TopTop
Begin typing your search above and press return to search.

തങ്ങളാണ് ബിജെപി വിരുദ്ധ മുന്നണിയെ നയിക്കുന്നതെന്ന് ഉറപ്പുവരുത്താൻ കൈവിട്ട കളി കളിക്കുകയാണ് കോൺഗ്രസ്

തങ്ങളാണ് ബിജെപി വിരുദ്ധ മുന്നണിയെ നയിക്കുന്നതെന്ന് ഉറപ്പുവരുത്താൻ കൈവിട്ട കളി കളിക്കുകയാണ് കോൺഗ്രസ്

കാശ്മീരിൽ നിന്നുള്ള ദുരന്തത്തിന്റെ വാർത്തയുടെ നിഴലില്ലെങ്കിൽ ലഖ്‌നൗവിന് ഉത്സവം നിറഞ്ഞ ഒരു ഫെബ്രുവരിയാകുമായിരുന്നു ഇത്. ആദ്യ ആഴ്ചയില്‍ അഞ്ചുദിവസം നീളുന്ന Sanatkada മേളയായിരുന്നു. അതിന്റെ ആഘോഷം കഴിയുമ്പോഴേക്കും സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുമൊത്തു പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ നഗരത്തിൽ നടന്നു.

കഠിനാധ്വാനം ചെയ്യാനുള്ള അവരുടെ ശേഷിയെക്കുറിച്ചുള്ള സംശയങ്ങൾ അവസാനിപ്പിച്ചുകൊണ്ട് ഒരു രാത്രി മുഴുവനുമാണ് അവർ സ്ഥാനാർത്ഥികളുടെ അഭിമുഖം നടത്തിയത്. അതിൽ മിക്കവരും വലിയ വിജയമൊന്നും നേടാൻ പോകുന്നില്ല എന്നത് ശരിയാണ്; പലർക്കും തങ്ങളുടെ മണ്ഡലങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലുമുണ്ടായിരുന്നില്ല.

പ്രാദേശിക വികാരം മനസിലാക്കാൻ സാധാരണ തങ്ങളുടെ ഇന്ത്യൻ ഉദ്യോഗസ്ഥരെ പറഞ്ഞയക്കുന്ന നയതന്ത്ര പ്രതിനിധികൾ ഇത്തവണ നേരിട്ടെത്തിയിരുന്നു. നേതാക്കളാകാൻ വെമ്പി നിൽക്കുന്നവരുടെ തിരക്കുകൊണ്ട് മാൾ അവന്യൂവിലെ കോൺഗ്രസ് കാര്യാലയം നിറഞ്ഞിരുന്നുവെങ്കിൽ, പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും താമസിച്ചിരുന്ന ടാജ് ഹോട്ടലിൽ മറ്റ് അതിഥികൾക്ക് അലോസരമുണ്ടാക്കും വിധം സുരക്ഷാ ഉദ്യോഗസ്ഥരുടെ തിരക്കായിരുന്നു.

പ്രിയങ്ക കുംഭ മേളയിൽ ഗംഗാ സ്നാനം നടത്തിക്കൊണ്ട് പ്രചാരണം ആരംഭിക്കാൻ സുരക്ഷാ തടസങ്ങൾ ഇണ്ടായിരുന്നോ? ശ്രീനഗറിലെ ഒരു ക്ഷേത്രത്തിലേക്കുള്ള സന്ദർശനം അവരുടെ കാശ്മീർ പാരമ്പര്യത്തെ ഉറപ്പിക്കുമെന്നും കോൺഗ്രസ് നാടകസംവിധായകർ പദ്ധതിയിട്ടിരുന്നു. ആർക്കറിയാം, സമാനയാത്രകൾ ഇനിയുമുണ്ടായേക്കാം.

കണക്കുകൾ മാത്രമാണ് തെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുന്നതെങ്കിൽ സമാജ്‌വാദി-ബഹുജൻ സമാജ് പാർട്ടി സഖ്യം തോൽപ്പിക്കാനാകാത്ത വിധം ശക്തമാണ്. പക്ഷെ മണ്ഡലാടിസ്ഥാനത്തിൽ അവരുടെ പ്രവർത്തകർ തമ്മിലുള്ള ബന്ധം ശത്രുതാപരമാണ്.

താഴെത്തട്ടിലെ എതിർപ്പുകൾ മാറ്റിവെക്കാനുള്ള നേതൃതല നിർദ്ദേശങ്ങൾ പ്രവർത്തകർ അനുസരിക്കുന്നുണ്ട് എന്നത് ശരിയാണ്. പക്ഷെ മറ്റ് കുഴപ്പങ്ങളുമുണ്ട്, പ്രത്യേകിച്ചും അഖിലേഷ് യാദവിന്റെ താവളത്തിൽ. അയാളുടെ ചെറിയച്ഛൻ ശിവപാൽ യാദവ്, പാർട്ടിയിൽ അഖിലേഷിന്റെ അപ്രമാദിത്തം അംഗീകരിക്കാൻ തയ്യാറാല്ല. അണികൾക്കിടയിൽ തന്റെ ദുർബലമാകുന്ന സ്വാധീനത്തെ പിടിച്ചുനിർത്താനും എസ് പി-ബി എസ് പി സഖ്യത്തെ തകർക്കാൻ താത്പര്യമുള്ള ആരുമായും കൂട്ടുചേരാനും തയ്യാറായി അയാൾ സ്വന്തം കട തുറന്നുകഴിഞ്ഞു. അഖിലേഷ് യാദവ് വിരുദ്ധ ദൗത്യത്തിൽ ശിവപാൽ യാദവിന്‌ വേണ്ടി ബി ജെ പി തങ്ങളുടെ സമ്പന്നമായ പണപ്പെട്ടി തുറന്നിടുമെന്നുറപ്പാണ്. ശിവപാൽ യാദവാണ് തെരഞ്ഞെടുക്കേണ്ടത്: കാശു വേണോ അതോ അതു പാഴാക്കണോ?

അതേസമയം എസ് പി സ്ഥാപകനായ മുലായം സിംഗ് യാദവ് മകനും ഇളയ സഹോദരനും ഇടയിൽ കുടുങ്ങിയിരിക്കുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം പാർലമെന്റിൽ സോണിയ ഗാന്ധിയടക്കം എല്ലാവരെയും അമ്പരപ്പിച്ചു. ചിരിക്കുന്ന നരേന്ദ്ര മോദിയുടെ മുഖത്ത് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു, “താങ്കൾ അധികാരത്തിൽ തിരിച്ചുവരട്ടെ.” മുലായം സിംഗിന്റെ മുഖത്തുള്ള വിടർന്ന ചിരി ആഴത്തിലുള്ള ഒരു ധാരണയുടെ സൂചനയായി കാണുന്നു പലരും. അദ്ദേഹത്തെ ഇതുവരേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്.

ഏതാണ്ട് 80 സീറ്റുകളും പരസ്പരം പങ്കുവെച്ച, രണ്ടെണ്ണം വീതം കോൺഗ്രസിനും രാഷ്ട്രീയ ലോകദളിനും, എസ് പി - ബി എസ് പി സഖ്യത്തിൽ നിന്നേറ്റ അപമാനത്തെ തുടർന്ന് “ഞങ്ങൾ പിന്തിരിയാൻ പോകുന്നില്ല” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഉത്തർപ്രദേശിൽ 80 സീറ്റുകളിലും മത്സരിക്കുമെന്ന പ്രഖ്യാപനത്തോടെ രാഹുലും തന്റെ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.

ബാബരി മസ്ജിദ് തകർക്കലിന് ശേഷം 140 സീറ്റുകളിലേക്ക് ചുരുങ്ങിയ നാൾ മുതൽ കോണ്‍ഗ്രസ്സ് പാർട്ടി കൊണ്ടുനടക്കുന്ന സ്വപനമാണ് ഈ പ്രഖ്യാപനത്തിലൂടെ രാഹുലും ആവർത്തിച്ചത്. അത് ഇന്നിപ്പോൾ അസാധ്യമായ ഒരു ആഗ്രഹമാണ്. ഒരു രാഷ്ട്രീയ കക്ഷിക്ക്‌ കയറ്റിറക്കങ്ങൾഉണ്ടാകാം. ദ്വികക്ഷി സമ്പ്രദായത്തിൽ അതിനു തളരുകയും വളരുകയും ചെയ്യാം. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പ്രത്യേകതകളുള്ള 31 സംസ്ഥാനങ്ങളുള്ള ഒരു രാജ്യത്ത് ഈ മാതൃക പ്രവർത്തിക്കില്ല. ഫെഡറൽ ഇന്ത്യയുടെ യാഥാർത്ഥ്യം കോൺഗ്രസ് മനസിലാക്കണം. അല്ലെങ്കിൽ അവർ സ്വന്തം ലക്ഷ്യം ഇങ്ങനെ പുതുക്കിക്കൊണ്ടിരിക്കും.

2019-ൽ എല്ലാ കക്ഷികളുടെയും ലക്‌ഷ്യം ബി ജെ പിയെ അധികാരത്തിൽ നിന്നും നീക്കം ചെയ്യലാണ്. മമത ബാനർജി ഈ യാഥാർത്ഥ്യം മനസിലാക്കിയിട്ടുണ്ട്. എല്ലാ കക്ഷികളും അവരുടെ അതാത് സംസ്ഥാനങ്ങളിൽ ബി ജെ പിക്കെതിരെ പോരാടണമെന്ന് ഡൽഹിയിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച ഒരു പ്രകടനത്തിൽ അവർ പറഞ്ഞു. “അവർ ശക്തി പ്രകടിപ്പിച്ച സംസ്ഥാനങ്ങളിൽ-മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്-കോൺഗ്രസ് പോരാടണം.”

ഇങ്ങനെ ചുരുക്കപ്പെട്ടതിൽ കോൺഗ്രസിന് അസ്വസ്ഥതയുണ്ട്. ദീർഘകാലം അധികാരത്തിലിരുന്നതിന്റെ ഗൃഹാതുരത്വത്തിൽ നിന്നും അവരിപ്പോഴും മുക്തരല്ല. അതിന്റെ തുടക്കത്തിൽ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി നാനാവിധ താത്പര്യങ്ങളുള്ളവരെ തങ്ങൾക്കുപിന്നിൽ അണിനിരത്താൻ അവർക്ക് കഴിഞ്ഞിരുന്നു. തുടർന്ന് ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികളും കോൺഗ്രസിന്റെ ഉദരത്തിൽ നിന്നാണ് വന്നത്. ഒരിക്കൽ കമ്മ്യൂണിസ്റ്റുകാരുടെ അടുപ്പത്തിലായിരുന്നു കൃഷ്ണമേനോനും വലതുപക്ഷ മുതലാളിത്ത വാദിയായിരുന്ന എസ് കെ പാട്ടീലും ബോംബെയിലെ വിവിധ ജില്ലകളിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ചു.

കാലംകൊണ്ട് ഒട്ടിനിന്നിരുന്ന വ്യത്യസ്തമായ താത്പര്യങ്ങൾ വേർപിരിഞ്ഞു. 1967-ൽ 8 ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര സർക്കാരുകൾ വന്നു. പക്ഷെ ലളിതമായ ഒരൊറ്റ കാരണംകൊണ്ട് കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്നു: അതിന്റെ സാമൂഹ്യാടിത്തറ താരതമ്യേന ഭദ്രമായിരുന്നു. പക്ഷെ 1990-കളിൽ ഒ ബി സിക്കാർക്ക് സർക്കാർ ജോലികളിൽ സംവരണം നൽകുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട് നടപ്പാക്കിയപ്പോൾ ജാതി രാഷ്ട്രീയം ശക്തമായതോടെ രാമജന്മ ഭൂമി പ്രക്ഷോഭം ഹിന്ദു ഏകീകരണവും വടക്കേ ഇന്ത്യയിൽ ഉണ്ടാക്കി. ഇത് ജാതിഘടനയുടെ താഴെത്തട്ടിൽ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ കുറയ്ക്കാൻ ലക്ഷ്യമിട്ടായിരുന്നു. ഇന്ത്യയിൽ വർഗീയ രാഷ്ട്രീയം ജാതി മുന്നേറ്റങ്ങളെ കൈകാര്യം ചെയ്യാനുള്ള ഒരു തന്ത്രമായാണ് ഞാനെപ്പോഴും വിശ്വസിക്കുന്നത്.

വിഭജനത്തിനു ശേഷമുള്ള ഹിന്ദു-മുസ്‌ലീം ബന്ധത്തിലെ അസ്വസ്ഥതകളെല്ലാം 90-കളിൽ പൊട്ടിത്തെറിക്കാൻ തുടങ്ങി. 1992 ഡിസംബർ 6-നു ബാബരി മസ്ജിദ് തകർത്തതോടെ അത് അതിന്റെ മൂർദ്ധന്യത്തിലെത്തി. ബാബരിമസ്ജിദ് തകർക്കലിന് ന്യൂനപക്ഷങ്ങൾ അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി. മുസ്‌ലിം സമ്മതിദായകർ കൂട്ടത്തോടെ കോൺഗ്രസിനെ ഉപേക്ഷിച്ചു. 1996-ലെ തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ കോൺഗ്രസ് അന്നുവരെയുള്ള ഏറ്റവും കുറഞ്ഞ സീറ്റ് നിലയിലെത്തി- 140 സീറ്റുകൾ. 2009-ൽ 206-ലും 2014-ൽ 44-ലേക്കും അതെത്തി. 9/11-നു ശേഷമുള്ള ആഗോള ഇസ്‌ലാം ഭീതി ഹിന്ദുത്വക്ക് വരം കിട്ടിയ പോലെയായിരുന്നു. നിലനില്പിനുവേണ്ടി കോൺഗ്രസ് അമ്പലങ്ങൾ കയറിയിറങ്ങാനും പശുക്കളെ പൂജിക്കാനുമൊക്കെ തുടങ്ങി.

ബി ജെ പി 2014-ലെ പ്രകടനം 2019-ൽ ആവർത്തിക്കില്ല എന്ന് കരുതാൻ കാരണങ്ങളുണ്ട്. രാജ്യം അതുകൊണ്ടുതന്നെ രണ്ടു വ്യത്യസ്ത മുന്നണികളിലേക്ക് നീങ്ങുകയാണ്. ഒരു മുന്നണിയെ ബി ജെ പി നയിക്കും. തങ്ങളാണ് എതിർ മുന്നണിയെ നയിക്കുന്നതെന്ന് ഉറപ്പുവരുത്താൻ, ഉത്തർപ്രദേശിലും ഡൽഹിയിലും ഒരു പരിധി വരെ പശ്ചിമ ബംഗാളിലും കോൺഗ്രസ് കൈവിട്ട കളിയാണ് കളിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം ബി ജെ പിയെ അടിമുടി എതിർക്കുന്ന കക്ഷികളെയോ മുന്നണികളെയോ ആണ് അത് ഭീഷണിയിൽ നിർത്തുകയോ എതിരെ പോരാടുകയോ ചെയ്യുന്നത്.

Credit: IANS


Next Story

Related Stories