TopTop
Begin typing your search above and press return to search.

ഓപ്പറേഷന്‍ രുചി അഥവ സര്‍ക്കാര്‍ വക മറ്റൊരു പറ്റിപ്പ്

ഓപ്പറേഷന്‍ രുചി അഥവ സര്‍ക്കാര്‍ വക മറ്റൊരു പറ്റിപ്പ്

അങ്ങനെ, ഓപ്പറേഷന്‍ 'രുചി'ക്ക് തുടക്കമായി. മായം എന്നു പറയുന്ന സാധനം ഇനി സംസ്ഥാനത്തിന്റെ ഏഴയലത്തുകൂടിപ്പോലും പോവുകയില്ല. മായം ചേര്‍ക്കാത്ത യഥാര്‍ത്ഥ രുചിയാണ് ഈ കൊച്ചുകേരളത്തിലെ ഉപഭോക്താക്കളുടെ നാവിലേക്ക് എത്താന്‍ പോവുന്നത്!

സര്‍ക്കാര്‍ വക പറ്റിപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഓപ്പറേഷന്‍ രുചി. 'സുരക്ഷിതഭക്ഷണം നമ്മുടെ അവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി ആഹാരപദാര്‍ത്ഥങ്ങളിലെയും പാകം ചെയ്യാനുള്ളവയിലെയും ദോഷകരമായ വസ്തുക്കളെയും രാസവസ്തുക്കളെയും നിയന്ത്രിക്കുകയാണ് ഈ 'രുചി ആപ്രേഷന്റെ' ലക്ഷ്യമെന്നാണ് ആരോഗ്യവകുപ്പ് ആണയിടുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷനേതാവിനും കുടപ്പനക്കുന്ന് കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള 'കാര്‍ഷിക കര്‍മ്മസേന' ജൈവകൃഷി ചെയ്ത് വിഷമില്ലാത്ത പച്ചക്കറി വിതരണം ചെയ്യുന്നതുകൊണ്ട് അവര്‍ക്ക് പ്രശ്‌നമില്ല. അതല്ലല്ലോ നാട്ടുകാരുടെ അവസ്ഥ. മായം കലരാത്ത വിഷംപോലും കിട്ടാനില്ലെന്നതാണ് സ്ഥിതി!

അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികളും മീനും ഇറച്ചിയും കോഴിയും ആടുമാടുകളും ഒക്കെ പരിശോധിക്കാന്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിക്കുന്നു. നാടൊട്ടുക്കുള്ള മായം പിടിക്കാനും 'ഓപ്പറേഷന്‍ രുചി' നടത്താനുമൊക്കെയായി മൂന്നോ മൂന്നേമുക്കാലോ ജീവനക്കാരുള്ള ഒരു 'പാവം' സംവിധാനമാണത്. അതിന്റെ കമ്മിഷണറായിരുന്ന, ഇപ്പോഴത്തെ തിരുവനന്തപുരം ജില്ല കളക്ടര്‍ ബിജുപ്രഭാകര്‍ സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തിലെ വന്‍കിട'മായന്‍'മാരെ പിടികൂടാന്‍ നോക്കി. അത് ഒരു പരിധിവരെ വിജയിച്ചു. അതിനിടയില്‍ ഒരു ബേക്കറിയിലും 'ഓപ്പറേഷന്‍ പഴയരുചി' കയറി. അതെ, ആമ്പ്രോസിയ. കമ്മിഷണര്‍ ഉള്‍പ്പെടെ മക്കള്‍ക്ക് കേക്കും ബര്‍ഗറും വാങ്ങുന്ന സ്ഥാപനമാണ്. എന്നുവച്ചാല്‍ ക്യാപിറ്റലിലെ വന്‍കിട തന്നെ. പുറത്ത് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് 'ലോകനിലവാരത്തില്‍' കിട്ടുന്ന ബേക്കറി സാധനങ്ങള്‍ മൂക്കുപൊത്തിക്കുന്ന പരിതസ്ഥിതിയിലാണ് നിര്‍മ്മിക്കുന്നതെന്ന് അവിടെ കയറി പരിശോധന നടത്തിയപ്പോഴാണ് മനസ്സിലായത്. ചെറുപ്പം ഇപ്പോഴും തിളക്കുന്നതു കൊണ്ടാവാം, പിന്നെ തച്ചടി പ്രഭാകരന്‍ എന്ന പഴയ കോണ്‍ഗ്രസ് നേതാവായ പിതാവിന്റെ രക്തത്തിന്റെ അഹങ്കാരവും കൈയിലുണ്ടായതിനാലാവണം ഈ 'വന്‍കിട' അടച്ചിടേണ്ടിവന്നു. മന്ത്രി അടൂര്‍ പ്രകാശിന്റെ അളിയന്റേതാണ് സ്ഥാപനം. പിന്നെ, അധികനാള്‍ ബിജുസാറിന് കമ്മിഷണറായി ഇരിക്കാന്‍ ഭാഗ്യമുണ്ടായില്ല!അതാണ് ഈ ഭക്ഷ്യസുരക്ഷയുടെ ഒരു യോഗം. പണം കൊടുത്ത് ആഹാരം വാങ്ങുന്നവരെ വിഷം തീറ്റിക്കുന്നവര്‍ ചില്ലറക്കാരല്ല. അവര്‍ വന്‍കിടക്കാരാണ്. അതുകൊണ്ട് ഉദ്യോഗസ്ഥര്‍ നോക്കീം കണ്ടുംനിന്നാല്‍ കൊള്ളാം. ഇല്ലെങ്കില്‍ ജനത്തിനെ വിഷം തീറ്റുന്നവര്‍ക്കൊപ്പം ചേരണം. കുശാല്‍! പണവും മറ്റ് സൗകര്യങ്ങളും ആഗ്രഹിച്ചിടത്തേക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കിട്ടാനൊന്നും പ്രയാസമേയില്ല.

എന്തുകൊണ്ട് ഇവിടെ ഭക്ഷ്യസുരക്ഷ വകുപ്പ് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ കുഴഞ്ഞുമറിഞ്ഞ് കിടക്കുന്നു? മന്ത്രിമാര്‍ക്കും മറ്റും പതിവായി കിട്ടുന്ന 'വരുമാനം' ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ല.

കഴിഞ്ഞമാസം മുതല്‍ ചെക്ക്‌പോസ്റ്റുകളിലൂടെ അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികള്‍ പരിശോധന നടത്തുമെന്ന പ്രഖ്യാപനം എന്തുകൊണ്ട് അട്ടിമറിക്കപ്പെട്ടു? വന്‍കിട പച്ചക്കറി കച്ചവടക്കാര്‍ മന്ത്രിമാര്‍ക്ക് നല്‍കേണ്ടതു നല്‍കിയപ്പോള്‍ പരിശോധന നിലച്ചു.

തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം? എന്തിനാണെന്നോ; കേരളത്തിലേക്കുള്ള പച്ചക്കറികള്‍ പരിശോധിക്കുന്നതില്‍. ഇതേ പച്ചക്കറി അവിടത്തെ ഉദ്യോഗസ്ഥരോടോ രാഷ്ട്രീയനേതാക്കളോടോ തിന്നാമോ എന്ന് ചോദിച്ചാല്‍ കളിമാറും. അങ്ങനെ ചോദിക്കാന്‍ ധൈര്യമുള്ള എത്ര നേതാക്കള്‍ കേരളത്തിലുണ്ട്? അവിടെ വിഷമടിക്കുന്നവര്‍ കൊടുക്കുന്ന 'ചാക്കാലപ്പണം' എണ്ണിവാങ്ങാത്ത എത്ര കേരളീയ നേതാക്കള്‍ ഇവിടെ ഉണ്ടെന്ന് മലയാളികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. എന്നിട്ടാണ് ആളെ പറ്റിക്കാന്‍ ഓപ്പറേഷന്‍ രുചി...ഓപ്പറേഷന്‍ കുബേര...എത്രയെത്ര വേഷം കെട്ടലുകള്‍...!

അതിര്‍ത്തിയില്‍ പച്ചക്കറിയില്‍ വിഷമുണ്ടോ എന്നു പരിശോധിക്കാന്‍ ലബോറട്ടറി സ്ഥാപിക്കാന്‍ ഇവിടത്തെ മന്ത്രിമാര്‍ ധൂര്‍ത്തടിച്ചു കളയുന്നതിനെക്കാള്‍ അധികം കോടികളൊന്നും വേണ്ട. ഈ വിഷംതിന്ന് കേരളീയര്‍ കാന്‍സര്‍ ഉള്‍പ്പെടയുള്ള മാരകരോഗങ്ങളുടെ ഇരകളായി മാറുന്നുവെന്ന വസ്തുത തിരിച്ചറിഞ്ഞിട്ടും നടപടികളൊന്നുമെടുക്കാതെ ആര്‍ത്തിപ്പണ്ടങ്ങളായ ഭരണാധികാരികള്‍ കോഴപ്പണത്തിന് കാത്തിരിക്കുകയാണ്. ഇവരെ ശവം തീനികളെന്നു വിളിച്ചാല്‍ കൊല്ലാതെ ശവം തിന്നേണ്ടി വരുന്ന ആ ജീവികള്‍ക്ക് നാണക്കേടാവും!

നല്ല മീന്‍ കിട്ടാനില്ല. വയലുകളില്‍ കൊഞ്ചും ചെമ്മീനും വിളയുന്നു. അത് വലുതാവാന്‍ നല്‍കുന്ന ഭക്ഷണത്തില്‍ ആഴ്‌സനിക് അടങ്ങിയതാണത്രേ. കോഴിയില്‍ ആന്റിബയോട്ടിക്കുകളാണ് ഇന്‍ജക്ഷന്‍ ചെയ്തു കൊണ്ടുവരുന്നത്. മാട്ടിറച്ചിയിലും ആട്ടിറച്ചിയിലും എന്തെല്ലാം മാരക രാസപദാര്‍ത്ഥങ്ങളാണ്...പാലിന്റെ കാര്യം പറയുകയേ വേണ്ട...പഴങ്ങള്‍ കൈകൊണ്ടെടുത്താല്‍ ഡെറ്റോള്‍ കൊണ്ട് കൈകഴുകണം. പഴങ്ങളില്‍ വന്നിരുന്നതു കാരണം ഈച്ചകള്‍ ചത്തുപോവുന്നു. ഇതൊന്നും ഊഹിച്ചു പറയുന്നതല്ല. കേരളത്തിലെ കാര്‍ഷിക സര്‍വ്വകലാശാല ഉള്‍പ്പെടയുള്ളിടങ്ങളിലെ പരിശോധനയില്‍ തെളിഞ്ഞ വസ്തുതകളാണ്.കഴിഞ്ഞ ദിവസവും കാന്‍സര്‍ രോഗ ചികിത്സ വിദഗ്ദന്‍ ഡോ. വി. പി. ഗംഗാധരന്‍ പറഞ്ഞു - പയറിലും കറിവേപ്പിലുമാണ് ഏറ്റവും കൂടുതല്‍ കീടനാശിനി. ഇത് കാര്‍ഷിക സര്‍വകലാശാല പറഞ്ഞശേഷം ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക് പച്ചക്കറി കയറ്റി അയക്കുന്ന കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു നടത്തിയ പരിശോധനയിലും ഇതിനെക്കാള്‍ മാരകമാണ് അവസ്ഥയെന്ന് തെളിഞ്ഞിരുന്നു. എന്നിട്ട് ഇവിടത്തെ മന്ത്രിപുംഗവന്‍മാരും ഉദ്യോഗസ്ഥസിങ്കങ്ങളും എന്തുചെയ്തു? അവര്‍ മേശവിരിപ്പുനീക്കി കാത്തിരുന്നു. കിട്ടേണ്ടതു കിട്ടി. ഇനി 'ഓണപ്പടി'യുടെ കാലമാണ്. അത് കിട്ടാനാണ് 'ഓപ്പറേഷന്‍ രുചി'യുമായി ഇറങ്ങിയിരിക്കുന്നത്. ഈ സര്‍ക്കാരിന് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ആവശ്യത്തിന് ജീവനക്കാരെയും സൗകര്യങ്ങളും നല്‍കണം. അവരാരും പഞ്ചനക്ഷത്ര സംവിധാനങ്ങള്‍ ചോദിക്കുന്നില്ല.ജോലി ചെയ്യാനുള്ള മിനിമം സൗകര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

കേരളീയരെ വിഷം തീറ്റുന്നതില്‍ മുഖ്യഉത്തരവാദി ഇവിടത്തെ ഭരണാധികാരികളാണ്. രോഗികളായി മാറുന്ന കേരളീയര്‍ക്കു വേണ്ടി നാടൊട്ടുക്ക് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാം. അതിന്റെ കെട്ടിടം, ഉപകരണങ്ങള്‍, മരുന്ന്,നിയമനം...കമ്മിഷന്‍, കൈക്കൂലി...നാട്ടുകാര്‍ രോഗികളായാലെന്താ നമ്മുടെ മടിശ്ശീലയില്‍ 'തുട്ട്' വീഴും! ഇതാണ് ഇപ്പോള്‍ നമ്മെ ഭരിക്കുന്നവരുടെ മനോഭാവം.

മന്ത്രിപുംഗവന്‍മാരെല്ലാം വാണരുളുന്ന തലസ്ഥാനത്ത് റെയ്ഡ് നടത്തിയ സിവില്‍ സപ്‌ളൈസ് - പൊലീസ് സംഘം കണ്ടത് എന്തെന്നോ? റേഷന്‍ അരി ഗോഡൗണുകളില്‍ നിന്നേ കടത്തിക്കൊണ്ടുവരുന്നു. വെള്ള അരിയെ മുന്തിയ മട്ട അരിയാക്കി മാറ്റുന്നു. തമിഴ്‌നാട്ടില്‍ സൗജന്യമായും ഇവിടെ രണ്ടുരൂപയ്ക്കും നല്‍കുന്ന അരി കുളിച്ച് കുട്ടപ്പനായി ബ്രാന്റഡ് അരിയുടെ ഉടുപ്പണിഞ്ഞെത്തുമ്പോള്‍ കിലോക്ക് നാല്‍പ്പതു രൂപ കൊടുത്ത് അഭിമാനപൂര്‍വ്വം മലയാളി അത് വാങ്ങി തിന്നാന്‍ കാത്തുനില്‍ക്കുന്നു! റേഷന്‍കടയില്‍ പോകാറില്ലെങ്കിലും റേഷന്‍കാര്‍ഡ് പ്രകാരം കൃത്യമായി റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാത്തവരായി വളരെക്കുറച്ചുപേര്‍ മാത്രമേ രേഖകളില്‍ കാണാനാവൂ. ഇതൊക്കെ സിവില്‍ സപ്‌ളൈസ് - പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാത്തതല്ല. കഴിഞ്ഞ ദിവസം ബാലരാമപുരത്ത് പിടിയിലായത് ഉദ്യോഗസ്ഥരുടെ മിടുക്കുകൊണ്ടല്ല. കുടിപ്പക കാരണം എതിര്‍ സംഘം ഇറങ്ങിത്തിരിച്ചതിനാല്‍ ഈ മായം ചേര്‍ക്കല്‍ പിടിക്കാന്‍ നിര്‍ബന്ധിതരായതാണ്! ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും കൃത്യമായി 'വിഹിതം' കിട്ടുന്നതിനാല്‍ എല്ലാവരും ഹാപ്പി! മരുന്നു വാങ്ങാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ അതിനും മായം കലര്‍ന്ന മരുന്ന് വാങ്ങിത്തിന്നാന്‍ കാത്തിരിക്കുമ്പോള്‍ പറയാം - ഓപ്പറേഷന്‍ രുചി! ഇപ്പോഴത്തെ മായം അഥവാ 'ആഹാരം' കഴിച്ചു കഴിച്ചു 'രുചി' മറന്നുപോയവരെ ഓര്‍മ്മിക്കാന്‍ കൂടി ഈ 'അരുചി' സഹായകമായെങ്കില്‍ നന്നായിരുന്നു!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories