TopTop

ഇനി നമുക്ക് കള്ളവോട്ടിന് മൂർദ്ദാബാദ് വിളിക്കാം

ഇനി നമുക്ക് കള്ളവോട്ടിന് മൂർദ്ദാബാദ് വിളിക്കാം
കള്ളവോട്ട് സംബന്ധിച്ച വിവാദം പുകയുകയല്ല സത്യത്തിൽ പൂത്തുലയുക തന്നെയാണ്. കാസർകോട് ലോകസഭ മണ്ഡലത്തിൽ പെട്ട പിലാത്തറ ചെറുതാഴം സ്കൂളിലെ ബൂത്തുകളിൽ സി പി എമ്മുകാർ കള്ളവോട്ട് ചെയ്തുവെന്ന ഒരു ചാനൽ വാർത്തയിൽ നിന്നായിരുന്നു വിവാദത്തിന്റെ തുടക്കം. ചാനൽ വാർത്ത ഏറ്റുപിടിച്ച് കോൺഗ്രസ് നേതാവും കണ്ണൂർ ലോകസഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരൻ രംഗത്തെത്തിയതോടെ അരങ്ങു കൊഴുത്തു. കാസർകോട് മണ്ഡലത്തിൽ മാത്രമല്ല കണ്ണൂർ മണ്ഡലത്തിലും സി പി എമ്മുകാർ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്നായിരുന്നു സുധാകരന്റെ ആരോപണം. ഇരു ജില്ലകളുടെയും കളക്ടർമാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട് തേടിയതോടെ സി പി എം പ്രതിരോധത്തിലായി. കാസർകോട് ലോകസഭ മണ്ഡലത്തിന്റെ ഭാഗമായ കല്യാശ്ശേരി അസംബ്ലി മണ്ഡലത്തിലടക്കം യു ഡി എഫ് സ്ഥാനാർഥിക്കുവേണ്ടി മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന ചാനൽ വാർത്തകളെ കൂട്ടുപിടിച്ചു യു ഡി എഫിനെതിരെ സി പി എം രംഗത്തെത്തി. തൊട്ടു പിന്നാലെ തന്നെ കാസർകോട്, കണ്ണൂർ ലോക് സഭ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവും ഉയര്‍ന്നു.

കാസർകോട് അജാനൂർ പഞ്ചായത്തിലെ ചിത്താരിയിൽ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം മുഹമ്മദ് ഹാജിയുടെ വിദേശത്തുള്ള ഭാര്യയുടെയും മൂന്നു ആൺമക്കളുടെയും പേരിൽ ലീഗ് പ്രവർത്തകർ വോട്ടു ചെയ്തുവെന്നും ഉദുമ അസംബ്ലി മണ്ഡലത്തിൽ പെട്ട പള്ളിക്കര, പള്ളിപ്പുഴ, ചന്ദ്രഗിരി എന്നിവിടങ്ങളിൽ ഗൾഫിൽ ഉള്ളവരുടെ വോട്ടുകൾ ചെയ്തുവെന്നുമാണ് സി പി എം ആരോപണം. എല്ലായിടത്തും സി പി എം ബൂത്ത് ഏജന്റുമാരുടെ എതിർപ്പ് മറികടന്നാണ് വോട്ടു രേഖപ്പെടുത്തിയതെന്നും തിരെഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. കണ്ണൂർ ലോക് സഭ മണ്ഡലത്തിൽ പെട്ട തളിപ്പറമ്പിനടുത്ത പാമ്പുരുത്തിയിൽ ഗൾഫിലുള്ള 28 പേരുടെ വോട്ടുകളും മുസ്ലിം ലീഗുകാർ ചെയ്‌തെന്നും സി പി എം ആരോപിക്കുന്നു.

മുസ്ലിം ലീഗ് ദേശീയ സമിതി അംഗത്തിന്റെ ഭാര്യയുടെയും പുത്രന്മാരുടെയും വോട്ടിന്റെ കാര്യം സി പി എം ഉന്നയിക്കുമ്പോൾ ഉദുമ എം എൽ എയും സി പി എം നേതാവുമായ കെ കുഞ്ഞിരാമന്റെ വിദേശത്തുള്ള മകന്റെ വോട്ട് സി പി എം ചെയ്തുവെന്ന ആരോപണം മുസ്ലിം ലീഗും ഉന്നയിക്കുന്നു. അതിനിടയിൽ വടകര മണ്ഡലത്തിൽ സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരനും രംഗത്ത് വന്നിട്ടുണ്ട്. ചുരുക്കത്തിൽ വടക്കേ മലബാറിലാകെ കള്ളവോട്ട് സംബന്ധിച്ച പരാതികളുടെ ഘോഷയാത്രയാണിപ്പോൾ.

അതിനിടെ തിരെഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ പോലീസ് അസോസിയേഷൻ കാർ മൊത്തത്തിൽ വാങ്ങിച്ച് വോട്ടു ചെയ്തുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇത്തരം ഒരു ആക്ഷേപം തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യു ഡി എഫ് ഉയർത്തിയിരുന്നതിനാൽ ആരോപണം എത്രകണ്ട് ശരിയെന്നു വ്യക്തമല്ല. എന്തായാലും ഇക്കാര്യത്തിൽ ഡി ജി പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതും മുറപോലെ നടക്കട്ടെ.
"
കള്ളവോട്ട് സംബന്ധിച്ച ആക്ഷേപം വടക്കേ മലബാറിൽ നിന്ന് മാത്രമല്ല ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നും ഉയരുന്നുണ്ട്. ഇനിയിപ്പോൾ കേരളത്തിൽ എവിടെനിന്നൊക്കെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുമെന്ന് വഴിയേ അറിയാം. ചുരുക്കത്തിൽ മുസ്ലിം ലീഗു കൂടി പ്രതിക്കൂട്ടിലായതോടെ കള്ളവോട്ട് സി പി എമ്മിന്റെ മാത്രം ആചാരവും അനുഷ്ഠാനവുമാണെന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദം പൊളിഞ്ഞിരിക്കുന്നു. ഓരോ പാർട്ടിക്കാരും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടിങ് സംവിധാനങ്ങൾ പരിഷ്കരിക്കപ്പെട്ട ഇക്കാലത്തും കള്ളവോട്ട് ചെയ്യൽ ഒരു ആഘോഷമാക്കി മാറ്റുന്നു എന്നതിന്റെ തെളിവായി വേണം ഇത് സംബന്ധിച്ച ആരോപണങ്ങളെ കാണാൻ.

സ്ഥാനാർഥി ജയിച്ചാലും തോറ്റാലും കിട്ടിയ വോട്ടിനു സിന്ദാബാദ് വിളിക്കുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു. ജയിച്ചവരിൽ പലരും ജയിക്കാനും വലിയ ഭൂരിപക്ഷം നേടാനും സഹായകമായ കള്ളവോട്ടിനുകൂടിയായിരുന്നു ഇത്രയും കാലം സിന്ദാബാദ് വിളിച്ചിരുന്നതെങ്കിൽ ഇനിയങ്ങോട്ട് കള്ളവോട്ടിന് മൂർദ്ദാബാദ് എന്നും കൂടി വിളിക്കേണ്ടിയിരിക്കുന്നു. എങ്കിലേ നമ്മുടെ ജനാധിപത്യം അർത്ഥപൂര്‍ണ്ണമാവുകയുള്ളു.


Next Story

Related Stories