TopTop

മണ്ട-ഇല്ലാ-ഗുണ്ടുബ്ദീനും മണ്ട-ഉള്ളാ-ഗുണ്ടുബ്ദീനും; രാജ്യ ഭരണത്തെ കുറിച്ച് ഒരു സ്റ്റഡി ക്ലാസ്

മണ്ട-ഇല്ലാ-ഗുണ്ടുബ്ദീനും മണ്ട-ഉള്ളാ-ഗുണ്ടുബ്ദീനും; രാജ്യ ഭരണത്തെ കുറിച്ച് ഒരു സ്റ്റഡി ക്ലാസ്
ഹ്യൂ എവറട്ടിന്റെ ക്വണ്ടം മൾട്ടിവേഴ്സ് ശരിക്കും ഉണ്ടോ?

എന്നാൽ കേട്ടോ - ഉണ്ടു.

നല്ല സാമ്പാറും പപ്പടവും കൂട്ടി ഉണ്ടു. സംഭവം ഉള്ളതാണ്.

നമ്മുടെ ലോകത്തിനു തിരശ്ചീനമായി ഉള്ള ഏതോ ഒരു ലോകത്തിൽ 'കരാള' എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. സമയം 2019. ഈ കരാള സ്ഥലത്തിന്റെ രാജാവ് സന്യസിക്കാൻ സഹ്യന്റെ വയറ്റിലോട്ട് പോകുന്നതിനു മുൻപ്, സ്ഥലം രണ്ടായി പകുത്ത്, തന്റെ രണ്ടു മക്കൾക്കുമായി കൊടുത്തു.

ഒരാൾ- മണ്ട-ഇല്ലാ-ഗുണ്ടുബ്ദീൻ. അയാൾക്ക് കിട്ടിയത് 'പോക്ക് കരാള'.

മറ്റേ ആൾ - മണ്ട-ഉള്ളാ-ഗുണ്ടുബ്ദീൻ. അയാൾക്ക് കിട്ടിയ രാജ്യഭാഗം - 'ചെത്ത് കരാള'.

തുടക്കത്തിൽ ഇതൊന്നും വെളിപ്പെട്ടില്ല കേട്ടോ. രണ്ടു സ്ഥലവും തുല്യം. രണ്ടാളും ഇരട്ടകൾ. ബുദ്ധി ഒക്കെ ഒരു പോലെ തന്നെ. പക്ഷെ വ്യത്യാസം - കിഴവൻ മന്ത്രി!

യാതൊരു ബഹുമാനവും കാണിക്കാത്ത, മഹാ ഉപദേശി ആയ ഒരു പരട്ടു കിഴവൻ ആയ മന്ത്രിയെ ആർക്കു വേണം? ഇവിടാണ് മണ്ട -ഉള്ളാ -ഗുണ്ടുബ്ദീൻ വിജയിച്ചത്. ഉപദേശം ആവശ്യം ആണ് എന്ന് തിരിച്ചറിഞ്ഞ അയാൾ പരട്ട കിഴവൻ മന്ത്രിയെ കൂടെ കൂട്ടി.

മണ്ട-ഇല്ലാ-ഗുണ്ട അതിവേഗം നിയമങ്ങൾ അതികർശനം ആക്കി. ഒരു കച്ചവട, സംരംഭക വിരുദ്ധൻ ആയിരുന്നു അദ്ദേഹം. എല്ലാരും വെറും ലാഭത്തിനു വേണ്ടി വർത്തിക്കുന്ന സ്വാർത്ഥന്മാർ ആണ്! രാജ്യ താല്പര്യം ആർക്കും ഇല്ല.

ഒരു കട തുടങ്ങണമെങ്കിൽ ഇപ്പോൾ ഉള്ള ഇരുപത്തഞ്ച് പെർമിറ്റുകൾ പുള്ളി മുന്നൂറ്റി മുപ്പത്തഞ്ച് ആക്കി ഉയർത്തി. കടയിൽ വേണ്ട മേശ, അലമാര ഇവയുടെ ഒക്കെ അളവടക്കം സെന്റീമീറ്റർ കണക്കിന് നിജപ്പെടുത്തി. മില്ലീ മീറ്റർ തെറ്റിച്ചവർക്കൊക്കെ അനുമതി നിഷേധിച്ചു. അങ്ങനെ എല്ലാ മേഖലകളിലും ഇത്തരം മനോഹരമായ ആചാരങ്ങൾ കൊണ്ടുവന്നു.

ആദ്യമൊക്ക ഉദ്യോഗസ്ഥർക്ക് ഭയങ്കര സന്തോഷം വന്നു. പലരും കോടീശ്വരന്മാരായി. കുറെ സത്യസന്ധരായ സംരംഭകർ കുത്തുപാള എടുത്തെങ്കിലും, പൊട്ടിമുളച്ച ഇടനിലക്കാർ ദമ്പടി മുറ പോലെ എത്തിക്കുകയും പോക്ക് കരാളയുടെ എകണോമി വലിയ പ്രശ്നം ഇല്ലാതെ ഓടുകയും ചെയ്തു.

അപ്പൊ ഇല്ലാ-ഗുണ്ട അഴിമതിക്കെതിരെ കർശന നിയമങ്ങൾ കൊണ്ട് വന്നു. കുറെ ഏറെ പേര് ആത്മഹത്യ ചെയ്തു. ബാങ്കുകൾ വളരെ അധികം വീടുകൾ ജപ്തി ചെയ്തു. ആകെ ജഗ പൊഗ - ഉഷാർ ഉഷാർ! ജോലികൾ ഇല്ലാതായി. അങ്ങനെ നാട്ടുകാർ പട്ടിണിയും പരിവട്ടവും ആയി. സ്വതേ പണിയില്ലാത്ത കുറെ കൊട്ടാരം നിവാസികൾ മാത്രം കൈ കൊട്ടി ചിരിച്ചോണ്ടിരുന്നു.

പെട്ടന്ന് തന്നെ, ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും, എന്തും ചെയ്യാൻ മടിക്കാത്ത ചില ഗുണ്ടകളും കുത്തക മുതലാളിമാർ ആയി. നിയമങ്ങൾ ഒക്കെ കാറ്റിൽ പട്ടം പോലെ പറത്തി. ഉദ്യോസ്ഥർ കൂട്ട് നിന്നു. രാജാവിനെ വരെ വെല്ലുവിളിക്കുന്ന ഒരു സ്ഥിതി വന്നു.

ങാഹാ - അത്രക്കായോ. ഇല്ലാ-ഗുണ്ടുബ്ദീൻ എല്ലാരേയും അടിച്ചമർത്തി. വേറെ ഉദ്യോഗസ്ഥരെ വച്ചു. എല്ലാ ബിസിനസ്സുകളും, ഫാക്ടറികളും, സ്കൂളുകളും, കോളേജുകളും, ആസ്പത്രികളും, ഹോട്ടലുകളും, എന്തിന്, തട്ടുകടകളും, ആക്രി വില്പന സ്ഥാപനങ്ങളും, ബാർബർ ഷാപ്പുകളും സർക്കാർ ഏറ്റെടുത്തു. ഒക്കെ നോം തന്നെ നടത്തും. അല്ല പിന്നെ!

പുന്നക്ക വികസന കോർപറേഷൻ, ചാമ്പക്ക സംഭരണ കോർപറേഷൻ ഒക്കെ പണ്ടേ ഉണ്ടായിരുന്നു. രാജ്യത്തെ സകലമാന പരിപാടികളും, അത് പോലൊക്കെ ആയി.

എന്ന് വച്ചാൽ? ഭീകര നഷ്ടം!

അപ്പോഴേക്കും കൊഴപ്പായി. പൈസാ എവിടുന്ന്? ജനങ്ങൾ ഒക്കെ പട്ടിണി അല്ലെ? ആര് ടാക്സ് കൊടുക്കാൻ? പിന്നേം ജനങ്ങളെ പിഴിയാൻ നോക്കിയപ്പോ, കൈയിൽ കിട്ടിയ സാധനങ്ങളുമായി അവർ കൊട്ടാരത്തിലേക്ക് മാർച്ച് ചെയ്തു. ജനങ്ങൾ ഭരണം പിടിച്ചെടുത്തു.

നിങ്ങൾ വിഷമിക്കണ്ട. മണ്ട-ഇല്ലാ-ഗുണ്ടുബ്ദീനെ ജനങ്ങൾ കാരാഗൃഹത്തിൽ അടച്ച് കഷ്ടപ്പെടുത്തിയൊന്നും ഇല്ല. ശടെ എന്ന് കൊന്നുകളഞ്ഞു. വിപ്ലവങ്ങൾ കഴിഞ്ഞാൽ അതാണത്രേ ആചാരം. ഓരോരോ ആചാരങ്ങളെ.

അപ്രത്ത്, മണ്ട-ഉള്ളാ-ഗുണ്ടുബ്ദീനും ഇതൊക്കെ തന്നെ തോന്നി. കിഴവൻ മന്ത്രിയെ വിളിച്ചു:

"എല്ലാ നിയമങ്ങളും പൊളിച്ചെഴുതണം. എല്ലാ മൊയ്ലാളിമാരെയും ഒതുക്കണം"

മന്ത്രി ഒന്ന് ആലോചിച്ചു , എന്നിട്ട് പറഞ്ഞു - "രാജാവേ നമുക്ക് ഒന്ന് കൊട്ടാരത്തിനു പുറത്ത് നടന്നിട്ട് വരാം."

"എന്തിന് !? മട്ടുപ്പാവിൽ ഉലാത്തിയാ പോരെ?" ഉള്ളാ-ഗുണ്ട ചോദിച്ചു.

"അങ്ങനെ ഉലത്തിയാ പോരാ. ഇങ്ങനെ ഒലത്തീട്ടാണ് തിരുമനസ്സിന്റെ സഹോദരന്റെ കാറ്റ് പോയത്."

ദേഷ്യം കടിച്ചമർത്തി രാജാവ്, കൂടെ ചെന്നു. അവർ ഒരുമിച്ച് ടൗണിലൂടെ ഇങ്ങനെ നടന്നു. വേഷ പ്രശ്നക്കാരായി - ഛേ - പ്രഹസനരായി - ഹോ.

പ്രജ്ജന്നരായി എന്നാണെന്ന് തോന്നുന്നു - ആണ് ഉലത്തിയത്. സോറി; ഉലാത്തിയത്.

പി കെ (പരട്ട കിഴവൻ) മന്ത്രി അൻപത് പൈസക്ക് മിന്റോ ഫ്രഷ് വാങ്ങി, നാക്ക് മിനുക്കി, തള്ളു തുടങ്ങി:

മണ്ട ശിരോമണി രാജാവേ,

കാലാ കാലങ്ങളിലായി മനുഷ്യർ ചെറുകൂട്ടങ്ങളായി തീറ്റ പെറുക്കിയും വേട്ടയാടിയും ജീവിച്ചു. പതിയെ കൃഷി ചെയ്ത് ഒരു സ്ഥലത്തായി പാർപ്പ്. നഗരങ്ങൾ കൂണുകൾ പോലെ മുളച്ചു വന്നു.

നഗരങ്ങളിൽ ആളുകൾ പല പല വേലകൾ ചെയ്യാൻ സ്പെഷ്യലൈസ് ചെയ്തു. ചിലർ ആശാരി ആണെങ്കിൽ ചിലർ കൃഷിക്കാരൻ. ചിലർ അമ്പട്ടൻ ആണെങ്കിൽ ഒരുത്തൻ അപ്പോത്തിക്കിരി. അമ്പുണ്ടാക്കുന്നവൻ അത് വേട്ടക്കാരന് കൊടുക്കുമ്പോ, അവൻ ഇറച്ചി തിരിച്ചു കൊടുക്കും. കച്ചവടം.

അടിസ്ഥാന പരമായി ഇതൊക്കെ തന്നെ ഇപ്പോഴും നടക്കുന്നു. കച്ചവട സ്ഥാപനങ്ങൾ, ഫാക്ടറികൾ അങ്ങനെ ഒക്കെ.

പ്രശ്നങ്ങൾ ഉണ്ട്വര്‍ക്കും ശത്രുക്കൾ ഉണ്ടല്ലോ. പിന്നെ കരാറുകൾ ഒക്കെ പാലിച്ചില്ലേൽ ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ?

അങ്ങനെ കുറെ പേര് ഗുണ്ടകൾ ആയി സംരക്ഷണ ചുമതല ഏറ്റെടുത്തു. അങ്ങയുടെ ഗുണ്ടുബ്ദീൻ എന്ന പേര് തന്നെ അതിനെ ആണ് കാണിക്കുന്നത്. അത്രേ ഉള്ളു.

ഈ സർക്കാർ എന്ന് പറയുന്ന സാധനത്തിനു ചില പണികൾ ഒക്കെ ഉണ്ട് എന്ന് തന്നെ വച്ചോളു:

- റോഡുകളും പാലങ്ങളും വിമാന, റെയിൽ ഒക്കെ പണിത് ആളുകളുടെ സാമാനങ്ങൾ ഉണ്ടാക്കൽ, പിന്നെ അതിന്റെ ക്രയ വിക്രയ കാര്യങ്ങൾ ഒക്കെ സുഗമം ആക്കണം.

- അടിസ്ഥാന ആരോഗ്യ പരിപാലനം, പൊതു ആരോഗ്യം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ എല്ലാവര്‍ക്കും കൊടുക്കാൻ നോക്കണം

- ഒരു മാതിരി വിഭവങ്ങൾ എല്ലാവര്‍ക്കും ആവശ്യത്തിന് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കണം. ചില ആളുകൾ കുത്തക ഉണ്ടാക്കി മറ്റുള്ളവരെ ചൂഷണം ചെയ്യുന്നത് തടയണം.

- എല്ലാവര്‍ക്കും അവകാശപ്പെട്ട വെള്ളം, വായു, പൊതു സ്ഥലങ്ങൾ, പ്രകൃതി എന്നിവയുടെ അമിത ചൂഷണം, മലിനീകരണം എന്നിവ തടയണം.

ഇതിനൊക്കെ കാശ് വേണം. വേണ്ടേ? സർക്കാരിന് എവിടുന്നാ കാശ്? ഈ ഉദ്യോഗസ്ഥർ ഒക്കെ ഞെളിഞ്ഞു ഇരിക്കുന്നത് എന്തിന്റെ ബലത്തിൽ ആണ്?

ബാക്കി ഉള്ള നാട്ടുകാർ അവനവന്റെ ജീവ സന്ധാരണത്തിന് പല പല തൊഴിലുകൾ ചെയ്ത് ഉണ്ടാക്കുന്ന കാശിന്റെ ഒരു പങ്ക് നമുക്ക് തരുന്നു. ഒരു തരം ഗുണ്ടാ പിരിവ് ആണ് നമ്മൾ ചെയ്യുന്നത്.

രാജൻ ദേ ഈ കെട്ടിടത്തിൽ ഉള്ള സോഫ്ട്വെയർ കമ്പനി നോക്ക്. സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ചു വന്ന ഒരു കമ്പ്യൂട്ടർ ചെറുക്കൻ ഉണ്ടാക്കി കൊണ്ട് വന്നതാണ്. മുപ്പത്തെട്ട് വയസ്സ് ഉള്ള അവൻ ഇരുപത്തഞ്ച് പേർക്ക് ജോലി കൊടുക്കുന്നു. അപ്പൊ അത്രേം നമ്മുടെ പ്രജകൾ ഉണ്ട്, ഉടുത്ത് കിടക്കുന്നത് കൊണ്ട് അങ്ങേക്ക് പുളിക്ക്യോ? ഇല്ലല്ലോ. നല്ല കാലത്തു ഭീകര റിസ്ക് എടുത്ത്, രാവും പകലും ജോലി ചെയ്താണ് ഇത് ഉണ്ടാക്കിയത്. ഇപ്പൊ വര്‍ഷം ലാഭം അൻപത് ലക്ഷം രൂപ!

"ങേ അത്രയോ. അവനെന്തിനാ അത്രേം കാശ്?"

അതെനിക്ക് അറിഞ്ഞൂടാ. പക്ഷെ ജി സ് ടി, കീ സ് ടി, ഇൻകം ടാക്സ്, രെജിസ്ട്രേഷൻ പുതുക്കൽ, കണ കുണ എന്നൊക്കെ പറഞ്ഞു, നമ്മൾ ഖജനാവിലേക്ക് ഇരുപത് ഇരുപത്തഞ്ച് ലക്ഷം എങ്കിലും അടിച്ചു മാറ്റുന്നുണ്ട്, രാജൻ. എന്തെ വേണ്ടേ?

ഇത് കൂടാതെ, ഇവനും ഇവരുടെ ജോലിക്കാരും ഒക്കെ ഉപ്പ്, കർപ്പൂരം, പെട്രോള്, മണ്ണെണ്ണ, അരി, എന്ന് വേണ്ട, ഒരു ജെട്ടി വാങ്ങുമ്പോ വരെ സെയിൽസ് ടാക്സ് എന്ന് പറഞ്ഞു നല്ലൊരു പങ്ക് നമ്മൾ അടിച്ചെടുക്കും. ഹ ഹ ഹ ഹ ഹ.

പരട്ട കിഴവൻ ചിരിച്ചു ചിരിച്ചു അവസാനം ചുമച്ചു തുടങ്ങി.

ഈ താപ്പിന് രാജാവ് ചോദിച്ചു:

"എഡോ മന്ത്രി. എന്നാൽ ഈ കമ്പനി ഇരിക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ ഉടമ വെറും പാഴല്ലേ? അയാൾ വെറുതെ വാടക വാങ്ങി സുഖിച്ച് ഇരിക്കയല്ലേ?"

ചുമ നിന്നപ്പോൾ കിഴവൻ തുടർന്നു:

ആ കെട്ടിടം ഒരു വിധവ അവരുടെ മുത്തച്ഛൻ കൊടുത്ത സ്ഥലത്ത് ബാങ്ക് വായ്പ എടുത്ത് പണിതത് ആണ് പ്രഭോ. മാസം ഒന്നര ലക്ഷം അടച്ച്, മൂന്നാല് വാടകക്കാർ തരുന്നതും ചേർത്ത് ബാക്കി വരുമാനം അൻപതിനായിരം പ്രതിമാസമേ ഉള്ളു. അത്രേം ഉണ്ടല്ലോ - നമുക്ക് അത് കൊണ്ടെന്ത് ഗുണം എന്നല്ലേ?

പത്തു നാലായിരം സ്കയർ അടി ഉള്ള ഈ കെട്ടിടത്തിന്, ആദ്യം തുടങ്ങാനായി നമ്മടെ കോർപറേഷൻ രണ്ടര ലക്ഷം രൂപ ആണ് വാങ്ങിയത്.

പിന്നെ കെട്ടിട നികുതി എല്ലാ കൊല്ലവും നമ്മൾ വാങ്ങുന്നുണ്ട് - ഒന്നര ലക്ഷം രൂപാ. ജി സ് ടി ഓരോ വാടകക്കാരും കൊടുക്കുന്ന വാടകയിൽ നിന്ന് - മൂന്നര ലക്ഷം രൂപ പ്രതിവർഷം. പതിനെട്ട് ശതമാനം. പിന്നെ ബാങ്കിന്റെ തിരിച്ചടവിലെ പലിശക്ക് മാത്രമേ ഇളവുള്ളു. അപ്പൊ ഇൻകം ടാക്സും ഉടമസ്ഥ കൊടുക്കണം - ഒരു ലക്ഷം രൂപാ.

അപ്പൊ എല്ലാ വർഷവും അഞ്ചാറ് ലക്ഷം രൂപാ ആ കെട്ടിടം അവിടെ അവർ കഷ്ടപ്പെട്ട് പണിത വകയിൽ മാത്രം. എന്തെ, പുളിക്കുന്നുണ്ടോ, രാജൻ.

പി കെ മന്ത്രി നിർത്തി. എന്നിട്ട് രാജാവിനെ നോക്കി. മണ്ട-ഉള്ളാ-ഗുണ്ടുബ്ദീൻ ഒന്നും മിണ്ടിയില്ല.

സുഹൃത്തുക്കളെ. കഥ ഇവിടെ കഴിയുകയാണ്. പിന്നീട് എന്തായി എന്ന് നമുക്കറിയില്ല. ഇനിയും സ്റ്റഡി ക്ലാസ്സ് നീണ്ടാൽ പ്രശ്നമാണ്. പ്രതിക്രിയാ വാദികളും വാദി ക്രിയാ വാദികളും തമ്മിൽ ഒരു രക്ത രൂഷിത പോരാട്ടം ചിലപ്പോൾ ഇവിടെ നടന്നേക്കും.

സായുധ വിപ്ലവം ഞങ്ങൾക്ക് പുത്തരി അല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: ഞങ്ങള്‍ വിമതരല്ല, ഔദ്യോഗികം; കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ പടയൊരുക്കവുമായി 289 വൈദികരുടെ യോഗം, നൂറിലധികം വൈദികരുടെ പിന്തുണ

Next Story

Related Stories