TopTop
Begin typing your search above and press return to search.

ഒരു അഫ്ഗാന്‍ പോലീസ് മേധാവിയുടെ മരണവും താലിബാന്റെ ചരിത്രവും- ഹോര്‍മിസ് തരകന്‍ എഴുതുന്നു

ഒരു അഫ്ഗാന്‍ പോലീസ് മേധാവിയുടെ മരണവും താലിബാന്റെ ചരിത്രവും- ഹോര്‍മിസ് തരകന്‍ എഴുതുന്നു

2018 ഒക്ടോബർ 18-നു അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ പൊലീസ് മേധാവി കൊല്ലപ്പെട്ടു. പ്രവിശ്യാ ഗവർണറുടെ വീട്ടുവളപ്പിൽ വെച്ച് അയാളുടെ വിശ്വസ്ത അംഗരക്ഷകരാണ് അദ്ദേഹത്തെ വെടിവെച്ചുകൊന്നത്.

സംഘർഷം നിറഞ്ഞ അഫ്‌ഗാനിസ്ഥാനിൽ ഇതൊരു അസാധാരണ സംഭവമല്ല. എന്നാൽ ഇതിൽ കൊല്ലപ്പെട്ടയാൾ സാധാരണക്കാരനല്ല. കാണ്ഡഹാറിനും താലിബാനും ഇടയിൽ നിന്ന ശക്തനായ ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ റാസിഖ് ആണ് ഇദ്ദേഹം. ഇപ്പോൾ റാസിഖിന്റെ മരണത്തോടെ തെക്കൻ അഫ്‌ഗാനിസ്ഥാൻ പിടിച്ചെടുക്കുന്നതിൽ നിന്നും താലിബാനെ തടയാൻ ഒന്നുമില്ലെന്ന് നിരീക്ഷകർ കരുതുന്നു.

റാസിഖ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ കാണ്ഡഹാർ ഗവർണർക്ക് പരിക്കേൽക്കുകയും തെക്കൻ അഫ്‌ഗാനിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം മേധാവി കൊല്ലപ്പെടുകയും ചെയ്തിരുന്നു. പലരും കരുതുന്നത്, ഗവർണറുടെ മാളികയിൽ അപ്പോഴുണ്ടായിരുന്ന ഉയർന്ന അമേരിക്കൻ കമാൻഡർ ജനറൽ സ്‌കോട്ട് മില്ലർ ആയിരുന്നു യാഥാര്‍ത്ഥ ലക്ഷ്യം എന്നാണ്. അദ്ദേഹം പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. പല ഉന്നതരെയും ലക്‌ഷ്യം വെച്ച ആ ദിവസം എന്തായാലും ലോകമാകെ തലക്കെട്ടായത് റാസിഖിന്റെ കൊലപാതകമാണ്.

പാകിസ്ഥാൻ സൈനിക മേധാവി സംഭവത്തിൽ അനുശോചനം അറിയിച്ചു. എന്നാൽ റാസിഖിന്റെ മരണവാർത്തയറിഞ്ഞ ഐ എസ് ഐ വൃത്തങ്ങളിൽ ആഘോഷം നടന്നെന്നാണ് കേൾക്കുന്നത്. ഐ എസ് ഐയുടെ സാമൂഹ്യ മാധ്യമ കുറിപ്പുകളിൽ റാസിഖിനെ ഇന്ത്യൻ ഏജന്റായും അഴിമതിക്കാരനായും കൊല്ലപ്പെടാൻ അർഹതയുള്ളവനായുമാണ് ചിത്രീകരിച്ചത്.

ഏതാണ്ട് ഒരു പതിറ്റാണ്ടോളം തെക്കൻ അഫ്‌ഗാനിസ്ഥാനിൽ നിന്നും താലിബാനെ റാസിഖ് തടഞ്ഞുനിർത്തി എന്നതുകൊണ്ട് അവരുടെ ആഹ്ളാദം അപ്രതീക്ഷിതമല്ല. മനുഷ്യാവകാശ ലംഘനങ്ങളും, അഴിമതിയും അയാൾക്കെതിരെ ആരോപിക്കപ്പെട്ടിരുന്നു. അയാൾ ദുബായിലേക്ക് നടത്തിയിരുന്ന ഇടയ്ക്കിടെയുള്ള യാത്രകൾ അഴിമതിപ്പണം ആഘോഷിക്കാനാണ് എന്നും പറഞ്ഞിരുന്നു. നിരക്ഷരനായ ഒരു മനുഷ്യനിൽ നിന്നും റാസിഖ് ഏറെ മുന്നേറി.

തീർച്ചയായും റാസിഖ് വലിയ മാറ്റങ്ങളുണ്ടാക്കി. പക്ഷെ എന്താണയാളെ വ്യത്യസ്തനാക്കിയത്? കാണ്ഡഹാറിൽ നിന്നും പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചമനിലേക്കുള്ള പാതയിലുള്ള അതിർത്തിപട്ടണമായ സ്പിൻ ബോൾഡാക്കിലാണ് റാസിഖ് 1979-ൽ ജനിച്ചത്. 1994-ൽ അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം പിടിക്കാൻ പോയിരുന്ന താലിബാൻ ആക്രമണത്തിൽ അയാളുടെ അച്ഛനും അമ്മാവനും കൊല്ലപ്പെട്ടു. രാജ്യം വിട്ട അയാൾ 9/11നു ശേഷമാണ് മടങ്ങിവന്നത്. 2001-ൽ താലിബാൻ വിരുദ്ധ സേനയിൽ ചേർന്ന അയാൾ കാണ്ഡഹാറിനും ബലൂചിസ്ഥാനും ഇടയിലുള്ള അഫ്ഗാൻ അതിർത്തി സേനയുടെ മേധാവിയായി. അന്നത്തെ പ്രസിഡണ്ട് ഹമീദ് കർസായിയുടെ അർദ്ധ സഹോദരനും കാണ്ഡഹാർ പ്രവിശ്യ സമിതിയുടെ ചെയർമാനുമായിരുന്ന അഹമ്മദ് വാലിയുടെ കീഴിലായിരുന്നു അയാളുടെ വളർച്ച. മനുഷ്യാവകാശ ലംഘനങ്ങളുടെയും അഴിമതിയുടെയും പേരിൽ ആരോപണങ്ങൾ നേരിട്ടിരുന്ന അഹമ്മദ് വാലിയെ 2011-ൽ അയാളുടെതന്നെ സുരക്ഷാ മേധാവി സർദാർ മുഹമ്മദ് വധിച്ചു. അതിനുശേഷമാണ് റാസിഖ് വരുന്നത്. അതിർത്തി പോലീസ് മേധാവി എന്ന പദവിയിലിരുന്ന് അയാൾ വലിയ അഴിമതി നടത്തി പണമുണ്ടാക്കി എന്നാരോപണമുണ്ട്. പ്രസിഡണ്ട് കർസായി കാണ്ഡഹാർ പ്രവിശ്യാ പോലീസ് മേധാവിയാക്കിയിട്ടും അയാൾ ആദ്യപദവി നിലനിർത്തി. പക്ഷെ 2010-ലെ താലിബാൻ മുന്നേറ്റത്തിനുശേഷം യു എസ് പിന്തുണയോടെ അയാൾ തെക്കൻ അഫ്‌ഗാനിസ്ഥാൻ സർക്കാരിനായി പിടിച്ചെടുത്തു. സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് അയാൾക്ക് ബ്രിഗേഡിയർ ജനറലായി ഉദ്യോഗക്കയറ്റം കിട്ടി.

താലിബാന്റെ ചരിത്രം ശ്രദ്ധിക്കുന്നവർക്കറിയാം, കാണ്ഡഹാർ പ്രവിശ്യയിലെ പഞ്ചവായ്‌ ജില്ലയിലെ സംഗാബാദ് ആണ് അതിന്റെ ജന്മസ്ഥലം എന്ന്. ശ്രദ്ധേയമായ കാര്യം ഇതേ ഗ്രാമത്തിൽ തന്നെയാണ് 2011-ൽ ജനറൽമാരായ മക്ക്രിസ്റ്റലും പെട്രയൂസും നടത്തിയ അഫ്ഗാൻ പ്രാദേശിക പോലീസ് പദ്ധതിയിലൂടെ താലിബാനെതിരെയുള്ള ചെറുത്തുനിൽപ്പും തുടങ്ങിയതെന്നാണ്. Sons of Iraq എന്ന പേരിൽ അൽ ക്വെയ്ദക്കെതിരെ സുന്നി ഗോത്രങ്ങൾക്ക് ഒരുമിപ്പിച്ച മാതൃകയിലായിരുന്നു ഇത്. “The Real Enemy" എന്ന പുസ്തകത്തിൽ കാർലോട്ട ഗാൽ 2013-ൽ അഫ്ഗാൻ പ്രാദേശിക പോലീസ് പദ്ധതിയെ വിജയകരം എന്നാണ് പറയുന്നത്. അവർ പറയുന്നു, “A L P തൊഴിൽരഹിതരായ യുവാക്കളെ ഒന്നിച്ചുചേർത്ത് താലിബാനെ നേരിടാനും സഖ്യസൈന്യത്തിനും അഫ്ഗാൻ സർക്കാരിനും ഒരു പിന്തുണയുമാണ് നിലനിന്നിരുന്നത്.” സംഗാബാദ് സന്ദർശിച്ച ഗാൽ ഗ്രാമവാസികൾ പൊലീസ് സഹായത്തോടെ താലിബാനെതിരെ നിൽക്കുന്നത് അവർ കണ്ടു. ജില്ലാ പൊലീസ് മേധാവി സുൽത്താൻ മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രവിശ്യാ പോലീസ് മേധാവി അബ്ദുൽ റാസിഖിന്റെ പിന്തുണയോടെയായിരുന്നു ഇത്. ഒരു മുതിർന്ന അഫ്ഗാൻകാരൻ അവരോട് പറഞ്ഞു, “42 രാജ്യങ്ങൾ അവരുടെ അത്യന്താധുനിക ഉപകരണങ്ങളുമായി ഇവിടെ വന്നു. എന്നാൽ താലിബാന് പ്രാദേശിക പോലീസിനോടുള്ളത്ര ഭയം അവരോടുണ്ടായില്ല.”

കാർലോട്ട ഗാലിനെ പോലുള്ള വിദഗ്ധര്‍ കരുതുന്നത് ക്രമമായി മുന്നേറുന്ന താലിബാന്റെ പിടിയിൽ നിന്നും അഫ്‌ഗാനിസ്ഥാനെ രക്ഷിക്കാൻ ഇപ്പോഴും സാധ്യതയുള്ളത് അഫ്ഗാൻ പ്രാദേശിക പൊലീസ് പദ്ധതിക്കാണ് എന്നാണ്. എന്നാല്‍ ഇതിനോട് പലരും വിയോജിക്കുന്നു. അവര്‍ ചൂണ്ടിക്കാണിക്കുന്നത് പാക്കിസ്ഥാനിലെ ലെവീസ് പോലെ അസംഘടിതമാണ് ഈ സേന എന്നാണ്. ഇതിന്റെ വിജയം റാസിഖിനെ പോലുള്ള ധീരരും എന്നാൽ അത്ര വ്യക്തിശുദ്ധി ഇല്ലാത്തവരുമായ മേധാവികളെ ആശ്രയിച്ചാണിരിക്കുന്നത്. നിയമത്തോടും മനുഷ്യാവകാശങ്ങളോടും പ്രതിബദ്ധതയുള്ള നേതൃത്വത്തെ വളർത്തിക്കൊണ്ടുവരാനുള്ള ഊന്നലോടെ ഈ സേനയെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്.

പാക്-അഫ്ഗാൻ അതിർത്തിയിലെ ഗോത്രമേഖലയിൽ കൊഹാട് പാസിൽ ഒരു കവാടമുണ്ട്. ഇന്ത്യൻ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന എറിക് ചാൾസ് ഹാന്ഡിസൈഡിന്റെ പേരിലാണത്. അതില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു, “കമാൻഡൻറ്, വടക്ക്-പടിഞ്ഞാറൻ അതിർത്തി കോൺസ്റ്റാബുലറി. ഗോത്ര അക്രമികളും നിയമവിരുദ്ധരുമായുള്ള ധീരമായ നിരവധി ഏറ്റുമുട്ടലുകൾക്ക് പ്രശസ്തൻ. 1926 ഏപ്രിൽ 11-നു ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.” ഹാൻഡിസൈഡ് ഒരു വിശുദ്ധനൊന്നുമായിരുന്നില്ല. പക്ഷെ അയാൾ നിയമത്തിന്റെ ചട്ടക്കൂട്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അപ്പീലും വക്കീലും തെളിവെടുപ്പും ഒന്നുമില്ലാത്ത Frontier Crimes Regulations of 1901 ആയിരുന്നു നിയമമെങ്കിലും. ആ സംവിധാനം മികച്ചതോ അഴിമതി മുക്തമോ പീഡനമുക്തമോ ഒന്നുമായിരുന്നില്ല. പക്ഷെ ഒരു വ്യക്തിയും നിയമത്തിനു മുകളിലല്ല എന്ന് അതുറപ്പുവരുത്തിയിരുന്നു.

കാർക്കശ്യ നയത്തിനുവേണ്ടി വാദിക്കുന്നവരും അതിനെ എതിർക്കുന്നവരും സംഘർഷത്തെ നിയന്ത്രിക്കാനുള്ള നയങ്ങളുണ്ടാക്കുന്ന വിദഗ്ധരിലുണ്ട്. അബ്ദുൽ റാസിഖിന്റെ ജീവിതവും മരണവും ഇരുകൂട്ടർക്കും പാഠങ്ങളും ചോദ്യങ്ങളും നൽകുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-hormis-tharakan-former-dgp-raw-chief-farming-retirement-life-in-olavayp-by-rakesh/

https://www.azhimukham.com/vayicho-hormis-tharakan-former-raw-chief-on-raw-cofounder-kinattinkara-sankaran-nair/


ഹോര്‍മിസ് തരകന്‍

ഹോര്‍മിസ് തരകന്‍

2005-ല്‍ ഇന്ത്യയുടെ വിദേശകാര്യ ഇന്റലിജന്‍സ് ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗി (റോ)ന്റെ തലവനായി നിയമിതനായി; മുന്‍ കേരള ഡി.ജി.പി. 2007ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം ഭരണപരിഷ്കരണ കമ്മീഷന്‍ ഉപദേശകനായും പിന്നീട് കര്‍ണാടകം രാഷ്ട്രപതി ഭരണത്തിലായിരുന്നപ്പോള്‍ സംസ്ഥാന ഗവര്‍ണറുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കാര്‍ഷിക വൃത്തിയുമായി സ്വന്തം ഗ്രാമത്തില്‍ ജീവിക്കുന്നു

Next Story

Related Stories