Top

സെബാസ്റ്റ്യന്‍ പോള്‍, ലൈംഗികാവയവം കൊണ്ട് തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കുന്നവരല്ല മനുഷ്യര്‍ എന്നെങ്കിലും ഓര്‍ക്കണം

സെബാസ്റ്റ്യന്‍ പോള്‍, ലൈംഗികാവയവം കൊണ്ട് തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കുന്നവരല്ല മനുഷ്യര്‍ എന്നെങ്കിലും ഓര്‍ക്കണം
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസിലെ, കുറ്റാരോപിതനായി ജാമ്യം കൊടുക്കാതെ കോടതി തടവില്‍ വച്ചിരിക്കുന്നയാള്‍ മനുഷ്യവകാശലംഘനത്തിന് ഇരയാണ്, അയാളൊരു വിചാരണത്തടവുകാരനാണ് എന്ന സമാനതയാണ് സെബാസ്റ്റ്യന്‍ പോള്‍ വരച്ചിടുന്നത്. കൂട്ടത്തില്‍ നിരപരാധികള്‍ ആയിരുന്നിട്ടും വിചാരണയും ജയില്‍വാസവും നേരിടേണ്ടി വന്നവരുടെ ലിസ്റ്റ് എടുത്തിട്ട് അതുപോലെയാകില്ലേ ഇതും എന്ന് ചോദിക്കുന്നത് ജയിലില്‍ കിടക്കുന്ന നടനെ നിരപരാധിയാക്കി കാണിക്കാനുള്ള തന്ത്രമാണ്. അയാള്‍ കുറ്റം ചെയ്തിട്ടുണ്ട് എന്ന് പ്രഥമദൃഷ്ടിയാല്‍ കോടതിയ്ക്ക് ബോധ്യം വന്നതുകൊണ്ടാണ് അയാള്‍ തെളിവ് നശിപ്പിച്ചേക്കും എന്ന കാരണത്താല്‍ അയാള്‍ക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. ആ സാഹചര്യത്തില്‍ തന്നെ, കുറച്ചു മണിക്കൂറുകള്‍ മാത്രം പുറത്തു പോയ അയാളെക്കുറിച്ച് പിന്നീടുള്ള ദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സഹതാപതരംഗം തെളിയിക്കുന്നത് അയാള്‍ക്ക് എന്തെല്ലാം തിരിമറികള്‍ നടത്താന്‍ കെല്‍പ്പുണ്ട് എന്നതുതന്നെയാണ്. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനങ്ങളും പ്രതികരണങ്ങളും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടേക്കാം എന്ന ആകുലതയല്ല, ഒരാളെ നിരപരാധിയാക്കി മാറ്റാനുള്ള വ്യഗ്രതയാണ്. കോടതിയുടെ തീരുമാനങ്ങളെ പൊതുബോധാഭിപ്രായങ്ങള്‍ കൊണ്ട് സ്വാധീനിക്കാന്‍ പോലും ശ്രമിക്കലാണ്.


ജയിലില്‍ കിടക്കുന്ന കുറ്റാരോപിതനായ നടന്‍ തന്നെയാണ് കുറ്റം ചെയ്തത് എന്നമട്ടിലുള്ള പ്രചാരണങ്ങളെ എതിര്‍ക്കാനാണെങ്കില്‍ അതിനയാള്‍ നിരപരാധിയാണ് എന്ന ധ്വനിയോടെ ലേഖനം എഴുതണ്ട കാര്യമില്ല. നിയമവശങ്ങള്‍ പരിചയമുള്ള ഒരാള്‍ക്ക് കുറ്റവാളി-നിരപരാധി എന്ന ദ്വന്ദത്തില്‍ നിന്നുകൊണ്ടല്ലാതെയും അതിനു സാധിക്കും. കോടതിയില്‍ നിന്ന് വിധി വരുകയോ ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം തെളിവുകള്‍ ലഭിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് അയാളാണ് കുറ്റവാളി എന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല എന്നൊക്കെ സാമാന്യലോകവിവരം ഉള്ളവര്‍ക്ക് പോലും പറയാന്‍ സാധിക്കും. എന്നിട്ടും അങ്ങനല്ല, പ്രസ്തുത നടന്‍ ഇങ്ങനെ ചെയ്യുന്ന ഒരാളല്ല, അയാളെ എനിക്കറിയാം, അയാള്‍ക്ക് അങ്ങനെ ചെയ്യണ്ട കാര്യമില്ല, അയാള്‍ക്ക് മുന്‍പും പല നിരപരാധികളും ഇതുപോലെ വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട് എന്നെല്ലാം പലരില്‍ നിന്നും  പ്രചാരണങ്ങള്‍ പരക്കുന്നത് ഒട്ടും നിഷ്കളങ്കമല്ല, നീതി നടപ്പിലാക്കപ്പെടാനുള്ള അടക്കാനാവാത്ത അഭിവാജ്ഞ മൂലവുമല്ല. അയാള്‍ നിരപരാധി ആണെന്നത് വരുത്തി തീര്‍ക്കുക മാത്രമാണ് ലക്ഷ്യം. അതുകൊണ്ടും കൂടിയാണ് കുറ്റാരോപിതനായ നടന്‍റെ മുന്‍ഭാര്യ വ്യക്തിവൈരാഗ്യം കൊണ്ട് ഇയാളെ കുടുക്കിയതാണ് എന്നൊക്കെ മട്ടിലുള്ള ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കേസുമായി യാതൊരു ബന്ധവും ഇല്ലാത്ത ആ സ്ത്രീയെ ഈ കേസിന്‍റെ കാര്യം പറയുമ്പോള്‍ വലിച്ചിഴയ്ക്കുന്നത് എന്തിനാണ്? ആക്രമിക്കപ്പെട്ട സ്ത്രീയും കുറ്റാരോപിതന്റെ മുന്‍ഭാര്യയും സുഹൃത്തുക്കള്‍ ആണെന്നത് എടുത്തു കാണിക്കണ്ട എന്താവശ്യമാണ് ഉള്ളത്? നിയമപരമായി ബന്ധം വേര്‍പെടുത്തിയ രണ്ടുപേരെ വീണ്ടും പലകാരണങ്ങളില്‍ ബന്ധിപ്പിക്കാന്‍ സമൂഹത്തിന് എന്താണ് കാര്യം?


ഇവിടെ പ്രാവര്‍ത്തികമാകുന്നത് പുരുഷാധിപത്യ പ്രവണതകള്‍ തന്നെയാണ്. ഒരു സ്ത്രീയെ ആക്രമിക്കാന്‍ ആളെവിട്ടു എന്ന് പോലീസ് അവകാശപ്പെടുന്ന ഒരു പുരുഷനെ, പണവും സ്വാധീനവും ഉള്ള ഒരു പുരുഷനെ, രക്ഷപെടുത്താനുള്ള പ്രവണത. അതിന് ആക്കം കൂട്ടാന്‍ ആക്രമിക്കപ്പെട്ട സ്ത്രീയേയും ഇതുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു സ്ത്രീയേയും ഇതില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തും. പുരുഷാധിപത്യം എല്ലാക്കാലവും അങ്ങനെ തന്നെയാണ് ചലിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ ഒരു പുരുഷന്‍ കാരണമാണ് എന്ന് നിയമപരമായി തെളിയിക്കാന്‍ ഒരു സ്ത്രീ നടത്തേണ്ട യുദ്ധങ്ങള്‍ ചെറുതല്ല. സമൂഹത്തിന്‍റെ എല്ലാ കോണില്‍ നിന്നുകൊണ്ടും അവളെ നിരുത്സാഹപ്പെടുത്തുകയും പകരം അവളാണ് കുറ്റവാളി എന്നുപോലും വരുത്തിത്തീര്‍ക്കുകയും ചെയ്യും. ഇതാദ്യത്തെ സംഭവം ഒന്നുമല്ല, ഇതേ രൂപത്തിലും ഘടനയിലും പുരുഷന്മാരെ പുരുഷാധിപത്യം സംരക്ഷിക്കുന്നത്. ഇനിയും അതില്‍ നിങ്ങള്‍ നിക്ഷ്പക്ഷത, നീതിബോധം എന്നിവയുടെ ആട്ടിന്‍തോലിടാന്‍ ശ്രമിക്കരുത്. അത് വിശ്വസിച്ച് ആട്ടിന്‍പാല്‍ കുടിക്കാന്‍ വരുന്നവര്‍ ഉണ്ടായിരിക്കും, പക്ഷേ അങ്ങനെ അല്ലാത്ത നല്ലൊരുകൂട്ടം മനുഷ്യര്‍ ബാക്കിയുണ്ട്. ജയിലില്‍ കിടക്കുന്ന പുരുഷനെതിരെ വിദ്വേഷതരംഗം ഉണ്ടെന്നു പറഞ്ഞുകൊണ്ട് തരംഗദൈര്‍ഘ്യം ട്യൂണ്‍ ചെയ്തു മാറ്റി അത് സഹതാപതരംഗം ആക്കി മാറ്റാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ അതങ്ങനെയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടും. നിങ്ങളുടെ പൊള്ളത്തരം വെളിയില്‍ വരും.
നീതിബോധം എന്നത് പുരുഷാധിപത്യത്തിന് തികച്ചും അന്യമാണ്. റേപ്പ് ചെയ്യുന്നത് ലൈംഗികകാമനകളെ തൃപ്തിപ്പെടുത്താനാണ് എന്ന് ഒരു അഭിഭാഷകന്‍ പറയുന്നതിലെ അപകടം എത്രയാണ്! അധികാരതൃഷ്ണയെ ശമിപ്പിക്കുന്ന  ഒരുപകരണം ആണ് റേപ്പ്. സ്ത്രീയെ വെറുമൊരു ശരീരമായി കണ്ടും, ആ ശരീരം അവനിഷ്ടമുള്ളപ്പോള്‍ കടന്നാക്രമിക്കാന്‍ ഉള്ളതാണ് എന്നും അങ്ങനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നത് തന്‍റെ അധികാരിഭാവം നിലനിര്‍ത്തും എന്നുമൊക്കെയാണ് റേപ്പിന്റെ പ്രേരണകളായി കണക്കാക്കുന്നത്. വായിച്ചറിവും ലോകവിവരവുമുള്ള ഒരഭിഭാഷകന് ഇത് അറിയാത്തതല്ല. യുക്തിയും ബോധവും ഉള്ള സമൂഹങ്ങള്‍, ബലാത്സംഗം ലൈംഗികസംതൃപ്തിയ്ക്കാണ് എന്ന വാദം ഒരു മിഥ്യാധാരണയായിട്ടാണ് കണക്കാക്കുന്നത്. ക്രൂരമായി വേദനിപ്പിക്കാന്‍, അവഹേളിക്കാന്‍, അധീശത്വം സ്ഥാപിക്കാന്‍ ഒക്കെയാണ് കാലാകാലങ്ങളായി യുദ്ധങ്ങളില്‍ മുതല്‍ കിടപ്പറകളില്‍ വരെ ബലാത്സംഗം സ്ത്രീയ്ക്ക് നേരെ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അധികാരം സ്ഥാപിക്കാന്‍ എന്തിനാണ് ഒരു ലൈംഗികപ്രവര്‍ത്തി ചെയ്യുന്നത് എന്നതാണ് ചോദ്യമെങ്കില്‍ സ്ത്രീയെ വെറുമൊരു ലൈംഗിക ഉപകരണമായി കാണുന്നത് കൊണ്ടാണ് പുരുഷാധിപത്യത്തിന് അങ്ങനെയൊരു ആയുധം ഉണ്ടാക്കാന്‍ കഴിഞ്ഞത്.


മൃഗതുല്യമായ ചോദനകള്‍ മൂലം ഒരു പുരുഷനെന്ന ജന്തു തന്‍റെ ലൈംഗിക അവയവത്തിലാണ് അധികാരമെന്ന് ധരിച്ചു വെച്ച് അത് പ്രാവര്‍ത്തികമാക്കാന്‍ പുറപ്പെടുന്ന ഹീനമായ കുറ്റമാണ് റേപ്പ്. മാനസികമായും ശാരീരികമായും സാമൂഹികമായും ഒരു സ്ത്രീയെ നശിപ്പിച്ചു കളയാന്‍ വേണ്ടി പുരുഷന്‍ ഉപയോഗിക്കുന്ന ആയുധം. പള്‍സര്‍ സുനി എന്ന പുരുഷനോട് ആ ആയുധം ഉപയോഗിക്കാന്‍ കാശുകൊടുത്ത് എതിരാളിയായ സ്ത്രീയുടെ അടുക്കലേക്ക് പറഞ്ഞുവിട്ട ഒരു കൊടുംപാതകി മലയാളി സമൂഹത്തില്‍ എവിടെയോ ഉണ്ട്. പോലീസ് അതിന്നയാളാണ് എന്ന് പറയുന്നു, കോടതി അല്ലായെന്നോ ആണെന്നോ പറയുന്നില്ല. പക്ഷേ ലൈംഗികസുഖം കിട്ടാന്‍ ബലാത്സംഗം ചെയ്യാറുള്ള പുരുഷന്മാര്‍ എന്തിനാണ് അത് മറ്റൊരുവനെ കൊണ്ട് ചെയ്യിക്കുന്നത് എന്ന് അറപ്പും വെറുപ്പും ഉളവാക്കുന്ന ഭാഷയില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ കേരള സമൂഹത്തിനോട് ചോദിക്കുകയാണ്. ആ ചോദ്യത്തില്‍ തന്നെയാണ് ഇയാളുടെ വാദത്തിന്‍റെ പൊള്ളത്തരം വെളിവാകുന്നത്. അധികാരം പ്രയോഗിക്കാന്‍ പ്രതിയോഗിയായ സ്ത്രീയെ നശിപ്പിക്കാന്‍ പുരുഷന്‍ ഉപയോഗിക്കുന്ന ആയുധമാണ് ബലാത്സംഗം, അതുകൊണ്ടാണ് അത് സ്വയം ചെയ്യാന്‍ നിര്‍ബന്ധം പിടിക്കാതെ പണം കൊടുത്ത് മറ്റൊരാളെ വിലയ്ക്ക് വാങ്ങുന്നത്.


കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ സമൂഹത്തോട് ചെയ്യുന്ന കൊടുംപാതകം ഇനിയെങ്കിലും അവസാനിപ്പിക്കണം. വളര്‍ന്നു വരുന്ന തലമുറയെ എങ്കിലും ചിന്താശേഷി ഉള്ള മനുഷ്യരായി വളരാന്‍ അനുവദിക്കണം. ലൈംഗികാവയവം കൊണ്ട് ജീവിതം ചലിപ്പിക്കുന്ന ജന്തുക്കളായി അവരേയും മാറ്റരുത്. കുറ്റവും നീതിയും കോടതി തീരുമാനിക്കും. അതിനിടയില്‍ സമൂഹത്തെ മുഴുവന്‍ അവഹേളിച്ചുകൊണ്ട് പുരുഷാധിപത്യം നടുറോഡില്‍ പേക്കൂത്ത് നടത്തുന്നത് വെറുതേ കണ്ടുകൊണ്ടിരിക്കണം എന്നത് നടപ്പുള്ള കാര്യമല്ല. ഒരു സ്ത്രീയാണ് ഇര, അവള്‍ക്ക് നേരെ പ്രയോഗിച്ച ആയുധമാണ് റേപ്പ്, അത് ചെയ്തവരെയും ആ ആയുധം കൊടുത്ത് സേവകരെ അയച്ചവരേയും ശിക്ഷിച്ചേ മതിയാകൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories