TopTop
Begin typing your search above and press return to search.

കവി ആയതുകൊണ്ട് യേശു ക്രിസ്തു ആകണോ? അയാൾ സ്വന്തം വീട്ടിൽ നിന്നും പടിയിറക്കപ്പെട്ട ഒരാളായിരുന്നു

കവി ആയതുകൊണ്ട് യേശു ക്രിസ്തു ആകണോ? അയാൾ സ്വന്തം വീട്ടിൽ നിന്നും പടിയിറക്കപ്പെട്ട ഒരാളായിരുന്നു

ഒട്ടും ചെലവില്ലാത്ത ഏക കാര്യം ഉപദേശിക്കുക എന്നതാണ് നിങ്ങളിൽ പലരുമെന്ന പോലെ തന്നെ ഇതെഴുതുന്ന ആൾക്കും ഒട്ടുമേ സഹിക്കാൻ പറ്റാതായി ഉള്ളത്. നമ്മുടെ നാട്ടിൽ ഒട്ടും പഞ്ഞമില്ലാത്ത ഒരു വിഭാഗമാണ് ഉപദേശികൾ. സ്വന്തം കുടുംബത്തിൽ പോലും നീതി പുലർത്താൻ പറ്റാത്ത ഇവരൊക്കെ ഉപദേശിച്ച് ഉപദേശിച്ച് ലോകത്തെ ഈ വണ്ണമാക്കി എന്നൊന്നും വിലപിക്കാൻ നിൽക്കുന്നില്ല. ഈ ഭൂമിയിൽ ജീവൻ ഉണ്ടായ കാലം മുതൽ ഇവരും അവിടെ സ്ഥലം പിടിച്ചിരുന്നു എന്നത് തന്നെ കാരണം. കണ്ണാടിയിലേക്കു ഒന്ന് നേരെ ചൊവ്വേ നോക്കിയാൽ ഒരുപക്ഷെ നമ്മളും അവരിൽ ഒരാളെന്ന ബോധ്യം വന്നുകൂടാതെയില്ല. കണ്ണാടിയിൽ ഒന്ന് പാളി നോക്കിയാൽ, മനസ്സിൽ ഒട്ടൊരു കുറ്റബോധത്തോടുകൂടി എല്ലാം ഒന്നുകൂടി ഒന്നു കൂട്ടിവായിച്ചാൽ സ്വയം തിരിച്ചറിയേണ്ട കാര്യങ്ങളെയാണ് ഈ ഉപദേശി വർഗം പൊലിപ്പിച്ചു കാട്ടി കേമത്തം ചമയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാൻ വലിയ ശ്രമമൊന്നും വേണ്ടെന്നു തോന്നുന്നു.

ഏറെ കാലത്തിനു ശേഷം മനുഷ്യ മനസ്സിന്റെ കാണാപ്പുറങ്ങളിലേക്കു സഞ്ചരിക്കാൻ പ്രേരകമായത് സാബ്ലു വി തോമസ് അയച്ചു തന്ന അയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. സാബ്‌ളു എനിക്കൊപ്പം തിരുവന്തപുരത്തു ജോലി ചെയ്തിരുന്നു എന്നതോ അയാൾ കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ സഹോദരി പുത്രനാണെന്നതോ അല്ല ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം. സാബ്ലു ഒരു കവിത എഴുത്തുകാരൻ കൂടിയാണ്. കൊള്ളാവുന്ന ഒട്ടേറെ കവിതകൾ സാബ്ലുവിന്റെ പേരിൽ അച്ചടിച്ച് വന്നിട്ടുമുണ്ട്. താൻ ഒരു എഴുത്തുകാരനെന്ന അഹങ്കാരമില്ലാത്ത ഒരു കുഞ്ഞനുജൻ എന്ന നിലയിലാണ് സാബ്ലുവിനെ ഇന്നും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും. ഒരു പക്ഷെ സാബ്ലുവും അങ്ങനെയൊക്കെ തന്നെയാവണം കരുതുന്നതും. അതുകൊണ്ട് കൂടിയാവണമല്ലോ ഫേസ്ബുക്ക് ഉപയോഗിക്കാത്ത ഒരാൾക്ക് കവി ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട ഒരു വിവാദത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇ -മെയിലിൽ അയച്ചതും. അല്ലെങ്കിലും എന്റെ കൂടി പ്രിയ കവിയായിരുന്ന അയ്യപ്പന്റെ അവസാന യാത്രയിൽ കൂടെ ഉണ്ടായിരുന്നതും അതുകൊണ്ടു തന്നെയാവണമല്ലോ. പത്രങ്ങൾ മാറിമറിഞ്ഞു ഒടുവിൽ മസ്‌ക്കറ്റിൽ നിന്നും പ്രസിദ്ധപ്പെടുത്തുന്ന 'ഒമാൻ ട്രിബൂൺ' എന്ന പത്രത്തിന്റെ കേരള കറസ്പോണ്ടന്റ് ആയി ജോലി ചെയ്യുന്ന വേളയിൽ ശാന്തി തേടി നടന്ന അയ്യപ്പന്‍റെ ഒടുവിലത്തെ യാത്ര പറഞ്ഞു തരാൻ ശാന്തികവാടത്തിൽ ഉണ്ടായതും അതുകൊണ്ടു തന്നെയാവാമല്ലോ.

മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന ബൈബിൾ വചനം പോലെ തന്നെ പ്രശക്തമാണ് 'മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല മരിക്കുന്നതെന്നത്' എന്ന ലാറ്റിൻ അമേരിക്കൻ പ്രയോഗവും. അപ്പം കേവല ഭക്ഷണ പദാർത്ഥം മാത്രമെന്ന ചിന്തയിൽ നിന്നും അപ്പത്തിന് വേണ്ടിയുള്ള അന്വേഷണങ്ങൾ എത്രകണ്ട് നമ്മെ ഭ്രാന്തമായ കോർപ്പറേറ്റ് ചിന്തകളിലേക്ക് നയിക്കുന്നു എന്ന അന്വേഷണത്തിന് ഇപ്പറഞ്ഞതിനു ഒരു പക്ഷെ മറുപടി കണ്ടെത്താൻ, ചുരുങ്ങിയ പക്ഷം തേടാൻ എങ്കിലും, കഴിഞ്ഞേക്കും എന്ന് തോന്നുന്നു.

കൂടുതൽ നീട്ടി പരത്തുന്നില്ല. സാബ്ലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബാലചന്ദ്രൻ ചുള്ളിക്കാട് എന്തുകൊണ്ട് സ്വസഹോദരനെ സംരക്ഷിക്കുന്നില്ല എന്ന ഫേസ്ബുക്ക് എഴുത്തുകൾക്കുള്ള ഒരു മറുകുറി മാത്രമാണെന്ന് ആ കുറിപ്പിൽ നിന്ന് തന്നെ വ്യക്തം. ഫേസ്ബുക്ക് ഉപയോഗിക്കാറില്ലെങ്കിലും പോർട്ടലുകളിൽ പ്രത്യക്ഷപ്പെട്ട വാർത്തകളിൽ നിന്നും ഇക്കാര്യം നേരെത്തെ തന്നെ അറിഞ്ഞിരുന്നു. അനാഥനായി റോഡരുകിൽ കാണപ്പെട്ട സഹോദരനോട് എന്തേ ബാലചന്ദ്രന് രക്ത ബന്ധത്തിന്റെ കാര്യം ഒഴിവാക്കിയാലും സഹാനുഭൂതിയെങ്കിലും തോന്നിയില്ല എന്ന ചോദ്യം അപ്പോഴേ മനസ്സിൽ ഉയർന്നിരുന്നു. എന്നാൽ എന്തുകൊണ്ട് നേർ പെങ്ങൾ അല്ലാതിരുന്നിട്ടും അഷിത തനിക്കു നേർപെങ്ങൾ ആണെന്ന് അഷിതയുടെ സഹോദരനോട് കയർത്ത ബാലചന്ദ്രൻ ഇക്കാര്യങ്ങളൊക്കെ അഴിമുഖത്തോട് വിശദീകരിച്ചതും വായിച്ചതാണ്. പ്രശ്നങ്ങൾ അവിടെ കഴിഞ്ഞെന്നു കരുതി നിൽക്കെയാണ് സാബ്ലുവിന്റെ പുതിയ കുറിപ്പ് വന്നതും ഫേസ്ബുക്ക് ഇക്കാര്യം എത്ര കണ്ട് അവരവരുടെ യുക്തിക്കനുസ്സരിച്ചു ഉപയുക്തമാകുന്നുവെന്നും മനസ്സിലാക്കുന്നത്.

സാബ്‌ളുവിന്‌ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നേരിട്ടറിയില്ലെന്നും ഒരു തവണ പോലും നേരിൽ സംസാരിച്ചിട്ടില്ലെനും അയാൾ കുറിക്കുന്നുണ്ട്. അയാൾ സത്യം പറയുന്നു എന്നേ അതിനര്‍ത്ഥമുള്ളൂ. അല്ലെങ്കിലും ബാലചന്ദ്രൻ ഇപ്പോൾ കവിത ഭക്ഷിച്ചു, കവിത തുപ്പിയിരുന്ന ഒരാളല്ല. ബാലചന്ദ്രന്റെ മൗനത്തിന്റെ ഇടവേളയിലെപ്പോഴോ കടമ്മനിട്ട ഇകഴ്ത്തിപ്പറഞ്ഞ കൊലപാതകിയുമല്ല. അയാളുടെ കവിത അയാളുടെ ജീവിതാനുഭങ്ങളായിരുന്നു. വിശപ്പിൽ മുളച്ച കവിതകൾ. അതെഴുതാൻ ബാലചന്ദ്രന് അയാളുടേതായ ഭ്രാന്ത് തന്നെ ധാരാളവുമായിരുന്നു. പക്ഷെ ആ ഭ്രാന്ത് വെറും വിശപ്പിന്റേതായിരുന്നില്ല; കവിതയുടെ വിശപ്പായിരുന്നു. അത് തന്നെയാണ് ബാലചന്ദ്രന്റെ കവിതകളുടെ പൊരുളും മഹത്വവും.

എനിക്കും ബാലചന്ദ്രനുമായുള്ള ആത്മ ബന്ധം കവിത വായിച്ചുള്ളതാണ്. തലശ്ശേരി കറന്റ് ബുക്സിൽ വെച്ച് ഒരു തവണയും അവിടത്തെ തന്നെ കോഫി ഹൗസിൽ വെച്ച് രണ്ടോ മൂന്നോ തവണയും നേരിൽ കണ്ടിട്ടുണ്ട്. 13 വര്‍ഷം മുൻപ് പനി ബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ബാലചന്ദ്രനെ ഏറ്റവും ഒടുവിലായി കണ്ടത്. ഭാര്യ വിജയലക്ഷ്മിയും അവിടെ ഉണ്ടായിരുന്നു. പനിക്കിടക്കയിൽ വെച്ചും തലശ്ശേരിയെക്കുറിച്ചു സംസാരിക്കുമ്പോൾ വല്ലാത്തൊരു ആവേശം. വിജയലക്ഷ്മി വിലക്കിയതോ അതോ സ്വയം വിരാമമിട്ടതോ എന്നറിയില്ല. തലശ്ശേരിയുടെ സായാഹ്നങ്ങളെ ഭ്രാന്തു പിടിപ്പിച്ചിരുന്ന ബാലചന്ദ്രനായിരുന്നില്ല അപ്പോൾ മുന്നിൽ. ഭാര്യയുടെ സ്നേഹ ശാസനകൾക്കു വഴങ്ങുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു അയാളപ്പോൾ.

സാബ്ലു എഴുതിയ ഒരു കാര്യം ശരിയാണ്. ഒരു അനാഥപ്രേതം കണക്കെ അലഞ്ഞു തിരിയുന്ന ബാലചന്ദനും നക്സലൈറ്റ് എന്നൊരു ലേബൽ നമ്മുടെ കരുണാകരാധികൾ ചാർത്തിക്കൊടുത്തിരുന്നു. എങ്കിലും അയാൾ സഞ്ചരിച്ചു, ഒരു പാട് ഒരുപാട് ദൂരം. ഇന്നിപ്പോൾ കവിത വറ്റി നിൽക്കുന്നുവെന്ന് പറയപ്പെടുന്ന ബാലചന്ദ്രന്റെ ചോരയിൽ എന്തെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ അത് കവിത തന്നെയാവണം. അല്ലെങ്കിൽ തന്നെ പടിയടച്ചു പിണ്ഡം വെച്ചവർ തനിക്കു ബന്ധുക്കളല്ലെന്നു പറയാനുള്ള ആർജവം അയാൾക്ക് കൈമോശം വരുമായിരുന്നു. സാബ്‌ളൂ പറയുംപോലെ ബാലചന്ദ്രൻ ബുദ്ധിസ്റ്റ് ആയോ എന്നൊന്നും എനിക്കറിയില്ല. അറിയേണ്ട കാര്യവുമില്ല. അതൊക്കെ ഈ കുറിപ്പിന്റെ ആരംഭത്തിൽ സൂചിപ്പിച്ച ഉപദേശി വൃന്ദത്തിനു ഉതകുന്ന കാര്യങ്ങൾ മാത്രം. എങ്കിലും ഒന്നറിയാം, അയാൾ സ്വന്തം വീട്ടിൽ നിന്നും പടിയിറക്കപ്പെട്ട ഒരാളായിരുന്നു. അന്നയാളുടെ ദുരിതം കാണാത്തവർ ഇന്നിപ്പോൾ നല്ല സഹോദരൻ ചമയാൻ പറയുന്നതിന്റെ യുക്തി ഒരു വലിയ പർവതം പോലെ വളരുന്നുണ്ട്. സത്യത്തിൽ ഇവർ ആരാണ്? വേണമെങ്കിൽ ബാലചന്ദ്രന് എല്ലാം മറന്നും പൊറുത്തും തനിക്കേറെ ദ്രോഹം ചെയ്ത സഹോദരനെ വീണ്ടും സഹിക്കാം. കവിത എഴുതി എന്നതുകൊണ്ട് അയാൾ യേശു ക്രിസ്തു ആകണമെന്നൊക്കെ പറയുന്നവർ വീട് ഉപേക്ഷിച്ചു പോകുന്ന വേളയിൽ അയാളുടെ മനസ്സിലുദിച്ച 'അമ്മേ പിൻവിളി വിളിക്കാതെ/ മിഴി നാരുകൊണ്ടെന്റെ കഴുലുകെട്ടാതെ' എന്ന കവിതയെങ്കിലും വായിക്കണം എന്ന് മാത്രം പറഞ്ഞു കൊണ്ട് തൽക്കാലത്തേക്ക് വിട.

സാബ്ലു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നക്സലൈറ്റ് അനുഭാവി ആയി എന്നതിന്റെ പേരിൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട, ബുദ്ധ മതം സ്വീകരിച്ചു എന്ന കാരണം കൊണ്ട്, സ്വന്തം അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കാൻ ബന്ധുക്കളാൽ അനുവദിക്കപ്പെടാത്ത ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭൂതകാലത്തെ കുറിച്ച് അദ്ദേഹത്തെ അടുത്ത് അറിയുന്ന ബിജോയ് ചന്ദ്രനെ പോലുള്ളവർ ഫേസ്ബുക്കിൽ എഴുതിയത് വായിച്ചു.

എന്നിട്ടും അവശനിലയിലായ സ്വന്തം സഹോദരനെ ഏറ്റെടുക്കാൻ തയ്യാറാവുന്ന വിധം ആദർശ ഭാരം കവിയായത് കൊണ്ട് മാത്രം ബാലചന്ദ്രന് വേണം എന്നാണ് ചിലരുടെ വാദം.

അതേ ആദർശ ബാധ്യതയൊന്നും അദ്ദേഹത്തിന്റെ വീടുകാർക്ക് ഇല്ലാത്തത് കൊണ്ടാവും ചെറുപ്പകാലത്ത് വീട്ടിൽ നിന്നും പുറത്താക്കി കടത്തിണ്ണയിൽ അന്തിയുറങ്ങേണ്ടി വന്നതിന്റെ പേരിലോ അമ്മയുടെ മൃതദേഹം പോലും കാണുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയതിന്റെ പേരിലോ അദ്ദേഹത്തിന്റെ സഹോദരനും മറ്റു കുടുംബാംഗങ്ങളും വിചാരണ ചെയ്യപ്പെട്ടാത്തത്. ചിലർക്ക് മാത്രം പേറേണ്ടി വരുന്ന ആദർശാത്മകതയുടെ ഭാരം വിചിത്രം തന്നെ.

എൻ ബി: ബാലചന്ദ്രൻ ചുള്ളിക്കാട് സുഹൃത്തോ പരിചയക്കാരനോ അല്ല.ജീവിതത്തിൽ ഒരിക്കൽ പോലും അദ്ദേഹത്തോട് സംസാരിക്കുക പോലും ചെയ്തിട്ടില്ല.

Read More: എത്ര വിമർശിച്ചാലും കുഴപ്പമില്ല, അഗതി മന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കില്ല, എനിക്കതിന് എന്റേതായ കാരണങ്ങളുണ്ട്; ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിക്കുന്നു


Next Story

Related Stories