TopTop
Begin typing your search above and press return to search.

കോമഡി രക്ഷായാത്ര; ദയനീയമായ തമാശകളും ചിരിച്ചു കൂടാത്ത അപകടങ്ങളും

കോമഡി രക്ഷായാത്ര; ദയനീയമായ തമാശകളും ചിരിച്ചു കൂടാത്ത അപകടങ്ങളും

ജനരക്ഷായാത്ര തിരുവനന്തപുരത്ത് സമാപിച്ചു. അതിനെ പല ഘട്ടങ്ങളിലായി അനുഗമിച്ച ബിജെപിയുടെ ദേശീയ നേതാക്കളും നാഷണല്‍ മീഡിയ പ്രതിനിധികളും തിരിച്ച് തീവണ്ടിയോ, വിമാനമോ ഒക്കെ പിടിച്ച് കാണും എന്ന് കരുതുന്നു. അങ്ങനെ വെടിയും പുകയുമൊക്കെ തെല്ലൊന്ന് അടങ്ങവേ, ഇത് കഴിഞ്ഞ കുറേ നാളായി കണ്ടുനിന്ന മലയാളികള്‍ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്? "ഇതെന്തിനായിരുന്നിഷ്ടാ ഈ ജനരക്ഷായാത്ര"?

ബിജെപിക്ക് തീര്‍ച്ചയായും ഇതിന് റെഡിമെയ്ഡ് ഉത്തരമുണ്ട്. ചുവപ്പ്, ജിഹാദി ഭീകരതകളില്‍ നിന്നും കേരളത്തെ രക്ഷിക്കാനായിരുന്നു ഈ യാത്ര. പക്ഷേ താഴേക്കിടയിലെ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാധാരണ കേരളീയരെ അത്, ആ ചുവപ്പ് - ജിഹാദി ഭീകരത ബോധ്യപ്പെടുത്താന്‍ ഇക്കണ്ട ദൂരമോക്കെ നടന്നിട്ടും യാത്രയ്ക്കും അതിലെ പ്രാദേശിക, ദേശീയ നേതൃനിരയുടെ വാക്പയറ്റുകകള്‍ക്കും കഴിഞ്ഞില്ല എന്നതാണ് വാസ്തവം. സംഗതി ഏറ്റില്ല എന്ന് മാത്രമല്ല വാവിട്ട വാക്കുകള്‍ പലപ്പോഴും ബൂമറാങ്ങ് പോലെ തിരിച്ച് വന്ന് കൊള്ളൂകയും ചെയതു.

പക്ഷെ അപ്പോഴും നമ്മള്‍ മറന്നുകൂടാത്ത ഒന്നുണ്ട്. അത് നമ്മള്‍ ഈ കണ്ട യാത്രയ്ക്ക് രണ്ട് പാതികള്‍ ഉണ്ട് എന്നതാണ്. ഒരുപാതി മുഴുവന്‍ കോമഡി ആണെങ്കില്‍ മറുഭാഗത്ത് ചിരിയില്ലെന്ന് മാത്രമല്ല, അത് ഇന്ത്യയില്‍ അവശേഷിക്കുമോ എന്ന സംശയവും ഉണ്ടാക്കുന്നു. രണ്ടുള്ള നിലയില്‍ ആദ്യം അതില്‍ ഇത്തിരി സുഖവും വിനോദവും ഉള്ള ഇടത്തുനിന്ന് തുടങ്ങാം.

കോമഡി രക്ഷായാത്ര

സകല വിനോദ ചാനലുകളിലും ഉള്ളതും ഒന്നിലും കാഴ്ചക്കാര്‍ക്ക് ക്ഷാമമില്ലാത്തതുമായ ഒരു മിനിമം ഗ്യാരന്റി എന്റര്‍ടെയ്ന്‍മെന്റ്റ് പ്രോഗ്രാമായിരുന്നു കോമഡി റിയാലിറ്റി ഷോകള്‍. ഓരോ ദിവസവും ഏതാനും ടീമുകള്‍ തങ്ങളുടെ തമാശകള്‍ അവതരിപ്പിക്കും. അതുകഴിഞ്ഞ് വിദഗ്ദ്ധര്‍ പ്രകടനം വിലയിരുത്തി മാര്‍ക്കിടും. പിന്നെ എല്ലാവരും ചേര്‍ന്ന് ഒരു പാട്ടും പാടി ചുവടുവച്ച് തീരും അന്നത്തെ എപ്പിസോഡ്. ചുമ്മാ നേരമ്പോക്ക് എന്നല്ലാതെ ഒന്നുമില്ലാത്ത കുറച്ചു നേരം. അതില്‍ കുടുതല്‍ ആരും അതില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നതിനാല്‍ പരിപാടി കഴിഞ്ഞാല്‍ പിന്നെ അത്താഴം കഴിച്ച് കിടക്കുകയല്ലാതെ ഒന്നും ബാക്കിയില്ല.

എല്ലാവരും തമാശ പ്രിയരാണ്. പക്ഷെ തമാശകള്‍ പലപ്പോഴും സാന്ദര്‍ഭികമായി വീണുകിട്ടുന്നവയും. അത് ഒരു വ്യക്തിയുടെ നിര്‍മ്മിതിയാവാം. വ്യക്തിയോ വ്യക്തികളോ കടന്നുപോകുന്ന അനുഭവം പിന്നീട് ഒരു തമാശ കഥയാകുന്നതാവാം. എന്തായാലും ദിവസേനെ പുത്തന്‍ കോമഡി എന്നത് പണ്ടൊന്നും ആള്‍ക്കാര്‍ ആഗ്രഹിക്കാറുപോലുമില്ലായിരുന്നു എന്നാണ് തോന്നുന്നത്. അതിനാലാണ് അവര്‍ കിട്ടിയവയെ ഓര്‍ത്തുവയ്ക്കുന്നതും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നതും. എന്നാല്‍ കോമഡി റിയാലിറ്റി ഷോകളുടെ വരവോടെ കളി മാറി. ദിവസവും ചുരുങ്ങിയത് രണ്ട് കോമഡിയെങ്കിലും കേള്‍ക്കാതെ ഉറങ്ങാന്‍ പറ്റില്ല എന്ന നിലയുള്ള മനുഷ്യര്‍ ഉണ്ടായി.

അതൊക്കെ ഓകെ. പക്ഷേ സമാന്തരമായി മറ്റു ചിലത് കൂടി സംഭവിച്ചു. തമാശകള്‍ ഉണ്ടാക്കി അവതരിപ്പിക്കുന്നത് ഒരുപറ്റം മനുഷ്യരുടെ തൊഴിലായി മാറി. കോമഡി ഒരു വ്യവസായമായി മാറി എന്ന് പറയാം. അതിലും പരാതിപ്പെടാന്‍ ഒന്നുമില്ല. പക്ഷെ ഒരു ജോലി എന്ന നിലയ്ക്ക് മനുഷ്യര്‍ നിത്യേനെ തമാശ ഉണ്ടാക്കുമ്പോള്‍ അതില്‍ ഓരോന്നിലും പുതുമ വേണം, നിലവാരം വേണം എന്നൊന്നും നിര്‍ബന്ധം പിടിച്ചിട്ട് കാര്യവുമില്ല. ഇത് മലയാളി കോമഡി ഇന്‍ഡസ്ട്രിയും കോമഡി ആരാധകരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയായി നിലനില്‍ക്കെയാണ് ജനരക്ഷായാത്ര വരുന്നത്. അന്നുതൊട്ട് അത് അവസാനിച്ച ദിവസം വരെ കോമഡി ആരാധകരുടെ കേരളം മേല്‍പ്പറഞ്ഞ പ്രതിസന്ധിയെ കുറിച്ച് ഓര്‍ത്തിട്ടേ ഇല്ല. അതായത് ചുവപ്പ്- ജിഹാദി ഭീകരതയില്‍നിന്ന് രക്ഷിക്കാന്‍ എന്ന മുദ്രാവാക്യം, കോമഡി വ്യവസായത്തിലെ പ്രതിസന്ധിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ജനരക്ഷായാത്ര എന്നാക്കിയിരുന്നുവെങ്കില്‍ സംഗതി എരമ്പിയേനെ, അതായത് കോമഡി രക്ഷായാത്ര...

ദേശീയമാനമാര്‍ജ്ജിച്ച നമ്പരുകള്‍

ജനകീയ പങ്കാളിത്തത്തെ കുറിച്ച് ചാനലുകള്‍ എന്തൊക്കെ കുന്നായ്മ പറഞ്ഞാലും പുതുമ കൊണ്ടും നിലവാരം കൊണ്ടും ശ്രദ്ധ നേടിയ ഒരു ഹാസ്യ പരിപാടി തന്നെയായിരുന്നു യാത്ര എന്ന് മാത്രമല്ല, അതിന്റെ വ്യാപ്തി അങ്ങ് ദേശീയതലം വരെ പോവുകയും ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ, പൊതുജനാരോഗ്യ രംഗങ്ങള്‍ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളെ കണ്ടുപഠിക്കണം തുടങ്ങിയ തമാശകള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടെ വൈറലാവുകയും ചെയ്തു. നാഷണല്‍ മീഡിയ തന്നെ വണ്‍ ടു വണ്‍ ലൈവ് താരതമ്യങ്ങള്‍ നല്‍കി അത് നാടാകെ കൊഴുപ്പിച്ചു.

മൌലികമായ ഒരു കോമഡിയെങ്കിലും ഇല്ലാതെ ഒരു ദിവസം കഴിയാത്ത അത്ര വൈബ്രന്‍റ് ആയ, തമാശകള്‍ ഓര്‍ത്തുവച്ച് പറയാന്‍ പോലും കഴിയാത്തത്ര ധാരാളിത്തമാര്‍ന്ന എന്റര്‍ടെയ്ന്‍മെന്റിന്റെ കുറേ ദിവസങ്ങള്‍. അതിനിടയില്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന ചിലത്‌ പറഞ്ഞാല്‍ ഒന്ന്, സമാധാനത്തിനായുള്ള യാത്രയില്‍, ഞങ്ങളെ ആരെങ്കിലും എതിര്‍ത്താല്‍ അവരുടെ കണ്ണ് ചൂഴ്ന്നെടുക്കാനും മടിക്കില്ല എന്ന ആ തമാശ. മൌനജാഥ സിന്ദാബാദ് എന്ന ആ ഹിലാരിയന്‍ കോമഡിക്ക് ശേഷം മലയാളിയെ ഇങ്ങനെ കിടത്തി, ഉരുട്ടി ചിരിപ്പിച്ച ഒന്ന് വേറെ ഉണ്ടാകില്ല.

മറ്റൊന്ന് കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് ബിജെപിയെ പ്രതിനിധീകരിച്ച് ഒരു സംസ്ഥാനം ഭരിക്കുന്ന കക്ഷി ഇവിടെ വന്ന് പറഞ്ഞതാണ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ ആവശ്യമായ സുരക്ഷ ഒരുക്കാന്‍ കഴിയാതെ അദ്ദേഹത്തെ തിരിച്ചയച്ച, ബിജെപി എന്ന ആ സംസ്ഥാനത്തിലെ ഭരണ കക്ഷിയിലെ ഒരു അംഗവും പ്രതിനിധിയുമാണ് ഇവിടെ സുരക്ഷിതമായി നിന്ന് ഇത് വിളിച്ച് പറയുന്നത് എന്നോര്‍ക്കണം. ഇത്തരം തമാശകള്‍ മൌലികമായ നമ്പരുകളാണ്, ഇന്‍ഡസ്ട്രിയില്‍ ഇവര്‍ക്ക് മാത്രം പറ്റുന്നത് എന്ന് നിസംശയം പറയാവുന്നവ.

ഒത്തുകളി അഥവാ ഒരുഗ്രന്‍ കോമഡി

ഇങ്ങനെ കടുത്ത മത്സരം നേരിടുമ്പോള്‍ പ്രതിയോഗികളുടെ നിലവാരവും താനേ ഉയര്‍ന്നുപോകും. ആ നിലയ്ക്ക് സാധാരണയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രകടനം കോണ്‍ഗ്രസില്‍ നിന്നും പുറത്തെടുക്കാനും കോമഡി രക്ഷായാത്രയ്ക്ക് കഴിഞ്ഞു എന്നത് ഒരു സത്യമാണ്. അതിന്റെ ഭാഗമായാണ് അവര്‍ ഇറക്കിയ ഒത്തുകളി കോമഡി നമ്പര്‍.

ആര്‍എസ്എസ്, സിപിഎമ്മുമായി ഏറ്റുമുട്ടുന്നു, അന്യോന്യം കൊല്ലുന്നു; അങ്ങനെ ബിജെപി ഫാഷിസത്തെ നേരിടുന്ന മുഖ്യപ്രതിയോഗി സിപിഎം ആണെന്ന പ്രതീതി ജനിപ്പിക്കുന്നു. അത് കോണ്‍ഗ്രസിനെ തകര്‍ക്കാനാണ്. അഹിംസാവാദികളായ കോണ്‍ഗ്രസുകാരെ കൊല്ലുക പോട്ടെ, വാക്കാലേ ഒന്ന് തല്ലുക പോലും ചെയ്യാതെ അവഗണിച്ച് ബിജെപി-സിപിഎമ്മുമായി പ്രവര്‍ത്തകരെ കൊന്ന്, പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ച്, പാര്‍ട്ടി ആസ്ഥാനത്തേക്ക് നിത്യേനെ ജാഥ നയിച്ച് സഹകരിക്കുകയാണ്. ഇത് ഒത്തുകളി അല്ലെങ്കില്‍ എന്തുകൊണ്ട് അവരുടെ പ്രവര്‍ത്തകരെ കൊല്ലുന്നില്ല എന്നതാണ് ഒത്തുകളി തമാശ.

കൊലപാതകമോക്കെ ഒരുകാരണവുമില്ലാതെയും ആള്‍ക്കാര്‍ ചെയ്യും എന്നത് ചില സിനിമകള്‍ വഴിയെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു അടിമ ക്യാമ്പിലെ പട്ടാള മേധാവി, കാലത്ത് വെറുതെ ഒരു വിനോദത്തിനായി മുമ്പില്‍ കാണുന്ന കുറെ മനുഷ്യരെ വെടിവച്ച് കൊല്ലുന്നു. പ്രത്യക്ഷത്തില്‍ ഒരു കാരണമില്ലെങ്കിലും ഈ പ്രവര്‍ത്തിക്ക് പോലും ഒരു പരോക്ഷ കാരണമുണ്ട്. അത് ഒരു പൊട്ടന്‍ഷ്യല്‍ റിബെല്യനാണ്. അതുപോലും ഇല്ല എന്ന് ഉറപ്പുള്ള അടിമകളെ കൊല്ലാനായി ആരും വെടിയുണ്ട വേസ്റ്റാക്കില്ലല്ലോ. അപ്പോള്‍ ആ നിലയ്ക്ക് നാം ഇതുവരെ ചര്‍ച്ച ചെയ്ത് വന്ന തമാശകളെ പോലെ രേഖീയമല്ലാത്തതും ആഴമുള്ളതും റെഫറന്‍സ് വേണ്ടിവരുന്നതുമായ ഒരു അത്യുഗ്രന്‍ തമാശയാണ് കോണ്‍ഗ്രസ് ഇറക്കിയത് എന്നതില്‍ സംശയമില്ലല്ലോ.

ഒടുക്കം ചില അവതാരക താരങ്ങളും...

ഇനി ചില ചാനല്‍ അവതാരക തമാശകള്‍ കുടി പറയാം. പൊതുവില്‍ ചാനലുകള്‍ ഇടപെടാന്‍ മടിക്കുകയും പോണ വഴി പോട്ടെന്ന് വയ്ക്കുകയും ചെയ്ത ഒന്നായിരുന്നു ഈ കോമഡി രക്ഷായാത്ര എങ്കിലും ആദ്യ കാലത്ത് ചില ശ്രമങ്ങള്‍ അവര്‍ നടത്താതിരുന്നില്ല. അതില്‍ ഏറ്റവും ശ്രദ്ധേയമായി എനിക്ക് തോന്നിയത് മാതൃഭൂമി ചാനലിലെ വാര്‍ത്താ അവതാരകന്‍ വേണുവിന്‍റെ നമ്പരാണ്.

അമിത് ഷായെ വരവേല്‍ക്കാന്‍ സര്‍ക്കാര്‍, വഴിയിലെ കുഴി നികത്തുന്നു, അടച്ച റോഡ്‌ തുറക്കുന്നു, സ്കുളിന് അവധി കൊടുക്കുന്നു, ഇതെല്ലാം ഇവര്‍ തമ്മിലുള്ള ഒത്തുകളിയല്ലേ, അല്ലെങ്കില്‍ പിന്നെ ജയരാജന്റെ മറ്റേ കയ്യും എടുക്കും എന്നുപറഞ്ഞ് പുള്ളിക്ക് ഇത്ര മൈലേജ് കൊടുക്കുന്നതെന്തിനാ? അപ്പൊ എല്ലാം കോണ്‍ഗ്രസിനെ ഒതുക്കാനുള്ള ഒത്തുകളിയാണ് എന്ന് തന്നെ; കോണ്‍ഗ്രസിന്റെ പ്രധാന കോമഡി ത്രെഡ്.

ബിജെപി പ്രതിനിധി എം.റ്റി രമേഷ് പറയുന്നു, അന്യ സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍ ഒക്കെ പങ്കെടുത്ത ചടങ്ങിനിടയില്‍ ഇടയ്ക്ക് കറണ്ട് പോയി, മറ്റെന്തോക്കെയോ തടസ്സങ്ങളുണ്ടായി. ഇതൊക്കെ ന്യായമോ? ദേശിയ രാഷ്ട്രിയത്തിലെ പ്രമുഖരും അന്യസംസ്ഥാന ഭരണത്തലവരും ഒക്കെ പങ്കെടുക്കുന്ന ചടങ്ങിലാണ് ഇതൊക്കെ. എന്തൊരു അന്യായവും തെമ്മാടിത്തവുമാണിതൊക്കെ എന്ന്. സ്ക്രീനിലെ വലത്തെ പകുതിയില്‍ ഇത് കാണുമ്പോള്‍ ഇടത്തെ പകുതിയില്‍ മധ്യപ്രദേശില്‍ സുരക്ഷ ഒരുക്കാനാവില്ല എന്ന് ആ സംസ്ഥാനത്തിന്റെ സുരക്ഷാ ഉപകരണം, പോലീസ് പറഞ്ഞ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍റെ മടക്കയാത്ര ജനം ഓര്‍മ്മയില്‍ കാണുന്നു.

ഇതിനിടയില്‍ മാതൃഭൂമിയുടെ വേണു പ്രകടിപ്പിക്കുന്നത് ഒരു ജാഥ നടക്കുമ്പോള്‍ ജനം കടയും വീടും അടച്ച് വീട്ടില്‍ ഇരിക്കുന്നത് എന്തൊരു ജനാധിപത്യ ലംഘനമാണ് എന്ന ധാര്‍മ്മിക രോഷമാണ്‌. എന്തൊരു ടൈമിംഗ് ആണ് ഈ കൌണ്ടറിന് എന്ന് ഓര്‍ക്കൂ. രാഷ്ട്രീയ എതിരാളികള്‍ നയിക്കുന്നതായാലും ദേശീയ നേതാക്കളും കേന്ദ്രമന്ത്രി, അന്യസംസ്ഥാന മുഖ്യമന്ത്രിയാദികളും നടക്കാന്‍ പോവുകയാണെന്ന് കണ്ട്, അത്തരം ഒരു ജാഥ നടക്കുമ്പോള്‍ അതുപ്രമാണിച്ച് റോഡിലെ കുഴി നികത്തി, പണിക്കായോ മറ്റു കാരണങ്ങള്‍ കൊണ്ടോ അടച്ചിട്ട റോഡുകള്‍ ഉള്‍പ്പെടെ തുറന്നുകൊടുത്ത, എന്ത് പ്രകോപനമുണ്ടായാലും ജാഥ സമാധാനപരമായി കടന്നുപോകണം എന്ന് തീരുമാനിച്ച സര്‍ക്കാര്‍, അതിന് പ്രതിബന്ധം ഉണ്ടാക്കരുത് എന്ന് അണികളോട് ചട്ടം കെട്ടിയ പാര്‍ട്ടി, രാഷ്ട്രീയ മര്യാദയുടെ പേരിലായാലും മന:പൂര്‍വ്വം നടത്തുന്ന പ്രകോപനങ്ങള്‍ കേട്ട്‌ നില്‍ക്കണ്ട എന്ന് തീരുമാനിച്ച് കടയും വീടും അടച്ച് വീട്ടില്‍ ഇരിക്കുന്ന ജനം.

അത് എന്തൊക്കെയായാലും ഇങ്ങനെ ഒരു ജാഥ നടക്കുമ്പോള്‍ അതിനോട് മുഖം തിരിക്കുന്നതോ, നിസ്സഹാരിക്കുന്നതോ ജനാധിപത്യമല്ല എന്നാണ് വേണുവിന്‍റെ മാരക നമ്പര്‍. അതായത് ജനം അവര്‍ക്ക് രാഷ്ട്രീയ വിയോജിപ്പുള്ളവയെ പോലും സഹകരണത്തിലൂടെ വിജയിപ്പിക്കണം പോലും; അതാണ്‌ ജനാധിപത്യം.

ഇതിലും വലിയ ഒരു തമാശ നാലര പതിറ്റാണ്ടായി 'ഒരു കാര്യവുമില്ലാതെ' തുടരുന്ന ഈ ജീവിതത്തില്‍ ഞാന്‍ കേട്ടിട്ടില്ല. ഒരുപക്ഷെ അതിന്റെ പ്രസക്തി പോലും ഇതൊക്കെ കേള്‍ക്കാന്‍ കഴിയുക എന്നതാവാം.

എന്തായാലും ഈ കോമഡി രക്ഷായാത്ര സമാപിക്കുമ്പോള്‍ കാണുന്ന ഒരു കാര്യം മാര്‍ക്കിടേണ്ട ജഡ്ജിമാര്‍ കേസേ എടുക്കുന്നില്ല എന്നതാണ്. പക്ഷെ അതുകൊണ്ടൊന്നും ആ ഹാസ്യാനുഭവം ഒടുങ്ങുന്നുമില്ല. ഏറ്റവും ഒടുവില്‍ കേട്ട, താജ്മഹല്‍ അടിമത്തത്തിന്റെ സൃഷ്ടിയാണെന്ന തമാശ മുതല്‍ കുമ്മനം നയിച്ച കോമഡി രക്ഷായാത്രയുടെ ചരിത്രത്തിന്റെ രണ്ടാം ഭാഗം ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളു എന്ന് തോന്നുന്നു.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories