Top

ആ കോമഡി രക്ഷായാത്ര അത്ര കോമഡിയല്ല, സംഘപരിവാറിനെ സംബന്ധിച്ചെങ്കിലും

ആ കോമഡി രക്ഷായാത്ര അത്ര കോമഡിയല്ല, സംഘപരിവാറിനെ സംബന്ധിച്ചെങ്കിലും
ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: കോമഡി രക്ഷായാത്ര; ദയനീയമായ തമാശകളും ചിരിച്ചു കൂടാത്ത അപകടങ്ങളും

ഭാഗം-2

ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുതല്‍ യോഗി ആദിത്യ നാഥ്, മനോഹര്‍ പരീക്കര്‍ തുടങ്ങിയ പല വമ്പന്മാരും വമ്പത്തികളും വന്നുപോയിട്ടും കുമ്മനം നയിച്ച ജനരക്ഷാ യാത്ര കേരളത്തില്‍ പരമാവധി ഒരു കോമിക് ഇഫക്ടെ ഉണ്ടാക്കിയുള്ളു. അവര്‍ ചുവപ്പ്-ജിഹാദി ഭീകരതകള്‍ എന്നൊക്കെ വിളിച്ച് ആര്‍ക്കെതിരെ പൊതുജന വികാരം ഇളക്കിവിടാന്‍ ശ്രമിച്ചുവോ അവര്‍ക്ക് കൂടുതല്‍ അനുകൂലമായി ബിജെപിയുടെ ടാര്‍ജറ്റ്, അതായത് ഇവിടത്തെ  ഹിന്ദു സമുഹത്തിലെ മതേതര ഭൂരിപക്ഷം നിലകൊള്ളുകയായിരുന്നു എന്നും വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പക്ഷേ അതുകൊണ്ട് മാത്രം ചിരിച്ച് തള്ളാവുന്ന ഒരു തമാശയായി അവരുടെ യാത്ര മാറുന്നുണ്ടോ?

കേരളത്തില്‍ അത് വെറും ഒരു തമാശ മാത്രമായി അവസാനിച്ചു എന്നത് സത്യം. പക്ഷെ ഒരു സംശയം പിന്നെയും ബാക്കിയാവുന്നു. ഇത്തരം ഒരു ജാഥ നടത്തി ഇറക്കുമതി ചെയ്ത കുറേ നേതാക്കളെ കൊണ്ട് ഹിമാലയന്‍  മണ്ടത്തരങ്ങള്‍ വിളിച്ചുപറയിച്ച് കേരളം പിടിച്ചുകളയാം എന്ന് കരുതിയായിരുന്നുവോ അവര്‍ ഈ കണ്ട കോപ്രായങ്ങള്‍ ഒക്കെയും കാട്ടിക്കൂട്ടിയത്? സംശയമാണ്. കാരണം കേരളത്തെ കുറിച്ച് ഇവിടെ വന്ന നേതാക്കള്‍ക്ക് അറിയില്ല എങ്കില്‍ കുമ്മനം തൊട്ടുള്ള ഇവിടത്തെ നേതാക്കള്‍ അങ്ങനെയല്ലല്ലോ. ഇവിടെ വന്ന് കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ഗുജറാത്തും യുപിയുമൊക്കെയായി താരതമ്യം ചെയ്യുകയും കണ്ടുപഠിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്താല്‍ അത് തിരിഞ്ഞുകൊത്തും എന്ന് അവര്‍ക്കെങ്കിലും അറിയില്ലേ?

നമ്മള്‍ സംഘപരിവാര്‍ രാഷ്ട്രിയത്തെ, അതിന്റെ പ്രവര്‍ത്തന പദ്ധതികളെ വിലയിരുത്തുന്നത് നമ്മുടെ, കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തില്‍ നിന്നുമാണ്. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതും അവരുടെ ബുദ്ധിരാക്ഷസന്മാരും രാഷ്ട്രിയ തന്ത്രജ്ഞരും പിറവിയെടുക്കുന്നതും 'ഇന്ത്യന്‍' പശ്ചാത്തലത്തില്‍ നിന്നാണ്. ഇവ തമ്മില്‍ വലിയ ഒരു അന്തരമുണ്ട്. നമ്മള്‍ നിരന്തരം അഭിമാനിക്കുന്നതും, ഈ ജനരക്ഷായാത്ര വഴി പല ദേശീയ മാധ്യമങ്ങളും അംഗീകരിച്ചതുമായ നമ്മുടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മുതല്‍ ആ അന്തരം പ്രകടമാണ്. സ്വാഭാവികമായും ആ അന്തരം സാംസ്കാരിക, രാഷ്ട്രീയ അവബോധങ്ങളുടെ കാര്യത്തിലും പ്രസക്തമാകും. അത് മനസിലാക്കാതെ അവരുടെ ഈ സമാപിച്ച യാത്രയുടെ ലക്ഷ്യങ്ങള്‍ എന്താവാം എന്നതിനെയും കൃത്യമായി മനസിലാക്കാനാവില്ല എന്ന് തോന്നുന്നു.ബിജെപിക്ക് കേരളത്തോട് പറയാന്‍ എന്ത് രാഷ്ട്രിയമാണ് ഉള്ളത്? ഫ്യൂഡല്‍  യാഥാസ്ഥിതിക പുനരുദ്ധാരണ വാദത്തിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും, വലത്  കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്‍റെ നവ  ഉദാരവല്‍ക്കരണത്തില്‍ അധിഷ്ഠിതമായ വികസന സങ്കല്പവും ചേരുന്നതാണത്. ഇതില്‍ ഒന്നാം ഭാഗം കേരളത്തില്‍ പറയാന്‍ പറ്റിയ ഒന്നല്ല. ആ പരിപ്പ് ഇവിടെ വേവാന്‍ പ്രയാസമാണ്. രണ്ടാം ഭാഗമാകട്ടെ കോണ്‍ഗ്രസ് കാലാകാലങ്ങളായി പറഞ്ഞും അനുവര്‍ത്തിച്ചും കൊണ്ടിരിക്കുന്നതും. പിന്നെ ഒരു സാധ്യതയുള്ളത് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന വികസന സങ്കല്പത്തിന്റെ തന്നെ ഫലപ്രദവും അഴിമതിരഹിതവുമായ ഒരു പതിപ്പ്, അത്തരം ഒരു വികസന സങ്കല്‍പം മൂന്നര വര്‍ഷം മുമ്പ് നാഗരിക മധ്യവര്‍ഗത്തിനിടയില്‍ വിറ്റ്‌ പോയതുപോലെ ഇനി സാധ്യമല്ല; കേരളത്തില്‍ തീര്‍ത്തും സാധ്യമല്ല.

നമ്മുടെ രാഷ്ട്രീയ അധികാരത്തിന്റെ  ഭൂപടത്തില്‍ ഒരു എംഎല്‍എയും ഏതാനും പഞ്ചായത്ത് ഭരണവും മാത്രമായാണ് ബിജെപി ഇന്ന് അടയാളപ്പെടുന്നത്. എന്നിട്ടും ഉള്ളത് ഉപയോഗിച്ച് അവര്‍ നടത്താന്‍ ശ്രമിച്ച അഴിമതികള്‍ ഇന്ന് ഒരു രഹസ്യമല്ല. ആ നിലയ്ക്ക് അഴിമതി വിരുദ്ധര്‍ എന്ന ഇമേജും പോയി ഇനി  രാഷ്ട്രീയമായി നിലനില്‍ക്കാന്‍ എന്ത് വഴി എന്ന് ആലോചിക്കവേ ആണ് ഈ രക്ഷായാത്ര എന്ന ആശയം ഉയര്‍ന്നുവരുന്നത്. അതിനാവട്ടെ തികച്ചും തണുപ്പന്‍ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചതും. പക്ഷെ കൊട്ടിഘോഷിച്ച് ഇറക്കിയ ഒരു ജാഥ ഈ വിധം വാര്‍ത്തയില്‍ പോലും ഇടം പിടിക്കാതെ പോകുന്നത് അവരെ സംബന്ധിച്ചിടത്തോളം ഇരട്ട ആത്മഹത്യയാവും എന്ന സാഹചര്യത്തിലാണ് അവസാന നമ്പര്‍, ഇറക്കുമതി താരങ്ങളെ കൊണ്ട് പരമാവധി  പ്രകോപനപരമായി സംസാരിപ്പിക്കുക എന്നതിലേക്ക് അവര്‍ പോകുന്നത്. അതുപക്ഷേ വിജയിച്ചു. ഏതെങ്കിലുമൊക്കെ ചാനലുകളിലായി പല ദിവസം അന്തിച്ചര്‍ച്ചകളില്‍ ഇടം പിടിക്കാന്‍ ജാഥയ്ക്ക് കഴിഞ്ഞു. അതുകൊണ്ട് നമ്മുടെ അളവുകോല്‍ വച്ച് ജാഥ പരാജയപ്പെട്ടെങ്കില്‍ അവരുടെ അളവുകോല്‍ വച്ച് ഡാമേജ് ഒരു പരിധിവരെ നിയന്ത്രിക്കാനായി.

ഈ യാത്രയ്ക്ക് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. അത് പക്ഷെ കേരളത്തിലല്ല, പുറത്താണ്. മോദി സര്‍ക്കാരിന്റെ വികസന സങ്കല്പം, നോട്ട് നിരോധനം ഉള്‍പ്പെടെയുള്ളവ പുറത്ത് നിര്‍ത്തുകയും പരോക്ഷമായി "പോയി ചത്തൂടെ" എന്ന് തന്നെ ചോദിക്കുകയും ചെയ്ത ഒരു വന്‍ വിഭാഗം മനുഷ്യരുണ്ട്. അവര്‍ ഭൂരിഭാഗവും കേരളത്തിന് പുറത്താണ്. കേരളത്തില്‍ സിപിഎം, ബിജെപിയെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ്സിനെ തകര്‍ക്കാനും അതുവഴി അവരെ സഹായിക്കാനും ആണെന്നൊക്കെ വാദിച്ച് തലകുത്തിമറിയുന്ന കോണ്‍ഗ്രസ് പക്ഷേ, സിപിഎമ്മിന് അങ്ങനെ ഒരു ശക്തിയൊന്നും ഇല്ലാത്ത ഇത്തരം പ്രദേശങ്ങളിലേയ്ക്കും അവിടത്തെ പൊതുജന പ്രശ്നങ്ങളിലെയ്ക്കും പോലും ഫലപ്രദമായി കടന്നുവരാനോ പ്രതിഷേധങ്ങള്‍ക്കും ചെറുത്ത് നില്‍പ്പുകള്‍ക്കും നേതൃപരമായ പങ്കാളിത്തം വഹിക്കാനോ ശ്രമിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.രാജസ്ഥാന്‍ ഒരു സിപിഎം ശക്തികേന്ദ്രമോന്നുമല്ല. എന്നാല്‍ അവിടത്തെ കിസാന്‍ സഭ ഈ അടുത്തിടെ നേടിയ ഐതിഹാസിക സമര വിജയത്തിന് പിന്നില്‍ ഈ സിപിഎം അവരുടെ പരിമിതമായ വിഭവങ്ങളുമായി അണിചേര്‍ന്നിരുന്നു. കേരളത്തിലെ മുഖ്യധാരാ, സൈബര്‍ മിഡിയകള്‍ ഒരുമിച്ച് മുക്കിയ ഒരു പ്രക്ഷോഭത്തിന്റെ വിജയഗാഥയുടെ ഭാഗമായി ഈ ലേഖകന്‍ എഴുതിയ അഞ്ചാറു പേജുള്ള ലേഖനവും വെളിച്ചം കാണാതെ പോയി. (ചിലപ്പോള്‍ യാദൃശ്ചികമായി കാണാതെപോയാതാവാം, ആവാം. ആവശ്യപ്പെട്ടിട്ട് എഴുതിക്കൊടുത്ത ലേഖനമായിരുന്നില്ല അത്.)

ബിജെപിക്ക് നിലവില്‍ ഉള്ള ഭീഷണികള്‍ മൂന്നാണ്‌. ഒന്ന്, മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ബദല്‍. രണ്ട്, ഒരു മൂന്നാം മുന്നണി. മൂന്ന്, കോണ്‍ഗ്രസ്സും ബിജെപിയും ഒരുപോലെ പിന്തുടരുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ സാമൂഹ്യവും, രാഷ്ട്രീയവും, സാംസ്കാരികവുമായി അപ്രസക്തമാക്കുന്ന ഒരു വലിയ ജനവിഭാഗത്തെ സംഘടിപ്പിച്ചുകൊണ്ട് ഉയര്‍ന്നുവരാവുന്ന ഒരു രാഷ്ട്രീയ ഭീഷണി. ഇവയ്ക്ക് ഇടയിലാണ് അവരുടെ, അതായത് സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ പരിഗണനാ പട്ടിക രൂപപ്പെടുന്നത്. അതില്‍ കോണ്‍ഗ്രസ് തല്‍കാലം ഒരു ഭൌതിക ഭീഷണിയല്ല. പ്രാദേശിക സ്വത്വ രാഷ്ട്രീയ സംഘടനകളെ വച്ചുള്ള മൂന്നാം മുന്നണി പര്‍ചെയ്സബിള്‍ ആണ് എന്ന് ബിഹാറും തെളിയിച്ചു. പിന്നെ നിയന്ത്രണത്തിന് പുറത്ത് നില്‍ക്കുന്നത് നിലവില്‍ അത്ര വലുതല്ലെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ നിമിഷ നേരം കൊണ്ട് വലുതാകാവുന്ന ഒരു ഭീഷണിയാണ്. കാരണം അത്  മുന്നോട്ട് വയ്ക്കുന്നത് ഒരു ഭൌതിക പ്രശ്നത്തെയാണ്‌. അത് യഥാര്‍ത്ഥവും ദേശീയവുമാണ്. അതിനെ എങ്ങനെ നേരിടും എന്നതാണ് പ്രശ്നം.

കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വ ബന്ധിയായതോ, വികസന ബന്ധിയായതോ ആയ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ തകര്‍ക്കാന്‍ ബിജെപിക്ക് ഉപകരണങ്ങള്‍ തേടി അലയേണ്ട കാര്യമൊന്നുമില്ല. അത് സാമാന്യ ചരിത്രത്തില്‍ തന്നെ ലഭ്യമാണ്. സ്വത്വരാഷ്ട്രീയം വഴി രൂപപ്പെട്ടേക്കാവുന്ന മൂന്നാം മുന്നണിയെ തകര്‍ക്കാന്‍ അതില്‍ തന്നെയുള്ള ആന്തരിക വൈരുദ്ധ്യങ്ങളും അധികാരവും മതി. പിന്നെയുള്ളത് നിലവില്‍ അപ്രസക്തമെന്നു തോന്നുന്ന ഒരു സാധ്യതയാണ്. പക്ഷെ അതിനെ അങ്ങനെയങ്ങ് തള്ളാന്‍ പാടില്ല എന്ന രാഷ്ട്രീയ പാഠം അവര്‍ പഠിച്ചിട്ടുണ്ട് എന്ന് തന്നെ വേണം മനസിലാക്കാന്‍.മാര്‍ക്സിസത്തിനും അംബേദ്‌ക്കറിസത്തിനും ഇടയില്‍ ഒരു പാലം എന്ന ആശയം സമീപകാലത്ത് മുമ്പോട്ട്‌ വച്ചത് ഒരുകാലത്ത് ബിജെപിയില്‍ പോലും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സാക്ഷാല്‍ കാഞ്ച എലയ്യയാണ്. പിന്നോക്ക അവസ്ഥയ്ക്ക് വര്‍ഗ്ഗപരമായ ഒരു ഉള്ളടക്കവും ഉണ്ട് എന്ന് പറഞ്ഞത് ജിഗ്നേഷ് മേവാനിയും. ഈ വിഷയങ്ങളില്‍ കേരളത്തില്‍ പോലും വ്യാപകമായി  അന്തിച്ചര്‍ച്ചകള്‍ നടന്ന ഒരു കാലം  ഓര്‍മ്മയില്‍ ഇല്ല. ഇപ്പോള്‍ ഈ പേരുകളും കേള്‍ക്കാനില്ല. താജ്മഹല്‍ തേജോമഹല്‍ ആണെന്നുള്ള അവകാശവാദവും അതിന്റെ വലിച്ചു നീട്ടലായ അറബിക്കടല്‍ മണ്ണിട്ട് മൂടേണ്ടിവരുമോ എന്ന പരിഹാസവും ഒക്കെ ഫലത്തില്‍ തമസ്കരിക്കുന്നത് മേല്പറഞ്ഞ സാദ്ധ്യതയെ, അതിനെ ചര്‍ച്ചാ വിഷയമാക്കുന്ന ഒരു സാംസ്കാരിക അന്തരീക്ഷത്തെയാണ്. അത്, അതായത് മാര്‍ക്സിസവും അംബേദ്‌ക്കറിസവും തമ്മില്‍ ഒരു പാലം നിര്‍മ്മിക്കപ്പെട്ടാല്‍ പിന്നെ സംഘപരിവാരത്തിന്റെ അധികാര മോഹങ്ങള്‍ എന്നെന്നേക്കുമായി അസ്തമിക്കും. അതുകൊണ്ടാണ് ആകെ രണ്ട് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ അവര്‍ ദേശീയ ശത്രുവായി കാണുന്നത്.

ഒരു യാത്രയും അതില്‍ വിളിച്ച് പറയപ്പെട്ട മണ്ടത്തരങ്ങളും അതിനെ പിന്തുടരുന്ന ചര്‍ച്ചകളും മറ്റൊരു വലിയ വിഷയത്തെ പിന്‍നിരയിലേയ്ക്ക് തള്ളി. ഇവിടെയാണ് കോമഡി രക്ഷാ യാത്രയുടെ രാഷ്ട്രീയ പ്രസക്തി. അത് ഉണ്ടാക്കിവച്ച ചര്‍ച്ചകള്‍ അല്ല അതിന്റെ വിജയം, അത് ഒഴിവാക്കിയ ചര്‍ച്ചകളാണ്. എ ഷിഫ്റ്റ്‌ ഓഫ് ഫോക്കസ്. അങ്ങനെ അധികാരം ഉപയോഗിച്ച് അവര്‍ സൌകര്യപൂര്‍വം മാറ്റി പ്രതിഷ്ടിക്കുന്ന, ഒരര്‍ത്ഥത്തില്‍ അവര്‍ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് നിര്‍ണ്ണയിക്കുകയും മാറ്റി സ്ഥാപിക്കുകയും ചെയ്യുന്ന സാംസ്കാരിക ആഖ്യാനങ്ങളുടെ കേന്ദ്രം തന്നെയാണ് ജന രക്ഷായാത്ര എന്ന തമാശയുടെ, ചിരിച്ച് തള്ളാന്‍ പാടില്ലാത്ത  ഉള്ളടക്കവും.

(തുടരും )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories