Top

ശൌര്യം ചോര്‍ന്ന പടനായകന്റെ പലായനം; എന്താണ് രാഹുലിന്റെ ലക്ഷ്യം?

ശൌര്യം ചോര്‍ന്ന പടനായകന്റെ പലായനം; എന്താണ് രാഹുലിന്റെ ലക്ഷ്യം?
ലോക്സഭ തിരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ആദ്യമൊക്കെ രാഹുലിനെ അനുനയിപ്പിക്കാൻ ശ്രമിച്ച സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇപ്പോൾ രാഹുലിന്റെ തീരുമാനത്തെ പിന്തുണക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. അതിനിടെ രാഹുലിന്റെ പിൻഗാമിയായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ കൊണ്ടുവരാൻ ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കത്തിനും രാഹുൽ ഗാന്ധി തടയിട്ടതായും വാർത്തകളുണ്ട്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ള ഒരാൾ പാർട്ടിയെ നയിക്കട്ടെ എന്ന നിർദ്ദേശമാണ് രാഹുൽ മുന്നോട്ടുവെക്കുന്നതെന്നും വാർത്തകൾ പറയുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രാഹുൽ ഗാന്ധി രാജി സന്നദ്ധത പ്രകടിപ്പിച്ചതിനു തൊട്ടു പിന്നാലെ പഞ്ചാബ്, ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്മാർ രാജിവെച്ചതും കോൺഗ്രസ് പാർട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ വ്യാപ്തി എത്രകണ്ട് വലുതാണെന്ന് വ്യക്തമാക്കുന്നു. തിരെഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ യു പി, ഒഡീഷ , മധ്യപ്രദേശ് എന്നിവിടങ്ങളിലെ പി സി സി അധ്യക്ഷന്മാർ രാജിവെച്ചിരുന്നു.

കനത്ത തിരെഞ്ഞെടുപ്പ് പരാജയം എന്നതിലേറെ രാഹുലിനെ ഏറെ അസ്വസ്ഥനാക്കുന്നത് ലോക്സഭയിൽ തനിക്കു തുണയായി വർത്തിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, സുഷ്മിത ദേബ്, മല്ലികാർജുന ഖാർഗെ, വീരപ്പ മൊയ്‌ലി എന്നിവരുടെ പരാജയം കൂടിയാണ്. ഇതിൽ മല്ലികാർജുന ഖാർഗെ ലോക്സഭയിൽ കക്ഷി നേതാവും വീരപ്പ മൊയ്‌ലി ഏറെ അനുഭവ സമ്പത്തുള്ള ലോക്സഭാംഗവുമായിരുന്നു. ഏതാണ്ട് ഒറ്റയ്ക്ക് തന്നെ പട നയിച്ച് പരാജയപ്പെട്ട നേതാവ് എന്നതിലുപരിയായി ഈ നേതാക്കളുടെ അഭാവം കൂടിയാവുമ്പോൾ പടുകൂറ്റൻ ഭൂരിപക്ഷവുമായി രണ്ടാമൂഴം ആഘോഷമാക്കാൻ എത്തുന്ന നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനും മുന്നിൽ ലോക്സഭയിൽ പിടിച്ചു നിൽക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് രാഹുലിന് നന്നായി അറിയാം. ഈ തിരിച്ചറിവ് നൽകുന്ന നിരാശയും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി നീക്കത്തിന് പിന്നിൽ പ്രതിഫലിക്കുന്നുണ്ടെന്നു തന്നെവേണം കരുതാൻ.

മോദി സർക്കാരിനെതിരെയുണ്ടായിരുന്ന ജനവികാരം കോൺഗ്രസ് അനുകൂല വോട്ടാക്കി മാറ്റുന്നതിൽ അമ്പേ പരാജയപ്പെട്ടു എന്നതാണ് രാഹുലിന് ഈ തിരെഞ്ഞെടുപ്പിൽ ചുവടു പിഴയ്ക്കാനുള്ള പ്രധാന കാരണം. കോൺഗ്രസിന്റെ പ്രചാരണം പ്രധാനമായും 'കാവൽക്കാരൻ കള്ളൻ' എന്നതിലേക്ക് ഒതുങ്ങിയപ്പോൾ അമർത്യാസെന്നും മറ്റും ചൂണ്ടിക്കാണിക്കുന്നതുപോലെ മോദി സ്വയം സൃഷ്ട്ടിച്ചെടുത്ത ദേശസ്നേഹത്തിന്റെയും തീവ്ര ഹിന്ദു വികാരത്തിന്റെയും ചിറകിലേറി വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. സത്യത്തിൽ മോദിയും അമിത്ഷായും ചേർന്നൊരുക്കിയ കെണികളിൽ വീണുപോയതാണ് രാഹുലിനും കോൺഗ്രസിനും പറ്റിയ അബദ്ധം. തിരെഞ്ഞെടുപ്പ് പ്രാചാരണത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ പോലും ഈ അബദ്ധം തിരിച്ചറിയാൻ കഴിഞ്ഞതുമില്ല. എന്നാലിപ്പോൾ അത് തിരിച്ചറിയുമ്പോൾ എല്ലാം ശൗര്യവും ചോർന്നുപോയ ഒരു പടനായകനെപ്പോലെ പലായനം ചെയ്യാനാണ് രാഹുൽ ശ്രമിക്കുന്നത്.

എന്നാൽ ഇത്തരത്തിൽ ഒരു പലായനം കൊണ്ട് എന്താണ് രാഹുൽ ഉദ്ദേശിക്കുന്നതെന്നത് ഒട്ടും വ്യക്തമല്ല. പാർട്ടിയുടെ കടിഞ്ഞാൺ മറ്റൊരാളെ ഏൽപ്പിച്ചതുകൊണ്ടു മാത്രം തകർന്നടിഞ്ഞ കോൺഗ്രസിനെ ഊർജസ്വലമാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. തലമുതിർന്ന നേതാക്കൾ ഒരുപാടുണ്ട് കോൺഗ്രസിൽ. പക്ഷെ പാർട്ടിയെ മുന്നിൽ നിന്നും നയിക്കാൻ പോന്ന കെൽപ്പുള്ള ഏതെങ്കിലും ഒരാളെ ഇക്കൂട്ടത്തിൽ നിന്നും കണ്ടെത്തുക അത്ര എളുപ്പമല്ല. ഇനി ഒരാളെ കണ്ടെത്തിയാൽ തന്നെ അയാൾക്ക് പാർട്ടിയിൽ നിന്നും സമ്പൂർണ പിന്തുണ ലഭിക്കുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല താനും. തൊഴുത്തിൽ കുത്തും പാരവെപ്പും മാത്രമല്ലല്ലോ കോൺഗ്രസ് നേതാക്കളുടെ കൈയ്യിലിരുപ്പ്. സ്ഥാനമോഹവും ഒപ്പം തന്നെയുണ്ടല്ലോ. അങ്ങനെ വരുമ്പോൾ രാഹുൽ ഇപ്പോൾ അധ്യക്ഷ സ്ഥാനം ഒഴിയുന്നത് ഒരു പക്ഷെ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കാൻ മാത്രമേ സഹായിക്കൂ. പരാജയം കണ്ടു ഒളിച്ചോടുകയല്ല പരാജയ കാരണങ്ങൾ നന്നായി വിശകലനം ചെയ്തു അടുത്ത യുദ്ധം ജയിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിക്കുക എന്നതാണ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മുൻപിലുള്ള ഏറ്റവും നല്ല മാർഗമെന്ന് തോന്നുന്നു.

Read More: ഒരു മനുഷ്യനാണെന്ന പരിഗണന കിട്ടാന്‍ നാല്‍പത് കൊല്ലം പണിയെടുക്കേണ്ടി വന്നു, എന്നിട്ട് അവരൊക്കെയാണ് എന്നെ ചീത്ത വിളിക്കുന്നത്- സണ്ണി എം. കപിക്കാട് സംസാരിക്കുന്നു- ഭാഗം 2

Next Story

Related Stories