TopTop
Begin typing your search above and press return to search.

പള്ളിയും പാര്‍ട്ടിയും; ഒരേസമയം ദൈവരാജ്യത്തിന്റെയും സോഷ്യലസിത്തിന്റെയും പ്രഘോഷകരും ദളിത് അപരവത്കരണത്തിന്റെ പതാകവാഹകരുമാണ്

പള്ളിയും പാര്‍ട്ടിയും; ഒരേസമയം ദൈവരാജ്യത്തിന്റെയും സോഷ്യലസിത്തിന്റെയും പ്രഘോഷകരും ദളിത് അപരവത്കരണത്തിന്റെ പതാകവാഹകരുമാണ്

ഡോ. നൈനാന്‍ കോശിയുടെ ഒരു പുസ്തകമുണ്ട്. 'പാര്‍ട്ടിയും പള്ളിയും'. ഈ രണ്ട് സംഗതികളുമായും ചേര്‍ത്ത് വയ്ക്കാവുന്ന ഒന്നാണ് ഒരു ദിവസം മുമ്പ് നടന്ന ദുരഭിമാനക്കൊല. മേല്‍പ്പറഞ്ഞ ആ രണ്ട് സംഗതികളും കേരളത്തിലെ ദളിത് ക്രൈസ്തവരില്‍ സ്വാധീനം ചെലുത്തിയിട്ടുള്ളതാണ്. നമ്മള്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം, സുറിയാനി ക്രിസ്ത്യാനികളിലെ യാഥാസ്ഥിതികരായ ആളുകളാണ് ജാതീയത ഏറ്റവും കൂടുതലായി കാണിക്കുന്നതെന്നാണ്. പക്ഷെ ജാതിക്ക് അങ്ങനെ യാഥാസ്ഥിതിക ബോധമെന്നോ പുരോഗമനമെന്നോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

എങ്ങനെയാണ് ഇവരുടെ ഒരു ജാതിബോധം രൂപപ്പെടുന്നത്? എന്തുകൊണ്ടാണ് ചര്‍ച്ച് സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായിരിക്കുന്നത്? അതിന്റെ തുടക്കം എന്ന് പറയുന്നത് സണ്‍ഡേ സ്‌കൂളുകളുകളില്‍ നിന്നാണ്. രണ്ട് ഭാഗത്തായി വേര്‍തിരിഞ്ഞുള്ള ഇരിപ്പ് മുതല്‍ അച്ചന്‍മാരെയടക്കം തിരഞ്ഞെടുക്കുന്നത് വരെയുള്ള എല്ലാ പ്രക്രിയകള്‍ക്കകത്തും ഈ ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജാതിവിവേചനം എന്നുപറഞ്ഞാല്‍ അതിനുമപ്പുറത്തുള്ളതാണ്. ദളിതര്‍ക്ക് പ്രത്യേകം പള്ളികള്‍ തന്നെയാണ്. ഓര്‍ത്തഡോക്‌സ്, യാക്കോബായ, കത്തോലിക്ക, മര്‍ത്തോമ തുടങ്ങിയ എല്ലാ സഭകളും അവരുടെ ജാതികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. എന്നാല്‍ ദളിതര്‍ കൂടി അംഗങ്ങളായുള്ള പള്ളികളില്‍ സ്ഥിതികള്‍ കുറച്ചുകൂടി വ്യത്യസ്തമാണ്. അവര്‍ക്ക് പ്രത്യേകം പള്ളിവച്ചുകൊടുക്കും. പ്രത്യേകം സെമിത്തേരിയുമുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും സഭകളില്‍ ആദിവാസികളും ദളിതരുമാണ് ഭൂരിപക്ഷമുള്ളത്. കേരളത്തിലാണ് സവര്‍ണര്‍ സഭയെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് ഈ ഒരു വിവേചനം വളരെ പ്രകടമായ രീതിയില്‍ പുലര്‍ത്തുന്ന ഒരു വിഭാഗം അല്ലെങ്കില്‍ ഏകമതം എന്ന് പറയുന്നത് കേരളത്തിലെ ക്രൈസ്തവരാണ്. അതുകൊണ്ട് ജാതിയെ വളരെ പ്രത്യക്ഷത്തില്‍ തന്നെ ഘടനാപരമായി പ്രാക്ടീസ് ചെയ്യുന്ന മതവിഭാഗവുമാണ്.

സണ്‍ഡേ സ്‌കൂളുകളിലും പിന്നീട് പല ഗ്രൂപ്പുകളിലും വരുന്ന കുട്ടികളോ മുതിര്‍ന്നവരോ ഒന്നും ദളിതരുമായിട്ടോ ആദിവാസികളുമായിട്ടോ ഒരു പരിധിവരെ സ്ത്രീകളുമായിട്ടോ ഇടപെടുന്നില്ല. കോണ്‍ഗ്രസിലോ സിപിഎമ്മിലോ ദളിതരെ ഉള്‍പ്പെടുത്തുന്നില്ല, പിബിയില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നൊക്കെ പറയും. അങ്ങനെ ഒരു കോണ്‍ഷ്യസ് ഉമ്മന്‍ചാണ്ടിയുടേയോ കെഎം മണിയുടേയോ അല്ലെങ്കില്‍ ഇടതുപക്ഷത്തിരിക്കുന്നവരുടേയോ തലയില്‍ ഉദിച്ചിട്ടില്ല എന്നതാണ് അതിന് കാരണം. ഉമ്മന്‍ചാണ്ടി പോവുന്ന പള്ളിയിലോ കെഎം മാണി പോവുന്ന പള്ളിയിലോ ദളിതരില്ല. അവരുടെ സാമൂഹ്യ, ദൈനംദിന ജീവിതത്തില്‍, എത്തിക്‌സിനെ നിര്‍ണയിക്കുന്ന വിശ്വാസജീവിതത്തില്‍ ഈ ജനതകളില്ല. അതുകൊണ്ട് തന്നെ ദളിതര്‍ എപ്പോഴും അപരസ്ഥാനത്താണ് നില്‍ക്കുന്നത്. ഇതൊരു പൊളിറ്റിക്കല്‍ ഇഷ്യൂ ആവുമ്പോള്‍ മാത്രമാണ് അവര്‍ അപ്പോഴത്തെ പൊളിറ്റിക്കല്‍ മൈലേജിന് വേണ്ടി വിഷയത്തില്‍ ഇടപെടുക. അതല്ലാതെ നിത്യജീവിതത്തില്‍ എത്തിക്‌സിന്റേയോ, മതമൂല്യങ്ങളുടെ ഭാഗമായിട്ടോ ദളിതരേയോ ആദിവാസികളേയോ പരിഗണിക്കുന്നേയില്ല. സൂക്ഷ്മമായിട്ട് അത്തരമൊരു ഓറിയന്റേഷനാണ് കേരളത്തിലെ സഭകള്‍ നല്‍കുന്നത്. ഈ ഒരു സ്ട്രക്ചറല്‍ ഓറിയന്റേഷനെ മനസ്സിലാക്കുമ്പോള്‍ മാത്രമേ നമുക്ക് ഇന്നലെ നടന്ന വിഷയവും മനസ്സിലാക്കാനാവൂ. കൊലപാതകം നടത്തിയ കുട്ടികളെ ചര്‍ച്ച് തന്നെയാണ് രൂപപ്പെടുത്തിയത്. സവര്‍ണ ക്രൈസ്തവത്വം രൂപപ്പെടുത്തിയെടുക്കുന്ന മിഷനറി സഭ ചെയ്യുന്നുണ്ട്.

പള്ളിയുടെ അതേ യുക്തിയാണല്ലോ ഏറെക്കുറെ പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്നത്. പുറമേക്ക് പുരോഗമനപരം, ഉള്ളില്‍ അടഞ്ഞതും വിവേചനങ്ങളെ ഘടനാപരമായി തന്നെ വിന്യാസിച്ചതുമായ സിസ്റ്റങ്ങള്‍. സാമൂഹിക വിവേചനങ്ങള്‍ നേരിടുന്ന വിഭാഗങ്ങളുടെ ഏജന്‍സിയെ റദ്ദു ചെയ്തുകൊണ്ട് അവരെ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ്ണ ഭാവുകത്വങ്ങളാണ് പള്ളിയെയും പാര്‍ട്ടിയെയും നയിക്കുന്നത്. ഈ സവര്‍ണ്ണ ഭാവുകത്വങ്ങള്‍ക്ക് കേരളത്തില്‍ വളരെ കാല്പനികമായ ഒരു പ്രതിച്ഛായ തന്നെ ഉണ്ട്. ഈ പ്രതിച്ഛായകളാണ് കീഴാളരുടെ ഇച്ഛകളെ റദ്ദു ചെയ്യുന്നതും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മിശ്രജാതി വിവാഹം കഴിപ്പിച്ചിട്ടുള്ളത് ഡി.വൈ.എഫ്.ഐ ആണെന്ന് ഇപ്പോള്‍ പുറത്ത് ഇറങ്ങിയ പത്രക്കുറിപ്പില്‍ പറയുന്നു. സംശയമില്ല. പക്ഷെ അതില്‍ എത്ര ദളിതരും ആദിവാസികളും ഉണ്ടെന്നതാണ് ചോദ്യം. ക്രൈസ്തവ സഭകളില്‍ ആവട്ടെ മിശ്ര വിവാഹത്തിന് ഒട്ടും തന്നെ സാധ്യതയില്ല. അത് ദളിതരും ആദിവാസികളും ഉള്‍പ്പെടുന്ന പൊതു ഇടങ്ങള്‍ അല്ല.

എന്തുകൊണ്ടാണ് പുരോഗമന ആശയങ്ങള്‍ (ദൈവരാജ്യം, വര്‍ഗ്ഗരഹിത സമൂഹം) പേറുന്ന ഈ സംവിധാനങ്ങള്‍ യഥാര്‍ത്ഥ അവസ്ഥയില്‍ ജാതിബദ്ധം ആയിരിക്കുന്നത്? കാരണം ജാതിയെ ഉല്ലംഘിക്കുന്ന ആശയമോ ബോധനമോ പരിപാടികളോ ഈ രണ്ട് കൂട്ടര്‍ക്കും ഇല്ലത്രേ. അങ്ങനെ വരുമ്പോള്‍ പുലയനായ ഒരു സഖാവ് തന്റെ കാല്പനിക ഭാവനയില്‍ സഹാകാരിയും യഥാര്‍ത്ഥ ജാതി ജീവിതത്തില്‍ അയിത്തം ഉള്ളവനുമാണ്. പുരോഗമന ക്രൈസ്തവ നസ്രാണിയെ സംബന്ധിച്ചിടത്തോളം ദളിത് ക്രൈസ്തവരെ ഒരേ അപ്പത്തിന്റെ അംശികള്‍ ആയി പരിഗണിക്കും, പക്ഷെ വംശീയമായി അപരവത്കരിക്കും. അങ്ങനെ സാമൂഹിക ജീവിതത്തിന്റെ ഏറ്റവും പ്രധാന വിവേചന മേഖലകളായ ജാതിയുടെയും വംശീയതയുടെയും ലിംഗനീതിയുടെയും പ്രശ്‌നങ്ങളെ പാര്‍ട്ടിയും പള്ളിയും ഇന്നും പരിഗണിക്കുന്നില്ല. അത് പരിഗണിക്കും എന്ന് കരുതാനും നിവൃത്തിയില്ല, കാരണം സവര്‍ണ്ണ പുരുഷ ഭാവുകത്വത്തിന്റെ തകര്‍ച്ചകളെ അത് ഇഷ്ടപ്പെടുന്നില്ല.

എന്നാല്‍ എത്രകാലം ഈ സംഘര്‍ഷങ്ങള്‍ മുന്നോട്ട് പോകും? ദളിത് സംഘടനകള്‍ക്ക് മാത്രം പരിഹരിക്കാവുന്ന ഒന്നാണോ ഇത്? ദുരഭിമാനക്കൊലകള്‍ എണ്ണത്തില്‍ കുറവ് ആയിരിക്കും നടന്നിട്ടുണ്ടാവുക. എന്നാല്‍ ദളിത്-ആദിവാസി വിഭാഗങ്ങളുമായുള്ള മിശ്രജാതി വിവാഹങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ യാഥാസ്ഥിതിക സംവിധാനങ്ങളെക്കാള്‍ ജാഗ്രത പുലര്‍ത്തുന്നത് പാര്‍ട്ടിയും പള്ളിയും ആയിരിക്കും. മുന്‍പ് പറഞ്ഞതുപോലെ മലയാളി സവര്‍ണ്ണ പുരുഷ ഭാവുകത്വം ഉറപ്പിക്കപ്പെട്ടിരിക്കുന്നത് വംശീയ ശുദ്ധിയില്‍ ആണ്. അതുകൊണ്ട് ദൈവരാജ്യത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രഘോഷകര്‍ എന്ന ഏജന്‍സി അവര്‍ വിട്ടുകളയില്ല. ഇവര്‍ പ്രഘോഷകര്‍ മാത്രമാണ്, പ്രയോക്താക്കള്‍ അല്ല എന്ന് പ്രത്യേകം ഓര്‍മ്മിക്കുക. ഈ ഭാവുകത്വത്തിലൂടെ വളര്‍ന്നു വരുന്ന പള്ളി വിശ്വാസികളും പാര്‍ട്ടി വിശ്വാസികളും ഒരു കീഴാള ശരീരത്തെ ഇല്ലായ്മ ചെയ്യുന്നതാണ് ദുരഭിമാനക്കൊലയായി മാറുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/kerala-kevin-murder-honor-killing-krdhanya/


Next Story

Related Stories