TopTop
Begin typing your search above and press return to search.

ഗിരീഷ് കർണ്ണാടും അനന്തമൂർത്തിയും പിന്നെ മലയാളത്തിലെ ചില ആക്സിഡെന്‍റല്‍ പുരോഗമന എഴുത്തുകാരും

ഗിരീഷ് കർണ്ണാടും അനന്തമൂർത്തിയും പിന്നെ മലയാളത്തിലെ ചില ആക്സിഡെന്‍റല്‍ പുരോഗമന എഴുത്തുകാരും

"സ്പെയിനില്‍ വിപ്ലവം നടക്കുന്ന സമയമായിരുന്നു അത്. എന്നാല്‍ ഇവിടെയാകട്ടെ വലിയ ബഹളങ്ങളും സംശയങ്ങളും മാത്രമേയുണ്ടായിരുന്നുള്ളൂ. സ്പെയിനില്‍ അക്കാലത്ത് ഗോര്‍ണിക്ക ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെയാകട്ടെ തൊഴില്‍ കുഴപ്പങ്ങളും ഇടയ്ക്കിടെയുള്ള അക്രമ സംഭവങ്ങളും ജനങ്ങളുടെ സ്വൈര്യം കെടുത്തുക മാത്രം ചെയ്തു." -ടെന്നസ്സി വില്യംസ്, ദി ഗ്ലാസ്സ് മെനാജെറി

ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ചിലാണ് യു ആര്‍ അനന്തമൂര്‍ത്തിയുടെ വിഖ്യാത നോവല്‍ സംസ്കാര കന്നഡ സാഹിത്യ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കുന്നത്. ബ്രാഹ്മണ്യത്തെയും അതിന്റെ സ്വയം പ്രഖ്യാപിത ഉപരിവര്‍ഗ ധാരണകളെയും പൊളിച്ചടുക്കിക്കൊണ്ട് ആ നോവല്‍ ഉണ്ടാക്കിയ വിസ്ഫോടനങ്ങളുടെ അനുരണനങ്ങള്‍ ഇന്നും അവിടെ ഒടുങ്ങിയിട്ടില്ല. ഇവിടെ ടി പദ്മനാഭന്‍ ഭാവനയുടെ പരകോടിയില്‍ കടയനല്ലൂരില്‍ ഒരു സ്ത്രീയും ശേഖൂട്ടിയും മഖന്‍ സിംഖിന്റെ മരണവും എഴുതുന്ന അതേ സമയം. ലോകത്തിലെ ഏറ്റവും വലിയ കഥാകൃത്ത്‌ താന്‍ മാത്രമാണ് എന്ന് അന്നും അവകാശപ്പെട്ടിരുന്നു എങ്കിലും പുരോഗമന സാഹിത്യകാരന്‍ എന്ന് അദ്ദേഹം അന്ന് അകാശപ്പെട്ടിരുന്നില്ല. കാലാന്തരത്തില്‍ വിധിവൈപരീത്യം മൂലം അങ്ങനെ ആയിത്തീരുകയായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അക്കാലത്ത് അസ്തിത്വ ദുഃഖം വലിയ അളവില്‍ തളംകെട്ടികിടന്നിരുന്നു. സുന്ദരനായ എഴുത്തുകാരന്‍ അതില്‍ ചവിട്ടാതെ അല്‍ഫോന്‍സച്ചനെ കുട്ടിച്ചാത്തന്‍ ആക്കാനും ഹരിദ്വാറില്‍ മണികള്‍ മുഴക്കാനും പോയി. എം മുകുന്ദന്‍ എന്ന പുരോഗമന എഴുത്തുകാരന്‍ ജനിക്കുന്നത് വളരെ പിന്നീടായിരുന്നു.

ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് സംസ്കാരയില്‍ അനന്തമൂര്‍ത്തി പകര്‍ത്തിവച്ച ജാതി വിരുദ്ധതയും നീതിബോധവും മനുഷ്യപ്പറ്റും അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള ഐക്യദാര്‍ഢ്യവും ലോകമെങ്ങും ഉള്ള മനുഷ്യരില്‍ എത്തണം എന്ന് വിചാരിച്ച രണ്ടു മനുഷ്യര്‍ ഉണ്ടായിരുന്നു. ഒന്ന് എ കെ രാമാനുജം. രണ്ട് ഗിരീഷ്‌ കര്‍ണാട്. രാമാനുജം സംസ്കാരയെ ഇംഗ്ലീഷിലാക്കി. ആ പരിഭാഷയില്‍ നിന്നും അത് നിരവധി ലോകഭാഷകളിലേക്ക് എത്തപ്പെട്ടു. നാരാണപ്പയും ചന്ദ്രിയും പ്രാണേഷാചാര്യരും വലിയ ചര്‍ച്ചകളായി. ജാതിയെ സംബന്ധിക്കുന്ന ഏതു വിശകലനങ്ങളും അതിനൊപ്പം ചുറ്റിത്തിരിഞ്ഞു. ആ സമയമൊക്കെയും വെള്ളിയാംകല്ല്‌ കാണാന്‍ മയ്യഴിയിലേക്ക് വണ്ടി കയറിയവര്‍ കല്ല്‌ കുറെ അപ്പുറം തിക്കോടിയില്‍ ആണെന്ന് മനസ്സിലായപ്പോള്‍ പുതുച്ചേരി സര്‍ക്കാര്‍ നികുതി ഒഴിവാക്കി നല്‍കിയ വര്‍ധിത വീര്യങ്ങളില്‍ പുരോഗമനം കണ്ടെത്താന്‍ നിര്‍ബന്ധിതര്‍ ആവുകയായിരുന്നു. ആവിലായിലെ സൂര്യോദയങ്ങളില്‍ ആടിനെ പോറ്റുന്ന ചാത്തുമാര്‍ പോറ്റാത്ത ചാത്തുമാരായി പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

ഇന്ത്യാ ടുഡേയുടെ ഓൺലൈൻ പതിപ്പിന് ഗിരീഷ് കർണ്ണാട് ടൈഗർ സിന്ദ ഹൈയിൽ അഭിനയിച്ച ഒരു നടൻ മാത്രമായിരുന്നു. മറ്റ് പലർക്കും കെ ടി കുഞ്ഞുമോന്റെ പഴയ ചിത്രം കാതലനിലെ മൂരാച്ചി ഗവർണ്ണർ കഥാപാത്രവും. എന്നാൽ സംസ്കാരയെ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു നാഴികകല്ലാക്കി മാറ്റിക്കൊണ്ട് സാമൂഹിക വിപ്ലവത്തിന് സ്വയം സമർപ്പിച്ച ഒരപൂർവ്വ ധീരതയായിരുന്നു കർണ്ണാട്. ഭീരുത്വങ്ങളുടേയും വിധേയത്വങ്ങളുടേയും ഭരണാധികാര വാഴ്ച്ചകളുടേയും പ്രലോഭനങ്ങളെ അതിജീവിച്ച ധീരത.

പ്രാണേശാചാര്യരുടെ കഥാപാത്രത്തെ അനശ്വരമാക്കിയ കർണ്ണാടിനെ മാത്രമേ ആസ്വാദക ലോകത്തിനറിയൂ. എന്നാൽ മറ്റൊരു കർണ്ണാടുണ്ട്. സംസ്കാര സിനിമയാക്കണമെന്നഭ്യർത്ഥിച്ച് ഒരുപാടാളുകളുടെ പിന്നാലെ നടന്ന കർണ്ണാട്. ഒടുവിൽ പട്ടാഭിരാമ റെഡ്ഡി ആ ദൗത്യമേറ്റെടുത്തു. എസ് ജി വാസുദേവിനെപ്പോലുള്ളവർ കൂടെ നിന്നു. സിനിമയിൽ ചന്ദ്രിയുടെ വേഷമിട്ട പൗരാവകാശപ്രവർത്തകയും പട്ടാഭിയുടെ ഭാര്യയുമായിരുന്ന സ്നേഹലതാ റെഡ്ഡി പിന്നീട് അടിയന്തരാവസ്ഥയുടെ രക്തസാക്ഷിയായി. ജയിലിൽ കിടന്ന് രോഗിയായി പുറത്ത് വന്നയുടൻ മരിച്ചു.

വാസ്തവത്തിൽ കർണ്ണാടിന്റെ മരണത്തിൽ ഒരു യുഗം അവസാനിക്കുകയാണ്. കന്നഡ ഭാഷയിലേയും കർണ്ണാടകത്തിലെ ജനജീവിതത്തിലേയും വിപ്ലവകരവും പുരോഗമനപരവുമായ ഒരു അധ്യായം. സ്നേഹലതാ റെഡ്ഡിയും പട്ടാഭിരാമ റെഡ്ഡിയും എ കെ രാമാനുജവും യു ആർ അനന്തമൂർത്തിയും ശ്രീകൃഷ്ണ ആലനഹള്ളിയുമെല്ലാം രൂപപ്പെടുത്തിയ സാംസ്കാരിക വിപ്ലവത്തിലെ അവസാനത്തെ വൻമരമാണ് കർണ്ണാട്. കൊങ്കിണി മാതൃഭാഷയായി ബ്രാഹ്മണ കുടുംബത്തിൽ ബോംബെയുടെ അടുത്ത് മാത്തേരണിൽ ജനിച്ച് മറാത്തിയിൽ പ്രാവീണ്യം നേടി ഇംഗ്ലണ്ടിൽ പോയി ഇംഗ്ലീഷ് പണ്ഡിതനായി തീർന്ന കർണ്ണാട് തിരിച്ച് വന്നത് അടിമുടി കർണ്ണാടകക്കാരനായാണ്. മണ്ണിന്റെയും മനുഷ്യരുടേയും കൂടെ നിന്നു. ജാതിക്കെതിരെ പോരാടി. പുരോഗമനപരമായ ഏതൊന്നിനേയും പിന്തുണച്ചു. സ്വന്തം നീതിബോധത്തിൽ നിന്ന് അണുവിട വ്യതിചലിച്ചില്ല. തെന്നിന്ത്യയിൽ കാവി രാഷ്ട്രീയം അതിന്റെ സർവ്വ ആസുരതകളോടും കൂടി ആദ്യം കെട്ടിയിറങ്ങിയത് കർണ്ണാടകത്തിലാണ്. ഇന്നും കർണ്ണാടകയിലെ മതേതര സാമൂഹികാവസ്ഥ പരിക്കേല്‍ക്കാതെ പിടിച്ചു നില്ക്കുന്നതിൽ സ്നേഹലതാ റെഡ്ഡിയും അനന്തമൂർത്തിയും കർണ്ണാടും ഗൗരീ ലങ്കേഷുമെല്ലാം നടത്തിയ ധീരമായ ചെറുത്തു നില്പുകളുടെ പിൻബലമുണ്ട്.

ഒരധികാര കേന്ദ്രത്തിന്റെയും പിൻബലം അവർക്കില്ലായിരുന്നു. ആരുടേയും സംരക്ഷണമോ പരിചയോ ഇല്ലായിരുന്നു. ധീരത മാത്രമായിരുന്നു മൂലധനം. പുരാണങ്ങളിലും ഇതിഹാസങ്ങളിലും അവർ കണ്ടെത്തിയത് യാഥാസ്ഥിതികത്വത്തിന്റെ വരേണ്യ ശ്യാമ മാധവങ്ങളായിരുന്നില്ല. കാലികമായ വൈരുദ്ധ്യങ്ങളെ തുറന്നു കാട്ടാനുള്ള ഊർജമായിരുന്നു. അശോകൻ ചരുവിൽ ലെവലിൽ അവരൊരിക്കലും ഹിസ് മാസ്‌റ്റേഴ്സ് വോയിസുമായിരുന്നില്ല.

ധീരതയുടേയും ചെറുത്തുനില്പിന്റേയും ഇച്ഛാശക്തിയുടേയും ഒടുവിലത്തെ മഹാവൃക്ഷങ്ങളിലൊടുവിലത്തേതാണ് ഇല്ലാതായത്.

ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ കന്നഡയിൽ എ എൻ കൃഷ്ണറാവു തുടങ്ങിവച്ച പുരോഗമന സാഹിത്യ സാംസ്കാകാരിക വിചാരധാരയുടെ ഒടുവിലെ കണ്ണിയായിരുന്നു കർണ്ണാട്. ടി ആർ സുബ്ബറാവുവും കെ എസ് നിരഞ്ജനയും ബാസവരാജ കട്ടിമണിയും ചതുരംഗയും തുടർന്നുകൊണ്ടു വന്ന ഇടതുപക്ഷ മതേതര സാഹിത്യ സാംസ്കാരിക സമീപനങ്ങളുടെ തുടർച്ച. വർഗ്ഗപരവും സാമൂഹികവുമായ പ്രതിസന്ധികളെ മേൽപ്പറഞ്ഞവർ മാർക്സിയൻ രീതിയിൽ വിശകലനം ചെയ്തപ്പോൾ ജാതി ഉണ്ടാക്കുന്ന വെല്ലുവിളികളെ കൃത്യമായി വിശകലനം ചെയ്യുന്നതിൽ വീഴ്ച്ചകൾ വന്നു. ജാതിയിലധിഷ്ടിതമായ സാമൂഹിക ഘടനയെ കൃത്യമായി വിശകലനം ചെയ്യാനായി എന്നിടത്താണ് അനന്തമൂർത്തിയുടേയും കർണ്ണാടിന്റെയും വിജയം. അവർ കാലത്തിന്റെ ശബ്ദമായി. ബ്രാഹ്മണ്യത്തിന് പുറത്ത് സാമൂഹിക നീതിയുടെ ശബ്ദങ്ങളായി.

സംഘർഷഭരിതമാണ് ഇപ്പോൾ കർണ്ണാടകയുടെ സാമൂഹിക സാംസ്കാരിക ലോകം. കെ എസ് ഭഗവാനും എം എം കൽബുർഗിയും ഗൗരീ ലങ്കേഷും മാത്രമല്ല മതാതീത ആത്മീയതയുടെ വക്താവായ നിഡു മുഡി സീയർ സ്വാമി വീരഭദ്ര ചന്നമല്ല വരെ വെറുപ്പിന്റെ ശക്തികളുടെ ആക്രമണങ്ങൾക്കിരയായി. ഒന്നാം മോദി സർക്കാർ വന്നപ്പോൾ അനന്തമൂർത്തി യാത്രയായി. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കർണ്ണാടും. കൊല്ലപ്പെടേണ്ട എഴുത്തുകാരുടെ ലിസ്റ്റിൽ ഇന്നുദേഹത്തിന്റെ പേര് ഇൻറർനെറ്റിൽ പ്രചരിക്കപ്പെടുന്നു. വാടകക്കൊലയാളികൾ അവശേഷിക്കുന്ന ഇരകളെ തപ്പി നടക്കുന്നു.

കവിയാകാൻ ആഗ്രഹിച്ച് നാടകത്തിലെത്തപ്പെട്ടതാണ് കർണ്ണാട്. നാടകത്തിൽ അദ്ദേഹം കാലത്തിന്റെ വെല്ലുവിളികൾക്കെതിരെ പ്രതികരിച്ചു. ഇവിടെ കയ്യേറ്റ മാഫിയക്കായി പുരോഗമന സാഹിത്യകാരൻ ബുൾഡോസർ കഥകളെഴുതിയപ്പോൾ അവിടെ കർണ്ണാട് ടിപ്പു സുൽത്താനെക്കുറിച്ചും ബാബറി മസ്ജിദിനെക്കുറിച്ചും നാടകമുണ്ടാക്കി പ്രതിരോധം തീർത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദുര്യോഗങ്ങളിലെ വേദനയും നിരാശയും മറച്ചു വച്ചില്ല.

എവിടെയാണ് എഴുത്തുകാരന്റെ മരണം? ശരീരം അവസാനിക്കുന്നിടത്ത് അയാൾ ഒടുങ്ങുന്നില്ല. ഭൂമിയിൽ ജീവനുള്ളിടത്തോളം അയാൾ തിരുത്തലിന്റെ ഭാഷ സംസാരിച്ചു കൊണ്ടിരിക്കും. കാലങ്ങളോടും തലമുറകളോടും സംവദിക്കും. ജനങ്ങളുടെ ശബ്ദമാണ് ഏറ്റവും വലിയ ശബ്ദമെന്ന് കർണ്ണാട് എന്നും പറഞ്ഞു. ചിന്തകൾക്ക് മരണമില്ല. ആശയങ്ങൾക്കും. വാക്ക് അന്ധന് കാഴ്ച്ചയും മൂകന് ശബ്ദവുമാണ്. ചരിത്രത്തിനും കാലത്തിനുമൊപ്പം വാക്കുകൾ സഞ്ചരിക്കുന്നു. അവയിൽ ആശയങ്ങൾ മരിക്കാതിരിക്കുന്നു.

ടെന്നസി വില്ല്യംസിനെ ഒരു വട്ടം കൂടി ഉദ്ധരിക്കാം: "അമേരിക്കയിലെ മധ്യവര്‍ഗം ഏതാണ്ട് മുഴുവനായി തന്നെ അന്ധന്മാര്‍ക്ക് വേണ്ടിയുള്ള വിദ്യാലയത്തില്‍ പ്രവേശനം നേടിക്കഴികഞ്ഞ ഒരു സമയമായിരുന്നു അത്. അവരുടെ കണ്ണുകള്‍ അവരെ പരാജയപ്പെടുത്തിയോ അതോ അവര്‍ സ്വന്തം കണ്ണുകളെ തന്നെ പരാജയപ്പെടുത്തിയോ എന്നറിയില്ല."

അടിക്കുറിപ്പ്: കയ്യൂർ സമരം ഒരു നോവലിന് പശ്ചാത്തലമായത് മലയാളത്തിലല്ല. കന്നഡയിലാണ്. നിരഞ്ജന എഴുതിയ ചിരസ്മരണ. കയ്യൂരിലെ കാര്യങ്കോട് പുഴ നോവലിൽ തേജസ്വിനിയായി. സ്വന്തം മകൾക്കിടാനും നിരഞ്ജനയ്ക്ക് ഒരു പേരേ ഉണ്ടായിരുന്നുള്ളു: തേജസ്വിനി.

Read More: നായര്‍-കത്തോലിക്ക-ലീഗ് സഖ്യം വീണ്ടുമൊന്നിച്ച ശബരിമലയിലെ ‘വിമോചന സമരം’: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ ചരിത്രപരമായ കാരണങ്ങള്‍


കെ.എ ഷാജി

കെ.എ ഷാജി

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories