UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

കാഴ്ചപ്പാട്

അമിത് ഷാ വീണ്ടും വരുന്നു; കേരള ബിജെപിയിലെ പ്രശ്നങ്ങള്‍ തന്നെ പ്രധാന തലവേദന

കേരള ബിജെപിയിലെ പ്രശ്നങ്ങൾ ബിജെപി യിൽ മാത്രം ചർച്ച ചെയ്തു തീരുമാനിക്കാൻ പറ്റുന്ന ഒന്നല്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നം

കെ എ ആന്റണി

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലേക്ക് ഒരിക്കൽ കൂടി എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യൻ യോഗി ആദിത്യനാഥുമൊക്കെ കേരളം സന്ദർശിച്ചത് അടുത്തിടെയാണെങ്കിലും അമിത് ജിയുടെ ഈ വരവിന് ഒരു പ്രത്യേക ലക്ഷ്യമുണ്ട്. അതാവട്ടെ, പൊതു തിരഞ്ഞെടുപ്പ് ഇങ്ങെത്തി നിൽക്കേ കേരള ബിജെപിയിലെ പടലപ്പിണക്കങ്ങൾ പറഞ്ഞൊതുക്കി ഇവിടെയും കഴിയുന്നത്ര താമര വിരിയിക്കാൻ പോന്ന രീതിയിൽ അവരെ സജ്ജരാക്കുക എന്നത് തന്നെയാണ്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ അവരുടെ അവശേഷിക്കുന്ന ഏക തുരുത്തിൽ നിന്നും കൂടി തുരത്തുക, ഒപ്പം കേരളത്തിലെ കോൺഗ്രസിന്റെ മേൽവിലാസം ഇല്ലാതാക്കുക; അങ്ങനെ എന്തൊക്കെ എന്തൊക്കെ സ്വപ്നങ്ങളായിരുന്നു അമിത് ജിയും മോദിയും ചേർന്ന് നെയ്തു കൂട്ടിയിരുന്നത്. ഗണിച്ചപ്പോൾ ഘടകങ്ങൾ എല്ലാം അനുകൂലമായിരുന്നു. ശബരിമല വിഷയം കൂടി വീണു കിട്ടിയപ്പോൾ ആത്മവിശ്വാസം ഇരട്ടിയായി. പക്ഷെ നായാട്ടു മുറുകുമ്പോൾ ആർക്കോ എന്തോ സംഭവിച്ചതുപോലെ കേരള ബിജെപിയിലും ചിലതു സംഭവിച്ചിരിക്കുന്നു. ഇതിനൊരു പരിഹാരം തേടിയാണ് അമിത് ജി ഇപ്പോൾ വീണ്ടും കേരളത്തിലേക്ക് എത്തുന്നത്.

എല്ലാത്തിന്റെയും ഉത്തരവാദിത്വം പലരും സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ തലയിലാണ് കെട്ടിവെക്കുന്നത്. യുദ്ധത്തിൽ ആരും തങ്ങളുടെ സ്ട്രാറ്റജി വെളിപ്പെടുത്തില്ലെന്നറിഞ്ഞിട്ടും ശ്രീധരൻ പിള്ള അങ്ങനെ ചെയ്തുവെന്നാണ് അവർ ഉന്നയിക്കുന്ന ആക്ഷേപം. ശബരിമല യുവതി പ്രവേശനം സാംബന്ധിച്ച സുപ്രീം കോടതി വിധിയും അത് നടപ്പിലാക്കാൻ കേരളത്തിലെ ഇടതു സർക്കാർ എടുത്ത തീരുമാനവും വെച്ച് ഒരു രഹസ്യ കളിയായിരുന്നത്രെ പ്ലാൻ ചെയ്തിരുന്നത്. പക്ഷെ പിള്ളേച്ചൻ എല്ലാം തുലച്ചുകളഞ്ഞുവെന്നാണ് വിമർശനം.

പക്ഷേ കേരള ബിജെപിയിലെ കളികൾ അറിയുന്നവർക്കറിയാം പിള്ളേച്ചൻ യുദ്ധ തന്ത്രം വെളിപ്പെടുത്തിയിരുന്നില്ലെങ്കിൽ പോലും മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും അവരുടെ കളിയുമായി മുന്നോട്ട് പോകുമായിരുന്നുവെന്നാണ് ഒരു സംഘപരിവാർ സുഹൃത്ത് ഇതേക്കുറിച്ചു പറഞ്ഞത്. ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഗ്രൂപ്പുകൾക്ക് അതീതനായ കുമ്മനം രാജശേഖരൻ കേരളത്തിൽ ബിജെപി അധ്യക്ഷൻ ആയിരിക്കെ പാർട്ടിയിലെ ചിലരെ ലക്ഷ്യം വെച്ച് ഉയർത്തിക്കൊണ്ടുവന്ന മെഡിക്കൽ കോളേജ് കോഴ വിവാദവും ഹവാല പണം ഇടപാടുമാണ്. കുമ്മനം മാറി ശ്രീധരൻ പിള്ള വന്നപ്പോഴും പഴയ ഗ്രൂപ്പ് യുദ്ധം ബിജെപിയിൽ തുടരുന്നു എന്നതിന്റെ തെളിവാണ് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ലിസ്റ്റ് സംബന്ധിച്ച തർക്കവും എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കേരള ബിജെപിയെ ഗ്രസിച്ചിരിക്കുന്ന രോഗം ഭേദമാക്കാൻ പോന്ന മരുന്നോ മന്ത്രമോ അമിത് ജിയുടെ കയ്യിലുണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹത്തിന്റെ ഈ വരവ് രണ്ടും കല്പിച്ചു തന്നെയാണെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങളിൽ നിന്നുമുള്ള വിവരം. എങ്കിലും ഇത് എത്രകണ്ട് ശരിയെന്ന് അദ്ദേഹം വന്നു പോയതിനു ശേഷം മാത്രമേ പറയാനാവൂ. കേരള ബിജെപിയിലെ പ്രശ്നങ്ങൾ ബിജെപി യിൽ മാത്രം ചർച്ച ചെയ്തു തീരുമാനിക്കാൻ പറ്റുന്ന ഒന്നല്ല എന്നത് തന്നെ പ്രധാന പ്രശ്നം. സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വത്തെക്കൂടി വിശ്വാസത്തിലെടുക്കാതെ ഒന്നും നടക്കില്ലെന്നതാണ് അവസ്ഥ. അവിടെയുമുണ്ട് ചില പ്രശ്നനങ്ങൾ. അത് സംസ്ഥാന ആർഎസ്എസ്സിലുള്ള വിഭാഗീയത തന്നെ. ബിജെപിയിലെ പടലപ്പിണക്കങ്ങൾക്കു പിന്നിലെ പ്രശ്നവും ഇത് തന്നെയാണത്രെ. ഇതെല്ലാം ഒറ്റയടിക്ക് പരിഹരിക്കാനുള്ള ഒറ്റമൂലിയുമായാണോ അമിത് ജിയുടെ വരവെന്നേ ഇനി അറിയേണ്ടതുള്ളൂ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍