UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

അപനിര്‍മ്മിക്കപ്പെടുന്ന നിതീഷെന്ന പരാജയം- ഹരീഷ് ഖരെ എഴുതുന്നു

ലാലു പ്രസാദില്‍ നിന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നും നിതീഷ് കുമാറിന് ഇത്ര എളുപ്പത്തില്‍ നടന്നകലാന്‍ സാധിച്ചത് എന്തുകൊണ്ടാണ്?

ഹരീഷ് ഖരെ

പാറ്റ്‌നയില്‍ നല്ല വൃത്തിയുള്ള ഒരു അട്ടിമറി നടന്നിരിക്കുന്നു. ഉജജ്വലമായി രൂപകല്‍പ്പന ചെയ്യുകയും കൗശലത്തോടെ നടപ്പിലാക്കുകയും ചെയ്ത ഒന്ന്. ടാങ്കുകളും കമാന്റോകളെയും ഉപയോഗിച്ചല്ല, മറിച്ച് സൗകര്യപ്രദമായ മനഃസാക്ഷിയുടെയും കുലീനമായ അവസരവാദത്തിന്റെയും സഹായത്തോടെ. വെറും 24 മണിക്കുറിനിടയില്‍ ഒരു മുഖ്യമന്ത്രി രാജിവെക്കുന്നു, നിലവിലുള്ള സഖ്യ പങ്കാളികളില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറുകയും, പ്രഖ്യാപിത രാഷ്ട്രീയ ശത്രുക്കളുമായി സഖ്യമുണ്ടാക്കുകയും അത്യധികം കാരുണ്യവാനായ ഒരു ഗവര്‍ണര്‍ അസാധാരണമാം വിധം അമിതവേഗത്തില്‍ നടത്തിയ ഒരു സത്യപ്രതിജ്ഞ ചടങ്ങിനെ തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്യുന്നു. 1980-കളിലെ ഒരു രണ്ടാം കിട ഹിന്ദി സിനിമയുടെ തിരക്കഥ വായിച്ചതുപോലെ തോന്നും. എന്നാല്‍ സഹോദരാ, ഇതാണ് ഇന്ത്യന്‍ രാഷ്ട്രീയം. കലര്‍പ്പില്ലാത്ത രാഷ്ട്രീയ സംഘട്ടനം ഒരു ധാര്‍മ്മിക നാടകത്തിന്റെ വേഷം കെട്ടുന്നു. കാര്‍ഗില്‍ ദിനത്തില്‍ വ്യത്യസ്തമായ ഒരു വിജയം തുന്നിച്ചേര്‍ക്കപ്പെടുന്നു. പാറ്റ്‌നയില്‍ നടന്ന സംഭവങ്ങളുടെ വികാസത്തില്‍ നിയമാനുസൃതമല്ലാത്ത ചില കാര്യങ്ങള്‍ നടന്നിട്ടും അതില്‍ ചില നന്മകളുണ്ട് എന്ന് വിശ്വസിക്കാനും, മുടിയനായ പുത്രന്റെ മടങ്ങിവരവ് ആഘോഷിക്കാനും വരെ നമ്മള്‍ ക്ഷണിക്കപ്പെടുന്നു.

സ്വതന്ത്രവും നീതിപൂര്‍വവുമായ ഒരു തിരഞ്ഞെടുപ്പിലെ ജനവിധിയുടെ വിശുദ്ധതയ്ക്കാവും ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പരിക്കേറ്റത്. പുതിയ സര്‍ക്കാരിന്റെ അസ്വാഭാവികതയെ കുറിച്ച് നമുക്ക് ഒരു തെറ്റിധാരണയുടെയും ആവശ്യമില്ല. ജനങ്ങളില്‍ നിന്നും വോട്ട് അഭ്യര്‍ത്ഥിച്ചതില്‍ നിന്നും കടകവിരുദ്ധമായ ഒരു പ്രസ്ഥാനവുമായി കേന്ദ്രത്തിലെ ഭരണകക്ഷി രാഷ്ട്രീയ കിടക്ക പങ്കിടുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം ജമ്മു-കാശ്മീരിലായിരുന്നു; ഇപ്പോള്‍ ബിഹാറിലും. ജമ്മുകാശ്മീരില്‍, ബിജെപി-പിഡിപി സഖ്യം എന്ന അസംബന്ധം മുഴുവന്‍ ഇന്ത്യന്‍ ജനാധിപത്യ പദ്ധതിയുടെയും വിശ്വാസ്യതയ്ക്ക് ഇതിനകം തന്നെ ഗുരുതരമായ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. പൊതുജന വിധിയോടുള്ള അവഹേളനമാണ് ശ്രീനഗറിലെ തെരുവുകളിലെ എതിര്‍പ്പിന് ഇന്ധനം പകര്‍ന്നതെന്ന് വിവേകമുള്ള എല്ലാ നിരീക്ഷകരും സമ്മതിക്കുന്നുണ്ട്. ജനവിധിയോടുള്ള ഈ അവഹേളനത്തില്‍ നിന്നും ഉയര്‍ന്നുവന്ന രക്തരൂക്ഷിതവും വൃത്തികെട്ടതുമായ സങ്കീര്‍ണതകള്‍ താഴ്വരയുടെ വളരെ വിദൂരതകളില്‍ പോലും അലയടിക്കുന്നുണ്ട്, ജനവിധിയോടുള്ള അതേ അവഹേളനം ഇപ്പോള്‍ പാറ്റ്‌ന രാജ്ഭവനിലും വിശുദ്ധമാക്കപ്പെട്ടിരിക്കുന്നു. നിതീഷ് കുമാറിനെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ പക്ഷപാതിയായ ഒരു ഗവര്‍ണര്‍ സഭ്യമല്ലാത്ത തിടുക്കം കാണിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ മങ്ങിക്കൊണ്ടിരിക്കുന്ന അതിന്റെ പ്രഭയില്‍ നിന്നും ഇന്ത്യന്‍ ഭരണഘടന ജനാധിപത്യത്തെ അപഹരിച്ചിരിക്കുന്നു. ഒരു ജീര്‍ണിത സംരംഭമായി രാഷ്ട്രീയം പ്രത്യക്ഷപ്പെടുന്നു.

ലാലു പ്രസാദില്‍ നിന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നും നിതീഷ് കുമാറിന് ഇത്ര എളുപ്പത്തില്‍ നടന്നകലാന്‍ സാധിച്ചത് എന്തുകൊണ്ടാണ്? ഒരു പരിധിവരെ, സ്വയം നവീകരിക്കുന്നതില്‍ ലാലു പരാജയപ്പെട്ടുവെന്നും ഉടമസ്ഥതയെ കുറിച്ചുള്ള പഴയ ബോധത്തില്‍ അലംഭാവപൂര്‍വം അടയിരുന്നതുവെന്നതുമാവാം കാരണമെന്ന് ഉത്തരം. പഴയ അനുമാനങ്ങളും ക്രമീകരണങ്ങളും ഇനി പ്രവര്‍ത്തിക്കില്ല എന്ന് മനസിലാക്കാന്‍ അദ്ദേഹം ദുര്‍വാശിയോടെ വിസമ്മതിച്ചു. ഇന്ത്യ മാറി, അതോടൊപ്പം തന്നെ ബിഹാറും. പൊതുഓഫീസുകള്‍ ഒരു ലൈസന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ അധികാരം അവരുടെ കൈകളിലേക്ക് കൈമാറപ്പെടില്ല എന്ന് നമ്മെ ഭരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പകരം, തിരഞ്ഞെടുക്കപ്പെട്ടവര്‍ നമുക്ക് എന്തെങ്കിലും തിരിച്ചുതരണം എന്നാണ് പുതിയ ഇന്ത്യ ആവശ്യപ്പെടുന്നത്: നിയമവാഴ്ച അംഗീകരിക്കാനും വിശ്വാസ്യതയുമായി ബന്ധപ്പെട്ട അതിന്റെ സ്ഥാപനങ്ങളോട് ബഹുമാനം പ്രകടിപ്പിക്കാനും അത് ആവശ്യപ്പെടുന്നു. ‘എന്റെ ജനങ്ങള്‍ക്കായി’ ആത്മസമര്‍പ്പണം ചെയ്യുന്നത് നിര്‍ത്താനുള്ള ഉപാധിയല്ല ജനവിധി.

ലാലുവും അദ്ദേഹത്തിന്റെ കുടുംബവും പാര്‍ട്ടിയും സത്ഭരണ സങ്കല്‍പങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍, നിയമവാഴ്ചയുള്ള ഒരു സമുഹത്തിന് വേണ്ടിയുള്ള ഇടത്തരക്കാരുടെ തീവ്രാഭിലാഷം വച്ച് കളിക്കാമെന്ന് നിതീഷ് കുമാറിന് ഒരുപക്ഷെ ആത്മവിശ്വാസം ഉണ്ടായിരിക്കാം. സ്‌ളേറ്റ് വൃത്തിയാക്കാന്‍ ലാലുവും അദ്ദേഹത്തിന്റെ പുത്രന്മാരും എത്ര ശ്രമിച്ചാലും പഴയ ദുര്‍വൃത്തികളും അബദ്ധങ്ങളും തിരഞ്ഞുപിടിക്കുന്ന ഒരു സ്വഭാവം നിയമത്തിനുണ്ട്. ബാദല്‍മാര്‍, പാസ്വാന്‍മാര്‍, താക്കറെമാര്‍, മായാവതിമാര്‍ എന്തിന് ഗാന്ധിമാര്‍ വരെയുള്ള എല്ലാ കുടുംബ തമ്പുരാക്കന്മാര്‍ക്കും ഇതില്‍ ഒരു സന്ദേശം ഒളിഞ്ഞിരിപ്പുണ്ട്. പൊതുപദവിയോട് സ്വീകരിച്ചിട്ടുള്ള കുറ്റകരമായ സമീപനത്തില്‍ നിന്നും അവരാരും മോചിതരല്ല; അതുകൊണ്ടാണ് പദവിയില്‍ നിന്നും ലഭ്യമായ കൊള്ളമുതലിന്റെ പേരില്‍ അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂട്ടുകാരായ പൂച്ചകളെ പോലെ പരസ്പരം കടിപിടി കൂടുന്നത്.

എന്നിരുന്നാലും, കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും വഞ്ചിക്കുകയും ഒഴിവാക്കുകയും ചെയ്ത നിതീഷ് കുമാറിന്റെ നടപടിയെ ഇതൊന്നും വിശദീകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കടമയുള്ള, ബിഹാര്‍ ‘പ്രതിസന്ധി’ പരിഹരിക്കുന്നതിന് മധ്യസ്ഥന്റെ ചുമതല വഹിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്ന് വിശ്വസിക്കാനാവും അദ്ദേഹത്തിന് താല്‍പര്യം. ബിഹാര്‍ മഹാസഖ്യത്തിന്റെ 18 മാസക്കാലയളിവിനിടയില്‍ നിതീഷ് കൂമാറിനെ കുറിച്ച് കോണ്‍ഗ്രസ് ഒരു ധാരണയുണ്ടാക്കിയിട്ടുണ്ടാവാം. പക്ഷെ രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് നിതീഷ് കുമാര്‍ പോയത് അസാധാരണം തന്നെയാണ്; ഇരുവരും തമ്മില്‍ എന്താണ് പങ്കുവെച്ചത് എന്ന് ആര്‍ക്കും അറിയില്ല. 2019ല്‍ താനായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മുഖമെന്ന എന്തെങ്കിലും തരത്തിലുള്ള സൂചന ഒരു പക്ഷെ നിതീഷ് കുമാറിന് ലഭിച്ചിട്ടുണ്ടാവില്ല; തനിക്ക് എന്തെങ്കിലും ദേശീയ ആഗ്രഹങ്ങള്‍ ഉണ്ടെന്നെ കാര്യം അദ്ദേഹം ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശേഷിയെ കുറിച്ചുള്ള പ്രചാരണം അത്യാവശ്യം സൃഷ്ടിക്കപ്പെടുന്നുണ്ടായിരുന്നു. മോഹങ്ങള്‍ ഉള്ള ഒരു മനുഷ്യനാണ് നിതീഷ് കുമാര്‍; അതില്‍ തെറ്റൊന്നും ഇല്ല താനും. അതൊരു രാഷ്ട്രീയക്കാരന്റെ കര്‍മ്മമാണ്. പക്ഷെ സ്വന്തം കാര്യത്തിന് ഉപരിയായ എന്തിനെങ്കിലും വേണ്ടി നിലകൊള്ളുന്ന ഒരു രാഷ്ട്രീയക്കാരനായി നിതീഷ് കുമാര്‍ പരിവര്‍ത്തിക്കപ്പെട്ടു എന്ന് രാജ്യം ചിന്തിക്കാന്‍ തുടങ്ങിയപ്പോഴേക്കും അദ്ദേഹം തന്റെ ഉള്‍വിളിയോട് പ്രതികരിക്കുകയും സഖ്യത്തില്‍ നിന്നും പിന്മാറുക മാത്രമല്ല, ബിജെപിയുടെ കൂടാരത്തിലേക്ക് മറുകണ്ടം ചാടുകയും ചെയ്തു.

‘മതേതര മൂല്യങ്ങളോടുള്ള’ നിതീഷ് കുമാറിന് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രതിജ്ഞാബദ്ധത വ്യത്യസ്തവും ഏകദേശം സൗകര്യപ്രദമായ തരത്തില്‍ പൂര്‍ണമായും സ്വയം സേവിക്കുന്നതുമാണ്. നരേന്ദ്ര മോദിയോടും അദ്ദേഹത്തിന്റെ ഇനത്തില്‍ പെട്ട ‘സാമുദായിക’ രാഷ്ട്രീയത്തോടും നിതീഷ് കുമാറിന് ഒരിക്കലും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. മോദിയുടെ മേല്‍നോട്ടത്തില്‍ 2002ല്‍ മുസ്ലീം വിരുദ്ധ ഗുജറാത്ത് കലാപം നടന്നിതിന് ശേഷവും അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ നിതീഷ് ഉറച്ചുനിന്നു. രാം വിലാസ് പാസ്വാനാണ് അദ്ദേഹത്തിന്റെ മനഃസാക്ഷിയെ ഉത്തേജിപ്പിക്കുകയും സര്‍ക്കാരില്‍ നിന്നും രാജിവെക്കാന്‍ വഴിയൊരുക്കുകയും ചെയ്തത്. അതിന് ശേഷം പസ്വാനും അദ്ദേഹത്തിന്റെ പുത്രന്മാരും തങ്ങളുടെ മനഃസാക്ഷിയെ നവീകരിക്കുകയും മോദിയുടെ ക്യാമ്പിലേക്ക് തിരിച്ചുപോവുകയും ചെയ്തു. അതോടെ അതേ ഒത്തുതീര്‍പ്പ് നടപ്പിലാക്കല്‍ നിതീഷിനും എളുപ്പമായി.

പരിശീലിച്ച് പ്രതിഫലിപ്പിക്കുന്ന വിനയശീലത്തിന് അപ്പുറം ശാശ്വതമായ അഹംബോധമുള്ള മനുഷ്യന്‍ കൂടിയാണ് നിതീഷ് കുമാര്‍. തന്റെ പൊങ്ങച്ചം ബുദ്ധിപൂര്‍വം വീട്ടില്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പക്ഷെ അതുകൊണ്ട് അത്ര എളുപ്പത്തില്‍ ഒരു താഴ്ന്ന പദവിയുമായി അദ്ദേഹം പൊരുത്തപ്പെടുമെന്ന് അതിനര്‍ത്ഥമില്ല. അതുകൊണ്ടാണ് ആദ്യം ലാലുവുമായും (1990-കളുടെ മധ്യത്തില്‍) പിന്നീട് ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായുള്ള സൗഹൃദങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചതും ശരദ് യാദവുമായി ഒത്തുപോകാന്‍ കഷ്ടിച്ച് സാധിക്കുന്നതും. 2013ല്‍ നരേന്ദ്ര മോദിയുടെ 24 കാരറ്റ് അഹംബോധത്തിന് മുന്നില്‍ തന്‍റെ അഹംബോധം കാഴ്ചവെക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 2015ല്‍ നിതീഷിനും ലാലുവിനും മുന്നില്‍ നഷ്ടപ്പെട്ട തന്റെ രാഷ്ട്രീയ ഭാഗധേയം യുപി തൂത്തുവാരിയതിലൂടെ തിരിച്ചുപിടിക്കാന്‍ മോദിക്ക് സാധിച്ചു; നിതീഷ് മറ്റൊരു തന്ത്രപരമായ ഒത്തുതീര്‍പ്പാവും ഇപ്പോള്‍ നടത്തുന്നത്. മഹാസഖ്യത്തിലെ ചെറിയ പങ്കാളിയായി തുടരുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അസ്വസ്ഥജനകമാണ്; ഇപ്പോള്‍ തന്റെ അഹംബോധത്തിന് ചേരുന്നവിധത്തില്‍ അദ്ദേഹം വലിയ പങ്കാളി ആയിരിക്കുന്നു. അതൊരു മനഃസാക്ഷിയുടെ ഉള്‍വിളിയെന്ന നിലയില്‍ വില്‍ക്കാന്‍ കഴിയുന്നിടത്തോളം ‘ഫോസ്റ്റിയന്‍’ വിലപേശലുകളെ അദ്ദേഹം കാര്യമായി എടുക്കില്ല.

എന്നാല്‍ ഈ സംഭവവികാസങ്ങളിലൊക്കെ ചില രജതരേഖകള്‍ ഉണ്ട്. സ്വന്തം ആളായി തന്നെ നിതീഷ് കുമാര്‍ നില്‍ക്കും. തങ്ങളുടെ ചങ്ങാതിക്ക് വേണ്ടി രണ്ടാം ഫിഡില്‍ വായിക്കേണ്ടി വരുന്നത് നിതീഷ് കുമാറിനെ പോലുള്ള പൊതുപ്രവര്‍ത്തകര്‍ ഇഷ്ടപ്പെടില്ല. നരേന്ദ്ര മോദിയെ തന്റെ നേതാവായി അംഗീകരിക്കും എന്ന് സങ്കല്‍പിക്കുക ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ബുദ്ധിമുട്ടാണ് അമിത് ഷായുടെ രാജസദസ്സിലെ ഒരംഗമായി അദ്ദേഹം പെരുമാറും എന്ന് സങ്കല്‍പിക്കാനും. ദേശീയ രാഷ്ട്രീയ ഗണിതശാസ്ത്രത്തിലെ സമചിത്തതയുള്ള സാന്നിധ്യമായി അദ്ദേഹം മാറിയേക്കാം. നുഴഞ്ഞുകയറുന്ന ഏകാധിപത്യ പ്രവണതകള്‍ക്ക് എതിരായ ഒരു മറുമരുന്നായി വരെ അദ്ദേഹം മാറിക്കൂടായ്കയില്ല.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍