TopTop

സംഘപരിവാറിനെ ക്രൈസ്തവ സഭയ്ക്ക് ഇനിയും പിടികിട്ടിയിട്ടില്ല

സംഘപരിവാറിനെ ക്രൈസ്തവ സഭയ്ക്ക് ഇനിയും പിടികിട്ടിയിട്ടില്ല
ദേശീയ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇന്ത്യൻ ക്രൈസ്തവ സഭാ നേതാക്കൾ തങ്ങളുടെ പങ്കിനെക്കുറിച്ച് കൂടുതൽ ആശയക്കുഴപ്പത്തിലാണ്. ഇത് വിശ്വാസികളെയും രാജ്യത്തെയും ബാധിക്കുന്ന നിർണായക പ്രശ്നങ്ങളിലുള്ള അവരുടെ സ്വാധീനത്തെക്കുറിച്ച് മറ്റുള്ളവരിലും ചോദ്യങ്ങൾ ഉയർത്തുന്നു.

2019-മേയിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ഭൂമിക ശത്രുതാപരമായി മാറുമ്പോൾ, മുന്നോട്ടു നോക്കുന്നതിനു പകരം സഭാ നേതൃത്വം സുരക്ഷിതരാകാൻ വേണ്ടി ശ്രമിക്കുകയാണെന്ന് അതിനുള്ളിലെ വിമർശകർ പറയുന്നു. 2014-ൽ അധികാരത്തിൽ വന്ന ഹിന്ദുത്വ- ദേശീയവാദികളായ ബിജെപി വിഷം നിറഞ്ഞ വിഭാഗീയമായ ഒരു ആഖ്യാനമാണ് രാജ്യത്തുണ്ടാക്കുന്നത്.

സർക്കാരിന്റെ പരാജയം മറച്ചുവെക്കാനും പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ നിർവ്വീര്യമാക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണ് ഇതെന്നും ചില നിരീക്ഷകർ കരുതുന്നു. ഇന്ത്യയെ ഒരു ക്രൈസ്തവ രാജ്യമാക്കി മാറ്റാൻ വത്തിക്കാൻ ഗൂഢാലോചന നടത്തുന്നു എന്നാരോപിക്കുന്ന ബിജെപിയുടെയും അവരുടെ മാതൃസംഘടന ആർഎസ്എസിന്റെയും നിരീക്ഷണത്തിലാണ് ഏറെക്കാലമായി ക്രിസ്ത്യാനികൾ.

2,000 കൊല്ലം ഇവിടെ ഉണ്ടായിട്ടും ഇന്ത്യയിലെ 1.3 ബില്യൺ ജനസംഖ്യയുടെ വെറും 2.4 ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ എന്നാണ് വസ്തുത എന്നതിന്റെ പശ്ചാത്തലത്തിൽ കൂടി വേണം ഇതു കാണാൻ. കേന്ദ്ര സർക്കാരും ബിജെപി ഭരണത്തിലുള്ള പല സംസ്ഥാന സർക്കാരുകളും ക്രിസ്ത്യൻ പ്രവർത്തനങ്ങൾക്ക് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധർക്കുള്ള കേന്ദ്രങ്ങൾ എന്നിങ്ങനെ അര ലക്ഷത്തിലേറെ സ്ഥാപനങ്ങൾ ഇന്ത്യയിലെ കത്തോലിക്കാ സഭ നടത്തുകയും സാമൂഹ്യമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടു കൂടിയാണ് ഈ നിഷേധാത്മക സംഭവവികാസങ്ങൾ. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഭിന്നതകളുണ്ടാക്കാൻ ക്രിസ്ത്യൻ വിരുദ്ധ പ്രതീകാത്മകത നിരന്തരം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ചില മാധ്യമങ്ങൾക്കൂടി ഏറ്റെടുത്ത ഈ വലതുപക്ഷ പ്രചാരണത്തെ ഫലപ്രദമായി നേരിടുന്നതിൽ സഭ പരാജയപ്പെട്ടിരിക്കുന്നു. സഭ ആയിരക്കണക്കിന് സമുദായ ന്യൂസ് ലെറ്ററുകളും മാസികകളും പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും ദേശീയപ്രാധാന്യമുള്ള ഒരു ടെലിവിഷൻ ചാനലോ ദിനപത്രമോ അവര്‍ക്കില്ല.

കഴിഞ്ഞ വർഷം സഭയുടെ ആഭിമുഖ്യത്തിലുള്ള എൻജിഒകളെ ശ്വാസം മുട്ടിക്കാനുള്ള ശ്രമത്തിൽ കാരിത്താസ് ഇന്ത്യ, കംപാഷൻ ഇന്ത്യ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സാമൂഹ്യ പദ്ധതികൾക്കുള്ള സംഭാവനകൾക്കുള്ള നികുതി ഒഴിവ് നീക്കം ചെയ്തിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിനു കീഴിൽ പല രജിസ്ട്രേഷനുകളും റദ്ദാക്കിയെന്നും ഇത് മൂലം ആയിരക്കണക്കിനാളുകൾക്ക് ജോലി നഷ്ടമായെന്നും ഇതിൽ 90 ശതമാനവും ഹിന്ദുക്കളാണെന്നും ഒരു സഭാ വക്താവ് പറഞ്ഞു. സംഭാവനകൾ വിവിധ സാമൂഹ്യ പദ്ധതികൾക്കായാണ് ഉപയോഗിച്ചത്.

ഇപ്പോൾ ജാർഖണ്ഡിൽ ആദിവാസികളുടെ വനവിഭവങ്ങൾക്കു മേലുള്ള അവകാശവും ഭൂമിയുടെ അവകാശവും എടുത്തുകളയാനുള്ള ശ്രമം നടക്കുന്നു. ഇത് സംസ്ഥാനത്തെ ഭൂരിഭാഗവും ആദിവാസികളായ അവിടുത്തെ ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യംവെച്ചാണ്. പോപ് ഫ്രാൻസിസിനെ രാജ്യത്തേക്ക് ക്ഷണിക്കാനുള്ള കാത്തലിക് ബിഷപ് കോൺഫറൻസിന്റെ അഭ്യർത്ഥനയും മോദി സർക്കാർ നിരസിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലേക്ക് സിബിസിഐ പ്രസിഡണ്ട് കർദിനാൾ ഓസ്വാൾഡ് ഗ്രാസിയാസിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം മോദിയുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. എന്നാൽ അക്രമം അവസാനിപ്പിക്കാൻ മോദിയുടെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് വിമർശകർ പറയുന്നു. ഏറ്റുമുട്ടലിന്റെ സമീപനത്തിനെതിരെ ഒരു ക്രൈസ്തവ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയത് ഇങ്ങനെയാണ്, “
സഭ ഒരു സ്ഥാപനം എന്ന നിലയിൽ മോദി സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടരുത്. അത് തെരഞ്ഞെടുപ്പ് വിജയിക്കാൻ ക്രിസ്ത്യാനികൾക്കെതിരെ ഹിന്ദുക്കളെ അണിനിരത്താൻ ബിജെപിയെ സഹായിക്കുകയും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്ന അവരുടെ ഒളി അജണ്ടയെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യും.


ബിഷപ്പുമാർ രാഷ്ട്രീയ സ്വഭാവം കൂടിയുള്ള ഇടയ ലേഖനങ്ങൾ എഴുതുന്നതും തിരിച്ചടിയായി മാറുകയാണ് എന്നാണു പലപ്പോഴുമുള്ള അനുഭവം.

ഈ വർഷം ഇന്ത്യയെ അതിന്റെ ‘വിക്ഷുബ്ധമായ’ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിന്നും രക്ഷിക്കാൻ ഒരു വർഷം നീളുന്ന പ്രാർത്ഥന പ്രചാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ ഇടവക പുരോഹിതന്മാർക്കെഴുതിയ ഒരു കത്തിനെച്ചൊല്ലി ബിജെപി വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. അദ്ദേഹവും വത്തിക്കാനും മോദി സർക്കാരിനെതിരെയും മറ്റു ദേശീയവാദി രാഷ്ട്രീയക്കാർക്കെതിരെയും വോട്ടു ചെയ്യാൻ കത്തോലിക്കരെ പ്രേരിപ്പിക്കുകയാണ് എന്ന് ചില തീവ്ര ഹിന്ദു സംഘടനകളും ചില മാധ്യമങ്ങളും കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പിന്റെ തലേന്ന്, ഇന്ത്യൻ ഭരണഘടനയോട് വിശ്വസ്തത പുലർത്തുന്ന സ്ഥാനാർത്ഥികളെ സഹായിക്കാനായി പ്രാർത്ഥന സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധിനഗർ ആർച്ച് ബിഷപ് തോമസ് മാക്വാൻ ഇടവക പുരോഹിതന്മാർക്ക് ഇടയ ലേഖനം അയച്ചിരുന്നു.

ഒരു ക്രിസ്ത്യൻ വിരുദ്ധ പ്രചാരണം നടത്താനായി ബിജെപി ഉടനെത്തന്നെ ഈ അവസരം ഉപയോഗപ്പെടുത്തി. ഗുജറാത്തിലെ 60 ദശലക്ഷം ജനതയുടെ വെറും 0.52 ശതമാനം വരുന്ന ക്രിസ്ത്യാനികളോട് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയതിന്റെ യുക്തി എന്താണെന്ന് അത്ഭുതമുണ്ടാകാം. എന്നിട്ടും ദേശീയവാദി ശക്തികൾക്ക് വോട്ടു ചെയ്യാതിരിക്കാൻ ക്രിസ്ത്യാനികളെ സ്വാധീനിക്കാൻ ഒരു മത പുരോഹിതൻ ഇത്തരത്തിൽ ശ്രമിച്ചത് തന്നെ ഞെട്ടിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു.

ബിഷപ്പുമാർ ഒറ്റതിരിഞ്ഞു നടത്തുന്ന ഇത്തരം പരിപാടികളല്ലാതെ, കൂട്ടായ ശബ്ദമാണ് ഉണ്ടാകേണ്ടത്. സഭ തങ്ങളുടെ ‘ന്യൂനപക്ഷ സ്വഭാവം’ മാറ്റി ഉദാര, മതേതര ഹിന്ദുക്കളെക്കൂടി ഉൾക്കൊള്ളുന്ന വിധത്തിൽ തങ്ങളുടെ സാമൂഹ്യ പിന്തുണ വിപുലമാക്കണം എന്ന് ഒരു പുരോഹിതൻ അഭിപ്രായപ്പെട്ടു. ബഹുസ്വരത, ജനാധിപത്യം, വൈവിധ്യം എന്നിവ ഉയർത്തിപ്പിടിക്കുന്ന ആളുകളുടെ സാമൂഹ്യ മുന്നണി ഉണ്ടാക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മതേതരവും സഹിഷ്ണുതയുള്ളതുമായ ഒരു രാജ്യമായി സ്വയം ഉറപ്പിക്കണമെന്ന് മൂന്നു വർഷങ്ങൾക്കുമുമ്പ് വ്യവസായി സഞ്ജയ് കിർലോസ്കർ പരസ്യമായി ആവശ്യപ്പെട്ടു. നല്ലൊരു ശതമാനം വിദേശ നിക്ഷേപകർ ക്രിസ്ത്യാനികളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ കാലങ്ങളിൽ വിവിധ സർക്കാരുകളുടെ നയ തീരുമാനങ്ങളെ സ്വാധീനിക്കാൻ സഭയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോളത് ദുര്‍ബലമായിരിക്കുന്നു. ഹിന്ദു തീവ്രവാദികളെ നിലയ്ക്ക് നിർത്താൻ ഇന്ത്യൻ സർക്കാരിന് മേൽ നയതന്ത്ര സമ്മർദ്ദം ചെലുത്താൻ മറ്റു രാജ്യങ്ങളെ സഭ പ്രേരിപ്പിക്കുന്നുണ്ടോ എന്നതും അറിയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/india-why-christian-priest-prayer-irks-rss-writes-kaybenedict/

https://www.azhimukham.com/opinion-book-ban-history-by-jimmymathew/

https://www.azhimukham.com/offbeat-catholic-church-big-mess-writes-kaantony/

Next Story

Related Stories