TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് ഞാന്‍ രാമലീല കാണില്ല

എന്തുകൊണ്ട് ഞാന്‍ രാമലീല കാണില്ല

സോഷ്യല്‍ മീഡിയല്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് രാമലീല എന്ന പുതിയ 'ദിലീപ് ചിത്ര'ത്തിന്റെ റിലീസ്. സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് എന്ന നടന്റെ ഏറ്റവും പുതിയ ചിത്രമാണ് രാമലീല. ചിത്രം പുറത്തിറങ്ങാനിരുന്ന ആഴ്ച ദിലീപ് അറസ്റ്റിലായാതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച് അരുണ്‍ ഗോപി എന്ന പുതുമുഖ സംവിധായകന്‍ സംവിധാനം ചെയ്യുന്ന രാമലീലയെ പിന്തുണച്ചും എതിര്‍ത്തും പല വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഞാന്‍ എന്ന പ്രേക്ഷക എന്തുകൊണ്ട് ആ ചിത്രം തീയറ്ററില്‍ പോയി കാണില്ല എന്നതിന്റെ ചില വശങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

1. സിനിമ ഒരു സംവിധായകന്റെ കല ആകുമ്പോള്‍ തന്നെ ബഹുഭൂരിപക്ഷം വരുന്ന ചലച്ചിത്രാസ്വാദകര്‍ അതിനെ ഒരു താരത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒന്നായാണ് കാണുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രം വിനായകന്റെയോ മണികണ്ഠന്റെയോ പേരില്‍ അല്ലാതെ ദുല്‍ഖര്‍ സല്‍മാന്റെ പേരില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടതും, ഞണ്ടുകളുടെ നാട്ടില്‍ ഒരു നിവിന്‍ പോളി ചിത്രമാകുന്നതും അങ്ങനെയാണ്. താരത്തിന്റെ ജനപ്രീതിയും മൂല്യവുമാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്. അപ്പോള്‍ രാമലീല എന്ന ചിത്രത്തിന്റെ മാര്‍ക്കറ്റ് വാല്യൂ അല്ലെങ്കില്‍ ആ ഉത്പന്നത്തെ വില്‍ക്കുന്ന യൂണീക്ക് സെല്ലിങ് പോയിന്റ് ദിലീപ് എന്ന നടനാണ്. അതുകൊണ്ടു തന്നെ ആ സിനിമ നേടുന്ന വിജയം ആ നടന്റെ ജനപ്രീതിയുടെ തെളിവ് തന്നെയായാണ് പരിഭാഷപ്പെടുത്തുക.

2. സിനിമ ഒരു വ്യവസായമാണ്. നമ്മള്‍ പണം കൊടുത്ത് നമ്മുടെ സമയം ചിലവഴിച്ച് പോയി കാണുന്ന, ആഹ്ളാദത്തിനും ഉന്മേഷത്തിനും (ഏറിയും കുറഞ്ഞും) വേണ്ടിയുള്ള ഒന്ന്. അതില്‍ വന്‍കിട ശക്തികള്‍ ഉണ്ട്. മറ്റേതൊരു വ്യവസായവും പോലെ അതിനെ നിയന്ത്രിക്കുന്ന, കാര്യങ്ങള്‍ തീരുമാനിക്കുന്ന, വന്‍കിട മുതലാളിമാരും സ്വാധീന ശക്തികളും കുതികാല്‍വെട്ടും കൊലയും ചൂഷണവും ഒക്കെയുള്ള മേഖലയാണ് സിനിമ. 'ഉദാത്ത കല'യുടെ ഉപാസനയും സമര്‍പ്പണവുമല്ല ഈ കലയെ നിയന്ത്രിക്കുന്നത് എന്നത് കൊണ്ടുതന്നെ, ഈ പ്രത്യേക സിനിമ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി കാണാതിരിക്കുക എന്നത് സിനിമ എന്ന കലയെ നശിപ്പിക്കുന്നു എന്ന വാദത്തോട് ഒരു വിധത്തിലും യോജിക്കാന്‍ പറ്റില്ല.

3. ടോമിച്ചന്‍ മുളകുപാടം എന്ന 'സാധാരണക്കാരില്‍ സാധാരണക്കാരനായ' പ്രൊഡ്യൂസര്‍ക്ക് ആവശ്യമുള്ള പണം പുലിമുരുകന്‍ എന്ന അസാമാന്യ ബോറന്‍ ചിത്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. നിര്‍മാതാവിനുണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക ബാധ്യത ഒരു തരത്തിലും ഞാന്‍ എന്ന പ്രേക്ഷകയെ സ്വാധീനിക്കുന്നില്ല. എത്രയോ സാധാരണക്കാരായ നിര്‍മാതാക്കളുടെ ചിത്രം സാമ്പത്തിക വിജയം നേടാതെ പോകുന്നു. അവരോടൊന്നും തോന്നാത്ത അനുകമ്പ ടോമിച്ചന്‍ മുളകുപാടത്തോട് തോന്നുന്നില്ല. സിനിമ ഒരു ഞാണിന്മേല്‍ക്കളിയാണ് എന്നും, വിജയം - പരാജയം എന്നത് പൂര്‍ണമായും ഒരു റിസ്‌ക് ആണ് എന്നും തിരിച്ചറിയാത്ത നിര്‍മാതാവ് അല്ല ടോമിച്ചന്‍ മുളകുപാടം (വെളിപാടിന്റെ പുസ്തകത്തില്‍ വിദ്യാര്‍ത്ഥികളുടെ സിനിമ നിര്‍മിക്കുന്ന വിജയ് ബാബുവിന്റെ കഥാപാത്രത്തിന് മാത്രമേ ആ ബോധ്യം ഇല്ലാതിരിക്കൂ). അതുകൊണ്ടു തന്നെ അദ്ദേഹത്തിന് വരുന്ന സാമ്പത്തിക നഷ്ടങ്ങള്‍ എന്റെ ആകുലതകളുടെ പരിധിയില്‍ വരുന്ന ഒന്നല്ല.

4. സിനിമ കാണാതിരുന്നാല്‍ പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ ഗോപിയുടെ അധ്വാനത്തിന് പ്രതിഫലം ലഭിക്കില്ല എന്ന വാദത്തില്‍ മാത്രമാണ്, എനിക്ക് അല്‍പമെങ്കിലും ഒരു ന്യായം തോന്നുന്നത്. പക്ഷെ, എത്രയോ നല്ല സിനിമകള്‍, ദേശീയ അവാര്‍ഡ് ലഭിക്കാന്‍ സുരഭിയെ അര്‍ഹയാക്കിയ മിന്നാമിനുങ്ങ് എന്ന ചിത്രം നമ്മളില്‍ എത്രപേര്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്? പുതുമുഖ സംവിധായകന്റെ കരിയര്‍ ഓര്‍ത്തുകൊണ്ട് ഓരോ ചിത്രത്തെയും സമീപിച്ചിട്ടുണ്ട്? ഒരു സംവിധായകന്റെ മികവ് ആ ചിത്രത്തിന്റെ സാമ്പത്തിക വിജയത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നതെങ്കില്‍ പുലിമുരുകന്റെ സംവിധായകന്‍ വൈശാഖ് ആയിരിക്കണമല്ലോ ഏറ്റവും മികച്ച സംവിധായകന്‍. അരുണ്‍ ഗോപി എന്ന സംവിധായകന്റെ സംവിധാന മികവിനെ കുറച്ചുകാണുന്നില്ല. അത് വിലയിരുത്തേണ്ടത് ജനങ്ങള്‍ ബഹിഷ്‌കരിച്ച രാമലീലയുടെ പേരിലാവേണ്ടതുമില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ആശംസകള്‍.

5. ഒരു ചിത്രം ബഹിഷ്‌കരിച്ചിട്ടാണോ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് എന്ന ചോദ്യങ്ങളോട്: എന്തുകൊണ്ടാണ് നിലവില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു കൊടുക്കുന്നത്? കയ്യില്‍ കിട്ടിയ പുരസ്‌കാരം തിരിച്ചു കൊടുത്താല്‍ സര്‍ക്കാരിനോ അവര്‍ക്കോ പ്രത്യേകിച്ച് ലാഭമോ നഷ്ടമോ വരാന്‍ ഇല്ല. പക്ഷെ അതൊരു പ്രതീകമാണ്. നിങ്ങള്‍ സമ്മാനിക്കുന്നത് വിലപിടിപ്പുള്ള ഒന്നാണ് എന്ന് കരുതി സൂക്ഷിക്കാന്‍ ഞങ്ങള്‍ തയാറല്ല എന്നും നിങ്ങളുടെ അംഗീകാരം ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നുമുള്ള പ്രതിഷേധമാണ്. നിങ്ങളുടെ സിനിമ കാണാന്‍ ഞങ്ങള്‍, ഞങ്ങളുടെ കയ്യിലെ പണവും സമയവും ചിലവഴിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നുള്ള പ്രഖ്യാപനമാണ് ദിലീപിന്റെ സിനിമ ബഹിഷ്‌കരിക്കുക എന്നതിലൂടെ ഇവിടെ അര്‍ത്ഥമാക്കുന്നത്.

സൂര്യനെല്ലി കേസില്‍ പ്രതിയാക്കപ്പെട്ട ഒരു മുതലാളിയെ കാണുമ്പോള്‍ അന്നാട്ടുകാര്‍ ബഹുമാനത്തോടെ എഴുന്നേല്‍ക്കുമായിരുന്നത്രേ. ആരാ കക്ഷി എന്ന് ചോദിച്ച സുഹൃത്തിനോട് 'യ്യോ അറിയില്ലേ? സൂര്യനെല്ലികേസിലെ പ്രതിയാണ്... എന്നു പറഞ്ഞത് ആ പെണ്‍കുട്ടിയുടെ നാട്ടുകാരാണ്. ഇതാണ് നമ്മള്‍.

ഇന്ന് സിനിമ മേഖലയില്‍ നിന്ന് ദിലീപിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ആശങ്കാജനകമാണ്. ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയോ രണ്ടാം പ്രതിയോ ആണെന്ന് പോലീസ് പറയുന്ന ആളെ തള്ളിപ്പറയാന്‍ നീതിയുടെ അവസാന വിധിവരെ കാത്തിരിക്കണം എന്ന വാദത്തോട് യോജിക്കുന്നു, പക്ഷെ, ഇന്ന് സിനിമ മേഖലയിലെ ഏറ്റവും ശക്തനായ ഒരാള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ഗുരുതര ആരോപണങ്ങളെ, ഈ ചത്രത്തിന് ജനങ്ങള്‍ നല്‍കാന്‍ പോകുന്ന പിന്തുണയുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളെ നിസാരമെന്നോ നിഷ്‌കളങ്കമെന്നോ കരുതാന്‍ സാധ്യമല്ല.

Also Read: രാമലീല സംവിധായകന്‍ അരുണ്‍ ഗോപി/അഭിമുഖം: സിനിമ കാണണമെന്നും കാണണ്ട എന്നും പറയാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ട്

'അനീതിയുടെ കാലത്ത് നിങ്ങള്‍ നിശബ്ദരാണെങ്കില്‍ നിങ്ങള്‍ വേട്ടക്കാരന്റെ പക്ഷത്തു നില്‍ക്കുന്നതിനു തുല്യമാണ്' എന്ന് പറഞ്ഞ ഡെസ്മണ്ട് ടുട്ടുവിന്റെ വാക്കുകള്‍ ഇവിടെ കടമെടുക്കുകയാണ്. ചലച്ചിത്ര രംഗത്തെ ചിലര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഒന്നുകില്‍ മൗനത്തിന്റെ ഭാഗത്താണ്, അല്ലെങ്കില്‍ കുറ്റാരോപിതരുടെ കൂടെ. ദിലീപ് കുറ്റക്കാരന്‍ ആണോ അല്ലയോ എന്നറിയില്ല, അത് കോടതി തീരുമാനിക്കട്ടെ; പക്ഷെ ഇന്ന് രാമലീല നേടുന്ന വിജയം സിനിമയിലെ പുരുഷാധിപത്യ പ്രവണതകള്‍ക്കും ചൂഷണത്തിനും ഉള്ള വളംവച്ചു കൊടുക്കലാകും.

അത്തരമൊരു സമൂഹത്തില്‍ ഒരു പീഡന കേസില്‍ പ്രതിയാക്കി പേര് വരുന്നത് ഒരുകാലത്തും അപമാനം ആകുന്നില്ല എന്നത് കൊണ്ട് തന്നെ, നാളെയോ മറ്റന്നാളോ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ദിലീപിനെ ആഘോഷിക്കാന്‍ ഫാന്‍സ് കൂട്ടങ്ങള്‍ ഇപ്പോഴേ ഒരുങ്ങിയിരിക്കുന്നു എന്നതിനാല്‍, ദിലീപിന് പിന്തുണയില്ല എന്ന് പറയാന്‍, ഒരു പ്രതിഷേധം എന്ന നിലയില്‍, സെപ്റ്റബര്‍ 28-ന് ഞാന്‍ തീയേറ്ററിലേക്ക് ഇല്ല. അവള്‍ക്കൊപ്പം തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories