TopTop
Begin typing your search above and press return to search.

സത്യപാല്‍ സിംഗ് പാവാടാ... പരിണാമോം പാവാടാ... ശാസ്ത്രോം പാവാടാ...

സത്യപാല്‍ സിംഗ് പാവാടാ... പരിണാമോം പാവാടാ... ശാസ്ത്രോം പാവാടാ...
സത്യത്തില്‍ സത്യപാല്‍ സിംഗിന്റെ സംശയത്തില്‍ കാര്യമുണ്ട്. പരിണാമം എന്ന് മാത്രമല്ല- ഒരു കാര്യവും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല! സംശയുമുണ്ടോ? ഉവ്വോ? ഉവ്വില്ലേ? ഉവ്വുവ്വ്.

ഒരുദാഹരണം എടുക്കാം. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും- അതായത് തന്തയും തള്ളയും...

അല്ലെങ്കില്‍ അത് വേണ്ട- ആളോള്‍ക്ക് വെഷമാവും. എന്റെ തന്തയും തള്ളയും- എന്റെ തന്നെ ആണോ?

വേണ്ട, അതും വേണ്ട. വെറുതെ എന്റെ വീട്ടിലിരിക്കുന്ന... അതും വേണ്ട.

നമുക്ക് ഒരു സാങ്കല്പിക മനുഷ്യനെ വിചാരിക്കാം- ശശിപാല്‍ ശുംഭ്. പാവം ശശി പാല്‍ ശുംഭിന്റെ തന്തയും തള്ളയും അങ്ങേരുടെ തന്നെ ആണോ എന്ന് അങ്ങേര്‍ക്ക് സംശയം തോന്നി. അന്വേഷണം ആരംഭിച്ചു.

പ്രഥമദൃഷ്ട്യാ അങ്ങനെ തോന്നും. ശശി പാല്‍ ശുംഭ് കുള്ളനാണ്! ശശിയുടെ തന്തയും കുള്ളനാണ്! ശശിപ്പാലിന്റെ നിറം കാക്ക കറുപ്പാണ്. തള്ളയും അങ്ങനെ തന്നെ!

ചിലര്‍ പറയും ശശിയുടെ മുഖം കണ്ടാല്‍ തന്തയുടെ പോലെ തന്നെ ഉണ്ടെന്ന്! മറ്റു ചിലര്‍ പറയുന്നത് തള്ളയുടെ പോലെ ആണെന്നാണ്. അതായത്, മുഖത്തിന് എന്തോ ഒരു രൂപസാദൃശ്യം തന്തയും തള്ളയുമായി ഉണ്ട്.

പക്ഷെ ഇതൊന്നും ഒരു തെളിവ് അല്ലെന്ന് ശാസ്ത്രബോധം ഉള്ളവര്‍ക്കറിയാം. തന്ത കുള്ളന്‍ ആണെങ്കിലും തള്ള കുള്ളിയല്ല! തള്ള കറമ്പി ആണെങ്കിലും തന്ത ഇരു നിറമാണ്. ചെറിയ രൂപസാദൃശ്യം ഒക്കെ ചുമ്മാ രണ്ടു പേര് തമ്മില്‍ യദൃശ്ചയാ ഉണ്ടാകാം എന്ന് ഏത് അപ്പോത്തിക്കിരിയുടെ തന്തയ്ക്കും അറിയാം.

ശശി പാല്‍ ശുംഭന്റെ ഓര്‍മ ഉറച്ച നാള്‍ മുതല്‍ ഈ രണ്ടു പേരാണ് എല്ലാ കാര്യങ്ങളും നോക്കുന്നതും 'മോനെ' എന്ന് വിളിക്കുന്നതും. അച്ഛാ, അമ്മേ... എന്ന് വിളിക്കാന്‍ പഠപ്പിച്ചതും അവര്‍ തന്നെ. നാട്ടുകാരും വീട്ടുകാരും ഒക്കെ പറയുന്നതും ഈ തന്തയും തള്ളയും തന്നെയാണ് ശശീടെ തന്തയും തള്ളയും എന്നാണ്. ആല്‍ബത്തില്‍ തീരെ ചെറുതായിരിക്കുമ്പോഴത്തെ ഫോട്ടോകളില്‍ ഇവര്‍ ശശിയെ എടുത്തു പിടിച്ചിട്ടുണ്ട്.

http://www.azhimukham.com/update-union-minister-says-evolutiontheory-wrong/

പക്ഷെ ശരിക്കും നോക്കിയാല്‍ ഇതൊക്കെ സാഹചര്യ തെളിവുകള്‍ മാത്രമാണ്. തീരെ ചെറിയ പ്രായത്തിലെ ദത്തെടുത്തത് ആയിക്കൂടെ? അവരും നാട്ടുകാരും ബന്ധുക്കളും ഒക്കെ കള്ളം പറയുന്നതാവാം. ഗൂഡാലോചന. മിക്ക ഗൂഡാലോചന സിദ്ധാന്തങ്ങളും സത്യം ആണെന്ന് ശശിക്ക് ബോധ്യമുണ്ട്. അങ്ങനത്തെ ഒരു ഗൂഡാലോചന അല്ലേ തന്റെ പിതൃത്വം? തന്റെ മാതൃത്വം? ശശി വശം കെട്ടു.

അവസാനം ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞത് അനുസരിച്ച് ഡി എന്‍ എ ടെസ്റ്റ് ചെയ്തു. അതാ, ശശിയുടെ അമ്പതു ശതമാനം അപ്പന്റേതുമായി ഒക്കുന്നുണ്ട്. അമ്പതു ശതമാനം അമ്മയുടേതും ആണ്! സബാഷ്!

എല്ലാരും തുള്ളിച്ചാടി. ശശിയുടെ സംശയം തീരുമല്ലോ. ശശിയെ നോക്കി. പുള്ളി ഡെസ്പ് ആയി ഇരിക്കയാണ്!

'എന്നെ പറ്റിക്കാന്‍ ഒന്നും നോക്കണ്ടഷ്ടോ. ഇരട്ടകളുടെ ഡിന്‍എ ഒരുപോലിരിക്കും. ഇപ്പോള്‍ ഈ കാണുന്ന കെളവന്റേം കെളവീടേം ഐഡന്റിക്കല്‍ ഇരട്ടകള്‍ ആണെങ്കിലോ എന്റെ ശരിക്കുള്ള തന്തേം തള്ളേം?'

എല്ലാരും ഡിസ്‌കമ്പിയായി- സോറി-സ്തംഭിതരായി. ശശി ശാസ്ത്രഞ്ജനോട് ചോദിച്ചു...

'ഇതിങ്ങനെ അപ്പനും അമ്മയും അല്ലെങ്കിലും ഒത്തു വരാന്‍ ഉള്ള സാധ്യത പൂജ്യമാണോ ?'

'അത് പക്ഷെ വളരെ വളരെ...' ശാസ്ത്രജ്ഞന്‍ വിക്കി.

'പൂജ്യം ആണോ, അല്ലയോ- അത് മാത്രം പറഞ്ഞാല്‍ മതി'. ശശി ചോദിച്ചു. എംഎസ്‌സി, പിഎച്ച്ഡി, എം ടെക് , ഇതിനൊപ്പം എല്‍ എല്‍ ബിയും കഴിഞ്ഞവന്‍ ആയിരുന്നു ശശി. ക്രോസ്സ് ചെയ്യാന്‍ ശശിയെ ആരും പഠിപ്പിക്കണ്ട.

'അല്ല' ശാസ്ത്രജ്ഞന്‍ പറഞ്ഞു. അപ്പോള്‍ പിന്നേം ഉറപ്പൊന്നുല്ല്യ- ശശി പരിഹാസത്തോടെ പറഞ്ഞു.

ശശി വിജയശ്രീലാളിതനായി. എല്ലാരേം തോപ്പിച്ചു. പക്ഷെ തന്തേം തള്ളേം അപ്പോള്‍ തന്നെ പുള്ളിയെ ഇട്ടേച്ചു പോയി!

'ഇവനെ ഞങ്ങക്ക് വേണ്ട.' അച്ഛന്‍ ആക്രോശിച്ചു.

'ഇവന്‍ ഞങ്ങടെ മകനെഅല്ല' പാവം തള്ള കയര്‍ത്തു.

'കണ്ടോ, കണ്ടോ... ഇത് തന്നെ ആണ് ഞാന്‍ ഇത്രേം നേരം പറഞ്ഞോണ്ടിരുന്നത്'. ശശി പറഞ്ഞു. 'ഇപ്പോള്‍ കാര്യം എല്ലാര്‍ക്കും മനസ്സിലായല്ലോ' ശശി ചോദിച്ചു.

ആര്‍ക്കും ഒന്നും മിണ്ടാന്‍ ഉണ്ടായിരുന്നില്ല.

അതായത്, നമ്മുടെ തന്തേം തള്ളേം നമ്മുടെ തന്നെ ആന്നോ?

ഞാന്‍ ഏകദേശം അവരെ പോലെ ഇരിക്കുന്നു. അവര്‍ നമ്മളെ അങ്ങനെ ആണ് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. നാട്ടുകാരും വീട്ടുകാരും അങ്ങനെ തന്നെ പറയുന്നു. ആല്‍ബത്തില്‍ പഴേ ഫോട്ടോകള്‍ നിങ്ങള്‍ ജനിച്ച ഉടന്‍ ഉള്‍പ്പെടെ ഉള്ളവ നാം കാണുന്നു. അങ്ങനെ അവര്‍ നമ്മുടെ അപ്പനും അമ്മയും ആണെന്ന് ഏകദേശം ഉറപ്പായും നമ്മള്‍ വിശ്വസിക്കുന്നു.

ഇനിയും സംശയം തീര്‍ന്നില്ലെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് ചെയ്യാം. ഏകദേശം ഉറപ്പായും അപ്പോള്‍ നമുക്ക് തെളിയിക്കാം. എന്നാല്‍ പോലും നൂറു ശതമാനം ഉറപ്പാക്കാന്‍ പറ്റില്ല എന്ന് നമ്മള്‍ കണ്ടു. ഇത് പോലെ ആണ് ശാസ്ത്രവും. ശാസ്ത്രത്തെ പറ്റി വലിയ അവബോധം ഇല്ലാത്തവര്‍ വിചാരിക്കുന്നത് സംശയാതീതമായി തെളിയിക്കണം എന്നാണ്. സംശയാതീതം എന്നൊന്നില്ല. ഏകദേശം ഉറപ്പ് എന്നേയുള്ളു. എന്നാല്‍ ശാസ്‌ത്രേതര അറിവുകളുടെ അനേകം മടങ്ങ് ഉറപ്പ് ശാസ്ത്ര കാര്യങ്ങളില്‍ ഉണ്ട്.

http://www.azhimukham.com/the-five-most-common-misunderstandings-about-evolution-azhimukham/

തിയറി എന്ന് പറഞ്ഞാല്‍ 'വെറും തിയറി' അല്ല. മിക്കവാറും തിയറികള്‍ ഏകദേശം ഉറപ്പായും ശരിയാണ്. തിയറി ഓഫ് ഗ്രാവിറ്റി ശരിയാണ്. അതിന്റെ ഒരു മെച്ചപ്പെട്ട, സാധാരണ അല്ലാത്ത സാഹചര്യങ്ങളില്‍ കൂടി ഉപയോഗിക്കാവുന്ന ഗ്രാവിറ്റിയെ പറ്റി ഉള്ള തിയറി ആണ് ഐന്‍സ്റ്റീന്റെ ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി.

300 എ ഡി മുതല്‍ ഏകദേശം 1900 എ ഡി വരെ ക്രിസ്ത്യന്‍ സഭകള്‍ പഠിപ്പിച്ചിരുന്നത് ഭൂമിക്ക് ഏകദേശം 6000 കൊല്ലമേ പഴക്കം ഉണ്ടായിരുന്നുള്ളു എന്നാണ്. എല്ലാ ജീവികളെയും ഒന്നിച്ച് ദൈവം ഉണ്ടാക്കി എന്നും പഠിപ്പിച്ചു. എന്നാല്‍ ഇത് എല്ലാവരും അത് പോലെ വിശ്വസിച്ചു എന്നും ചാള്‍സ് ഡാര്‍വിന്‍ ആദ്യമായി പരിണാമം എന്ന് പറഞ്ഞപ്പോള്‍ എല്ലാരും ഞെട്ടി തരിച്ചെന്നും നിങ്ങള്‍ വിചാരിക്കരുത്. അങ്ങനെ ഒന്നുമല്ല സംഗതി.

1500-കളോടു കൂടി ആളുകള്‍ക്ക് സംശയം തോന്നി തുടങ്ങിയിരുന്നു. അന്ന് മുതല്‍ പ്രകൃതിയെ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ ഉണ്ടായിരുന്നു.

കാള്‍ ലെനിന്‍ ലിന്നേ യെസ് എന്ന ഒരാള്‍ ജീവികളെ പല തരങ്ങളായി തിരിച്ചു. അവരുടെ രൂപം, അനാട്ടമി, സ്വഭാവം, ഇതൊക്കെ വച്ചാണ് അങ്ങേര് തിരിച്ചത്. ആദ്യം തന്നെ സൂക്ഷ്മ ജീവാണുക്കള്‍, ചെടികള്‍, മൃഗങ്ങള്‍. മൃഗങ്ങളില്‍ തന്നെ, നട്ടെല്ലുള്ളവ, ഇല്ലാത്തവ. ഉള്ളവയില്‍, മീനുകള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍. ഇല്ലാത്തവയില്‍ പുഴുക്കള്‍, പ്രാണികള്‍, ഒച്ചുവര്‍ഗം മുതലായവ.

അതായത്, ആദ്യം കാണിച്ച പോലത്തെ ഒരു മരത്തിന്റെ ശിഖരങ്ങള്‍ കണക്കെ ആണ് സംഭവം. അതായത് മരത്തിന്റെ തായ് തടിയുടെ കീഴെ ഉള്ള ഒരൊറ്റ ജീവി രൂപാന്തരം പ്രാപിച്ചാണ് എല്ലാ ജീവികളും ഉണ്ടായത് എന്ന് സൂചന അന്നേ ഉണ്ടായിരുന്നു.

അടുത്ത പ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് വന്നത് ജിയോളജിസ്റ്റുകള്‍ ആണ്. ഭൂമിയുടെയും, മലകളുടെയും, പാറകളുടെയും ഒക്കെ ഘടന പഠിച്ചിട്ട്, കോടിക്കണക്കിനു കൊല്ലങ്ങള്‍ പഴക്കം ഭൂമിക്കുണ്ടെന്നും, ഭൂമിയില്‍ കാലാന്തരേ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഡാര്‍വിന്റെ കാലം ആയപ്പോഴേക്കും ചാള്‍സ് ലയേല്‍ എന്ന ഒരാളുടെ ഇത്തരം നിഗമനങ്ങള്‍ ഒരു മാതിരി വിവരമുള്ള എല്ലാരും അംഗീകരിച്ചിരുന്നു!

പിന്നെ ഇടയ്ക്കിടെ ഫോസിലുകള്‍ പൊന്തി വരും. ഇന്നില്ലാതിരുന്ന ജീവികളുടെ പല്ലും, എല്ലും, മുട്ടയും ഒക്കെ.

വേറെയും വളരെ അധികം സാഹചര്യ തെളിവുകള്‍ ഉണ്ട്. ഗുഹകള്‍ക്കകത്തെ മീനുകള്‍ക്ക് കണ്ണില്ല, എന്തുകൊണ്ട്? ദ്വീപുകളിലെ ജീവികള്‍ ചില അടുത്തുള്ള വന്‍കരയിലെ ജീവികളെ പോലെ ഉണ്ടെങ്കിലും പല വിധത്തില്‍ രൂപ മാറ്റം വന്ന പോലെ ഇരിക്കുന്നു. ഉദാഹരണത്തിന്, ലെമൂര്‍ എന്ന ജീവി, മഡഗാസ്‌കര്‍ ദ്വീപില്‍ ചെറുതും വലുതുമായി ഡസന്‍ കണക്കിന് ജീവികളായി നടക്കുന്നു!

http://www.azhimukham.com/trending-prakash-raj-mocked-the-union-minister-who-said-darvins-theory-is-false-one/

ഒക്കെ ചേര്‍ന്ന്, ജീവികള്‍ പതിയെ മാറ്റങ്ങള്‍ സംഭവിച്ചു പുതിയ ജീവികള്‍ ഉണ്ടാകും എന്ന് കുറെ അധികം ആളുകള്‍ ഡാര്‍വിന് മുന്നേ വിശ്വസിച്ചു പോന്നു. എന്തിനു ചാള്‍സ് ഡാര്‍വിന്റെ സ്വന്തം തന്തേടെ തന്ത അതായത് അപ്പൂപ്പന്‍ ആയ ഇറാസ്മസ് ഡാര്‍വിന്‍, പരിണാമത്തില്‍ വിശ്വസിച്ചിരുന്നു!

പരിണാമം എങ്ങനെ ഉണ്ടാകുന്നു എന്നാണ് മനസ്സിലാകാതിരുന്നത്. അതാണ് ഡാര്‍വിന്‍ പറഞ്ഞത്. മാത്രമല്ല, അതി ബ്രഹത്തായ തെളിവുകളിലൂടെ അത് സ്ഥാപിക്കുകയും ചെയ്തു. ഡാര്‍വിന്‍ പറഞ്ഞത് സിംപിള്‍ ആണ്:

ജീവികള്‍ പെറ്റു പെരുകുന്നു.

മക്കള്‍ അപ്പനമ്മമാരെ പോലെ ഏകദേശം ഇരിക്കുന്നു. എന്നാല്‍ മുഴുവനായും അല്ല.

അതായത് മക്കളില്‍ ചെറു മാറ്റങ്ങള്‍ ഉണ്ട്.

ജീവികള്‍ തമ്മില്‍ ജീവിക്കാന്‍ മത്സരം ഉണ്ട്.

ചുറ്റുപാടുകള്‍ക്ക് ഏറ്റവും അനുയോജ്യമായത് മാത്രം ജീവിക്കും, മറ്റേതൊക്കെ മരിക്കും.

ചുറ്റുപാടുകള്‍ മാറുന്നതനുസരിച്ചു ജീവികളും മാറും.

ഇത്രേയുള്ളൂ. സോ സിംപിള്‍. തെളിവുകള്‍ പിന്നീട് കൂടുകയല്ലാതെ കാര്യമായ ഒരു വെല്ലുവിളിയും ഈ സത്യത്തിന് ഉണ്ടായിട്ടില്ല.

ഫോസിലുകള്‍ മണ്ണിന്റെ ഏതു ലയറില്‍ കാണുന്നു എന്നനുസരിച്ച് പഴേ ജീവികള്‍ താഴെയും മറ്റുള്ളവ മോളിലും കാണുന്നു. ഇതും ജീവിത മരശാഖാ ചിത്രവുമായി നല്ല പൊരുത്തം ഉണ്ട്,

പഴമ നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് മുതല്‍ പൊളോണിയം ഡേറ്റിംഗ് വരെ ഉണ്ട്.

ഡിഎന്‍എ കണ്ടു പിടിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ നന്നായോ വിശദീകരിക്കാം എന്നായി. ജീനുകള്‍ മാറുന്നത്, ജീനുകള്‍ ഇല്ലാത്ത ഇന്‍ട്രോണുകള്‍ എന്ന പ്രദേശം മാറുന്നത് എന്നിവ നോക്കി ഓരോ ജീവിയും എപ്പോള്‍ ഉണ്ടായി എന്ന് കൃത്യമായി ഇന്ന് പറയാം. ഉദാഹരണത്തിന് 60 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പായാണ് ചിമ്പാന്‍സിയും നമ്മളും വഴി പിരിഞ്ഞത്. നമ്മുടെ പൂര്‍വികര്‍ ഇപ്പോള്‍ ഉള്ള കുരങ്ങുകള്‍ അല്ല (പടം നോക്കുക);ഡി എന്‍ എ ഡാറ്റാ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ജീവിത മര ശിഖര പടമാണ് രണ്ടാമത് കാണിച്ചിരിക്കുന്നത്. എന്തൊരു പൊരുത്തം ആണെന്ന് നോക്ക്! ഡാര്‍വിന്‍ പറഞ്ഞതിന് ശേഷം 100 വര്‍ഷം കഴിഞ്ഞാണ് ഡി എന്‍ എ കണ്ടുപിടിക്കുന്നത്!(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories