TopTop
Begin typing your search above and press return to search.

അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടിയാകുമോ? മോദി സ്തുതിക്ക് പിന്നിലെ 'നിഷ്ക്കളങ്ക' ചേതോവികാരങ്ങള്‍

അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടിയാകുമോ? മോദി സ്തുതിക്ക് പിന്നിലെ

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിൽ വിരുതനാണ് എ പി അബ്ദുള്ളക്കുട്ടി. അയാള്‍ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇത്തവണയും നരേന്ദ്ര മോദി സ്തുതിയുടെ പേരിൽ തന്നെയാണ് കണ്ണൂരിലെ സിപിഎമ്മിന്റെ ആ പഴയ അത്ഭുതക്കുട്ടി വാർത്തകളിൽ നിറയുന്നത്. 2009-ൽ മോദി സ്തുതി നടത്തുമ്പോൾ അബ്ദുള്ളക്കുട്ടി സിപിഎമ്മിലായിരുന്നുവെങ്കിൽ ഇന്നിപ്പോൾ കോൺഗ്രസിൽ ആണെന്ന് മാത്രം.

ദേശീയ തലത്തിൽ കോൺഗ്രസ് തോറ്റു തുന്നംപാടുകയും തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ രാഹുൽ ഗാന്ധി സന്നദ്ധനായി നിൽക്കുന്നതിനിടയിലാണ് അബ്ദുള്ളക്കുട്ടി മോദി സ്തുതി വഴിഞ്ഞൊഴുകുന്ന തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്.

ഗാന്ധിയൻ മൂല്യങ്ങൾ ഭരണത്തിൽ പ്രാവർത്തികമാക്കിയതാണ് നരേന്ദ്ര മോദിയെ ജനപ്രിയനാക്കിയതെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പുതിയ കണ്ടു പിടുത്തം. "നിങ്ങൾ ഒരു നയം ആവിഷ്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമിക്കുക എന്ന് ഗാന്ധിജി പറഞ്ഞു. മോദി അത് കൃത്യമായി നിർവഹിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയിൽ 9.16 കോടി കുടുംബങ്ങൾക്ക് കക്കൂസ് നൽകിയതും ഉജ്വൽ യോജന പദ്ധതിയിൽ 6 കോടി കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി കണക്ഷൻ നല്കിയതുമൊക്കെ അതിന്റെ ഭാഗമാണ്", ഇങ്ങനെ പോകുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. ചാണകം ഉണക്കി, ചില്ലക്കമ്പുകൾ ശേഖരിച്ച്, അടുപ്പൂതി തളർന്നുപോയ 6 കോടി അമ്മമാർക്ക് മോദി സൗജന്യ ഗ്യാസ് കണക്ഷൻ നല്കിയതിനെക്കുറിച്ച് വാചാലകുന്നതിനൊപ്പം മോദി ഭരണത്തിന് കീഴിൽ ഉയർന്നുവന്ന സ്മാർട് സിറ്റികളെക്കുറിച്ചും ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ചുമൊക്കെ ഊറ്റംകൊള്ളുന്നുമുണ്ട് അബ്ദുള്ളക്കുട്ടി.

ഇതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

# നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി

നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ

എന്ത് കൊണ്ട്

ഈ വിജയം ഉണ്ടായി?

എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ

പ്രതിപക്ഷക്കാർ മാത്രമല്ല

BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്

എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ

വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്

വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം

ഒരു ഗാന്ധിയൻ മൂല്യം

ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്

മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു....

നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ

ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക...

ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിത്

കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം

മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു

ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക്

മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.

ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാർട്ട് സിറ്റികളും

ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്...

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്

വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്....

നരേന്ദ്രമോദിയെ

വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്....

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി."

2009 ൽ നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ പാടിപ്പുകഴ്ത്തിയതിന്റെ പേരിൽ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി അക്കാലത്തു മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരുന്നു. താൻ അതിപുരാതനമായ ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചതെന്ന് നാഡീ ജ്യോതിഷപ്രകാരം തെളിഞ്ഞെന്നായിരുന്നു ഇത്. പുകഞ്ഞ കൊള്ളി പുറത്തെന്ന മട്ടിൽ സിപിഎം കുട്ടിയെ പിടിച്ചു പുറത്താക്കി. പുറത്താക്കപ്പെട്ട

അബ്ദുള്ളക്കുട്ടി നേരെ പോയത് കോൺഗ്രസ്സിലേക്കാണ്. കണ്ണൂരിലെ കോൺഗ്രസ് സിംഹം കെ സുധാകരനായിരുന്നു സിപിഎമ്മിന്റെ അത്ഭുതക്കുട്ടിയെ അന്ന് കോൺഗ്രസിലേക്ക് കൈപിടിച്ച് ആനയിച്ചത്. സുധാകരൻ അന്നങ്ങനെ ചെയ്തത് സിപിഎമ്മിനെ അടിക്കാൻ നല്ലൊരു വടിയായി മാറും അബ്ദുള്ളക്കുട്ടി എന്ന ചിന്തയിൽ തന്നെയാണ്. പാർട്ടിയിൽ തന്റെ എതിരാളിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ അടിയറവു പറയിച്ചതിലുള്ള നന്ദിയും ഒരു പക്ഷെ ഇതിനു പിന്നിൽ ഉണ്ടായിരുന്നിരിക്കണം. കണ്ണൂരിൽ ആറാം തുടർ വിജയം തേടി ഇറങ്ങിയ മുല്ലപ്പള്ളിയെ 10000-ൽ പരം വോട്ടുകൾക്ക് തോല്‍പ്പിച്ചുകൊണ്ടാണ് 1999-ൽ അബ്ദുള്ളക്കുട്ടി തന്റെ കന്നി അങ്കം ജയിച്ചത്. 2004 ൽ നടന്ന തിരെഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടി മുല്ലപ്പള്ളിക്കെതിരെ നേടിയത് 80,000 ലേറെ വോട്ടിന്റെ ത്രസിപ്പിക്കുന്ന വിജയവും.

അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ എടുക്കുന്നതിനോട് വി എം സുധീരനെപ്പോലുള്ളവർ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സുധാകരൻ കുലുങ്ങിയില്ല. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിന്തുണ കൂടി ലഭിച്ചതോടെ അബ്ദുള്ളക്കുട്ടി കോൺഗ്രസ്സിലെത്തി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും എംഎൽഎൽഎ ആയിരുന്ന സുധാകരൻ ലോക് സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിലെ തുടർന്ന് നടന്ന ഉപ തിരെഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടി കണ്ണൂരിൽ നിന്നും കോൺഗ്രസ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2011-ലും കണ്ണൂരിൽ നിന്ന് തന്നെ തുടർ വിജയം. അങ്ങനെ രണ്ടു തവണ സിപിഎം വക എം പി, രണ്ടു തവണ കോൺഗ്രസ് വക എംഎൽഎ എന്ന അപൂർവ നേട്ടത്തിനും അബ്ദുള്ളക്കുട്ടി അർഹനായി.

കോൺഗ്രസിലേക്ക് തന്നെ കൈപിടിച്ച് ആനയിച്ച സുധാകരനുമായി അബ്ദുള്ളക്കുട്ടി ഇടഞ്ഞത് വളരെ പെട്ടെന്നായിരുന്നു. സോളാർ വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ സരിത അബ്ദുള്ളക്കുട്ടിക്കെതിരെ നൽകിയ ലൈംഗിക പീഡനക്കേസ് മുതലെടുത്ത് അബ്ദുള്ളക്കുട്ടിയെ രാജിവെപ്പിച്ചു തന്റെ പഴയ മണ്ഡലമായ കണ്ണൂരിൽ നിന്ന് എംഎൽഎ ആകാൻ സുധാകരൻ നടത്തിയ ശ്രമം തന്നെ പ്രധാന കാരണം. ഇരുവരും തമ്മിലുള്ള പോര് മുറുകിയപ്പോൾ അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടിക്കു കണ്ണൂർ വിട്ടു തലശ്ശേരിയിൽ പോയി മത്സരിക്കേണ്ടി വന്നു. സുധാകരന് ഉദുമയിലും. തോൽക്കാനായിരുന്നു ഇരുവരുടെയും യോഗം.

ഫേസ്ബുക്കിലൂടെ മോദിയെ വാഴ്ത്തിപ്പാടിയ അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിക്കൊരുങ്ങുകയാണ് കെപിസിസി. അബ്ദുള്ളക്കുട്ടിയുടേത് പൊറുക്കാനാവാത്ത കുറ്റമാണെന്നും മറ്റും പറഞ്ഞാണ് മുല്ലപ്പളിയും കൂട്ടരും കുട്ടിക്കെതിരെ വടിയെടുക്കുന്നത്. എന്നാൽ താൻ ഒരു യാഥാർഥ്യം പറഞ്ഞെന്നേയുള്ളൂ എന്ന നിലപാടിലാണ് അബ്ദുള്ളക്കുട്ടി. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആക്ഷേപം. ഇനിയിപ്പോൾ അങ്ങനെ സംഭവിച്ചാൽ തന്നെ അത്ഭുതപ്പെടേണ്ടതില്ല. താൻ എന്നും അത്ഭുതക്കുട്ടിയാണെന്നു അബ്ദുള്ളക്കുട്ടി വിശ്വസിക്കുന്നിടത്തോളം കാലം എന്തും സംഭവിക്കാം.

കേരളത്തിൽ നിന്നും പേരും പെരുമയുമുള്ള മുസ്ലീം നാമധാരിയായ ഒരു കോൺഗ്രസ് നേതാവിനെ കിട്ടിയാൽ മോദിയും അമിത് ഷായും കൊത്തിയെടുക്കില്ലേ? പോരെങ്കിൽ ടിയാൻ ഒരു പഴയ സിപിഎം എം പി കൂടി ആയിരുന്ന സ്ഥിതിക്ക് അവർ വേണ്ടെന്നു പറയുമോ?

Also Read: ഒരു ദ്വീപില്‍ ഒറ്റയ്ക്കൊരാള്‍; കടമക്കുടിയിലെ ജോസഫ് ചൊവരോ നമുക്ക് മനസിലാവാത്ത ജീവിതം പറയുന്നു


Next Story

Related Stories