TopTop

ചെങ്ങന്നൂര്‍ തെളിയിക്കുന്നത്: ഇടതുപക്ഷത്തിന് രാഷ്ട്രീയമാണ് തുണ, അത് ഓര്‍മ്മവേണം

ചെങ്ങന്നൂര്‍ തെളിയിക്കുന്നത്: ഇടതുപക്ഷത്തിന് രാഷ്ട്രീയമാണ് തുണ, അത് ഓര്‍മ്മവേണം
[ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: ചെങ്ങന്നൂര്‍ വിശകലനം: അതിജീവന ഏകോപനത്തെ വര്‍ഗീയ ധ്രുവീകരണം എന്നല്ല വിളിക്കേണ്ടത്]

ഭാഗം രണ്ട്

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് അനുകുലമായി ലഭിച്ച ജനവിധി വര്‍ഗീയ ധ്രുവീകരണം കൊണ്ട് ഉണ്ടായതല്ല, മറിച്ച് അതില്‍, അതായത് വര്‍ഗീയ ധ്രുവീകരണം മാത്രം അജണ്ടയാക്കിയ ഒരു മൂന്നാം മുന്നണിയോട് എന്ത് നിലപാടെടുക്കണം എന്നതില്‍ ഒരുകാലത്തും ആശയകുഴപ്പമില്ലാതിരുന്നതിന് ലഭിച്ച അംഗീകാരം തന്നെയാണ്. ഇത് പറയുമ്പോള്‍ വിമോചനസമരകാലത്ത് ഉണ്ടായ വിശാല പ്രതിപക്ഷ ഐക്യത്തില്‍ ജനസംഘവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒക്കെ ഒരുമിച്ച് അണിനിരന്നില്ലേ എന്ന് കോണ്‍ഗ്രസുകാര്‍ ചോദിക്കും. ഉവ്വ്. അതുപോലൊരു സാഹചര്യത്തിലാണ് സംഘപരിവാറിന്റെ ഫാസിസത്തെ ചെറുക്കുക എന്ന അടിയന്തിര ആവശ്യത്തിനായി ഇന്ന് കോണ്‍ഗ്രസിനെ സിപിഎം സോപാധികം പിന്തുണയ്ക്കുന്നതും. അല്ലാതെ വലത് രാഷ്ട്രീയത്തില്‍ ഒരു ഇടത് സഹയാത്ര സാധ്യമാണ് എന്ന അബദ്ധ ധാരണയൊന്നും വച്ചുപുലര്‍ത്തുന്നതിനാലല്ല.

വിവിധ ജാതി, മതങ്ങള്‍ക്ക് കീഴില്‍ ഏകോപിപ്പിക്കപ്പെട്ട സ്വത്വങ്ങളായാണ് ഇന്ന് നാട്ടിലെ നല്ലൊരുഭാഗം മനുഷ്യരും കഴിയുന്നത് എന്നിരിക്കെ ആ സാമുഹ്യ യാഥാര്‍ഥ്യത്തെ പാടെ അവഗണിച്ചുകൊണ്ട് ഒരു സംഘടനയ്ക്കും പ്രായോഗിക രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാവില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം മനുഷ്യരോടും വോട്ട് ചോദിക്കും, എല്ലാ സമുദായ അധ്യക്ഷന്മാരെയും കാണും. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് പോലെ അതൊരു 'പാപം' ഒന്നുമല്ല. ഇനി ആണെങ്കില്‍ തന്നെ കല്ലെറിയാന്‍ മറുപക്ഷത്ത് പാപം ചെയ്യാത്തവര്‍ ആരും ഇല്ലതാനും.

ചില സമുദായങ്ങളില്‍ അപര സമുദായങ്ങളോട് പകയും വിദ്വേഷവും ജനിപ്പിക്കുക, അതുവച്ച് അവരെ ഏകോപിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക. അതാണ്‌ വര്‍ഗീയ ധ്രുവീകരണം എന്ന് അറിയാത്തവരൊന്നുമല്ല ഈ പ്രചരണം നടത്തുന്നത്. അന്തം വിട്ടവര്‍ക്ക് എന്തും ആയുധമെന്നതാണ് ഇപ്പോള്‍ അവസ്ഥ.

അതുകൊണ്ട് ചെങ്ങന്നൂര്‍ തെളിയിക്കുന്നത് എന്ത് എന്ന് വ്യക്തമാണ്. കേരളത്തിലെ പോലെ ന്യൂനപക്ഷ, ഭൂരിപക്ഷ അനുപാതം 45:55 എന്ന് നില്‍ക്കുന്ന, താരതമ്യേനെ സാക്ഷരത കൂടിയ, അത് താരതമ്യേനെ എല്ലാ ജാതി, മത വിഭാഗങ്ങളിലും ചെന്നെത്തിയിട്ടുള്ള ഒരു സമൂഹത്തില്‍ ജാതി, മതബന്ധിയായ ധ്രുവീകരണം ഇനിയും അത്ര എളുപ്പമായിട്ടില്ല എന്നതാണ് അത്.

ആശങ്കകള്‍

ആത്മവിശ്വാസത്തിന് എല്ലാ അര്‍ത്ഥത്തിലും വക തരുന്നത് തന്നെയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം. പക്ഷെ ഈ ഒരൊറ്റ വിജയത്തിന്റെ ലഹരിയില്‍ ദീര്‍ഘനാള്‍ മതിമറന്ന് ആറാടിയാല്‍ അത് അപകടമാകും എന്ന സൂചനയും ഇതേ തിരഞ്ഞെടുപ്പ് ഫലത്തില്‍ തന്നെയുണ്ട്. അത് നമ്മള്‍ കാണാതിരുന്നുകൂട.

കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആറായിരത്തില്‍ അധികം വോട്ടുകള്‍ അധികം പോള്‍ ചെയ്യപ്പെട്ടിട്ടും ബിജെപിക്ക് ഏഴായിരത്തില്‍ അധികം വോട്ട് നഷ്ടപ്പെട്ടു എന്നത് കാണിക്കുന്നത്  2016-ല്‍ ഉണ്ടായിരുന്ന മോദി പ്രഭാവം പതിനെട്ടാവുമ്പോഴേക്കും വല്ലാതെ മങ്ങി എന്ന് തന്നെയാണ്. പക്ഷെ ഒപ്പം വായിക്കേണ്ട ചിലത് കൂടിയുണ്ട്. മോദി പ്രഭാവം അത്യുച്ചകോടിയില്‍; ഒപ്പം കേരളത്തിലെ ഹിന്ദുക്കളില്‍ ഏറ്റവും പ്രബലമായ സമുദായത്തെ കുടെ കൂട്ടാന്‍ 'നമ്പൂതിരി മുതല്‍ നായാടി” വരെ ഉള്‍ക്കൊള്ളുന്നത് എന്ന ഭാഷ്യത്തില്‍ ഉണ്ടാക്കിയ ബിജെഡിഎസ് എന്ന ധ്രുവീകരണ പരീക്ഷണം. ഇതൊക്കെ ഉള്ളപ്പോള്‍ ശ്രിധരന്‍ പിള്ള പിടിച്ചതാണ് നാല്പത്തിരണ്ടായിരം വോട്ട്. മോദി പ്രഭ മങ്ങി. ബിജെഡിഎസ് ഏതാണ്ട് ഒരു കടലാസ് പാര്‍ട്ടി ആയിക്കഴിഞ്ഞു. അതില്‍ ബാക്കിയുള്ളവര്‍ തന്നെ എവിടെ കുത്തിയാലും താമരക്കില്ല എന്ന മനോനിലയിലായി. എന്നിട്ടും ബിജെപി മുപ്പത്തയ്യായിരം വോട്ട് പിടിച്ചു എങ്കില്‍ അത് എന്താണ് കാണിക്കുന്നത്? ഇതൊരു ഓളത്തില്‍ വന്ന വോട്ടല്ല എന്ന് തന്നെയല്ലേ? അതായത് ബിജെപി പല ഭാഷ്യങ്ങള്‍ക്കുള്ളില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ അത്തരം പൊതിയും മറയുമൊന്നും ഇല്ലാതെ തന്നെ പിന്തുണയ്ക്കുന്ന വോട്ടുകള്‍.

കേവലം തിരഞ്ഞെടുപ്പും ജനവിധിയും മാത്രമായി ചുരുക്കി വായിച്ചാല്‍ പഴുതടച്ച സമഗ്ര വിജയം തന്നെയാണ് സജി ചെറിയാന്‍ വഴി എല്‍ഡിഎഫ് നേടിയത്. പക്ഷെ അത് കേരളത്തിലെ വിശാല ഭാവിയെ മുന്‍നിര്‍ത്തി ആലോചിച്ചാല്‍ അമിതമായ ആത്മവിശ്വാസത്തിലേക്ക് ഉയര്‍ത്താന്‍ പോന്നവണ്ണം ഭദ്രമായ വിജയമാണോ?

നഷ്ടമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയം

ഒരു ധനാത്മക ജനാധിപത്യ പ്രക്രിയയില്‍ രാഷ്ട്രീയ സംഘടനകള്‍ പരസ്പരം പോരാടുന്നത് മനുഷ്യന്‍റെ സമഗ്ര നന്മയെ ലക്ഷ്യമിടുന്ന ഒരു പ്രത്യയശാസ്ത്രവും അതിന്‍റെ നടപ്പാക്കലും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ ഊന്നിയാവണം. അതായത് എഫിഷ്യന്‍സി അഥവാ പ്രത്യയശാസ്ത്രമെന്ന പ്രവര്‍ത്തിപദ്ധതിയുടെ ധൈഷണിക സത്തയെ പ്രവര്‍ത്തിയില്‍ കൊണ്ടുവരുവാനുള്ള ക്ഷമതകള്‍ തമ്മിലാവണം.

കുറേക്കൂടി വിശദമാക്കിയാല്‍ മനുഷ്യ നന്മയെ ലക്ഷ്യം വയ്ക്കുന്ന ഒന്നിലധികം പുരോഗമന, വികസന ദര്‍ശനങ്ങള്‍, പ്രയോഗ പദ്ധതികള്‍. അവയുടെ സൈദ്ധാന്തിക ചട്ടക്കൂടായ പ്രത്യയശാസ്ത്രങ്ങള്‍, പ്രയോഗതല നടത്തിപ്പിനായി രാഷ്ട്രീയ സംഘടനകള്‍. അവ തമ്മില്‍ ഒരേ സമയം സൈദ്ധാന്തികവും പ്രായോഗികവുമായ വിവക്ഷകള്‍ ഉള്‍ക്കൊള്ളുന്ന മത്സരം. അങ്ങനെയാകുമ്പോഴാണ് ജനാധിപത്യത്തില്‍ രാഷ്ട്രീയ പോരാട്ടങ്ങളും അതില്‍ ജയപരാജയങ്ങളും ഉണ്ടാകുന്നത്.

വിശാലമായ അര്‍ത്ഥത്തില്‍ ഇടത്, വലത് രാഷ്ട്രീയങ്ങള്‍ തൊട്ട് കമ്യൂണിസവും ക്യാപ്പിറ്റലിസവും തമ്മിലുള്ള പോരാട്ടം വരെയും, മതരാഷ്ട്രവാദവും ജനാധിപത്യവും തമ്മിലുള്ള മത്സരത്തെക്കാള്‍ ആനുപാതികമായി മെച്ചമാണ്. എന്നാല്‍ സമീപകാലത്ത് കേരള രാഷ്ട്രീയത്തില്‍ പോലും അതാണോ സംഭവിക്കുന്നത്?

ഹിന്ദുത്വ രാഷ്ട്രിയം കേന്ദ്ര സ്ഥാനത്ത് വരികയും അതിനോടുള്ള നിലപാടുകളും നിലപാട് ഇല്ലായ്മയും ഉണ്ടാക്കുന്ന സമവാക്യങ്ങള്‍ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന അവസ്ഥയിലേയ്ക്ക് സ്വത്വ രാഷ്ട്രീയം ജനാധിപത്യത്തിന്റെ വിശാല മൂല്യങ്ങളെ ഹൈജാക്ക് ചെയ്തിരിക്കുന്നു.

ഹിന്ദുത്വ ഏകീകരണം സ്വത്വരാഷ്ട്രീയമല്ല

അധീശ പ്രത്യയശാസ്ത്രങ്ങളുടെ ഏകീകരണമല്ല സ്വത്വരാഷ്ട്രീയത്തിന്‍റെ ലക്ഷ്യം എന്ന് വ്യക്തം. സ്വത്വ ബന്ധിയായ സുക്ഷ്മാഖ്യാനങ്ങള്‍ ആധുനികതയുടെ സമഗ്ര, സാര്‍വ്വജനീന ദര്‍ശനങ്ങളില്‍ ഇടം പിടിക്കാതെ പോയ സുക്ഷ അസ്തിത്വങ്ങളുടെ വീണ്ടെടുപ്പാണ് സൈദ്ധാന്തികമായി എന്നതും ശരി. അതുകൊണ്ട് തന്നെ ഇതിനോടുള്ള കമ്യുണിസ്റ്റ് സമീപനത്തിന് രേഖീയമാവാന്‍ കഴിയില്ല. അത് വൈരുദ്ധ്യാത്മകം തന്നെയാവണം.

മുമ്പും പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ വിശ്വാസത്തെ, സ്വത്വത്തെ, അവയിലൊക്കെയുമായി വ്യാപിച്ച് നില്‍ക്കുന്ന വര്‍ത്തമാന യാഥാര്‍ഥ്യങ്ങളെ അതിഭൌതികമെന്ന് എഴുതിത്തള്ളുന്ന, അവയോട് കേവലമായ ശത്രുത പുലര്‍ത്തുന്ന സമീപനം അടിസ്ഥാനപരമായി ഇടതല്ല, കമ്യൂണിസ്റ്റ് തീരേയുമല്ല.

ഇവിടെയാണ് അലസവും അതിഭൌതികവുമായ ഒരു കമ്യൂണിസം എന്ന സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ഒരു സാധാരണമല്ലാത്ത സാധ്യത (ഇംപ്രോബബില്‍ പോസിബിലിറ്റി) ജാഗ്രതയില്ലാത്ത കേവല അനുഭാവികള്‍ വഴി നിലവില്‍ വരുന്നത്. അത് അന്ധമാണ്‌ എന്നതിനാല്‍ തന്നെ ആത്മവിനാശകരവുമാണ്.

സൈദ്ധാന്തികവും ആശയപരവുമായ വെല്ലുവിളികളെ ഏറ്റെടുക്കുന്നതിന് പകരം അവയെ സ്വാത്വരാഷ്ട്രീയ യുക്തികള്‍, കമ്യൂണിസ്റ്റ് വിരുദ്ധത എന്നൊക്കെ മുദ്രകുത്തി പ്രതിരോധിക്കുന്നത് ആത്മവിനാശകരം മാത്രമാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാം. പ്രാഥമികമായി സ്ത്രീ പ്രശ്നമെടുക്കുക. നവ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍, അതിന്റെ സൂക്ഷ്മാഖ്യാനങ്ങളില്‍, സ്വത്വ രാഷ്ട്രീയത്തില്‍ ഒക്കെയായി കള്ളി ചേര്‍ത്ത് കമ്യൂണിസ്റ്റ് വിരുദ്ധം എന്ന് അവരുടെ സുക്ഷ്മമായ സ്വത്വ പ്രശ്നങ്ങളെ നിരാകരിക്കുന്നത് വഴി ഗെയില്‍ ഒമ്വേദ് പറഞ്ഞ അവസാനിക്കാത്ത ചൂഷണം എന്ന ബൃഹദാഖ്യാനത്തിനെതിരെ നിലപാടെടുത്ത് മാര്‍ക്സിസത്തിനൊപ്പം നില്‍ക്കുന്ന കോടിക്കണക്കിന് സ്ത്രീകളെ അപരവത്ക്കരിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.

http://www.azhimukham.com/opinion-chenganoor-byelection-result-an-analysis-by-visakh-part-1/

അഭിസംബോധന ചെയ്യേണ്ട പ്രശ്നങ്ങള്‍ ബാക്കിയാണ്

ഒരു ഉപതിരഞ്ഞെടുപ്പ് വിജയം പോലും ജനാധ്യപത്യ പ്രക്രിയയില്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ ജനാധിപത്യത്തെ നിര്‍ണ്ണയിക്കുന്നത് തിരഞ്ഞെടുപ്പേ അല്ല താനും. ഈ വൈരുദ്ധ്യത്തെ മനസിലാക്കി വേണം ആഘോഷങ്ങള്‍.

ചെങ്ങന്നൂര്‍ വിജയാഘോഷങ്ങള്‍ പോടിപോടിക്കുന്നതിനിടയില്‍ സൈബര്‍ ലോകത്ത് മറ്റൊരു സംഭവവും കണ്ടു. സംഗതി നടന്നത് അതിന് മുമ്പാണോ, ഞാന്‍ കണ്ടത് വൈകിയാണോ എന്നതൊന്നും പ്രശ്നമല്ല. കാരണം ഈ പ്രശ്നം പുതുമയേ ഉള്ളതല്ല. ചുംബന സമരത്തിന് സിപിഎം എതിരായിരുന്നോ എന്ന് ചോദിച്ചാല്‍ പിണറായി വിജയന്‍റെ ഒരു സ്റ്റേറ്റ്മെന്റ് ആകും മറുപടി. എന്നാല്‍ അതിന് അനുകൂലമായ നിലപാടെടുത്ത എംബി രാജേഷിനെ പോലെയുള്ള നിരവധി സിപിഎം ഔദ്യോഗിക ഭാരവാഹികള്‍ അതുകൊണ്ട് പുറത്താക്കപ്പെട്ടൊന്നുമില്ല താനും.
എന്നിട്ടും ചുംബന സമരം എക്കിട്ടം പോലെ ചില മാര്‍ക്സിസ്റ്റ്‌ അനുഭാവികളില്‍ പൊന്തിവരുന്നു എങ്കില്‍ അത് തെളിയിക്കുന്നത് ചില രാഷ്ട്രീയ പരാധീനതകളെയാണ്.

മാര്‍ക്സിസ്റ്റ്‌ ആവാത്ത മാര്‍ക്സിസ്റ്റ്‌ അനുഭാവികള്‍

മാര്‍ക്സിസത്തില്‍ ചുംബന സമരം ഒരു സംവാദ വിഷയമായതില്‍ അതിശയമൊന്നുമില്ല. അത് സമരകാരണവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് അതിന്‍റെ പ്രായോഗിക സാദ്ധ്യതകളുമായി ബന്ധപ്പെട്ട് ആയിരുന്നു. അതില്‍ പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു: തോമസ്‌ ഐസക്ക് മുതല്‍ പിണറായിയും എംബി രാജേഷും വരെ.
ഇവിടെ പ്രസക്തമായ പ്രശ്നം ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ ആയിട്ടും മേല്പറഞ്ഞ പുരുഷന്മാര്‍ ഒക്കെയും സിപിഎമ്മില്‍ ഉണ്ട്. ഇവര്‍ക്ക് എതിരേ അങ്ങനെ ഒരു മാരക ക്യാമ്പെയിനും നടന്നതായി അറിവില്ല. എന്നാല്‍ അരുന്ധതി, മായാലീല, പ്രീത ജിപി, രഹാന തുടങ്ങിയ സ്ത്രീകള്‍ക്കു നേരെ ഒരു വ്യക്തിഗത ഹേറ്റ് ക്യാമ്പെയിന്‍ രഹസ്യ ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട് എന്ന് പോസ്റ്റ്‌ ഇട്ട ഹസ്ന വരെയുള്ള, ഒരുനിലയിലും സമീകരിക്കാനാവാത്ത വണ്ണം വ്യത്യസ്തമായ വ്യക്തിസത്തയും ഇന്‍ഡിവിജ്വല്‍ കരിസ്മയും ഉള്ള ഇവര്‍ ഒക്കെയും എങ്ങനെ ഒരു അവയവത്തിന്റെ അളവ് സമവാക്യങ്ങള്‍ എന്ന നിലയില്‍ സമീകരിക്കപ്പെട്ടു? ഇത്തരം സ്വകാര്യ വര്‍ത്തമാനങ്ങള്‍ പോലും ഒരു ദേശത്തിന്റെ സാംസ്കാരിക ദാരിദ്ര്യത്തെയല്ലെങ്കില്‍ പിന്നെ എന്തിനെയാണ് സൂചിപ്പിക്കുന്നത്?

ഹിന്ദുത്വ രാഷ്ട്രീയം കേന്ദ്രമായാല്‍ പിന്നെ അതിനെ അടിസ്ഥാന ഏകകമായി എടുത്താവും ചര്‍ച്ചകള്‍ ഒക്കെയും. അതിന്‍റെ ആണ്‍കോയ്മ സംസ്കാരത്തെ ഏകകമായി എടുത്താല്‍ പിന്നെ സ്വാഭാവികമെന്നോണം ചിലപ്പോള്‍ മുലയും മാറിടസദാചാരവും ഒക്കെയാവും ആ ഏകകം. (ചുമ്മാ അല്ലല്ലോ, അത് മുറിച്ച് കളയുന്ന അളവില്‍ സ്ത്രീകള്‍ നോവൊരു പ്രശ്നമല്ലാത്തവരായി പരിണമിച്ചത്. മുല ചീന്തി എറിയണം ഒരിക്കല്‍ എന്ന് ആ പ്രക്രിയ മുമ്പേ കണ്ട് അവര്‍ക്ക് പരിശീലനം നല്‍കിയിരിക്കാം; 'പുലയപ്പാട്ടി'ലെ നായിക അരിവാളിന് മുലയരിഞ്ഞ്‌ തുറിച്ച് നോക്കുന്ന തമ്പ്രാന് ഇട്ടുകൊടുത്തപോലെ). അവളുടെ മകള്‍ പഠിച്ചതും പുലര്‍ന്നതും ആ നോവലിന്റെ പശ്ചാത്തലം എടുത്താല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വെയിലിലും. പക്ഷെ വര്‍ത്തമാന കമ്യൂണിസ്റ്റുകളില്‍ പലരും 'വേറെ ലെവലാ'ണെന്ന് തോന്നുന്നു.

ദളിതനെ പ്രണയിച്ചു എന്ന കാരണത്താല്‍ മുറിപ്പെട്ട അഭിമാനത്താല്‍ ഒരച്ഛന്‍ കൊന്നുകളഞ്ഞ മകളും, ഇതേ കാരണങ്ങളാല്‍, മിശ്രവിവാഹിതരായ ദമ്പതികളുടെ മകള്‍ അവരാല്‍ തന്നെ വിധവയാക്കപ്പെട്ട സംഭവവും ഒന്നും സിപിഎമ്മിലേക്ക് വിരല്‍ ചൂണ്ടുന്നില്ല. പക്ഷെ ഇത് അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള ഇവിടത്തെ ഏക ബഹുജന സംഘടന എന്ന നിലയില്‍ നിരന്തര ജാഗ്രത ആവശ്യമാണ്. ഈ കണ്ട സാമുഹ്യ പ്രവണതകള്‍ ഒന്നും ഒരു ഇടത് മാര്‍ക്സിസ്റ്റ്‌ സമൂഹത്തിന്റെ ഉരുത്തിരിയലിനെ സൂചിപ്പിക്കുന്നതല്ല. മറിച്ച് ഒരു ഹിന്ദുത്വ സമുഹത്തിന്റെ, മതരാഷ്ട്രീയ യുക്തികളുടെ വ്യാപനത്തിന് അനുകൂലമായ സാഹചര്യമാണ് സുചിപ്പിക്കുന്നത്. അതിന്റെ തത്കാല സമവാക്യങ്ങള്‍ നമുക്ക് അനുകൂലമായി എന്നുകണ്ട് നിഷ്ക്രിയ ആഘോഷങ്ങളില്‍ മുഴുകിയാല്‍ മുപ്പത്തയ്യായിരം, ഒന്നേകാല്‍ ലക്ഷത്തെ ഒഴുക്കിക്കളയുന്ന ഒരു കാലം കാണേണ്ടിവരും.

ചെങ്ങന്നൂര്‍ ഒരു ആത്മവിശ്വാസമാണ്. അതുപയോഗിച്ച് അകത്തേക്ക് നോക്കണം. ആന്തരിക ജീര്‍ണ്ണതകളില്‍ മരുന്ന് പുരട്ടാനാവണം.

ഇടതുപക്ഷത്തിന് രാഷ്ട്രീയമാണ് തുണ. അത് ഓര്‍മ്മവേണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories