Top

ദളിതരെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന ന്യൂസ് റൂമുകളും യോഗ്യതയുടെ രാഷ്ട്രീയവും

ദളിതരെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന ന്യൂസ് റൂമുകളും യോഗ്യതയുടെ രാഷ്ട്രീയവും
ന്യൂസ് 18 ചാനലിലെ ദളിത് മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചത്, മാധ്യങ്ങളിലെ ദളിത് പ്രതിനിധ്യത്തെക്കുറിച്ച് കേരളത്തില്‍ മുമ്പെങ്ങും ഇല്ലാത്തവിധം ചര്‍ച്ചയ്ക്ക് വഴി തെളിച്ചിട്ടുണ്ട്. നീതിയെ (?) കുറിച്ച് നിരന്തരം ഉദ്‌ബോധനം നടത്തുന്ന മുഖ്യധാര മാധ്യമങ്ങള്‍ കുറ്റകരമായ മൗനം സ്വീകരിക്കുകയും പൂര്‍ണമായും ആ 'വാര്‍ത്ത'യെ നിരാകരിക്കുകയും ചെയ്തപ്പോള്‍ സാമൂഹിക മാധ്യമങ്ങളും ചില ഓണ്‍ലൈന്‍ പത്രങ്ങളുമാണ് വിഷയം ചര്‍ച്ച ആക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. സണ്ണി ലിയോണ്‍ എന്ന സിനിമ നായിക എറണാകുളത്ത് സ്വകാര്യ സ്ഥാപനം ഉദ്ഘാടനത്തിന് വന്നത് എട്ട് കോളം വാര്‍ത്തയും അന്തിച്ചര്‍ച്ചയും ലീഡ് വാര്‍ത്തയുമാക്കി ആഘോഷിച്ച മാധ്യമങ്ങള്‍ക്ക്, അതിജീവനത്തിന് തൊഴിലെടുക്കേണ്ടി വരുന്ന ദളിത് മാധ്യമ പ്രവര്‍ത്തകയ്ക്ക് 'യോഗ്യത'യുടെ പേരില്‍ ജോലി നഷ്ടപ്പെടുമെന്ന് കണ്ട് ആത്മഹത്യക്ക് ശ്രമിച്ചത് വാര്‍ത്തയേ ആകുന്നില്ലായെങ്കില്‍ അതിന്റെ പേര് ജാതീയത എന്നല്ലാതെ എന്താണ്?

ഒരു തൊഴില്‍ പ്രശ്‌നം എന്ന നിലയിലോ തൊഴിലാളി എന്ന നിലയിലോ ഈ വിഷയത്തെ സമീപിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകയ്ക്ക് പ്രത്യക്ഷത്തില്‍ പിന്തുണ നല്‍കാനോ പ്രതിഷേധിച്ചു കൊണ്ട് ഒരു പ്രസ് റിലീസെങ്കിലും നല്‍കാനോ മാധ്യമ പ്രവര്‍ത്തകര്‍ക്കും (വിരലിലെണ്ണാവുന്ന മാധ്യമ പ്രവര്‍ത്തകരൊഴിച്ച്) വിപ്ലവ ഫെമിനിസ്റ്റുകള്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് പുരോഗമന കേരളത്തിന്റെ യഥാര്‍ത്ഥ മുഖം. ഒറ്റപ്പെട്ടതോ യാദൃശ്ചികമായി സംഭവിക്കുന്നതോ ഒന്നല്ലിത്. ചരിത്രപരമായ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തികൊണ്ട് മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ.

മാധ്യമങ്ങളുടെ ജാതി
'തീപിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടിരിക്കും. ചിന്തയുടെ അഗ്‌നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്' എന്ന് എം എന്‍ വിജയന്‍ മാഷ് നിരീക്ഷിക്കുന്നുണ്ട്. ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവര്‍ത്തക തിരിച്ച് ന്യൂസ് 18-ല്‍ ജോലിയില്‍ പ്രവേശിച്ചാലും ഇല്ലെങ്കിലും മാധ്യമങ്ങളിലെ ദളിത് പ്രതിനിധ്യം എന്നത് ചോദ്യചിഹ്നമായി നമുക്ക് മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുക തന്നെ ചെയ്യും. ഈ രാഷ്ട്രീയ ചോദ്യത്തെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഉയര്‍ത്തി കൊണ്ടുവരികയാണ് നീതിയുക്തമായ ഒരു സമൂഹം കാംക്ഷിക്കുന്നവര്‍ ചെയ്യേണ്ടത്.

വിവിധ പഠനങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ മാധ്യമ മേഖലയിലെ ദളിത് പ്രാതിനിധ്യം എന്നത് ഒരു ശതമാനത്തിലും താഴെയാണെന്ന് കാണാന്‍ കഴിയും. ജീവിതത്തിന്റെ സമസ്ത മേഖലയിലും നിലനില്‍ക്കുന്ന അനീതിയെക്കുറിച്ചും അസമത്വത്തെക്കുറിച്ചും 'സംസാരിക്കുന്ന' മാധ്യമങ്ങള്‍ക്ക് സ്വന്തം ഇടത്തില്‍ നിലനില്‍ക്കുന്ന അനീതിയെക്കുറിച്ച് അന്വേഷണ വിധേയമാകാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് മാധ്യമ മേഖലയില്‍ നിറഞ്ഞാടുന്ന ജാതീയത എന്തെന്ന് ബോധ്യമാകുകയുള്ളു.പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ റോബിന്‍ ജെഫ്രി തന്റെ 'ഇന്ത്യാസ് ന്യൂസ് പേപ്പര്‍ റെവല്യൂഷന്‍' എന്ന പുസ്തകത്തില്‍ ദളിത് അപ്രാതിനിധ്യത്തിന്റെ രാഷ്ട്രീയത്തെ വിശദീകരിക്കുന്നുണ്ട്. 2012 മാര്‍ച്ചില്‍ രാജേന്ദ്ര മാത്തൂര്‍ അനുസ്മരണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത് 'മാധ്യമങ്ങളില്‍ ദളിത് പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതില്‍ പരാജയപ്പെടുന്നത് സമത്വം, സാഹോദര്യം എന്നിവ വിഭാവനം ചെയ്യുന്ന ഭരണഘടനയോടുള്ള വഞ്ചനയാണ്' എന്നാണ്. 1992 ല്‍ താന്‍ ഇന്ത്യയിലെത്തുമ്പോഴും ഇരുപത് വര്‍ഷത്തിനു ശേഷം ഇപ്പോഴും മാധ്യമങ്ങളില്‍ ദളിത് അപ്രാതിനിധ്യം അതേപോലെ തുടരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 20ാം നൂറ്റാണ്ടില്‍ മാധ്യമ മേഖലയിലുണ്ടായ കുതിച്ചുചാട്ടം മാധ്യമ മേഖലയിലെ ദളിത് പ്രാതിനിധ്യത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

മധുരൈ കമരാജ് യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം അധ്യാപകനായ ജെ. സുബ്രഹ്മണ്യം 2010 നവമ്പറില്‍ പെരിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന National Conference on Ethical issues and Indian Media ല്‍ അവതരിപ്പിക്കുകയും പിന്നീട് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി (ഇപിഡബ്ല്യു)യില്‍ 2011 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത 'Dalits and a Lack of Diversity in the Newsroom' എന്ന പ്രബന്ധത്തില്‍ മാധ്യമങ്ങളിലെ അപ്രാതിനിധ്യം എങ്ങനെയാണ് ദളിത് അവസ്ഥകളെയും രാഷ്ട്രീയത്തേയും പുറംന്തള്ളുന്നതെന്നും ജാതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സമര്‍ത്ഥിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അനുഭവത്തിലൂടെയാണ് പ്രബന്ധത്തിലേയ്ക്ക് പ്രവേശിക്കുന്നത്. എം.എ കമ്മ്യൂണിക്കേഷന്‍ പാസായ ജെ. ബാലസുബ്രഹ്മണ്യം പത്രപ്രവര്‍ത്തകന്‍ ആകുക എന്ന ലക്ഷ്യത്തോടെയാണ് ചെന്നൈയിലെത്തുന്നത്. പ്രമുഖമായ പത്രത്തിലേയ്ക്ക് നടന്ന എഴുത്തു പരീക്ഷ പാസ്സായ അദ്ദേഹത്തെ എഡിറ്റര്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു. തുടര്‍ന്ന് നടന്ന സംഭാഷണം അദ്ദേഹം തന്നെ വിവരിക്കുന്നത് ഇങ്ങനെ:

ചെറു പുഞ്ചരിയോടെ എഡിറ്റര്‍ : ബാലസുബ്രമണ്യം, നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത് ?
ബാലസുബ്രഹ്മണ്യം : തിരുനെല്‍വേലിയില്‍ നിന്നാണ് സര്‍
എ: അവിടെ പിള്ളമര്‍ ജാതിക്കാരാണ് എണ്ണത്തില്‍ കൂടുതല്‍, അല്ലേ?
(തെക്കന്‍ തമിഴ്‌നാട്ടിലെ മുന്നോക്ക ജാതിയാണ് വെള്ളാളര്‍ എന്ന് അറിയപ്പെടുന്ന പിളളമര്‍)
ബാ: അതെ സര്‍, ഭൂരിഭാഗം പേരും നഗരത്തിലാണ് കഴിയുന്നത്.
എ : നിങ്ങള്‍ പിളളമര്‍ ജാതി ആണോ ?
ബാ : അല്ല സര്‍
എ : പിന്നെ
ബാ : എസ്.സി
എ : ഓകെ ( നിശബ്ദത )
എ : നമുക്ക് ഇവിടെ ആളുകളെ വേണ്ടപ്പോള്‍ താങ്കളെ അറിയിക്കാം; ഓകെ.
ബാ : നന്ദി സര്‍'

എഴുത്ത് പരീക്ഷ പാസായി ജോലിയില്‍ പ്രവേശിക്കുന്നതിന് പേഴ്സണല്‍ ഇന്റര്‍വ്യൂന് ക്ഷണിച്ച തന്നെ പിന്നീട് ആ സ്ഥാപനത്തില്‍ നിന്ന് വിളിച്ചിട്ടേയില്ലായെന്ന് അദ്ദേഹം പറയുന്നു. ന്യൂസ് റൂമുകളിലെ ദളിത് അപ്രാതിനിധ്യതിന്റെ കാരണം മാധ്യമങ്ങളില്‍ നിലനില്‍ക്കുന്ന ഈ ജാതീയതയാണെന്ന് അദ്ദേഹം പറയുന്നു.

കേരളത്തിലെ മാധ്യമങ്ങളില്‍ നിലനില്‍ക്കുന്നതും സമാനമായ സാഹചര്യങ്ങളാണെന്ന് നിസംശയം പറയാന്‍ കഴിയും. കേരള പ്രസ് അക്കാദമി സര്‍ക്കാര്‍ ധനസഹായത്തോടെ 2008-2009 വര്‍ഷത്തില്‍ നല്‍കിയ ഫെല്ലോഷിപ്പ് ലഭിച്ചത് പി.കെ വേലായുധന്‍ എന്ന ദളിത് യുവാവിന് ആയിരുന്നു. 'ദളിത് ജീവിതം മാധ്യമങ്ങളില്‍' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. കൊച്ചി പഠന വിഷയമായി എടുത്തുകൊണ്ട് ആരംഭിച്ച ഗവേഷണം 2012 ലാണ് സമര്‍പ്പിക്കുന്നത്. ഇരുപത് ദിനപത്രങ്ങളിലായി മുന്നൂറോളം പത്രപ്രവര്‍ത്തകര്‍ തൊഴിലെടുക്കുന്ന കൊച്ചിയില്‍ ജനയുഗത്തിലും മെട്രോ വാര്‍ത്തയിലും മാത്രമായിരുന്നു രണ്ടേ രണ്ട് ദളിതര്‍! അതായത് 0.6 ശതമാനം. കേരളത്തിലെ അമ്പതിലധികം പത്രപ്രവര്‍ത്തന പഠന സ്ഥാപനങ്ങളിലൂടെ വര്‍ഷാവര്‍ഷം പഠിച്ചിറങ്ങുന്ന ദളിതര്‍ എവിടെ പോകുന്നു? നീതിയെക്കുറിച്ച് എല്ലാ ദിവസവും ഉദ്‌ഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇത് അന്വേഷിക്കാന്‍ ബാധ്യതയില്ലേ?

'ദി വാഷിംഗ്ടന്‍ പോസ്റ്റ്' ദിനപത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന ജെന്നത് ജെ. കൂപ്പര്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. അദ്ദേഹം ദി വാഷിംഗ്ടന്‍ പോസ്റ്റില്‍ എഴുതി: '100 ഭാഷകളിലായി 4000-ല്‍പ്പരം പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ എഴുപത് ശതമാനത്തോളം വരുന്ന അധ:സ്ഥിതരുടെ ശബ്ദം പ്രതിനിധീകരിക്കുന്നില്ല'. പ്രതിനിധാനത്തിന്റെ രാഷ്രീയം മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നാണോ? ജനസംഖ്യയുടെ പകുതിയില്‍ അധികം വരുന്ന സ്ത്രീകള്‍ളുടെ പ്രാതിനിധ്യം വെറും 22 ശതമാനം മാത്രമാണെന്ന് പഠനങ്ങള്‍ കാണിച്ച് തരുന്നുണ്ട്. അപ്പോള്‍ ദളിത് സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?

കേരളത്തിലെ മാധ്യമങ്ങളില്‍ ദളിത് വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ ട്രെയിനിയായി പോലും എടുക്കുന്നില്ലെന്ന് പി.കെ വേലായുധന്‍ തന്റെ പഠനത്തില്‍ പറയുന്നുണ്ട്. ഇനി ഇത് യോഗ്യതയുടെ പ്രശ്‌നം ആണോ? അങ്ങനെയെങ്കില്‍ ഈ ഗവേഷണം നടത്തിയ പി.കെ വേലായുധന്‍ തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. ബിരുദാനന്തര ബിരുദവും ജേര്‍ണലിസം എന്‍ട്രന്‍സ് പരീക്ഷയില്‍ ആദ്യ അഞ്ച് റാങ്കില്‍ അഡ്മിഷന്‍ നേടിയ അദ്ദേഹം 2000 ലാണ് ജേര്‍ണലിസം പാസാകുന്നത്. പ്രബന്ധത്തിന്റെ ആമുഖത്തില്‍ പി.കെ വേലായുധന്‍ കുറിക്കുന്നുണ്ട്: 'മംഗളം പത്രത്തിലാണ് ഞാന്‍ ഇന്റേണ്‍ഷിപ് ചെയ്തത്. നാലഞ്ച് മാസം ഒരു പ്രതിഫലവും ഇല്ലാതെ മംഗളത്തിന് വേണ്ടി വാര്‍ത്തകള്‍ ശേഖരിച്ചു. ദരിദ്ര കുടുംബത്തിലെ വിഷമതകള്‍ സത്യന്‍ സാര്‍ അറിഞ്ഞതോടെയാണ് 2001-ല്‍ സത്യന്‍ സാറിന്റെ ശുപാര്‍ശയോടെ എസ്.എന്‍.ഡി.പിയുടെ മുഖപത്രമായ യോഗനാദം വാരികയില്‍ ജോലി കിട്ടുന്നത്. 2004 വരെ അവിടെ കൂടി. വി.ആര്‍ വിജയറാം സാര്‍ സ്‌നേഹപൂര്‍വ്വം ധാരാളം അവസരങ്ങള്‍ തന്നു. പരിമിതമായ വേതനം ഒന്ന് മെച്ചപ്പെടുത്തുവാന്‍ നിരവധി അപേക്ഷകള്‍ നല്‍കി. മറ്റ് മാധ്യമ സ്ഥാപനങ്ങളില്‍ നിരന്തരം പരിശ്രമിച്ചു നോക്കി. നിരാശയായിരുന്നു ഫലം'. ജാതീയത കൊടികുത്തി വാഴുന്ന കേരളത്തിലെ പത്രസ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് അദ്ദേഹം ഡല്‍ഹിക്ക് വണ്ടി കയറുന്നത്.

ഒടുവില്‍ 2010-ല്‍ കേരളത്തിലെ ഒരു പത്രസ്ഥാപനത്തില്‍, മെട്രോ വാര്‍ത്തയില്‍ അദ്ദേഹത്തിന് പത്രപ്രവര്‍ത്തകനായി ജോലി ലഭിക്കുന്നത് കോഴ്‌സ് പാസായി പത്ത് വര്‍ഷത്തിന് ശേഷമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് മാധ്യമ മേഖലയില്‍ നിലനില്‍ക്കുന്ന ജാതീയത എത്രമാത്രമെന്ന് ബോധ്യപ്പെടുന്നത്. പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടും 36 വയസുള്ള പി കെ വേലായുധന് 25 വയസുള്ള ജേര്‍ണലിസ്റ്റിന്റെ ജൂനിയറായി ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? പറയൂ, നിങ്ങള്‍ പറയുന്ന യോഗ്യത എന്താണ് ?റിസര്‍ച്ച് ഇ ജേര്‍ണലായ Indianscholar.co.in ഡോ. ശ്രീനിവാസ ഹോഡെയാല 2017 ജൂണില്‍ എഴുതിയ 'Minorities, Dalits and Media' എന്ന പ്രബന്ധം പരിസമാപിക്കുന്നത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സുഹാസ് ബോര്‍ക്കറുടെ ഉദ്ധരണിയോടെയാണ്: 'നമുക്ക് ബി.പി.എല്‍- ദാരിദ്രരേഖയ്ക്കു- താഴെ ഉള്ളതിനെക്കുറിച്ച് അറിയാം. പക്ഷേ മാധ്യമരേഖയ്ക്കു താഴെ ബി.എം.എല്‍ എന്ന ആശയത്തെക്കുറിച്ചു കൂടി നാം അറിയണം. ദിവസം 20 രൂപയ്ക്കു മുകളില്‍ ചെലവിടാനില്ലാത്ത 84 കോടി ഇന്ത്യക്കാരെ മാധ്യമങ്ങള്‍ കാണാതിരിക്കുകയാണെങ്കില്‍, അവരുടെ ഭാവിയില്‍ ഉത്കണ്ഠപ്പെടുന്നില്ലെങ്കില്‍ അത് ഒരു 'രണ്ടാം വിഭജനം' ആവശ്യപ്പെടുന്നുണ്ട്. അത് കഷ്ടപ്പാടുകളുടെയും വേദനയുടെയും ഒരു സുനാമിയായി പൊട്ടിത്തെറിച്ച് മുഴുവന്‍ രാജ്യത്തെയും വിഴുങ്ങിയേക്കാം. 70 വര്‍ഷം മുമ്പ് സംഭവിച്ചതിനെക്കാളും മനുഷ്യത്വരഹിതമായിരിക്കും അത്'.

ദളിതരും ന്യൂനപക്ഷങ്ങളും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം പല തലങ്ങളുള്ളവയും സങ്കീര്‍ണ്ണവുമാണ്. പക്ഷേ അതിനുള്ള ഉത്തരങ്ങള്‍ അന്വേഷിക്കേണ്ട സന്ദര്‍ഭം ഇപ്പോള്‍ത്തന്നെയാണ്. മാധ്യമ മേഖലയില്‍ ദളിത് പ്രതിനിധ്യം ഉറപ്പുവരുത്തേണ്ട ഈ അടിയന്തിര സാഹചര്യത്തില്‍ നിന്ന് കാര്യങ്ങളെ വിശകലനം ചെയ്യുമ്പോഴേ യോഗ്യതയുടെ പേരില്‍ ദളിത് മാധ്യമ പ്രവര്‍ത്തകയെ പിരിച്ചുവിടാന്‍ ശ്രമിച്ചതിനേറെയും വിവേചനം കാണിച്ചതിന്റേയും അനീതി മനസ്സിലാകുകയുള്ളളു. 'അയ്യോ, ആ കുട്ടിയുടെ ജാതി ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇത് വെറും തൊഴില്‍ പ്രശ്‌നമാണ്' എന്നാണ് നിങ്ങള്‍ മനസ്സിലാക്കുന്നതെങ്കില്‍, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ രേഖ രാജ് പറയുന്നതു പോലെ, സഹപ്രവര്‍ത്തകയുടെ സോഷ്യല്‍ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ജേര്‍ണലിസം എന്ന തൊഴില്‍ തന്നെ മതിയാക്കുന്നതാണ് നല്ലത്.പ്രാതിനിധ്യത്തിന്റെ രാഷ്ടീയം
2006 ല്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസ് (csds) നടത്തിയ സര്‍വ്വേയില്‍ രാജ്യത്തെ പ്രമുഖ 37 പ്രസിദ്ധീകണങ്ങളില്‍ 90 ശതമാനവും ടെലിവിഷനില്‍ 79 ശതമാനവും ഉന്നത ജാതിയില്‍ പെട്ടവരാണെന്ന് കണ്ടെത്തുകയുണ്ടായി. ഈ സാഹചര്യത്തിന് ഇന്നും വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അതു കൊണ്ടാണ് അല്‍ജസീറ ചാനലിന് 2017 ജൂണിലും 'ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ദളിത് വാര്‍ത്തകള്‍ വേണം ; ദളിത് റിപ്പോര്‍ട്ടേഴ്‌സിനെ വേണ്ട' എന്ന് ലേഖനത്തിന് തലക്കെട്ട് എഴുതേണ്ടി വരുന്നത്. കറുത്ത ശരീരങ്ങള്‍ ഉള്ള ഒരു വാര്‍ത്ത അവതാരകയോ അവതാരകനെയോ പുരോഗമന കേരളത്തിലെ ദൃശ്യ മാധ്യമങ്ങളില്‍ കാണുക സാധ്യമല്ല.

മാധ്യമ മേഖലയില്‍ ദളിത് പ്രതിനിധ്യമില്ലാതെ ഇരിക്കുകയും പരിഷ്‌കരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് ദളിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ വേണ്ട രീതിയില്‍ വാര്‍ത്തകള്‍ ആകാതിരിക്കുകയും ദളിത് മുന്നേറ്റങ്ങളെ നിരന്തരം അവഗണിക്കുകയും ചെയ്യുന്നത്.

2006 സെപ്റ്റംബര്‍ 29 മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയില്‍ സുരേഖ എന്ന 40 വയസ്സുള്ള ദളിത് യുവതിയേയും മകള്‍ പ്രിയങ്കയേയും മക്കളായ രണ്ട് ആണ്‍കുട്ടികളെയും സവര്‍ണ ജാതി ഹിന്ദുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയിട്ട് ഉചഅ പത്രം മാത്രമാണ് യഥാര്‍ത്ഥ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. അതും എട്ടാം ദിവസം. മുഖ്യധാര പത്രങ്ങള്‍ യഥാര്‍ത്ഥ വാര്‍ത്ത കൊടുത്തില്ല എന്ന് മാത്രമല്ല എഴുതിയത് പോലീസിന്റെ ഭാഷ്യവുമായിരുന്നു. വിഭവ രാഷ്ട്രീയ അധികാരങ്ങള്‍ക്കായി മുത്തങ്ങ മുതല്‍ ഇതുവരെ നടന്നിട്ടുള്ള ആദിവാസി ദളിത് സമരങ്ങളെ എത്ര അധാര്‍മികമായി ആണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് നാം കണ്ടു കൊണ്ടിരിക്കുന്നതാണ്.

ജാതിപ്പേര് വിളിക്കുന്നതും ജാതീയമായി ഇടപെടല്‍ നടത്തുന്നതും മാത്രമല്ല ജാതീയത, ഭരണഘടനാപരമായ സംവിധാനങ്ങള്‍ക്കകത്ത് ജാതീയ അടിച്ചമര്‍ത്തലുകള്‍ നേരിട്ട സമൂഹങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാതെ ഇരിക്കുന്നതും ജാതീയത തന്നെയാണ്. 1931ല്‍ രണ്ടാം വട്ടമേശ സമ്മേളനത്തില്‍; ബ്രിട്ടീഷുകാര്‍ ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിന്റെ ചര്‍ച്ചയില്‍ 'നിങ്ങള്‍ ആര്‍ക്കാണ് അധികാരം നല്‍കുന്നത്?' എന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ ചോദിക്കുന്നത് ഈ പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയത്തെ ഉച്ചസ്ഥായില്‍ കണ്ടതുകൊണ്ടാണ്. കാരണം ബ്രിട്ടീഷുകാരില്‍ നിന്ന് ഫ്യൂഡലുകളിലേയ്ക്കും സവര്‍ണ ഹിന്ദുക്കളിലേക്കും അധികാരം കൈമാറ്റപ്പെടുമ്പോള്‍ അവര്‍ക്ക് അടിസ്ഥാന ജനതയേയും സ്ത്രീകളെ പ്രതിനിധാനം ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അധികാരം കേന്ദ്രീകൃതമായിരുന്ന ജാതി ഹിന്ദുക്കള്‍ക്കിടയില്‍ ആദിവാസികളുടെയും ദളിതരുടെയും സ്ത്രീകളുടെയും പിന്നാക്ക ജനങ്ങളുടെയും പ്രതിനിധ്യം നിയമപരമായി ഉറപ്പിച്ച് സാമൂഹിക നീതി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സംവരണം ഭരണഘടന പരിരക്ഷ നല്‍കിക്കൊണ്ട് നടപ്പിലാക്കിയത്. ആധുനിക ജനാധിപത്യ സംവിധാനത്തിനകത്ത് ജീവിക്കുന്നുവെന്ന് പറയുന്ന, പുരോഗമന കേരളം എന്ന് അഭിമാനം കൊള്ളുന്ന, ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന് ഊറ്റം കൊള്ളുന്ന മാധ്യമങ്ങള്‍ക്ക് സംവരണമില്ലാതെ തന്നെ ആദിവാസി ദളിത് ജനതയുടെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിയുന്നില്ലായെങ്കില്‍ ഭരണഘടന നിലവില്‍ വരുന്നതിനു മുന്‍പുള്ള ജാതി കേന്ദ്രീകൃതമായ ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ നിന്ന് എന്ത് വ്യത്യാസമാണ് നിങ്ങള്‍ക്ക് ഉള്ളത് ?

ജെ. സുബ്രമണ്യം നിരീക്ഷിക്കുന്നതു പോലെ Skilled Work ആയ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ സംവരണം വേണമെന്നല്ല. മറിച്ച് അടിസ്ഥാന ജനവിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് അവരുടെ സാമൂഹിക രാഷ്ട്രീയ അവസ്ഥ പ്രതിഫലിപ്പിക്കാന്‍ മാദ്ധ്യമങ്ങളില്‍ ദളിത് പ്രാതിനിധ്യം ഉണ്ടായേ മതിയാകൂ.

ദളിത് അപ്രാതിനിധ്യം സമത്വം സാഹോദര്യം എന്നിവ വിഭാവനം ചെയ്യുന്ന ഭരണഘടനയോടുള്ള വഞ്ചനയാണ് എന്ന റോബിന്‍ ജെഫ്രിയുടെ നിരീക്ഷണം ഇവിടെ കൂടുതല്‍ പ്രസക്തമാകുന്നത് കാണാം. അംബേദ്കറിന്റെ കാഴ്ചപ്പാടില്‍ ഒരു മാതൃക സമൂഹം എന്നത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയില്‍ അധിഷ്ഠിതമായ ഒന്നാണ്. 'ഒരു മാതൃക സമൂഹത്തില്‍ ബോധപൂര്‍വ്വം തന്നെ പല താത്പര്യങ്ങള്‍ വിനിമയം ചെയ്യപ്പെടുകയും പങ്കുവെയ്ക്കപ്പെടുകയും ചെയ്യണം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സാമൂഹിക അന്തര്‍വ്യാപനം (സോഷ്യല്‍ എന്‍ഡോസ്‌മോസിസ് ) ഉണ്ടായിരിക്കണം. ഇതാണ് ജനാധിപത്യത്തിന്റെ മറ്റൊരു പേരായ സാഹോദര്യം'. ദളിത് പ്രതിനിധ്യത്തിലൂടെ സാഹോദര്യവും സമത്വവും ഉറപ്പുവരുത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ മാധ്യമങ്ങള്‍ തകര്‍ത്തെറിയുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും ഭരണഘടനയുടെയും അന്തഃസത്തയായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories