Top

കാനത്തിന്റെ 'മാണിപ്പേടി'ക്ക് പിന്നില്‍ സിപിഐയെക്കുറിച്ചുള്ള ആശങ്ക മാത്രമല്ല

കാനത്തിന്റെ
കേരളത്തിലെ സിപിഐയെ, പ്രത്യേകിച്ചും ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അടുത്ത കാലത്തായി ഒരു ഭയം പിടികൂടിയിട്ടുണ്ട്. അതാവട്ടെ, കെ എം മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തി തങ്ങളെ ക്ഷീണിപ്പിക്കാന്‍ സിപിഎം നീക്കം നടത്തുന്നുവെന്നതാണ്. ഊണിലും ഇറക്കത്തിലും കാനം കെ എം മാണിയെയും അയാളുടെ പാര്‍ട്ടിയെയും കുറിച്ച് വിടാതെ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. മാണിയെ എല്‍ഡിഎഫിലേക്കു സ്വീകരിച്ചാല്‍ പിന്നെ ആ മുന്നണിയില്‍ സിപിഐ ഉണ്ടാവില്ലെന്ന് ഭീഷണി മുഴക്കുന്നിടം വരെയെത്തിയിരിക്കുന്നു കാനത്തിന്റെ 'മാണിപ്പേടി'. ആദ്യമൊക്കെ കുറച്ചുകൂടി മിതമായ രീതിയില്‍ തന്റെയും തന്റെ പാര്‍ട്ടിയുടെയും ആശങ്ക പ്രകടിപ്പിച്ചിരുന്നിടത്തു നിന്നാണ് കാനം ഇക്കഴിഞ്ഞ ദിവസം സ്വരം വല്ലാതെയങ്ങു കടുപ്പിച്ചത്. സിപിഐ യെ ക്ഷീണിപ്പിച്ചാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന് ആരും കരുതരുത് എന്നൊക്കെ പറഞ്ഞിരുന്നിടത്തു നിന്നാണ് ഇപ്പോഴത്തെ രണ്ടും കല്പിച്ച മട്ടിലുള്ള ഈ ഭീഷണി.

പറഞ്ഞാല്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുന്ന ആളാണോ കാനം രാജേന്ദ്രനെന്നൊന്നും അറിയില്ല. വെളിയം ഭാര്‍ഗവന്‍, സി കെ ചന്ദ്രപ്പന്‍ തുടങ്ങി അങ്ങനെയൊക്കെ ചെയ്യാന്‍ പോന്ന ചിലരൊക്കെ മുന്‍പ് സിപിഐയില്‍ ഉണ്ടായിരുന്നു. പക്ഷെ അവരും മുന്നണി വിട്ടു പോയില്ലെങ്കിലും ഉദ്ദേശിച്ച പല കാര്യങ്ങളും നേടിയെടുത്തിട്ടുണ്ട്. സിപിഎമ്മുമായി പല കാര്യങ്ങളിലും അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും അന്നൊന്നും മുന്നണി വിട്ടു പോകാതിരുന്നത് 'വലതുപക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി' എന്ന ആ പഴയ ലേബല്‍ പേറാന്‍ മടിച്ചിട്ടുകൂടിയാണ്. എന്നാല്‍ ഇന്ന് ദേശീയതലത്തില്‍ തന്നെ സ്ഥിതി മാറിയിരിക്കുന്നു. ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാം എന്ന ചിന്ത സിപിഐയില്‍ മാത്രമല്ല സിപിഎമ്മിലും ഉടലെടുത്തു കഴിഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസ് ബാന്ധവ ആശയത്തിന് സിപിഎമ്മില്‍ വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലെന്നത് മറ്റൊരു കാര്യം.

http://www.azhimukham.com/newswrap-veerendrakumars-rentry-in-ldf-and-cpm-cpi-tussle/

യുഡിഎഫ് ബന്ധം വിച്ഛേദിച്ച് ഒറ്റയ്ക്ക് നില്‍ക്കുന്ന മാണിപ്പാര്‍ട്ടിയെ ഒപ്പം നിര്‍ത്തിയാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്യാം എന്ന ചിന്ത കേരളത്തിലെ സിപിഎം നേതൃത്തെ പിടികൂടിയിട്ടു കാലം കുറച്ചായി. നിനച്ചിരിക്കാതെ ചെങ്ങന്നൂരില്‍ ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ മാണിപ്രേമം സിപിഎമ്മില്‍ മൂര്‍ച്ഛിച്ചിരുക്കുന്നുവെന്നു തന്നെവേണം കരുതാന്‍. ഇതിന്റെ ഭാഗമായി കൂടിയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ എല്‍ ഡി എഫിന് വെളിയിലുള്ള ആളായിട്ടും മാണിയെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന സന്ദേഹവും ഒരു പക്ഷെ കാനത്തെ പിടികൂടിയിട്ടുണ്ടാവാം. സംഗതി എന്ത് തന്നെയായാലും സിപിഎം-സിപിഐ ബന്ധം പരമാവധി വഷളായിരിക്കുന്നുവെന്നു തന്നെയാണ് കാനത്തിന്റെ കഴിഞ്ഞ ദിവസത്തെ ഭീഷണിയില്‍ നിന്നും വ്യക്തമാകുന്നത്.

http://www.azhimukham.com/offbeat-cpi-inner-crisis-c-divakaran-group-makes-pressure-on-kanam-rajendran/

കാനത്തിന്റെ മാണിപ്പേടി സിപിഐയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്കയില്‍ നിന്നും ഉയിര്‍കൊള്ളുന്നതാണെങ്കിലും സിപിഐയെ തഴഞ്ഞുകൊണ്ടു മാണിയുമായി ഉണ്ടാക്കുന്ന ഏതു തരത്തിലുള്ള ബാന്ധവവും ഭാവിയില്‍ എല്‍ഡിഎഫിന് ദോഷം തന്നെയേ ചെയ്യൂ എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും കുഞ്ഞാലിക്കുട്ടിയെപോലുള്ള യുഡിഎഫിലെ ഘടക കക്ഷി നേതാക്കളും പലവട്ടം ക്ഷണിച്ചിട്ടും യുഡിഎഫിനോട് മാണി മുഖം തിരിഞ്ഞു നില്‍ക്കുന്നത് എല്‍ഡിഎഫിനെ നന്നാക്കാനൊന്നുമല്ല. മറിച്ചു മകന്‍ ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയെ കരുതിയാണ്. യുഡിഎഫിലേക്കു മടങ്ങിച്ചെന്നാലും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ജോസ് കെ മാണിക്ക് കോട്ടയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര പണിയുമെന്ന് മാണിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ എല്‍ ഡി എഫിലേക്കു കണ്ണും നട്ടിരിക്കുന്നതും.

http://www.azhimukham.com/kanam-rajendran-left-parties-majority-minority-politics-dalits-sarath-kumar/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories