TopTop
Begin typing your search above and press return to search.

'ദീനമുള്ള കുഞ്ഞായതുകൊണ്ട് ശംഭുവിനെ എനിക്ക് കിട്ടി', നിറവയറും വച്ച് വേച്ച് വേച്ച് നടന്നു പോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം

നിറവയറുമായി, കൈയിൽ നിറയെ കലപില കൂട്ടുന്ന കുപ്പിവളയും ഇട്ട് ശംഭുവിന്റെ (പേര് സാങ്കൽപ്പികം) അമ്മ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വരാന്തയിലൂടെ നടന്നു വരുന്ന കാഴ്ച്ച കണ്ടാണ് അന്നത്തെ ദിവസം തുടങ്ങിയത്. അവരുടെ തോളിൽ വാഴത്തണ്ടു പോലെ ചാഞ്ഞു കിടക്കുന്ന ശംഭുവും. ശംഭുവിനെ പരിചയപ്പെടുത്താം; അവന്റെ അമ്മയെയും.

അവരുടെ വീട്ടിൽ കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് ഞാൻ ഒരു ദിവസം കടന്നുചെല്ലുന്നത്. വീടെന്നു പറയാൻ വയ്യ. മൂന്ന് പേർക്ക് നീണ്ടു കിടക്കാൻ കഴിയുന്ന, അത്യാവശ്യം രണ്ടു പെട്ടി കൂടി വെക്കാൻ കഴിയുന്ന ഒറ്റ മുറി. അതിന്റെ ഒരു മൂലയിൽ സാരി കൊണ്ട് മറച്ചു കെട്ടിയ ഒരിടമാണ് അടുക്കള. ഈ മുറിയിലേക്ക് എത്തിപ്പെടാൻ റോഡിൽ നിന്ന് അകത്തേക്ക് കുറച്ചുനടക്കണം. ചെന്നൈ നഗരത്തിന്റെ മുഴുവൻ ചേറും പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും നിറഞ്ഞൊഴുകുന്ന ഒരു കറുത്ത കനാൽ താണ്ടി. അതിനരികിലായുള്ള ഒറ്റയടിപ്പാതയിലൂടെ നടന്നു ചെല്ലുമ്പോൾ, അടുക്കി അടുക്കി വച്ച ഒരുപാട് ചെറിയ കെട്ടിടങ്ങൾക്കിടയിൽ ഒരു മുറി. അങ്ങനെ നാല് മുറികൾക്ക് പൊതുവായി ഒരു ശുചിമുറി. ഇത്തരം ഒരുപാട് കുടുംബങ്ങൾ തിങ്ങി പാർത്തിരുന്നു ആ നഗരക്കാഴ്ചകളിൽ.

കുഞ്ഞുങ്ങളിലെ വളർച്ചാവൈകല്യങ്ങളിൽ സ്‌പെഷലൈസ് ചെയ്യാനാണ് ചെന്നൈയിൽ എത്തിയത്. ജനിച്ച മുതൽ മൂന്നുവയസ്സു വരെയാണ് എനിക്ക് നിർദ്ദിഷ്ടമായ കർമമേഖല. ജന്മനാ കാഴ്ച്ചശക്തിയെ ബാധിച്ച, ചലനശേഷി ഇല്ലാത്തതുമായ, മുഖത്തേക്ക് അല്പനേരം നോക്കി നിൽക്കുക എന്നത് കൂടി ശ്രമകരമാണെന്നു മനസ്സിലാക്കി തന്ന, ഒന്നിലധികം വൈകല്യങ്ങളുള്ള പിഞ്ചു കുഞ്ഞുങ്ങൾ. ശംഭുവിനു സ്പിനാബൈഫിഡാ എന്ന അവസ്‌ഥയാണ്‌. മൂന്ന് വയസ്സായി. മലർന്നു കിടക്കാം, കണ്ണുകൾ അടച്ചു തുറക്കാം... അങ്ങനെയാണവൻ മറ്റുള്ളവരോട് സംവദിക്കുന്നത്. കരയാൻ കൂടി ശബ്ദം വരില്ല. മുഖഭാവം കണ്ടു വേണം നമ്മൾ തിരിച്ചറിയാൻ. പക്ഷെ ഒരു വര്‍ഷത്തോളമായുള്ള ചികിത്സകൊണ്ട് പരിചിതശബ്ദങ്ങളോട് അവൻ നിറഞ്ഞ ചിരിയോടെ പ്രതികരിക്കാൻ പഠിച്ചു. ശ്വാസം തിങ്ങാതെ ഒരുരുള ചോറുണ്ണാൻ പഠിച്ചു. ആ ചിരിയാണ് നമുക്കുള്ള പ്രചോദനം.

അവന് ആ അഴകുള്ള ചിരി കിട്ടിയത് അമ്മയിൽ നിന്നാണ്. 23 വയസ്സിൽ ഒരു മൂന്ന് വയസ്സുകാരന്റെ അമ്മയായി ഞങ്ങൾ കണ്ട ആ പെൺകുട്ടിയിൽ നിന്ന്. കല്യാണ ശേഷം നാലു വർഷമായി ഈ മുറിയിൽത്തന്നെയാണ് താമസം. ഭർത്താവ് ഓട്ടോ മെക്കാനിക് ആണ്. കഴിഞ്ഞുകൂടാൻ അത്യാവശ്യം സമ്പാദിക്കുന്നുണ്ട് എന്ന് അവർ അഭിമാനത്തോടെ പറയുകയും ചെയ്തു. ഞങ്ങൾ അവരെ ഇടയ്ക്കിടെ ചെന്നുകാണുകയും കുട്ടിക്ക് വേണ്ടി വീട്ടിൽ എന്തൊക്കെ ചെയ്യാമെന്നുമുള്ള നിർദേശങ്ങൾ കൊടുത്തു കൊണ്ടേയിരുന്നു. ആയിടക്കാണ് അവർ രണ്ടാമതും ഗര്‍ഭിണിയാകുന്നത്. മൂന്ന് മാസത്തോളം ശംഭുവിനെ കാണാതായി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. വളരെ സന്തോഷവതിയായി കാണാറുള്ള ആ പെൺകുട്ടി പോകെ പോകെ വിഷണ്ണയായി തുടങ്ങി. ഗർഭകാല ആലസ്യമാണെന്നു കരുതിയ എന്റെ മുന്‍പിലവർ തുറന്നിട്ടത്, ഞാനിന്നു വരെ നേരിട്ട് കേൾക്കാത്ത ഒരു കഥയാണ്, അല്ല ചില ജീവിതങ്ങളാണ്.

സ്കൂൾ പഠനം പൂർത്തിയാകാത്ത അവരെ അമ്മാവന്റെ മകൻ കല്യാണം കഴിച്ച് ആദ്യ വർഷത്തിൽ തന്നെ ശംഭുവിനെ ഗർഭം ധരിച്ചു. ഈ ഭർത്താവിന് ഒരു മുതിർന്ന സഹോദരനുണ്ട്. അയാൾ വിവാഹിതനെങ്കിലും കുട്ടികൾ ഇല്ല. ശംഭുവിനെ ഗർഭിണി ആയപ്പോൾ മുതൽ പ്രശ്നം തുടങ്ങി. കുട്ടി ഉണ്ടായാൽ അതിനെ മുതിർന്ന സഹോദരന് കൊടുക്കണം. കാരണം അവർക്ക് കുട്ടികൾ ഇല്ല. മാത്രമല്ല ഇവരെക്കാൾ പൈസ ഉണ്ട് താനും. ശംഭു പിറന്നത് വൈകല്യത്തോടെയാണെന്നറിഞ്ഞ ആ നിമിഷം തീരുമാനം മാറി. സഹായങ്ങളും നിന്നു. കുഞ്ഞും അമ്മയും തിരിച്ച് അഴുക്കു ചാലിനടുത്തേക്ക്. ഇപ്പോൾ സംഗതി വഷളാണ്. രണ്ടാമത്തെ ഗർഭത്തിനു വിലയിട്ടു കഴിഞ്ഞു. ഡോക്ടറെ കാണിക്കുന്നത്, ചെലവ് നടത്തുന്നത് എല്ലാം സഹോദരനാണ്. പക്ഷെ ഇപ്രാവശ്യം ഉപാധിയുണ്ട്. പിറക്കുന്ന കുട്ടി 'നല്ലതെങ്കിൽ' കൊടുത്തേ പറ്റൂ. ഇപ്പോൾ നിങ്ങൾ ചിന്തിക്കും കുഞ്ഞിന്റെ അച്ഛൻ ഈ രംഗത്തിൽ ഒന്നും ഇല്ലേ എന്ന്. ഉണ്ട്. അയാൾക്ക് തോന്നുന്നു സഹോദരൻ പറയുന്നത് ന്യായമാണല്ലോ, തന്റെ ഭാര്യക്ക് വേണമെങ്കിൽ ഇനിയും പ്രസവിക്കാൻ ആകുമല്ലോ എന്ന്. ഇതാണ് വിഷയം...

ഇക്കാര്യം ഞാൻ ഞെട്ടലോടെ സഹപ്രവർത്തകരോട് ചർച്ച ചെയ്തപ്പോൾ വന്ന ന്യായങ്ങൾ ഇതൊക്കെയാണ്.

"ഭർത്താവ് അങ്ങനെ പറഞ്ഞാൽ പിന്നെ എന്താ നിവൃത്തി?"

"ഇവടെ ഇങ്ങനെയൊക്കെയാണ്"

"അല്ലെങ്കിലും ഒരു കുഞ്ഞിനെ കൂടി ഇവരെങ്ങനെ നോക്കും?"

ഒടുവിൽ...

"നമുക്കെന്ത് ചെയ്യാൻ കഴിയും, അവരുടെ കുടുംബ പ്രശ്നമല്ലേ"...

സ്ത്രീവിരുദ്ധതയെന്നതോ അവര്‍ക്ക് മനസിലാകുന്നില്ല, ഇവിടെ മനുഷ്യരുടെ അവകാശം എന്നതിനെങ്കിലും അല്പം പ്രാധാന്യം അർഹിക്കുന്നില്ലേ? പിറക്കാനിരിക്കുന്ന ആ കുഞ്ഞിന്റെ ജന്മാവകാശങ്ങൾ എത്ര ബോധപൂർവ്വം മറക്കുന്നു...

ഒരു വ്യക്തി എന്ന നിലയിൽ ആ പെണ്‍കുട്ടി അർഹിക്കുന്ന ചില സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാന്‍ ചെന്ന എന്നോട്, "ഇവിടെ അതൊന്നും പറയാൻ പറ്റില്ല മാഡം... ഭർത്താവ് പറഞ്ഞാൽ അത് ചെയ്യേണ്ടത് എന്റെ കടമയല്ലേ" എന്ന് പറഞ്ഞ്  ആ പെൺകുട്ടി കണ്ണുനീര് തുടച്ചു കൊണ്ടേയിരുന്നു.

ഇത്തരം അനുഭവങ്ങളിൽ നിന്നു ഞാൻ പഠിക്കുന്നത് ഇതാണ്. ഒരു പ്രശ്നവും മാനസിക തലത്തിൽ അല്ലെങ്കിൽ വ്യക്തി തലത്തിൽ മാത്രം നോക്കിക്കാണുന്നത് ഒരുതരം കണ്ണടച്ചിരുട്ടാക്കൽ ആണെന്നാണ്. സാമൂഹ്യ, സാംസ്കാരിക ഭോഷ്ക്കുകൾ തിരിച്ചറിഞ്ഞ് ആ അറ്റത്തു നിന്നു തിരുത്താനുള്ള ശ്രമം, അത് ഏത് മേഖലയിൽ ഉള്ളവർ ആണെങ്കിലും, തന്നാൽ കഴിയുന്ന തരത്തിൽ ശ്രമിച്ചാൽ മാത്രമേ മാറ്റം കൊണ്ടുവരാൻ കഴിയൂ. സ്ത്രീശാക്തീകരണം നടക്കണമെങ്കിൽ ആദ്യം അവർക്കു വ്യക്തിസ്വാതന്ത്ര്യം എന്താണെന്നുള്ള ധാരണയുണ്ടാക്കിയെടുക്കുക എന്നതാണ് ശ്രമകരം. മിണ്ടാനും പക്വതയോടെ ചിന്തിക്കാനും കഴിയുന്ന ഒരു സ്ത്രീക്ക് ഇതാണ് അവസ്‌ഥയെങ്കിൽ ബാലാവകാശത്തെക്കുറിച്ചു പറയേണ്ടതുണ്ടോ. അതിലും ന്യൂനപക്ഷമായ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ കാര്യം ഊഹിച്ചോളൂ.... വിൽക്കാനോ വാങ്ങാനോ അച്ഛനും അമ്മയ്ക്കും അമ്മാവനും തീരുമാനിക്കാവുന്ന ഒരു കഷ്ണം ജീവൻ മാത്രമായി ചുരുങ്ങുന്നതിൽ അത്ഭുതമില്ല!

നിറവയറും വച്ച് ശംഭുവിനെയും തൂക്കി വേച്ചു വേച്ചു നടന്നു പോകുമ്പോഴും അവർ ആ തളർന്ന ചിരി എനിക്ക് വേണ്ടി സമ്മാനിച്ചു. എപ്പഴോ അവർ പറഞ്ഞതോർമ്മ വന്നു, "ദീനമുള്ള കുഞ്ഞായതുകൊണ്ട് ശംഭുവിനെ എനിക്ക് കിട്ടി" എന്ന് ചേർത്ത് പിടിച്ചു പറഞ്ഞത്...

നമ്മൾ ചിലപ്പോൾ മൂകരായിപ്പോവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories