TopTop
Begin typing your search above and press return to search.

ഞാന്‍ റെഡി; ഗൌരിക്ക് മുന്‍പ് കുരീപ്പുഴ എഴുതി; കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍... ഇനി എത്ര പേരെ വേണം?

ഞാന്‍ റെഡി; ഗൌരിക്ക് മുന്‍പ് കുരീപ്പുഴ എഴുതി; കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍... ഇനി എത്ര പേരെ വേണം?

തകരുകയാണ്

ഭരണകൂടം തറഞ്ഞെന്റെ ജീവിതം

എം എല്‍ കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ

നരേന്ദ്ര ധബോല്‍ക്കര്‍

ഇനി എത്ര പേരെ വേണം?

ഞാന്‍ റെഡി.

കുരീപ്പുഴ ശ്രീകുമാര്‍ ഇതെഴുതിയതിന് ശേഷമാണ് ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകയും ഹിന്ദുത്വ വിമര്‍ശകയുമായ ഗൌരി ലങ്കേഷ് സ്വന്തം വീട്ടിന് മുന്‍പില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിനിടയില്‍ കേരളത്തില്‍ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍, സംവിധായകന്‍ കമല്‍, കവി സച്ചിദാനന്ദന്‍ എന്നിവര്‍ക്കെതിരെയും സംഘ പരിവാര്‍ ഭീഷണി ഉയര്‍ന്നു.

തനിക്ക് നേരെ ഉയര്‍ന്ന ഭീഷണിയെ കുറിച്ച് സച്ചിദാന്ദന്‍ ഇങ്ങനെ എഴുതി, “ഏറി വന്നാല്‍ കല്‍ബുര്‍ഗ്ഗിക്കും ഗൗരിക്കും നേരെ നിങ്ങള്‍ നീട്ടിയ തോക്ക് – അതിനു ഞാന്‍ എന്നെ തയ്യാര്‍!”

കഴിഞ്ഞ ആഴ്ചയാണ് ദളിത് ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ചുകൊണ്ടാണ് ഹിന്ദുത്വ തീവ്രവാദികള്‍ രംഗത്ത് എത്തിയത്. കൊച്ചി ദര്‍ബാര്‍ ഹാളിന് മുന്‍പില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചാല്‍ എറണാകുളത്തപ്പന്‍ അശുദ്ധമാകും എന്നായിരുന്നു ഈ ശുംഭന്‍മാരുടെ വാദം.

അക്കൂട്ടര്‍ ഇന്നലെ വീണ്ടും പ്രത്യക്ഷപ്പെട്ടത് വടയമ്പാടി ജാതി മതില്‍ സമരത്തെ കുറിച്ച് പറഞ്ഞതിന് കൊല്ലം കടയ്ക്കല്‍ കോട്ടുകല്ലില്‍ വെച്ച് കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിക്കാനായിരുന്നു. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ പരിപാടിയില്‍ പ്രസംഗിക്കവെയായിരുന്നു കുരീപ്പുഴ വടയമ്പാടി ജാതിമതില്‍ വിഷയത്തെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ രാജ്യത്താകമാനം വര്‍ദ്ധിച്ചു വന്ന അസഹിഷ്ണുത ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും തുടര്‍ച്ചയാണ് കേരളത്തില്‍ സംഭവിക്കുന്നതും. ബിഫിന്റെ പേരില്‍ ആള്‍ക്കൂട്ടം നിരപരാധികളായ ദളിതരെയും മുസ്ലീങ്ങളെയും തല്ലിക്കൊല്ലുന്നത് ഞെട്ടലോടെയാണ് നാം കേട്ടത്. അതിനെതിരെ ശക്തമായ സാംസ്കാരിക പ്രതിഷേധ നിര രൂപപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വടക്കേ ഇന്ത്യന്‍ മോഡല്‍ എന്തെങ്കിലും ഇവിടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ നില്‍ക്കക്കളിയുണ്ടാകില്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് സംഘപരിവാര്‍ കേരളത്തില്‍ അടങ്ങിയിരിക്കുന്നതും. എന്നാല്‍ മടയില്‍ നിന്നും ഈ വിഷപ്പാമ്പ് ചിലപ്പോഴൊക്കെ തല പുറത്തു നീട്ടാറുണ്ട്.

http://www.azhimukham.com/trending-sachidananthan-replay-to-sangh/

ഇന്നലെ വടയമ്പാടി ജാതി മതില്‍ പ്രക്ഷോഭത്തെക്കുറിച്ചും അശാന്തന്‍റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചുമാണ് കുരീപ്പുഴ ശ്രീകുമാര്‍ സംസാരിച്ചത്. അവിടെ കൂടിയ ഗ്രാമീണ ജനങ്ങളോട് നിങ്ങളുടെ പൊതു ഇടം കെട്ടിയടയ്ക്കാന്‍ ആരെയും സമ്മതിക്കരുത് എന്നും കവി പറഞ്ഞു. സംഘാടകരുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ആര്‍ എസ് എസുകാര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നെന്നും കുരീപ്പുഴ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

ഭയമുണ്ടോ എന്ന ചോദ്യത്തിന് കവിയുടെ മറുപടി ഇങ്ങനെയായിരുന്നു, “കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മതാതീത സമൂഹത്തിന് വേണ്ടി യാത്ര നടത്തിയ ഒരാളാണ്. ഇതുപോലുള്ള കാര്യങ്ങള്‍ തന്നെയാണ് അപ്പോഴും ഞാന്‍ പറഞ്ഞത്. അപ്പോള്‍ ഇല്ലാതിരുന്ന ഭയം ഇപ്പോള്‍ തോന്നേണ്ട കാര്യമില്ലല്ലോ?

http://www.azhimukham.com/kamal-on-sanghparivar-threat-against-mt-vasudevannair/

സംഘപരിവാര്‍ ജനിപ്പിക്കാന്‍ ശ്രമിക്കുന്ന ആ ഭയത്തെ കളിയാക്കുന്നതാണ് എഴുത്തുകാരി കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്;

എഡേ മിത്രോം,

കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌

പേടി കൊണ്ടു നാവു വരണ്ടു കാണും.

ശരീരം കിടുകിടാ വിറച്ചു കാണും.

കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.

ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.

ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും.

ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.

രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.

ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.

മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.

ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും.

ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ

ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.

ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.

ശാഖയില്‍ ചേര്‍ന്നു കാണും.‌

നിക്കറെടുത്തിട്ടു കാണും.‌

ചുവന്ന കുറി തൊട്ടു കാണും.

ഓറഞ്ച് ചരടു കെട്ടിക്കാണും.

എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.

നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.

‘പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍‌

പാലവും കേളനും’ പാടേ കുലുങ്ങിക്കാണും!

http://www.azhimukham.com/opinion-murder-of-gauri-lankesh-and-sangh-parivar-by-vishak/

ബി രാജീവന്‍, കെ സച്ചിദാനന്ദന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ട് സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ‘സര്‍വ്വധര്‍മ്മ സമഭാവന’ എന്ന സാംസ്കാരിക കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത് കഴിഞ്ഞ ആഴ്ചയാണ്. എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, എം ലീലാവതി, എം കെ സാനു, ഡോ കെ എന്‍ പണിക്കര്‍, ആറ്റൂര്‍ രവി വര്‍മ്മ, ടിവി ചന്ദ്രന്‍, രാജന്‍ ഗുരുക്കള്‍ തുടങ്ങിയ പ്രമുഖര്‍ പുതിയ പ്രസ്ഥാനത്തോടൊപ്പമുണ്ട്. "ഇന്ത്യൻ ജനജീവിതത്തിനും ജനാധിപത്യത്തിനും നേരെ അപകടകരമായ ഒരു വെല്ലുവിളിയായിക്കഴിഞ്ഞ സംഘപരിവാറിന്റെ വളർച്ചയെ തടയാൻ പോന്ന പുതിയ പ്രതിരോധ മാതൃകകൾ സൃഷ്ടിക്കുന്നതിനുള്ള കാലം വൈകിയിരിക്കുന്നു" എന്നു തുടങ്ങുന്ന പ്രസ്താവന "കാലവും ജീവിതവും ആവശ്യപ്പെടുന്ന അടിയന്തിരമായ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനായി എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പെട്ട ജനാധിപത്യവാദികളെ" സ്വാഗതം ചെയ്തുകൊണ്ടാണ് ഉപസംഹരിച്ചിരിക്കുന്നത്.

ഇന്നലെ കുരീപ്പുഴയ്ക്ക് നേരെ ഉണ്ടായ കയ്യേറ്റം ഇത്തരമൊരു സാംസ്കാരിക പ്രതിരോധത്തിന് ഇനി ഒരു നിമിഷം പോലും വൈകരുത് എന്ന സൂചനയാണ് നല്‍കുന്നത്.

http://www.azhimukham.com/kerala-hindutwa-extremists-attack-mt-vasudevan-nair-kamal-intolerance-ka-antony/

ഒരു സ്വകാര്യ ഓര്‍മ്മ കൂടി.

90കളുടെ തുടക്കത്തിലെ ലേഖകന്റെ പ്രീഡിഗ്രി കാലം. ബാബറി മസ്ജീദ് തര്‍ക്കപ്പെട്ടതിന്റെ ഞെട്ടലില്‍ മതേതര സമൂഹം അസ്വസ്ഥമായ കാലം. കാസര്‍ഗോഡെ ഗ്രാമീണ കലാ കൂട്ടായ്മകള്‍ പൂര്‍വാധികം ഊര്‍ജ്ജത്തോടെ കവിയരങ്ങളും സാംസ്കാരിക സദസുകളും സംഘടിപ്പിച്ചിരുന്ന കാലം. നീലേശ്വരത്തും കാഞ്ഞങ്ങാടും പയ്യന്നൂരുമൊക്കെ നടന്ന കവിയരങ്ങുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു കുരീപ്പുഴ. ജെസ്സിയും വീണവില്‍പ്പനക്കാരനും ചെമ്പരത്തിയും രാഹുലന്‍ ഉറങ്ങുന്നില്ലയുമൊക്കെ ആര്‍ദ്ര നീര്‍ച്ചാലുപോലെ ഒഴുകിപ്പരന്നു. അരങ്ങിനൊടുവില്‍ ഞാന്‍ നീട്ടിയ തുണ്ടുകടലാസില്‍ ഇങ്ങനെ എഴുതി, “സ്നേഹിച്ചു ജീവിക്കണം” കുരീപ്പുഴ ശ്രീകുമാര്‍, പബ്ലിക് ലൈബ്രറി, തിരുവനന്തപുരം.

കാല്‍ നൂറ്റാണ്ടിനിപ്പുറം ആ സ്നേഹ ദര്‍ശനത്തിന് യാതൊരു ഭംഗം വന്നില്ല എന്നു മാത്രമല്ല അത് സ്ഫടികം പോലെ പൂര്‍വ്വാധികം തിളക്കത്തോടെ ഇപ്പൊഴും നിലനില്‍ക്കുന്നു എന്നതാണ് കടയ്ക്കലിലെ അദ്ദേഹത്തിന്റെ വാക്കുകളും സംഭവങ്ങളും തെളിയിക്കുന്നത്.

http://www.azhimukham.com/offbeat-new-collective-to-defend-sanghparivar-sarvadharma-samabhavana/

http://www.azhimukham.com/trending-attack-on-kureepuzha-and-vadayambadi-cast-wall-protest-by-arun-t-vijayan/


Next Story

Related Stories