TopTop
Begin typing your search above and press return to search.

പ്രതിസന്ധി സിബിഐയുടേതല്ല, അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ചയുടേതാണ്; ഹരീഷ് ഖരെ എഴുതുന്നു

പ്രതിസന്ധി സിബിഐയുടേതല്ല, അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ചയുടേതാണ്; ഹരീഷ് ഖരെ എഴുതുന്നു

വർഷങ്ങളായി നടന്നുവരുന്ന സിബിഐയുടെ രാഷ്ട്രീയവത്കരണത്തെക്കുറിച്ച് വിലപിക്കുന്നത് ഏതാണ്ട് വ്യർത്ഥമാണ്. അതിന്റെ ഏറ്റവും പുതിയ വെളിപ്പെടലാണ് ഈയിടെയുണ്ടായ പാതിരാനാടകം; എത്ര മിടുക്കനാണെങ്കിലും ഒത്തുതീർപ്പുകളുടെയും കണക്കുകൂട്ടലുകളുടെയും കള്ളക്കളികളുടേയും ലോകത്താണ് രാകേഷ് അസ്താന എന്നത് വലിയ തർക്കമില്ലാത്ത സംഗതിയാണ്. അതിന് 2002-ലെ ഗുജറാത്ത് കലാപത്തോളം പഴക്കമുണ്ട്; ആ സംസ്കാരം യൂണിഫോമിട്ട തെമ്മാടികളെ ശക്തരാക്കുകയും സംരക്ഷിക്കുകയും പോറ്റിവളർത്തുകയും ചെയ്തു എന്ന് നാം നമ്മെത്തന്നെ ഓർമ്മിപ്പിച്ചിട്ടും പ്രയോജനമൊന്നുമില്ല. ശവശരീരങ്ങൾ എവിടെയാണെന്നും ആരാണത് കുഴിച്ചിട്ടതെന്നും അറിയാമെന്ന മുൻതൂക്കം അസ്താനക്കുണ്ട് എന്ന് നിരീക്ഷിക്കുന്നതും ഒരു പാഴ്പതിവാകും.

പക്ഷേ, ഇത് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ളതല്ല; ഇത് സിബിഐയെക്കുറിച്ചോ അതിന്റെ പ്രവർത്തനസ്വാതന്ത്ര്യം അട്ടിമറിക്കുന്നതിനെക്കുറിച്ചു പോലുമോ അല്ല; ഭാരതീയ ജനതാ പാർട്ടിയെയും അതിന്റെ എതിരാളികളെയും കുറിച്ച് ഒട്ടുമേയല്ല. ഇത് നിയമവാഴ്ചയുടെ ഭാവിയെക്കുറിച്ചാണ്.

പരസ്പരബന്ധിതമായ ഒരു കൂട്ടം നടപടിക്രമങ്ങളും തത്വങ്ങളും മാത്രമല്ല നിയമവാഴ്ച്ച; നീതിയും ന്യായവും ഭരണാധികാരികളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് മാറുന്ന ഒന്നല്ല എന്ന, പൗരന്മാരും ഭരണഘടനക്കുള്ളിൽ നിൽക്കുന്നവരും പങ്കുവെക്കുന്ന ഒരു ആത്മവിശ്വാസമാണത്. ഈ ആത്മവിശ്വാസത്തിന് ഒരു വിശുദ്ധിയുണ്ട്. സിബിഐ ആസ്ഥാനത്ത് അർദ്ധരാത്രിയിൽ പോലീസുകാരെ കണ്ടപ്പോൾ ആടിയുലഞ്ഞത് ഈ വിശുദ്ധിയുടെ സങ്കൽപ്പമാണ്.

ഏതു കക്ഷി അധികാരത്തിലിരുന്നാലും ഒരു പോലീസ് സ്റ്റേറ്റിന് വേണ്ട എല്ലാ അനുസാരികളും ഭരണകൂടത്തിന് ലഭ്യമായുണ്ട്- എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED), ആദായ നികുതി വകുപ്പ്, രഹസ്യാന്വേഷണ ഏജൻസികള്‍, പിന്നെ ഉപയോഗവും ദുരുപയോഗവും ഏറെ ചെയ്‌ത സിബിഐ. ദേശീയ സുരക്ഷയ്ക്കുവേണ്ട എല്ലാ സംവിധാനങ്ങളും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുണ്ട്; രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ദേശീയ സുരക്ഷ ഒരായുധമാക്കുന്നതിൽ ഒരു സർക്കാരും പിന്നിലുമല്ല. ഈ സമ്മർദ്ദങ്ങളെല്ലാം ഉപയോഗിക്കുന്ന പോലീസുദ്യോഗസ്ഥരാകട്ടെ ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ ഗൂഢാലോചനകളുടെയും കുതന്ത്രങ്ങളുടെയും ലോകത്തേക്ക് വലിച്ചടുപ്പിക്കപ്പെടുന്നു; പകരം 'വേണ്ടപ്പെട്ട' പോലീസുകാർ റെയ്‌സീന കുന്നിലേക്ക് അരക്ഷിതാവസ്ഥയുടെ ബോധം എത്തിച്ചുകൊടുക്കുന്നു-പലപ്പോഴും സൃഷ്ടിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിലായി അഴിമതി വിരുദ്ധ മന്ത്രങ്ങളുടെ പൊള്ളയായ ഘോഷണത്തിൽ നാം നമ്മെ ഒലിച്ചുപോകാൻ അനുവദിച്ചു; അന്വേഷണ ഏജൻസികൾക്ക് ആരെയും പരിശോധിക്കാവുന്ന അനുമതിയായി-അവിടെയും ഇവിടെയും, രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ/കാര്യാലയത്തിൽ നിന്നും 'നിർണായകമായ തെളിവുകളുള്ള രേഖകൾ' കണ്ടെടുത്തു എന്ന് മാധ്യമങ്ങൾ കേട്ട പാതി കേൾക്കാത്ത പാതി അപ്പപ്പോൾ വിളിച്ചുപറഞ്ഞു. ഈ സംസ്കാരത്തിൽ ആ പഴയ 'സിബിഐ ഇൻസ്പെക്ടർ' ബാധ പൊങ്ങാൻ തുടങ്ങി. അസ്താന വരുന്നതിനു മുമ്പ് തന്നെ ഡൽഹിയിലെ ഏറ്റവും 'കരുത്തനായ മനുഷ്യനാ'യി ED-യിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ അവതരിച്ചിരുന്നു.

അടുത്ത കാലത്തായി, നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നെ ഈ നാടകം നാം ഭംഗിയായി നടത്താൻ തുടങ്ങി- എല്ലാ നടപടിക്രമങ്ങളും പിന്തുടർന്നും ചിട്ടവട്ടങ്ങൾ പാലിച്ചുമാണെങ്കിലും ഒരു പോലീസ് സ്റ്റേറ്റ് രൂപപ്പെടുന്നു എന്നത് വളരെ വ്യക്തമായിരുന്നു. ഏജൻസികളുടെ സൂക്ഷ്മനിയന്ത്രണം പുതുതായി അധികാരങ്ങൾ ആർജ്ജിച്ച ചാണക്യന്മാരും കമ്മിസാർമാരും ആണെന്നാണ് ഉപശാല വർത്തമാനങ്ങളും. നല്ല ഭരണനിര്‍വഹണമോ ഭരണകർത്താക്കളോ ഇല്ലാത്തപ്പോൾ ഇത്തരത്തിലൊരു പോലീസ് സ്റ്റേറ്റ് കുഴപ്പക്കാരായ പോലീസുകാരെ സൃഷ്ടിക്കും. ശുദ്ധമായ സമൂഹത്തിനുവേണ്ടിയുള്ള നമ്മുടെ പൗരസമൂഹത്തിന്റെ ആഗ്രഹത്തിൽ ഈ വ്യതിയാനം സഹിച്ചുപോന്നു.

പൊതുജീവിതത്തിൽ നിന്നും അഴിമതി തുടച്ചുനീക്കാനുള്ള നമ്മുടെ വ്യഗ്രതയിൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ നാം പലവിധത്തിലുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളും പരീക്ഷിച്ചു; മികച്ച നീതിവിചാരങ്ങളും വിധികളും, പാർലമെന്റ് വഴിക്കുള്ള നിയമങ്ങൾ, ലോക്പാൽ പോലുള്ള സംവിധാനങ്ങൾ ഉണ്ടാക്കാൻ സഹായിച്ച പൗരസമൂഹ മുന്നേറ്റങ്ങൾ എന്നിങ്ങനെ. എന്നാൽ രാഷ്ട്രീയകക്ഷികളിലെ നിക്ഷിപ്ത താത്പര്യക്കാർ- ഭരിക്കുന്നവരും പ്രതിപക്ഷത്തും- നമ്മുടെ സാമൂഹ്യാവശ്യത്തെ അവഹേളിക്കും വണ്ണം പരിഷ്ക്കരണശ്രമങ്ങളെ തോൽപ്പിച്ചു. പുതിയ ഇന്ത്യയിലെ പുതിയ രാഷ്ട്രീയക്കാരൻ, ചട്ടങ്ങളും നടപടിക്രമങ്ങളും സൂക്ഷ്മമായി നോക്കി, കൃത്യം വാദഗതികൾ പുറത്തെടുത്ത്, ബുദ്ധിപൂർവമായ സമവാക്യങ്ങളുണ്ടാക്കി, എന്നാൽ അതേസമയം നിയമത്തെ തങ്ങളുടെ പിണിയാളാക്കുന്ന, സിവിസിയെ പോലും സൗകര്യത്തിനു കൂട്ടുകച്ചവടത്തിലാക്കുന്ന കലയിൽ മിടുക്കനായി.

സിബിഐയിൽ നടന്ന പാതിരാ അട്ടിമറിക്കു ശേഷം, ഒരു ജനാധിപത്യം എന്ന നിലയിൽ നാം നേരിടുന്ന വേദനാജനകമായ പ്രതിസന്ധി പരിചിതമായ ഒന്നാണ്. How Democracies Die എന്ന തങ്ങളുടെ ഗംഭീര പുസ്തകത്തിൽ ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർമാർ Steven Levistsky, Daniel Ziblatt ചോദിക്കുന്നു: “ഒരു ജനാധിപത്യത്തെ സംരക്ഷിക്കാൻ ഭരണഘടനാ സുരക്ഷാ മാത്രം മതിയോ? ഉത്തരം അല്ല എന്നാണെന്നു ഞങ്ങൾ കരുതുന്നു. നന്നായി രൂപം കൊടുത്ത ഭരണഘടനകൾ പോലും പലപ്പോഴും പരാജയപ്പെടുന്നു. 1919-ൽ ജർമ്മനിയുടെ വെയ്മർ ഭരണഘടന അന്നത്തെ ഏറ്റവും പ്രഗത്ഭരായ നിയമജ്ഞർ ഉണ്ടാക്കിയതാണ്. അതിലെ നീണ്ടുനിന്ന, മഹത്തായതെന്ന് കരുതിയ Rechtsstaat (നിയമവാഴ്ച്ച) സർക്കാരിന്റെ ദുരുപയോഗം തടയാൻ പ്രാപ്തമാണെന്നാണ് കരുതിയത്. എന്നാൽ 1933-ൽ ഹിറ്റ്ലറുടെ അധികാരമേറ്റെടുക്കലോടെ ഭരണഘടനയും Rechtsstaat-ഉം ഒരുപോലെ തകർന്നു.”

നമ്മളും പരിചിതമായ ഒരു ദശാസന്ധിയിലാണ്. രാഷ്ട്രീയക്കാരുടെ വിഷം നിറച്ച വഴക്കുകൾക്കും അവരുടെ മാധ്യമപതിപ്പുകൾക്കും അപ്പുറം നമ്മുടെ ഭരണഘടനാ സംവിധാനത്തിന് നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള നീക്കം തടയാൻ കഴിയുമെന്നു നാം ഉറപ്പുവരുത്തണം. അതാണ് നമ്മുടെ ഇന്നത്തെ ആശങ്ക.

സിബിഐയിലെ രാകേഷ് അസ്താന-അലോക് വർമ്മ യുദ്ധം ഒരു വലിയ പ്രശ്‌നത്തിന്റെ ഉപകഥ മാത്രമാണ്; ലോക്സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിൽ അധികാരം നിലനിർത്താൻ ഒരു സർക്കാരിന് എല്ലാ ഉത്തരവാദിത്തവും മറന്ന് എന്തും ചെയ്യാൻ അധികാരമുണ്ടെന്നാണോ? ഇതിനു ലളിതമായ ഉത്തരമുണ്ട്, പക്ഷെ നമ്മുടെ ഏറെ ധ്രുവീകരിക്കപ്പെട്ട വ്യവഹാരത്തിൽ അത് എളുപ്പത്തിൽ കാണാനാകില്ല. അത് നീതിയുക്തമായ നിർമമതയിൽ നിന്നും അകലത്തിൽ നിന്നും മാത്രമേ കണ്ടെടുക്കാനാകൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/india-edit-asthana-modi-darling-alias-theend-cbi/

https://www.azhimukham.com/india-seven-case-considered-by-removed-cbi-director-alokverma/

https://www.azhimukham.com/india-four-held-from-outside-alok-vermas-delhi-residence-crisis-escalating-in-cbi/

https://www.azhimukham.com/india-cbi-interim-director-nageswararao-wife-money-transaction-1-14cr-private-company/

https://www.azhimukham.com/india-nageswararao-cbi-interim-director-close-to-rss/

https://www.azhimukham.com/edit-cbi-modi-amit-shah-and-fate-of-justice-loya-this-is-india/


Next Story

Related Stories