TopTop
Begin typing your search above and press return to search.

67 കോടിയുടെ അഗ്രീൻകോ അഴിമതിയാരോപണത്തില്‍ അന്വേഷണം; എം കെ രാഘവന് ഊരാകുടുക്കാകുമോ?

67 കോടിയുടെ അഗ്രീൻകോ അഴിമതിയാരോപണത്തില്‍ അന്വേഷണം; എം കെ രാഘവന് ഊരാകുടുക്കാകുമോ?
അനിശ്ചിതത്വങ്ങൾക്കൊടുവിൽ വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി എത്തിയതോടെ യു ഡി എഫ് ക്യാംപിൽ വാനോളം ഉയർന്ന ആവേശം പതുക്കെ പതുക്കെ ചോർന്നു തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചതിനു തൊട്ടുപിന്നാലെ കോഴിക്കോടെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവൻ ടി വി 9 ഭാരത് വർഷയുടെ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ സംഭവം യു ഡി എഫ് ക്യാമ്പിനെ വല്ലാത്തൊരു വെട്ടിലാണ് അകപ്പെടുത്തിയിരിക്കുന്നത്‌. കേരളത്തിലെ ഇരുപതിൽ ഇരുപതു സീറ്റും തൂത്തുവാരും എന്ന പ്രഖ്യാപനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ മുന്നോട്ടു പോകുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായ ഈ തിരിച്ചടി. ടി വി 9- ന്റെ സ്റ്റിങ് ഓപ്പറേഷൻ രാഘവന്റെ സ്ഥാനാര്‍ഥിത്വത്തിനു പാരയായേക്കാം എന്നത് മാത്രമല്ല കണക്കിൽ പെടാത്ത പണത്തിന്റെ വിനിയോഗം സംബന്ധിച്ച രാഘവന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് ഹൈക്കമാന്‍ഡിനെക്കൂടി പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു എന്നതാണ് നേതൃത്വത്തെ കൂടുതൽ അങ്കലാപ്പിലാക്കിയിരിക്കുന്നത്.

കോഴിക്കോട് ഹോട്ടൽ സമുച്ചയം നിർമിക്കുന്നതിന് എം പി എന്ന നിലയിൽ പ്രാദേശിക പിന്തുണ ആവശ്യപ്പെട്ട സംഘത്തിനോട് തിരെഞ്ഞെടുപ്പ് ചിലവുകൾ വിവരിക്കുന്നതിനിടയിൽ രണ്ടു കോടി രൂപ മുതൽ അഞ്ചു കോടി രൂപവരെ ഹൈക്കമാന്‍ഡിൽ നിന്നും ലഭിച്ചേക്കാമെന്നും കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ രണ്ടു കോടി രൂപയാണ് ലഭിച്ചതെന്നുമാണ് രാഘവന്റെ വെളിപ്പെടുത്തൽ. എന്നാൽ പ്രവർത്തകർക്ക് മദ്യം വിതരണം ചെയ്യുന്നതിനടക്കം ഇരുപതു കോടി രൂപയെങ്കിലും ചെലവാകുമെന്നും രാഘവൻ പറയുന്നുണ്ട്. തിരെഞ്ഞെടുപ്പ് കമ്മീഷന്റെ പരമാവധി ചിലവാക്കാന്‍ കഴിയുന്ന പണത്തിന്റെ പരിധിയെക്കാള്‍ എത്രയോ ഇരട്ടിയാണ് ഈ തുക എന്നത് മാത്രമല്ല ഹൈക്കമാൻഡ് നൽകുന്നുവെന്ന് പറയുന്ന കോടികൾ കള്ളപ്പണമാണെന്നുകൂടി വരുന്നിടത്താണ് രാഘവന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ കൂടി വെട്ടിലാക്കുന്നത്. രാഘവൻ മാത്രമല്ല എല്ലാ പാർട്ടികളിലും പെട്ട സ്ഥാനാർത്ഥികൾ കമ്മീഷൻ നിഷ്കർഷിക്കുന്നതിനേക്കാൾ കൂടുതൽ പണം ചെലവഴിക്കാറുണ്ടെന്നത് ഒരു യാഥാർഥ്യമായി നിലനിൽക്കുമ്പോഴും ഈ വെളിപ്പെടുത്തലിനു ഒരു കുറ്റസമ്മതത്തിന്റെ സ്വഭാവമുണ്ട്.

തനിക്കെതിരെ ഉയർന്നിരിക്കുന്നത് വ്യാജ പ്രചാരണമാണെന്നും സി പി എം ആണ് ഇതിനു പിന്നിലെന്നുമാണ് രാഘവന്റെ വാദം. എന്നാൽ ഈ വാദം തെളിയിക്കാൻ പോന്ന ഒന്നും തന്നെ രാഘവന് മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ല. കോഴ- കള്ളപ്പണ ആരോപണങ്ങൾക്കു പിന്നാലെ രാഘവൻ ചെയർമാൻ ആയി രൂപീകരിക്കപ്പെട്ട കേരള സ്റ്റേറ്റ് അഗ്രോ കോ- ഓപ്പറേറ്റീവ് ലിമിറ്റഡ് (അഗ്രീൻകോ)എന്ന സ്ഥാപനം 67 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണത്തിനും മൂർച്ച കൈവന്നിരിക്കുന്നു. ഇത് സംബന്ധിച്ച് സഹകരണ വിജിലൻസ് ഡി വൈ എസ് പി മാത്യു കള്ളിക്കാടൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡി വൈ എസ് പി വേണുഗോപാൽ അന്വേഷണം ആരംഭിച്ചു എന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്. ചുരുക്കത്തിൽ രാഘവനെ സംബന്ധിച്ചിടത്തോളം കുരുക്ക്‌ കൂടുതൽ മുറുകുകയാണ്.

രാഘവൻ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുന്നതിനിടയിൽ ബി ജെ പി ഒരു നിർണായക ഘടകമല്ലാത്ത കേരളത്തിൽ അതും ബി ജെ പി നേരിട്ട് മത്സരിക്കാത്ത വയനാട്ടിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ തന്നെ വന്നു നിന്ന് മത്സരിക്കുന്നതിന്റെ ഔചിത്യവും കൂടുതൽ കൂടുതൽ ചർച്ചാ വിഷയം ആവുകയാണ്. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്ന രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യമാണ് ഇടതു നേതാക്കൾ ഉന്നയിച്ചതെങ്കിൽ അമേഠിയിൽ പരാജയം മണത്ത രാഹുൽ വയനാട്ടിൽ മുസ്ലിം ലീഗിന്റെ തണലിൽ നിന്നും ജയിക്കാനൊരുങ്ങുന്നു എന്ന ആക്ഷേപമാണ് ബി ജെ പി ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചതിനേക്കാൾ ഒരു പടി കൂടി കടന്ന് യോഗി ആദിത്യ നാഥ് മുസ്ലിം ലീഗിനെ വൈറസ്സിനോട് ഉപമിക്കുക വഴി ദേശീയ രാഷ്ട്രീയത്തിൽ സംഘപരിവാർ എന്താണ് ലക്‌ഷ്യം വെക്കുന്നതെന്ന് വ്യക്തമാണ്. യോഗിയുടെയും മോദിയുടേയുമൊക്കെ മുസ്ലിം ന്യൂനപക്ഷ പരാമർശങ്ങൾ ഒരു പക്ഷെ രാഹുലിന് വയനാട്ടിൽ വലിയ ഗുണം ചെയ്തേക്കാം. പക്ഷെ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ മറ്റു മണ്ഡലങ്ങളിൽ എന്ത് ചലനമാണ് സൃഷ്ടിക്കാൻ പോകുന്നതെന്നത് ഇപ്പോൾ പറയാനാവില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്; രാഹുൽ ഗാന്ധിയുടെ വയനാടൻ സ്ഥാനാർതിത്വം കോൺഗ്രസ്സും യു ഡി എഫും പ്രതീക്ഷിച്ച തരത്തിലുള്ള ഒരു തരംഗം കേരളമൊട്ടാകെ ഉണ്ടാക്കാനുള്ള സാധ്യത കുറവാണ്.


Next Story

Related Stories