ പകുതിയും പറയുന്നതു താഴ്ന്ന വൈദഗ്ദ്ധ്യമുള്ള കുടിയേറ്റക്കാരെ ഓരോ വര്‍ഷവും നിയമപരമായി വരാന്‍ അനുവദിച്ചാല്‍ യു.എസ് പൌരന്‍മാര്‍ക്ക് വാസ്തവത്തില്‍ ഗുണം ചെയ്യും എന്നാണ്. 28% ഉറപ്പില്ലാത്തവരായിരുന്നു. 9% വിയോജിച്ചു.

സാമ്പത്തിക താത്പര്യങ്ങള്‍ക്കും അപ്പുറം കൂടുതല്‍ കുടിയേറ്റം അനുവദിക്കുന്നതിന് ഒരു ധാര്‍മികവശം കൂടിയുണ്ടെന്ന് ചിലര്‍ പറയുന്നു.

“മറ്റൊരു രാജ്യത്തു ജനിച്ചു എന്നതിനേക്കാള്‍ ഒരു തെറ്റും ചെയ്യാത്ത ജനങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാര്‍ വക വിവേചനമാണ് കുടിയേറ്റ നിയന്ത്രണങ്ങള്‍,” എന്നു കപ്ലാന്‍ പറയുന്നു.

കുടിയേറ്റ നിയന്ത്രണങ്ങള്‍ നീക്കുന്നത് അടിമത്തം നിരോധിച്ചതും സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിച്ചതും പോലെ ആഗോള മനുഷ്യ സ്വാതന്ത്ര്യത്തിന്‍റെ വര്‍ധനവിനാണ് ഇടയാക്കുക എന്നു കപ്ലാന്‍റെ സഹപ്രവര്‍ത്തകന്‍ അലക്സ് ടബാറോക് പറയുന്നു.

“അടച്ചിട്ട അതിര്‍ത്തികള്‍ ലോകത്തിന്റെ ഏറ്റവും വലിയ ധാരമിക പരാജയങ്ങളാണ്,”അദ്ദേഹം എഴുതി.എന്നാല്‍ എല്ലാവരും ഇത്ര തുറന്ന മനസ്ഥിതിക്കാരല്ല.

“പൌരന്മാരുടെ ക്ഷേമം ഉറപ്പിക്കുന്നതിനാണ് അല്ലാതെ ആഗോള നന്മ എന്ന തരത്തിലെ അമൂര്‍ത്തമായ ആശയങ്ങളുടെ പിന്നാലേ പോകലല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്ന പുതിയ സമീപനം വേണമെന്ന്,” മുന്‍ യു എസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ് തന്റെ ‘ഉത്തരവാദിത്തമുള്ള ദേശീയതാവാദം’ എന്ന വിശേഷണത്തോടെ പറയുന്നു.

ആളുകളെ ജനിച്ച നാടുനോക്കി വിവേചനത്തിന് ഇരയാക്കരുത് എന്നു പറയുമ്പോള്‍ അരാജകത്വത്തിന്റെ പര്യായമായി കാണുന്ന ‘തുറന്ന അതിര്‍ത്തി’ എന്ന വാക്ക് ക്ലെമന്‍സ് ഉപയോഗിക്കുന്നില്ല. ലോകത്ത് അത്തരത്തിലൊന്ന് എളുപ്പം നടക്കുകയുമില്ല. പക്ഷേ നിലവിലെ വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളിലെ ബാക്കിപത്രം കൂടി നാം കണക്കിലെടുക്കണം എന്നദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

സ്ത്രീകളുടെ അവകാശവുമായുള്ള ഒരു താരതമ്യം ക്ലെമന്‍സ് നടത്തുന്നു. യു.എസില്‍ 1800-കളുടെ അവസാനം വരെ സ്വത്തുടമസ്ഥതയ്ക്കൊ, പാരമ്പര്യ സ്വത്തിനോ, മിക്ക തൊഴിലുകളും ചെയ്യുന്നതിനോ സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല.ഇരുപതാം നൂറ്റാണ്ടില്‍ ചില പുരുഷ തൊഴിലാളികള്‍ക്ക് സ്ത്രീകള്‍ തൊഴില്‍ രംഗത്ത് പ്രവേശിച്ചതുകൊണ്ട് നഷ്ടമുണ്ടായെങ്കിലും അത് രാജ്യത്തിനും സമ്പദ് രംഗത്തിനും ഗുണം ചെയ്തെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നിട്ടും സ്ത്രീകളുടെ മേലുള്ള നിയന്ത്രണങ്ങള്‍ സഹസ്രാബ്ദത്തോളം നിലനിന്നു.

“വലിയ സാമ്പത്തിക, സാമൂഹിക ചെലവുള്ള സ്ഥാപനങ്ങള്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനുമുള്ള സമൂഹങ്ങളുടെ ശേഷി സംശയത്തിനിട നല്‍കുന്നില്ല,” ക്ലെമന്‍സ് പറഞ്ഞു.


Next Story

Related Stories