TopTop
Begin typing your search above and press return to search.

മതം സ്വകാര്യതയല്ല, ഉത്ഭവം ഗ്രൂപ്പിസത്തില്‍ നിന്ന്; പള്ളിയും എഎംഎംഎയും ചില സമൂഹ മന:ശാസ്ത്ര ചിന്തകളും

മതം സ്വകാര്യതയല്ല, ഉത്ഭവം ഗ്രൂപ്പിസത്തില്‍ നിന്ന്; പള്ളിയും എഎംഎംഎയും ചില സമൂഹ മന:ശാസ്ത്ര ചിന്തകളും
കഴിഞ്ഞ ദിവസം എഎംഎംഎയുടെ തീരുമാനങ്ങളെ പറ്റി മോഹൻലാൽ ന്യായീകരിച്ചു സംസാരിക്കുന്നത് നമ്മൾ കാണുകയുണ്ടായി. അതിൽ തുടർന്ന ചർച്ചകളിൽ ഒക്കെ കേട്ട ഒരു കാര്യം വളരെ താല്പര്യത്തോടെ ഞാൻ ശ്രദ്ധിച്ചു. ജനറൽ ബോഡി മീറ്റിങ്ങിൽ ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനം കൈയടിച്ചു പാസാക്കി - എന്നാണു പറഞ്ഞത്. എതിർത്ത് ആരും പറഞ്ഞില്ല എന്നുള്ളതാണ്.

ശ്രദ്ധാപൂർവം നോക്കിയാൽ, കാര്യങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനും, പൊതുസമൂഹത്തിന്റെ അഭിപ്രായത്തെ അറിയാനും, വസ്തുതകളെ ശരിയായി വിലയിരുത്താനും എഎംഎംഎയുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്ന് മിക്കവരും പറയും.

ഒരു ബിഷപ്പിനെതിരെ നിരന്തരം ഗുരുതരമായ പരാതികൾ ഉയർന്നു. അതിനു മുൻപേ കുറെ അച്ചന്മാർ ഒരു യുവതിയെ പീഡിപ്പിച്ചു എന്നുള്ള ആരോപണവും വന്നു. ഈ രണ്ടു കാര്യങ്ങളിലും ഇതേ തെറ്റ് മത നേതൃത്വത്തിന് വന്നു എന്നത് വ്യക്തമാണ്. എല്ലാ മതങ്ങൾക്കുള്ളിലും സംഭവിക്കാവുന്ന ജീർണത ഇവിടെയും സംഭവിക്കുന്നുണ്ട് എന്നതിൽ തർക്കമൊന്നുമില്ല.

സ്വന്തം ദൈവത്തിനു വേണ്ടി ആളുകളെ നിഷ്ടൂരമായി കൊല്ലണം എന്നു കരുതുന്ന ഒരു വിഭാഗത്തിന്റെ കാട്ടിക്കൂട്ടലുകൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു. ഇതേ പോലെ, ദൈവിക മൃഗത്തിന്റെ സംരക്ഷണത്തിനായി കൊലകൾ നടത്തിയവരെ, ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ മന്ത്രി തന്നെ മാല ഇട്ട് സ്വീകരിക്കുന്നു!

ഇതൊന്നും ആ മതങ്ങളുടെ തീവ്ര സപ്പോർട്ടർമാർ തെറ്റായി കാണണം എന്നില്ല!

എന്റെ ചോദ്യം ഇതാണ് - എഎംഎംഎ എന്ന സംഘടനയിലെ നേതാക്കന്മാരുടെ നിലപാടുകളും, മതത്തിന്റെ പേരിൽ സ്ഥിരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന തല ചെകിടിപ്പിക്കുന്ന കുണാണ്ടറികളും തമ്മിൽ വല്ല ബന്ധവും നിങ്ങൾക്ക് കാണാൻ പറ്റുന്നുണ്ടോ? എന്നാൽ എനിക്ക് ചെറുതായി കാണാൻ പറ്റുന്നുണ്ട്... ന്നാ തോന്നുന്നത്.

എന്താണ് മതങ്ങൾ? ഈ കഴിഞ്ഞ ദിവസം കൂടി മതങ്ങളെ 'മൈൻഡ് വൈറസ്', അഥവാ വെറും ഒരു ഐഡിയ എന്ന് ആരോ വിശേഷിപ്പിച്ചു കണ്ടു. അതായത്, ഏതോ കുറെ മനുഷ്യർ എപ്പോഴോ കണ്ടുപിടിച്ചതാണ് ദൈവം എന്ന ആശയത്തെയും അതിനനുബന്ധമായി കിടക്കുന്ന മതങ്ങളെയും എന്ന്. പല ശാസ്ത്രജ്ഞരും മിക്ക യുക്തിവാദികളും പറയുന്ന തിയറി ഇതാണ്. പിന്നെ സാംസ്കാരികമായി പകർന്നവയാണത്രെ മതങ്ങൾ. മതവാദികൾക്ക് അങ്ങനെ തിയറി ഒന്നുമില്ല. സ്വന്തം മതം ആണ് സത്യം. ബാക്കി മതങ്ങൾ ഒക്കെയോ - ആവോ അറിയില്ല.

എന്നാൽ അധികം പേരും പിന്തുണയ്ക്കാത്ത ഒരു തിയറിയിലാണ് എനിക്ക്-പേഴ്സണലായിട്ട് പറയുവാ - പ്രിയം. അപ്പൊ താനാരാന്ന് ല്ലേ... ആരുമല്ല. പിന്നെ ഇതൊക്കെ എന്നാത്തിനാ, എന്തരിനാ, എന്തൂട്ടിനാ?

വെർതേ... ഒരു രസം.

മനുഷ്യ മനസ്സിൽ സ്വാഭാവികമായി ഉള്ള ഒരു പ്രതിഭാസം - ജന്മനാ എന്ന് തന്നെ പറയാം - ആണ് മതോൽപ്പത്തിക്ക് നാന്ദി എന്നാണു ചിലരുടെ.... മ്... മ് - മതം. എന്റെയും. ചുരുക്കത്തിൽ പറയാൻ ശ്രമിക്കാം. ഇല്ലേൽ ബോറടിച്ചു ചാകും. എനിക്ക് പാപം കിട്ടും.

സോഷ്യൽ സൈക്കോളജി അഥവാ സമൂഹ മനഃശാസ്ത്രം എന്ന ഒരു ശാസ്ത്രശാഖയുണ്ട്. ഇർവിങ് ജാനിസ് എന്ന ഒരു സാമൂഹ്യ മനഃശാസ്ത്രജ്ഞൻ പറഞ്ഞു വച്ച ഒരു സംഭവം ആണ്- 'ഗ്രൂപ്പ് തിങ്ക്'. "സംഘ ചിന്ത" എന്ന് നമുക്ക് വിളിക്കാം. കമ്മറ്റികൾ, ക്ലബുകൾ, പാർട്ടികൾ, സംഘടനകൾ, എന്നിങ്ങനെ ഒരേ കാര്യത്തിന് വേണ്ടിയോ അല്ലാതെയോ, ചില പൊതു ഉദ്ദേശങ്ങൾക്കായി ഒന്നിക്കുന്നവർ, കൂട്ടായി എടുക്കുന്ന പാളിച്ചകൾക്കാണ് ജാനിസ് 'ഗ്രൂപ് തിങ്ക്' എന്ന പേര് കൊടുത്തത്.

ഒത്തിരി പഠന നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഗ്രൂപ് തിങ്ക് എന്ന പ്രതിഭാസത്തിന്റെ ചുരുൾ അഴിഞ്ഞു വന്നത്. വളരെ അധികം പേര് പിന്നീട് ഇത് പഠിച്ചിട്ടുണ്ട്. വളരെ ഉന്നത തലത്തിൽ പോലും ഗ്രൂപ് തിങ്ക് പ്രശ്നങ്ങൾ ഉണ്ടാകാം- ഒരുദാഹരണമാണ് ഇറാക്കിൽ രാസായുധങ്ങളും മറ്റും ഉണ്ട് എന്ന് പറഞ്ഞു അമേരിക്ക നടത്തിയ യുദ്ധം.

വളരെ നേരിയ തെളിവുകളുടെ അടിസ്ഥാനത്തിൽ, മറ്റുള്ള എല്ലാവരുമായും, കൂടെയുള്ള സഖ്യ കക്ഷികളുമായും ഒന്നും ശരിയായി ആലോചിക്കാതെ ബുഷും കൂട്ടരും നടത്തിയ ഒരു 'ആനമണ്ടത്തര'മാണ് ഈ യുദ്ധം എന്നാണു ഇന്നത്തെ വിദഗ്ദ്ധ മതം. ഗൂഡാലോചന സിദ്ധാന്തങ്ങൾ കുറെ ഉണ്ടെങ്കിലും. സോഷ്യൽ സൈക്കോളജിസ്റ്റുകൾ ഗ്രൂപ് തിങ്കിന് പറയുന്ന ഒരു ഉദാഹരണമാണ് അന്നത്തെ അമേരിക്കൻ സർക്കാരിന്റെ ഈ മണ്ടത്തരം.

എന്തൊക്കെയാണ് ഗ്രൂപ് തിങ്കിന്റെ ലക്ഷണങ്ങൾ? ഒരു സാദാ സൈക്കോളജി ടെക്സ്റ്റ് ബുക്ക് പറയുന്നത് നോക്കാം:

*വസ്തുതകളെ സത്യസന്ധമായി അവലോകനം ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് ഗ്രൂപ്പും, ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുള്ള അടുത്ത ബന്ധവും നിലനിൽക്കേണ്ടത് എന്നുള്ള ഒരു മനോഭാവത്തിൽ നിന്നാണ് ഗ്രൂപ് തിങ്കിങ്ങിന്റെ തുടക്കം.

*ഞങ്ങൾക്ക് ഒരിക്കലും തെറ്റ് പറ്റില്ല എന്നും, തങ്ങളുടെ ഭാഗത്ത് മാത്രമാണ് ശരി എന്നും, മറ്റുള്ളവരെക്കാൾ ന്യായം നമ്മുടെ പക്ഷtത്താണെന്നും, ഒരിക്കലും ഞങ്ങൾ തോൽക്കില്ല എന്നും ഗ്രൂപ് തിങ്ക്, അംഗങ്ങളെ കൊണ്ട് ചിന്തിപ്പിക്കും.

*ഗ്രൂപ്പിന് പുറത്തുള്ളവർ ഒരേ പോലുള്ള തങ്ങളുടെ അത്രയും യോഗ്യത ഇല്ലാത്തവർ ആണെന്നും, അവരുടെ അഭിപ്രായങ്ങൾക്ക് യാതൊരു വിലയും ഇല്ലെന്നും ഗ്രൂപ്പുകാർ വിശ്വസിച്ചു കളയും.

*ഗ്രൂപ്പിലെ പൊതു അഭിപ്രായത്തെ എതിർക്കാൻ സാധ്യതയുള്ള അംഗങ്ങളെ അതിനു സമ്മതിക്കുകയില്ല. അവരെ സ്നേഹത്തോടെയും നിർബന്ധിച്ചും പലതരത്തിൽ വരുതിക്ക് കൊണ്ടുവരാൻ ശ്രമിക്കും.

*രഹസ്യ വോട്ട് പോലുള്ള ജനാധിപത്യ രീതികൾ ഒരിക്കലും പിന്തുടരില്ല.

*നേതാക്കൾക്ക് ചുറ്റും കുറെ പേര് നിന്ന്, മറ്റുള്ള പൊതുസമൂഹത്തിലെ എതിർപ്പുകൾ അയാളെ അറിയിക്കാതെ നോക്കും. അയാൾക്ക് കേൾക്കേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു കൊടുത്തു കൊണ്ടിരിക്കും. ഇതിനാൽ, നേതാവിന് ഒരു വിഷയത്തിന്റെ രണ്ടു വശവും കേൾക്കാനുള്ള കഴിവ് അമ്പേ നഷ്ടപ്പെടും.

ഇത്ര മതി, തത്ക്കാലം.

ഞാൻ ചോദിക്കട്ടെ - ഇതും മതങ്ങളുമായി എന്തെങ്കിലും ബന്ധങ്ങൾ തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നുണ്ട്.

ഇതുകൊണ്ട് തന്നെയാണ്, മതം ഓരോ വ്യക്തിയുടെ സ്വകാര്യത അല്ലേ, എന്നൊക്കെ പറയുമ്പോൾ, പുറമേക്ക് തല കുലുക്കി എല്ലാവരും സമ്മതിക്കുമ്പോഴും കാര്യത്തിലേക്ക് കടക്കുമ്പോൾ ഒന്നും സംഭവിക്കാത്തത്. മതം സ്വകാര്യത ആവുന്നതാണ്, ആധുനിക സമൂഹത്തിനു നല്ലത്.

പക്ഷെ ആത്യന്തികമായി അതിന്റെ ഉത്ഭവം സ്വകാര്യതയിൽ നിന്നല്ല, ഗ്രൂപ്പിസത്തിൽ നിന്നാണ്.

അതുകൊണ്ടാണ് ജനാധിപത്യ രീതികളുടെയും അവയിൽ നിന്ന് മതങ്ങളെ മാറ്റി നിർത്തേണ്ടതിന്റെയും പ്രാധാന്യം ഇത്രയധികം ആയിരിക്കുന്നത്. എതിർപ്പ് ശബ്ദങ്ങൾ അത്ര പ്രധാനപ്പെട്ടതാണ്.

അപ്പോൾ ദൈവം? പുള്ളി എവിടെ? അത് ഇനി ഒരു ലേഖനത്തിൽ.

നിങ്ങൾക്ക് എന്ത് തോന്നുന്നു? ഈ ഗ്രൂപ് തിങ്ക് എങ്ങനെ വന്നു?

പരിണാമം? അതിന്റെ പരിണാമ മെക്കാനിസം എന്തായിരിക്കും?

ഈ പാചക ചേരുവയിലേക്ക് ദൈവം എങ്ങനെ കയറിപ്പറ്റി?

ഒന്ന് കമന്റൂ പ്ലീസ്...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/kazhchappatu-caste-and-religion-in-politics-writes-jimmymathew/

https://www.azhimukham.com/opinion-religious-fanatics-and-kerala-society-s-hareesh-novel-and-hindutwa-by-pramod/

Next Story

Related Stories