Top

കൈവെട്ട് ന്യായീകരണക്കാരോട്; പ്രവാചകനിന്ദ ആരോപിക്കും മുമ്പ് ഹദീസുകളും ഖുറാനും വായിക്കാവുന്നതാണ്

കൈവെട്ട് ന്യായീകരണക്കാരോട്; പ്രവാചകനിന്ദ ആരോപിക്കും മുമ്പ് ഹദീസുകളും ഖുറാനും വായിക്കാവുന്നതാണ്
ഇടയ്ക്കിടെ ചർച്ചയാവുന്ന ഒന്നാണ് 'പ്രവാചകനിന്ദ'യും 'മതനിന്ദ'യും. കേരളത്തിൽ ഇതേറ്റവുമധികം ചർച്ച ചെയ്യപ്പെടാൻ കാരണം എസ് ഡി പി ഐ ക്കാർ നടത്തിയ കൈവെട്ട് കേസും അതിനനുകൂലമായോ ന്യായീകരിക്കുന്ന രീതിയിലോ പല പ്രവർത്തകരും നടത്തിയ പ്രതികരണങ്ങളുമാണ്. പ്രവാചക നിന്ദ ചർച്ച ബാക്കിയാക്കാറുള്ളത് ഈ വിഷയത്തിൽ സമുദായത്തിനകത്തുള്ള സംശയങ്ങളും വ്യാപകമായ തെറ്റിദ്ധാരണകളുമാണ്. നിയമം കയ്യിലെടുക്കുന്നതിനെ എതിർക്കുന്നവർക്ക് പോലും ഈ വിഷയത്തിൽ കൃത്യതയില്ലാത്തതും ഖുർആനും പ്രവാചക ജീവിതവും മുന്നോട്ട് വെക്കുന്ന സഹിഷ്ണുതാ സങ്കൽപ്പങ്ങൾക്ക് വിരുദ്ധവുമാണെന്ന് കാണാം.

ഏറെ വിവാദമായ മഅ്ദനിയുടെ പുനലൂർ പ്രസംഗം ഒരുദാഹരണം. അതിൽ സ്വന്തം പിതാവിന്റെ തലയറുത്തതായി മഅ്ദനി പരാമർശിക്കുന്ന അബൂ ഉബൈദയുടെ സംഭവമാണ് പലപ്പോഴും പ്രവാചകനിന്ദയുടെ പേരിലുള്ള അക്രമത്തെ ന്യായീകരിക്കാനായി ഉദ്ധരിക്കപ്പെടാറുള്ളത്. ആ നിലയ്ക്ക് അബൂ ഉബൈൈദയുടെ ചരിത്രം സൂക്ഷ്മ പരിശോധന അർഹിക്കുന്നു. അബൂ ഉബൈദ, നബിയുടെ ഏറ്റവും അടുത്ത ഒരു അനുചരനായിരുന്നു. അന്നത്തെ മക്കൻ സമൂഹത്തിലെ ഏതളവുകോലെടുത്താലും ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന ആളായിരുന്നു അബൂ ഉബൈദ. ഖുറൈശി ഗോത്രത്തിലെ ബനൂ അൽ-ഹാരിത് ബിനു ഫിഹ്ർ കുടുംബത്തിൽ കച്ചവട പ്രമുഖനായിരുന്ന അബ്ദുല്ലാഹ് ഇബ്നു അൽ ജറയുടെ മകനായി ജനിച്ച അദ്ദേഹം പോരാളി വീരനായും മികച്ച സ്വഭാവഗുണങ്ങൾക്കുടമയായും അറിയപ്പെട്ടു. നബി ഇസ്ലാമിക പ്രചാരണം ആരംഭിച്ച ഉടൻ തന്നെ ഇസ്ലാം സ്വീകരിച്ച വിരലിലെണ്ണാവുന്നവരിൽ അബു ഉബൈദയും ഉൾപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തിൽ തന്നെ ഇസ്ലാം സ്വീകരിച്ചത്, കുടുംബ പശ്ചാത്തലം, സ്വഭാവ ഗുണങ്ങൾ, നബിയുമായുള്ള അടുത്ത ബന്ധം, മികവുറ്റ പോരാട്ട വീര്യം എന്നീ ഘടകങ്ങളെല്ലാം തന്നെ അബു ഉബൈദയെ മുസ്ലിം പക്ഷത്തെ പ്രമുഖ നേതാവാക്കി മാറ്റി. പക്ഷേ കുടുംബത്തിൽ ബാക്കിയുള്ളവരെല്ലാം മറുപക്ഷത്ത് തന്നെയായിരുന്നു. മക്കയിൽ സമാധാനപരമായ മത പ്രചാരണത്തിന് കടുത്ത ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ ആദ്യം അബ്സീനിയ (എത്യോപ്യ) യിലേക്കും പിന്നീട് മദീനയിലേക്കും പലായനം ചെയ്ത കൂട്ടത്തിൽ അബൂ ഉബൈദയും ഉണ്ടായിരുന്നു.

മദീനയിലേക്കുള്ള പാലായനം ഏഡി 622 ൽ ആയിരുന്നെങ്കിൽ ഒന്നാമത്തെ യുദ്ധമായ ബദർ യുദ്ധം 624 ൽ ആയിരുന്നു. സ്വാഭാവികമായും അബൂ ഉബൈദയും യുദ്ധത്തിൽ പങ്കെടുത്തു, മുൻ നിരയിൽ നിന്ന് തന്നെ. യുദ്ധത്തിൽ അബൂ ഉബൈദയുടെ എതിർ പക്ഷത്താായിരുന്നു പിതാവ്. ഈ സമയം അബൂ ഉബൈദയെ പരമാവധി പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് സ്വന്തം പിതാവ് അബ്ദുള്ളാ ബിനു അൽജറ് തന്നെയാണ്. നബിക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തുക കൂടി ചെയ്യുന്നുണ്ട്. എന്നാൽ നബിയുടെ നിർദേശപ്രകാരം പിതാവുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഉബൈദ പരമാവധി ശ്രമിച്ചെങ്കിലും അബ്ദുള്ള വിട്ടു കൊടുക്കുന്നില്ല, വഴി മുടക്കി പോരാട്ടത്തിനായി നിൽക്കുന്നു. അങ്ങനെ പിതാവുമായി ഏറ്റുമുട്ടുകയും തല അറുത്ത് നബിയുടെ മുന്നിൽ ഹാജരാക്കുകയും ചെയ്തതായാണ് 'ചരിത്രം' എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നത്. സ്വന്തം പിതാവായാൽ പോലും പ്രവാചകനിന്ദക്കുള്ള കടുത്ത ശിക്ഷയിൽ നിന്നും ഒഴിവാക്കരുതെന്ന വ്യാഖ്യാനവും നൽകുന്നു. ഈ സംഭവത്തെ സൂചിപ്പിച്ചാണ് 'മുജാദില' എന്ന അധ്യായത്തിലെ 22 -മത്തെ സൂക്തം എന്നും ഇതേ വാദത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു. മുഹമ്മദ് അസദിന്റെ പരിഭാഷയിൽ നിന്നും,

"Thou canst not find people who [truly) believe in God and the Last Day and [at the same time) love anyone who contends against God and His Apostle - even though they be their fathers, or their sons, or their brothers, or [others of] their kindred.(As for the true believers,] it is they in whose hearts He has inscribed faith, and whom He has strengthened with inspiration from Himself,30 and whom [in time] He will admit into gardens through which running waters flow, therein to abide. Well-pleased is God with them, and well- pleased are they with Him. They are God's partisans: oh, verily, it is they, the partisans of God, who shall attain to a happy state!"
ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ മലയാളം പരിഭാഷയിൽ നിന്നും: "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര് സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി, അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍ നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ പ്രബലരാക്കുകയും ചെയ്തിരിക്കുന്നു. അവന് അവരെ താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിനെ സംബന്ധിച്ച് അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍.
"

http://www.azhimukham.com/tj-joseph-hand-chopping-case-human-rights-muslim-extremists-ribin-kareem/

എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഈ സൂക്തത്തിലെവിടെയും അബൂ ഉബൈദയെയോ നടേ പറഞ്ഞ സംഭവത്തെയോ പരാമർശിക്കുന്നില്ല എന്ന് വ്യക്തം. മാത്രമല്ല, പ്രവാചക'നിന്ദ'യ്ക്ക് ഏതെങ്കിലും രീതിയിലുള്ള ശിക്ഷ വേണമെന്നോ അങ്ങനെയുള്ള ആളുകളുമായി ശത്രുതാ നടപടികൾ പിന്തുടരണമെന്നോ സൂചനയില്ല. മുഹമ്മദ് അസദ് തന്നെ ഈ സൂക്തത്തിന് നൽകുന്ന വിശദീകരണം പ്രസക്തമാണ്. അസദിന്റെ വാക്കുകളിൽ, ഇവിടെ പ്രാവര്‍ത്തിക വാക്യം (operative phrase)
"അല്ലാഹുവിനും അവന്റെ ദൂതനും എതിരായി ആരെങ്കിലും പോരടിക്കുന്നെങ്കിൽ"
, അതായത് അല്ലാഹുവിന്റെ സന്ദേശത്തിനും അവന്റെ ദൂതനോ ദൂതന്റെ അധ്യാപനത്തിനോ എതിരിൽ പ്രകടമായ ശത്രുത പുലർത്തുന്നവർക്കെതിരാണ്. ഇസ്ലാമിനെതിരിൽ പ്രകടമായ ശത്രുത പുലർത്താത്ത അമുസ്ലിങ്ങളോട് ദയയോടും സൗഹാർത്തോടും നിൽക്കാൻ ഖുർആൻ വ്യക്തമായി അനുവദിക്കുക മാത്രമല്ല, അങ്ങനെ ചെയ്യണമെന്ന് പലയിടത്തും സൂചിപ്പിക്കുന്നുണ്ട്.

അപ്പോൾ ഈ അബൂ ഉബൈദ പിതാവിനെ കൊന്ന സംഭവമോ അതിനെ ശരിവെക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന മുകളിലെ ഖുർആൻ സൂക്തമോ പ്രവാചക നിന്ദയെ അടിസ്ഥാനപ്പെടുത്തിയതല്ല. ഈ സൂക്തം ഇറങ്ങിയത് പറയപ്പെടുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആണെന്ന് വന്നാൽ പോലും അങ്ങനെയല്ല. മാത്രമല്ല സമാധാനപരമായുള്ള മത/ആശയ പ്രചാരണത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടതാണ് ബദർ യുദ്ധത്തിലേക്കെത്തിച്ച സംഭവ വികാസങ്ങളുടെ അടിസ്ഥാന കാരണം. അഥവാ അബൂ ഉബൈദ പിതാവിനെ വധിച്ചിട്ടുണ്ടെങ്കിൽ തന്നെ ഇങ്ങനെയൊരു 'യുദ്ധത്തിൽ' ആണ് കൊല്ലേണ്ടി വന്നതും.

കുറച്ചു കൂടി വിശദമായി ഈ പറയപ്പെടുന്ന സംഭവത്തെ പരിശോധിക്കാം. ഖുർആനിൽ കൃത്യമായി പറയുന്നില്ലെങ്കിൽ പിന്നെ നോക്കേണ്ടത് ഹദീസുകളാണ്. ഹദീസ് എന്നു പറയുമ്പോൾ ഏറ്റവും ആധികാരികമായത് ബുഖാരി, മുസ്ലിം ശേഖരങ്ങളാണ്. ഇവ രണ്ടിലും ഇങ്ങനെയൊരു സംഭവം പരാമർശിക്കുന്നേയില്ല. ഇത് രണ്ടും കഴിഞ്ഞാൽ പിന്നീട് വരുന്നത് അബു ദാവൂദ്, തിർമിദി, നസാഇ, ഇബ്നു മാജ എന്നിവരുടേതാണ് (മാലിക്കി വിഭാഗക്കാർ ഇതിൽ ഇബ്നു മാജക്ക് പകരം മാലിക്കിന്റെ ശേഖരം ആണ് സ്വീകരിക്കുന്നത്). പക്ഷേ ഇതിലും ഈ സംഭവം പരാമർശിക്കുന്നില്ല. അതായത് പ്രധാനപ്പെട്ട 6 ആധികാരിക ഹദീസ് ശേഖരങ്ങളിലും ഈ സംഭവം പരാമർശിക്കുന്നില്ല. എന്നാൽ അത്ര തന്നെ ആധികാരികത ഇല്ലാത്ത 'ബൈഹഖി'യുടെ ശേഖരത്തിൽ ഈ സംഭവം കാണാനാവും. പക്ഷേ അതിൽ പോലും ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ട പരമ്പര മുറിഞ്ഞതാണെന്ന് പ്രത്യേകം പറയുന്ന ബൈഹഖി വിശ്വസനീയമല്ലാത്ത വിഭാഗത്തിലാണ് ഇതുൾപ്പെടുത്തിയത്. ഇമാം ദഹബിയുടെ തൽഹീസ് പോലുള്ള ഗ്രന്ഥങ്ങളിലും ഇത് കാണാനേ ഇല്ല. ചിലർ അവതരണ കാരണം എന്ന നിലയിൽ ചർച്ചക്കെടുക്കുന്നുണ്ട്. അതും തലയറുത്തതില്ല, കൊന്നത് മാത്രം. ബദർ ആണോ ഉഹ്ദ് ആണോ എന്നത് വ്യക്തമല്ലന്നത് പ്രത്യേകം പറയുന്നുണ്ട്.

http://www.azhimukham.com/tj-joseph-hand-chopping-case-human-rights-muslim-extremists-paranjoy-guha-thakurta/

ഖുർആനിലും ഹദീസുകളിലും ഇല്ലെങ്കിൽ പിന്നെ പരിശോധിക്കേണ്ടത് ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളായ തഫ്സീറുകളും ചരിത്ര പുസ്തകങ്ങളുമാണ്. മുകളിൽ സൂചിപ്പിച്ച ഖുർആൻ സൂക്തം അവതീർണമായ സാഹചര്യം ചർച്ച ചെയ്യുന്ന കൂട്ടത്തിൽ ചില തഫ്സീറുകൾ ഈ സംഭവം പരാമർശിക്കുന്നുണ്ട്. പക്ഷേ അപ്പോഴും രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്. ഒന്ന്, ചിലർ 'സാധ്യതയുള്ള' പല സംഭവങ്ങളിൽ ഒന്നായി മാത്രം പരാമർശിക്കുന്നു. ഉദാഹരണത്തിന് ഇബ്നു കസീർ തന്റെ വ്യാഖ്യാനത്തിൽ ഈ സൂക്തം അവതീർണമാവാൻ അടിസ്ഥാനമായതായി നാല് സാധ്യതയുള്ള സംഭവങ്ങൾ പറയുന്നു. അതിലൊന്ന് ഈ സംഭവമാണ്. രണ്ട്, ഒരാളും ഇതൊരു ആധികാരികമായി സ്ഥാപിക്കപ്പെട്ട സംഭവമായി അവതരിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, പലപ്പോഴും ഇതിലെ അവ്യക്തതകളും പരസ്പര വിരുദ്ധതയുമെല്ലാം ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

ഉദാഹരണത്തിന് ഖുർആൻ വ്യാഖ്യാതാക്കളിൽ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന ഇമാം ഖുർതുബി ഇബ്നു മസ്ഊദിനെയും വാഖിദിയെയും ഉദ്ധരിച്ച് ഇക്കാര്യം പറയുന്ന ഭാഗം നോക്കുക,
ഇബ്നു മസ്ഊദ് പറഞ്ഞു,"ഇതവതരിച്ചത് അബൂ ഉബൈദ ബിനു ജറാഹിന്റെ കാര്യത്തിലാണ്. ഉഹ്ദ് ദിനത്തിൽ അബ്ദുല്ലാഹിബ്നു ജറാ തന്റെ പിതാവിനെ കൊന്നു. ബദർ ദിനത്തിലാണെന്നും വർത്തമാനമുണ്ട്. [യുദ്ധസമയത്ത്] ജറാഹ് അബൂ ഉബൈദയുടെ നേരെ പാഞ്ഞടുത്തു. അബൂ ഉബൈദ അകന്നു മാറാൻ ശ്രമിച്ചു. പല തവണ ആവർത്തിച്ചപ്പോൾ അബൂ ഉബൈദ അദ്ദേഹത്തെ കൊന്നു. വാഖിദി [അവതരണ പരമ്പരയിൽ പ്രത്യേക പാണ്ഡിത്യത്തിനുടമയാണ്] പറഞ്ഞു, ശ്യാം/സിറിയക്കാരാണ് അങ്ങനെ പറയുന്നത്. ഞാൻ [അദ്ദേഹത്തിന്റെ കുടുംബമായ] ബനു അൽ ഹാരിസുകാരോട് ചോദിച്ചപ്പോളവർ പറഞ്ഞത് ഇസ്ലാമിന് മുമ്പേ അദ്ദേഹം [അബൂ ഉബൈദയുടെ പിതാവ്] മരണപ്പെട്ടിട്ടുണ്ട് എന്നാണ്"
(17 വാള്യം, പേജ് 307, അവലംബം മക്തബ ശാമില)

അതായത് ഈ 'സംഭവം' നടന്നത് ബദര്‍ യുദ്ധത്തിലാണെന്നും അതല്ല ഉഹ്ദ് യുദ്ധത്തിലാണെന്നും അഭിപ്രായമുണ്ട്. തീർന്നില്ല, ഈ രണ്ട് വാദവും ശരിയല്ല, അദ്ദേഹത്തിന്റെ പിതാവ് ഇസ്ലാമൊക്കെ വരുന്നതിന് മുമ്പേ മരണപ്പെട്ട് പോയ ആളാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.( ഒരു പിതാവേ ഒരാൾക്കുണ്ടാവൂ എന്നതിനാൽ സംഭവം നടന്നെങ്കിൽ തന്നെ ഇതിലേതെങ്കിലും ഒന്നിനെ സാധ്യതയുള്ളൂ). മറ്റൊരു കാര്യം ഇപ്പറയുന്ന പുസ്തകങ്ങൾ പോലും തലയറുത്ത് നബിയുടെ മുന്നിൽ വെച്ചതായുള്ള നാടകീയ സംഭവങ്ങളൊന്നും പറയുന്നില്ല. അബൂ ഉബൈദ സ്വന്തം പിതാവിനെ യുദ്ധത്തിൽ കൊന്നിട്ടുണ്ടാവാമെന്നും അതൊരു പക്ഷേ ഈ സൂക്തം ഇറങ്ങാൻ കാരണമായിട്ടുണ്ടെന്നും സൂചിപ്പിക്കുന്നുണ്ടെന്ന് മാത്രം.

ചുരുക്കത്തിൽ ഖുർആന്റെയോ ആധികാരിക ഹദീസ് ശേഖരങ്ങളുടേയോ പിൻബലം ഒട്ടുമില്ലാത്തതും വളരെ ദുർബലമായ സോഴ്സിലൂടെ ചില വ്യാഖ്യാന/ചരിത്ര പുസ്തകങ്ങളിൽ കയറിക്കൂടിയതുമായ ഒരു 'സംഭവ'മാണിത്. പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട സംഭവം സ്വീകരിക്കുകയാണെങ്കിൽ പോലും യുദ്ധസമയത്ത് ശത്രു പക്ഷത്തുള്ള പിതാവിനെ കൊന്നു എന്നതിലപ്പുറം മാനങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ സാധ്യമല്ല എന്ന് പറയേണ്ടി വരും. ഇനി 'പ്രവാചകനിന്ദ'യ്ക്ക് ശിക്ഷ വിധിക്കാൻ അധികാരം നൽകുന്ന വേറെ വല്ല ഹദീസുകൾ അല്ലെങ്കിൽ നബിയുടെ മാതൃകകൾ നമ്മുടെ മുമ്പിലുണ്ടോ ? ഇല്ലെന്നതാണ് സത്യം. പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന മറ്റൊരു ഹദീസ് താഴെ:

Allah's Apostle said, "Who would kill Ka'b bin Al-Ashraf as he has harmed Allah and His Apostle ?" Muhammad bin Maslama (got up and) said, "I will kill him." So, Muhammad bin Maslama went to Ka'b and said, "I want a loan of one or two Wasqs of food grains." Ka'b said, "Mortgage your women to me." Muhammad bin Maslama said, "How can we mortgage our women, and you are the most handsome among the Arabs?" He said, "Then mortgage your sons to me." Muhammad said, "How can we mortgage our sons, as the people will abuse them for being mortgaged for one or two Wasqs of food grains? It is shameful for us. But we will mortgage our arms to you." So, Muhammad bin Maslama promised him that he would come to him next time. They (Muhammad bin Maslama and his companions came to him as promised and murdered him. Then they went to the Prophet and told him about it. (Volume 3, Book 45, Number 687:)

അതായത് ഒറ്റ നോട്ടത്തിൽ നബിയെ നിന്ദിച്ചതിനാണ് കഅബ് ബിൻ അഷ്റഫിനെ വധിക്കാൻ ഇവിടെ ശിക്ഷ വിധിച്ചതെന്ന് തോന്നും. പക്ഷേ എന്താണ് ഈ സംഭവത്തിന്റെ യഥാർത്ഥ ചരിത്ര പശ്ചാത്തലം എന്ന് പരിശോധിക്കാം. ബുഖാരി ഹദീസുകളുടെ ആധികാരിക വ്യാഖ്യാനമായ ഇമാം ഇബ്നു ഹാജർ അൽ അസ്ഖലാനിയുടെ 'ഫതഹുൽ ബാരി' യാണ് വിഷയത്തിലെ അവസാന വാക്ക്. ഫതഹുൽ ബാരി ഈ ഹദീസിനെ പറ്റി പറയുന്നതിൽ നിന്ന് മനസ്സിലാവുന്നത് ഇങ്ങനെയാണ്. മദീനക്കാരനായ കഅബ് ബിനു അഷ്റഫ് എന്ന ജൂതൻ നബിയോടും ഇസ്ലാമിനോടും കടുത്ത ശത്രുത പുലർത്തി. തരം കിട്ടുമ്പോഴെല്ലാം മുസ്ലിങ്ങളെ പീഡിപ്പിച്ചിരുന്നു. ഇസ്ലാമിനെ എതിർക്കുന്ന മക്കൻ ഖുറൈശികളോട് നബിക്കെതിരെ യുദ്ധത്തിന് നിരന്തരം പ്രേരിപ്പിക്കുകയും അവരുമായി സഖ്യത്തിലേർപ്പെടുകയും ചെയ്തു. മുസ്ലിം സ്ത്രീകളോട് ലൈംഗിക ചുവയിൽ സംസാരിക്കാനും ശല്യം ചെയ്യുന്നതിലും ഇയാൾക്ക് പ്രത്യേക താൽപര്യമായിരുന്നു. കൂട്ടത്തിൽ നബിയെ ആക്ഷേപിക്കുകയും ചെയ്തിരുന്നു. മുസ്ലിങ്ങളോട് യുദ്ധം ചെയ്യുമെന്ന് കഅബ (പള്ളി) സാക്ഷിയാക്കി പ്രതിജ്ഞയെടുക്കുകയും ചെയ്തു. മദീനയിലെ ബഹുസ്വര സമൂഹത്തെ പരിഷ്കരിക്കാനും അവർക്കിടയിൽ ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കാനും നബി ശ്രമിച്ചപ്പോൾ സ്വഭാവികമായും ജൂതൻമാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട ഒരു വിഭാഗം ഇതിനെ എതിർത്തു. ആ സമയം ക്ഷമ കൈകൊള്ളാനാണ് അല്ലാഹുവും റസൂലും അവരോടാവശ്യപ്പെട്ടതെന്നും ഫതഹുൽ ബാരിയിൽ കാണാം. ഇതിനിടയിലും ദ്രോഹം ('അസാ') തുടർന്ന കഅബിന്റെ ദ്രോഹത്തിൽ നിന്നും പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഈയവസരത്തിലാണ് നബി ഇദ്ദേഹത്തെ കൊല്ലാൻ കൽപിച്ചതെന്നും ഫതഹുൽ ബാരി കൂട്ടിച്ചേർക്കുന്നു. (നബിയെ ചതിയിലൂടെ കൊല്ലാനായി ഇദ്ദേഹം ഒരു സദ്യയൊരുക്കാൻ ശ്രമിച്ചതായ സംഭവവും ദുർബലമാണെന്ന മുന്നറിയിപ്പോടെ ഫതഹുൽ ബാരി പറയുന്നുണ്ട്).

അപ്പോൾ കേവലമായ ആശയ പ്രചാരണമോ പ്രവാചക നിന്ദയോ അല്ല, മറിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ ശാരീരികവും മാനസികവുമായ കടുത്ത ദ്രോഹം നടത്തുകയും അത് സമാധാനത്തിന് തടസ്സമാവും എന്ന് കരുതിയപ്പോഴാണ് നബി കൊല്ലാൻ വിധിച്ചതെന്ന് വ്യക്തമാണ്. ഒരു ബഹുസ്വര സമൂഹത്തിലെ ക്രമസമാധാന പാലനത്തിന്റെ ഭാഗമായും യുദ്ധത്തിന്റെ തുടർ നടപടിയുമായാണ് ഈ വിധിയെന്ന് കാണാം.

എന്താണ് പ്രവാചകനിന്ദയെ പറ്റി ഖുർആനും ഇസ്ലാമും പറയുന്നത് എന്ന് കൂടി പരിശോധിക്കുമ്പോഴേ ഇക്കാര്യത്തിൽ ഇസ്ലാമിന്റെ നിലപാട് വ്യക്തമാവൂ. ഏറ്റവും കൂടുതൽ പ്രവാചകനെ നിന്ദിച്ചതും അപമാനിച്ചതും ഖുറൈശികളായിരുന്നുവെന്ന് ഖുർആൻ തന്നെ സൂചിപ്പിക്കുന്നുണ്ട്. അതിരൂക്ഷമായ ഭാഷയിലും ശൈലിയിലും അവർ നബിയെ കടന്നാക്രമിച്ചിരുന്നുവെന്ന് മാത്രമല്ല, ഇത് നിരന്തരം ആവർത്തിക്കാറുണ്ടായിരുന്നുവെന്നും ഖുർആനിൽ നിന്ന് വ്യക്തമാണ്. എന്തൊക്കെയായിരുന്നു അവർ നബിയെ കുറിച്ച് പറഞ്ഞിരുന്നതെന്ന് സാമാന്യം വിശദമായി തന്നെ ഖുർആൻ പറയുന്നുണ്ട്. 'അസത്യവാദി', 'ഭ്രാന്തൻ', 'ബുദ്ധിസ്ഥിരതയില്ലാത്ത കവി', 'കെട്ടിച്ചമച്ച കള്ളം [ഖുർആൻ] ഉണ്ടാക്കിയവൻ', 'മായാജാലക്കാരൻ', 'അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവൻ', 'കള്ളക്കഥാകാരൻ', 'ജിന്ന് ബാധയേറ്റവൻ' തുടങ്ങിയ പല പദങ്ങളും നബിയെക്കുറിച്ച് അവർ പറഞ്ഞതായി ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. (30:58, 44:13-14, 68:51, 37:35-36, 34:43, 38:4, 17:47, 21:3, 43:30, 14:24, 23:70, 34:8)

അതായത് 'പ്രവാചകനിന്ദ' എന്ന പദപ്രയോഗത്തിലൂടെ ഇന്ന് അർത്ഥമാക്കുന്ന പ്രതിഭാസം നബിയുടെ കാലത്ത് തന്നെ സാർവത്രികമായിരുന്നുവെന്ന് ചുരുക്കം. പക്ഷേ അതിനെ എങ്ങനെയാണ് നേരിടേണ്ടതെന്നും ഖുർആൻ പറയുന്നുണ്ട്. ഇതിനെയെല്ലാം അക്ഷോഭ്യമായി നേരിടാനാണ് ഖുർആന്റെ കൽപന:

"അതിനാൽ അവരുടെ വാക്കുകൾ നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ. തീർച്ചയായും അവർ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമൊക്കെ നാം നന്നായറിയുന്നുണ്ട്." (36:76)നബിയുടെ ജീവിതത്തിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നതും ഈ പരിഹാസങ്ങളേയും വിമർശനങ്ങളേയും വകവെക്കാതെ ആശയ പ്രചാരണം തുടർന്നിരുന്നുവെന്നതാണ്. തന്നോട് മോശമായി പെരുമാറിയവരോട് പോലും മാന്യമായി പെരുമാറാനും തന്റെ പക്ഷത്തുള്ളവരോട് അങ്ങനെ തന്നെ ചെയ്യാനായി ആവശ്യപ്പെടാനുമായിരുന്നു നബി ശ്രദ്ധിച്ചത്. "
തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതരിൽ മികച്ച മാതൃകയുണ്ട്"
എന്ന ഖുർആൻ വാക്യം പ്രസക്തമാവുന്നതിവിടെയാണ്.

ഖുർആനെ കെട്ടുകഥയും കള്ളക്കഥയുമായി ചിത്രീകരിച്ചവരോട് അങ്ങനെയൊരധ്യായമെങ്കിലും കൊണ്ടു വരൂ എന്ന സർഗാത്മകമായ വെല്ലുവിളി നടത്തുകയായിരുന്നു ഖുർആൻ ചെയ്തത്. അതേ സമയം മുസ്ലിങ്ങളുടെ ആശയപരമായ പ്രചാരണം ഒരിക്കലും ഇതര മതസ്ഥരെ നിന്ദിക്കുന്ന രീതിയിലാവരുതെന്നും പറയുന്നു: "അല്ലാഹുവിനെ കൂടാതെ അവർ വിളിച്ച് പ്രാർത്ഥിക്കുന്നവരെ നിങ്ങൾ ശകാരിക്കരുത്. അവർ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാൻ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവർത്തനം ഭംഗിയായി നാം തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവർ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോൾ അവൻ അവരെ അറിയിക്കുന്നതാണ്. "
(6:108)

അവഗണിച്ചു തള്ളേണ്ടതിനെ അങ്ങനെ ചെയ്യേണ്ടതിനെ പറ്റി ഖുർആൻ പല തവണ സൂചിപ്പിച്ചിട്ടുണ്ട്: "അവ്വിധം നാം ഓരോ പ്രവാചകനും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗിവാക്കുകൾ അവർ അന്യോനം ദുർബോധനം ചെയ്യുന്നു. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കിൽ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവർ കെട്ടിച്ചമക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക" (6:112)

ഇങ്ങനെ 'കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി' വരുന്നവരെ ഖുർആൻ പറഞ്ഞ പോലെ വിട്ടേക്കാൻ പറ്റാതെ പോവുന്നതാണ് പ്രശ്നം. പ്രവാചക നിന്ദ, മതനിന്ദ പോലുള്ള വിവാദങ്ങളുടെ പേരിൽ മുസ്ലിങ്ങൾ ചെയ്യുന്ന പലതും ഖുർആൻ വിരുദ്ധവും അത് കൊണ്ട് തന്നെ ഇസ്ലാം വിരുദ്ധവുമാവുന്നത് ഈ സാഹചര്യത്തിലാണ്. ഇസ്ലാമിന്റെ ആദ്യ കാലഘട്ടങ്ങളിൽ പ്രവാചക നിന്ദയുടെ ചരിത്രങ്ങൾ കാണാൻ സാധിക്കാത്തതും അതിനാലാണ്. ഇന്നത്തെ രീതിയിലുള്ള പ്രവാചക/മതനിന്ദാ നിയമങ്ങളുടെ ഉത്ഭവം അബ്ബാസിയാ ഭരണകൂടങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസൃതമായി രൂപപ്പെട്ട മതവ്യാഖ്യാനങ്ങളിലാണെന്ന് കാണാം. ഖുർആൻ അവതീർണമായ സാഹചര്യവും പശ്ചാത്തലവും കൃത്യമായി മനസ്സിലാക്കി ഓരോ സൂക്തങ്ങളും വിലയിരുത്തുമ്പോൾ മാത്രമേ ഖുർആനോട് നീതി പുലർത്തുന്നുള്ളൂ. ആശയ പ്രചാരണവും വിശ്വാസവും പറയുമ്പോൾ സമാധാനത്തിന്റെ പാത സ്വീകരിക്കാൻ പറയുന്ന ഒരു പാട് സൂക്തങ്ങൾ കാണാനാവും. അതേ സമയം യുദ്ധത്തെ അഭിമുഖീകരിക്കുമ്പോൾ ശക്തമായി പോരാടാൻ പറയുന്ന സൂക്തങ്ങളും ഖുർആനിലുണ്ട്. സാഹചര്യവും പശ്ചാത്തലവും മനസ്സിലാക്കാതെ അക്ഷരാർത്ഥത്തിൽ വായിച്ചാൽ രണ്ടും അപകടം ചെയ്യും.

http://www.azhimukham.com/prof-tj-joseph-hand-chop-case-14-convicted-nia-court/

കെട്ടു കഥകൾക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കും അനുസ്യതമായി രൂപപ്പെട്ട തെറ്റായ പ്രമാണ വ്യാഖ്യാനങ്ങളാണ് കൈവെട്ട് പോലുള്ള സംഭവങ്ങളുടെ അടിസ്ഥാനം. പുനർവായനകളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും തന്നെ അത് പൊളിച്ചെഴുതേണ്ടതുണ്ട്. ഇസ്ലാമോഫോബിയയുടെ ഊർജം ഇല്ലാതാക്കേണ്ട ഉത്തരവാദിത്തം മുസ്ലിങ്ങൾക്കുമുണ്ട്. യുദ്ധവും അക്രമവും തീർത്തും സ്വീകാര്യമായിരുന്ന ഒരു പ്രാകൃത സമൂഹത്തിൽ സമാധാനപരമായ ആശയ പ്രചാരണം എന്താണെന്ന് പഠിപ്പിക്കുകയും അങ്ങനെയൊരു മാർഗത്തിലൂടെ വലിയൊരു സാമൂഹിക വിപ്ളവം നടപ്പിലാക്കുകയും ചെയ്തുവെന്നതാണ് നബിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടവും സന്ദേശവും. അതിന് കടകവിരുദ്ധമായ രീതിയിലുള്ള അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും സന്ദേശം അതേ പ്രവാചകന്റെ ലേബലിൽ ഇറക്കുന്നതാണ് ഏറ്റവും വലിയ പ്രവാചകനിന്ദ എന്ന് കൂടി മനസ്സിലാക്കണം.

P.S: നബി തന്റെ വ്യക്തി ജീവിതത്തിൽ ശത്രുക്കൾ ഉൾപ്പെടെയുള്ളവരോട് പുലർത്തിയിരുന്ന ഉദാരസമീപനവും നബിയുടെ സ്വഭാവ ഗുണങ്ങളും വ്യക്തമാക്കുന്ന നിരവധി ഹദീസുകളും ചരിത്ര പുസ്തകങ്ങളുമുണ്ട്. ഖുർആൻ നബിയെ പറ്റി പറയുന്നതും അതിനെ ശരി വെക്കുന്ന രീതിയിലാണ്. പക്ഷേ അതിൽ പലതും തലനാരിഴ കീറി തള്ളിക്കളയാനുള്ള സാധ്യതകളിലാണ് കൈവെട്ടിനെ അംഗീകരിക്കുന്നവർ എന്നും ശ്രമിക്കാറുള്ളത്. എന്നാൽ എന്തുകൊണ്ടാണവർ തങ്ങളുടെ വാദങ്ങൾക്ക് അനുകൂലമായി ഉദ്ധരിക്കുന്ന 'ചരിത്ര സംഭവങ്ങളെ' ഏറ്റവും പ്രാഥമികമായ പരിശോധനക്ക് പോലും വിധേയമാക്കാത്തത് ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!

(ഒരുപാട് താത്പര്യത്തോടെ പുസ്തകങ്ങൾ പലതും റെഫർ ചെയ്യാൻ സഹായിച്ച കൂട്ടുകാരൻ ഇ.എൻ റസാഖിന് പ്രത്യേക നന്ദി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/kerala-prof-tg-joseph-seeking-reimbursement-from-govt-but-he-says-govt-repeatedly-denying-it/

Next Story

Related Stories