TopTop
Begin typing your search above and press return to search.

ക്രെഡിറ്റ് തട്ടാന്‍ ഇടതും വലതും തിരിഞ്ഞു തല്ലുന്ന സൈബര്‍ പോരാളികളേ, ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി പഠിച്ചും പരീക്ഷ എഴുതിയുമാണ് പോലീസ് ആയത്

ക്രെഡിറ്റ് തട്ടാന്‍ ഇടതും വലതും തിരിഞ്ഞു തല്ലുന്ന സൈബര്‍ പോരാളികളേ, ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി പഠിച്ചും പരീക്ഷ എഴുതിയുമാണ് പോലീസ് ആയത്
സംയോജിത ആദിവാസി വികസന പദ്ധതിയുടെ അഗളിയിലുള്ള ഓഫീസിലെ താത്കാലിക ക്ലർക്ക് ആണ് കടുകുമണ്ണ കോളനിയിലെ പി കെ മുരുകൻ. മുപ്പത് വയസ്സ്. നാല് വർഷം രാത്രി വാച്ച്മാൻ ആയിട്ടായിരുന്നു ജോലി. ഇപ്പോൾ അതിൽ നിന്നും ചെറിയൊരു കയറ്റം കിട്ടിയിരിക്കുന്നു. യോഗ്യത എന്തെന്ന് ചോദിച്ചാൽ ബി ടെക്ക് കമ്പ്യൂട്ടർ സയൻസ് എന്നയാൾ പറയും. അതും ഉയർന്ന മാർക്കോടെയുള്ള വിജയം.

ചിണ്ടക്കി കോളനിയിലെ ഉണ്ണികൃഷ്ണൻ മറൈൻ എഞ്ചിനീയറാണ്. ഇരുപത്തെട്ടു വയസ്സായി. കൂലിപ്പണി ചെയ്താണ് ഉപജീവനം. തൊഴിലൊന്നും ആയിട്ടില്ല.

ഷോളയൂരിലെ മുപ്പത്തിയാറുകാരൻ ആദിവാസി എൻ രംഗസാമി ഹിന്ദിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. ട്രാൻസ്‌ലേഷനിൽ ഡിപ്ലോമയുണ്ട്. നെറ്റും സെറ്റും പാസ്സായതാണ്. കഴിഞ്ഞ ആറു വര്‍ഷമായി തുച്ഛ വേതനത്തിൽ പല കോളജുകളിൽ ഗസ്റ്റ് അധ്യാപകനായി പഠിപ്പിക്കുന്നു.

എന്തെങ്കിലും കൊള്ളാവുന്ന ജോലിക്കു തന്നെ പരിഗണിക്കണമെന്നും സ്വകാര്യ കോളജുകളിൽ കോഴ കൊടുത്തു കയറാൻ തനിക്കു പണമില്ലെന്നും കാണിച്ച് അയാൾ മന്ത്രി എ കെ ബാലന് കത്തെഴുതിയിട്ടു മാസങ്ങളായി. മന്ത്രിക്കും പ്രത്യേകമായി എന്തെങ്കിലും ചെയ്തുകൊടുക്കാൻ പരിമിതി ഉണ്ടാകാം.

രംഗസാമിയുടെ ഭാര്യ മുപ്പത്തിരണ്ട് വയസ്സുള്ള നവീനയ്ക്കു ബോട്ടണിയിൽ എം എസ് സിയും ബിഎഡും ഉണ്ട്. താത്കാലിക ഹൈസ്കൂൾ അധ്യാപികയായി ജോലി ചെയ്തു വരുന്നു.

പി എസ് സി പരീക്ഷകൾക്ക് കഴുത്തറക്കുന്ന ഫീസുള്ള പരിശീലന ശാലകളിൽ പോയി പഠിച്ചു വരുന്നവരോട് മത്സരിച്ചു വേണം ഇവർക്ക് സ്ഥിരം നിയമനം എന്ന കടമ്പ കടക്കാൻ. തമ്പ് എന്ന സംഘടനയുടെ കണക്കനുസരിച്ചു മാത്രം ഇപ്പോൾ അട്ടപ്പാടിയിൽ ഇരുന്നൂറിലധികം തൊഴിൽ രഹിത ആദിവാസി ബിരുദാനന്തര ബിരുദ ധാരികളുണ്ട്. ബിരുദവും ഡിപ്ലോമകളും ഉള്ള തൊഴിൽ രഹിതരുടെ എണ്ണം മൂവ്വായിരത്തിലും മുകളിലാണ്. വയനാട്ടിൽ അത് ആറായിരത്തി എഴുന്നൂറ്റി മുപ്പത്തിനാല് വരും. ഇവരുടെ എല്ലാം വേദനകൾക്കും നിസ്സഹായതകൾക്കും ഇടയിൽ നിന്നുകൊണ്ടാണ് ഇടതും വലതുമുള്ള സൈബർ പോരാളികൾ മധുവിന്റെ സഹോദരിക്ക് ജോലി കിട്ടിയത് ആരുടെ ഔദാര്യം കൊണ്ട് എന്നതിൽ തമ്മിലടിക്കുന്നത്. പോലീസ് വകുപ്പിൽ നടന്ന സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് സംബന്ധിച്ച ക്രഡിറ്റ് പിണറായി വിജയനു കൊടുക്കണോ രമേശ് ചെന്നിത്തലക്ക് കൊടുക്കണോ എന്നത് സംബന്ധിച്ചാണ് പോരാട്ടം.

ആദ്യമായി സൈബർ തൊഴിലാളികൾ മനസിലാക്കേണ്ടത് അട്ടപ്പാടിയിൽ ആൾക്കൂട്ടത്താൽ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ സഹോദരിയുടേത് ആശ്രിത നിയമനമല്ല എന്നതാണ്. പഠിച്ചും പരീക്ഷയെഴുതിയും തന്നെയാണ് അവർ സർവീസിൽ കയറുന്നത്. പൈങ്കിളി ഫീച്ചറെഴുത്തുകാരും സോഷ്യൽ മീഡിയാ പോരാളികളും അവരുടെ വിജയത്തെ നിസാരവത്കരിക്കുകയും മനുഷ്യർ ജീവിതത്തിൽ പൊരുതി ജയിക്കുന്നതിന് മുഖം തിരിഞ്ഞു നിൽക്കുകയും ചെയ്യുന്നു.

വാസ്തവത്തിൽ മധു കൊല്ലപ്പെടുന്നതിനും എത്രയോ നാളുകൾക്ക് മുൻപ് തന്നെ അവരുടെ നിയമനത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. കായിക ക്ഷമതയടക്കമുള്ള പരിശോധനകളും എഴുത്തു പരീക്ഷയും നേരത്തെ തന്നെ നടന്നു. ഇപ്പോൾ നേടിയ ആ സ്ഥാനത്തെത്തുന്നതിലെ അവരുടെ കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനുമാണ് വാസ്തവത്തിൽ നമ്മൾ അഭിനന്ദനം നല്കേണ്ടത്.

മധുവിന്റെ പെങ്ങൾക്ക് ജോലി കൊടുത്ത ഇടതുപക്ഷ സർക്കാരിന് അഭിനന്ദനമെന്നു പറയുന്നവർ കഥ അറിയാതെ ആട്ടം കാണുകയാണ്. ലഭ്യമായ വിവരമനുസരിച്ച്‌ അവരടക്കം എഴുപത്തിനാല് പേർക്കുള്ള പ്രത്യേക നിയമനത്തിനുള്ള നടപടികൾ ആരംഭിക്കുന്നത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്താണ്. അഭ്യസ്ത വിദ്യരായ ആദിവാസികളോടുള്ള സ്നേഹമോ പരിരക്ഷയോ പ്രതിബദ്ധതയോ ഒന്നും കൊണ്ടല്ല ആ നടപടി എന്ന് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ വ്യക്തമാക്കുന്നുണ്ട്. ആദിവാസി മേഖലകളിൽ മാവോയിസ്റ്റ് സ്വാധീനം ഉണ്ടാകുന്നതിനു എതിരെയുള്ള നടപടികളുടെ ഭാഗമാണത്രെ ഇത്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞത് പോലെ ഏതെങ്കിലും തീവ്രവാദി ആദിവാസി കോളനിയിൽ വന്നാൽ പോലീസ് വകുപ്പിൽ ജോലി ഉള്ള ആളിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇൻഫോർമർമാരായി പ്രവർത്തിക്കും.
മറ്റൊരു വകുപ്പിലും ഇങ്ങനെ ഒരു സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് നടക്കാത്ത സ്ഥിതിക്ക് ചെന്നിത്തല പറഞ്ഞതിനെ തന്നെ വിശ്വസിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ മധുവിന്റെ സഹോദരിക്ക് അടക്കം ജോലി നല്കിയതിലുള്ള ക്രെഡിറ്റ് ഏതോ ഉൾക്കാട്ടിൽ കൊതുകുകടിയും സഹിച്ചു എവിടെ പോയാണ് അഞ്ഞൂറ് രൂപയോ അരിയോ ചോദിക്കുക എന്ന് വിചാരിച്ചു നട്ടം തിരിയുന്ന ശരാശരി മാവോവാദികൾക്ക് കൊടുക്കേണ്ടി വരും.

ആദിവാസി മേഖലകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി മധുവിന്റെ സഹോദരിയെപ്പോലുള്ളവരെ സംസ്ഥാന സർവീസിലെടുക്കുന്നത് വിശാലമായ ഒരു നയവും സമീപനവും പ്രവർത്തന പദ്ധതിയുമുണ്ടാക്കുകയാണ് ഇനിയെങ്കിലും സർക്കാർ ചെയ്യേണ്ടത്. അടിച്ചമർത്തപ്പെട്ട ഈ ജനതയ്ക്ക് ആത്മാഭിമാനമാണ് ഇനി നല്കേണ്ടത്. അവർക്കു ഭിക്ഷയുടെ ആവശ്യമില്ല.

ആദിവാസികളിൽ നിന്ന് ഇനിയുമിനിയും പോലീസ് ഓഫീസർമാരുണ്ടാകണം. ഇതര വകുപ്പുകളിലും ആദിവാസികൾക്ക് നിയമനം ലഭിക്കണം. പത്താം ക്ലാസ് കഴിഞ്ഞ എല്ലാ ആദിവാസികൾക്കും ജോലി ഉറപ്പാക്കുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു പോകണം.

മധുവിന്റെ ദുരന്തം ഇനിയാവർത്തിക്കപ്പെടരുത് എന്ന് പറയുമ്പോൾ അതൊരു പട്ടിണി മരണം ആയിരുന്നില്ല എന്നത് മനസ്സിലാക്കണം. മാനസികമായ ചാഞ്ചല്യങ്ങൾക്കു അയാൾക്ക്‌ കൃത്യ സമയത്ത് ചികിത്സ നൽകിയില്ല എന്നതാണ് കാര്യം. സമാനമായ മാനസിക പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആദിവാസി യുവതീയുവാക്കൾ ഇന്നും ചികിത്സ കിട്ടാതെ അട്ടപ്പാടിയിൽ ഉണ്ട്. ഇതര പ്രദേശങ്ങളിലും ഉണ്ട്. തൊഴിൽ പോലെ ഇതും അടിയന്തര ശ്രദ്ധ പതിയേണ്ട മേഖലയാണ്. മധുവിന്റെ കുടുംബം വിദ്യാഭ്യാസപരമായി മുന്നിലായിരുന്നു. സഹോദരിമാർക്കും അവരുടെ ഭർത്താക്കന്മാർക്കും സർക്കാർ ജോലികളുമായി.

അട്ടപ്പാടിയിൽ വിദ്യാസമ്പന്നരായ തൊഴിൽ രഹിതരായ നിരവധി ആദിവാസികളുണ്ട്. അവർക്കായി ഇനിയും സ്പെഷ്യൽ റിക്രൂട്ട്മെൻറുകൾ നടക്കണം. ആദിവാസികൾക്കിടയിലെ വിദ്യാഭ്യാസ നിലവാരം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെച്ചപ്പെടുന്നതിന്റെ കൂടി പ്രതിഫലമാണ് ഈ തൊഴിലില്ലായ്മ. പ്രാഥമിക വിദ്യാലയത്തിൽ തന്നെ തോറ്റ് പോകുന്നവരാണ് ആദിവാസി കുട്ടികൾ എന്ന പുച്ഛവുമായി നടക്കുന്നവർക്കാണ് ഇപ്പോൾ മധുവിന്റെ സഹോദരിക്ക് ലഭിച്ച നേട്ടത്തെ ഏതെങ്കിലും സർക്കാരിന്റെ ഔദാര്യമായി കാണാൻ ആകുക.

അട്ടപ്പാടിയിലെ ആദിവാസി സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു കൂട്ടായ്മയുണ്ട്. 'നമുക്ക് മുന്നേറാം' എന്നാണ് അതിന്റെ പേര്. അംഗസംഖ്യ അഞ്ഞൂറിൽ അധികമാണ്. അവിടെ ഓരോ വർഷവും നല്ല നിലയിൽ പഠിച്ചിറങ്ങുന്ന ആദിവാസി കുട്ടികളെ വിദ്യാഭ്യാസ കാര്യങ്ങളിൽ സാമ്പത്തികമായി പോലും അവർ സഹായിക്കാറുണ്ട്. പോയ വര്‍ഷം അവരുടെ ഒരു കരിയർ ഗൈഡൻസ് ക്യാമ്പിൽ ക്ലാസ് എടുക്കാൻ ഈ ലേഖകന് അവസരം കിട്ടിയിരുന്നു.

തലമുറകളായി കൈമാറി കിട്ടിയ ഭൂമിയും ആവാസ വ്യവസ്ഥയും വനവും വെള്ളവും കാർഷിക ക്രമവും കയ്യേറ്റം ചെയ്യപ്പെട്ടുപോയ ഒരു വിഭാഗമാണിവർ. അടിസ്ഥാനപരമായി ആദിവാസികൾ നേരിടുന്ന പ്രശ്നം ഇന്നും ഭൂമിയുമായി ബന്ധപ്പെട്ടതാണ്. അതിനൊന്നും പരിഹാരമാകുന്ന ഒരു വാക്കോ പ്രവർത്തിയോ ഇടപെടലോ നടത്താത്തവർ ആണ് ഇപ്പോൾ ഔദാര്യത്തിന്റെ കണക്കുമായി ഇറങ്ങുന്നത്. ഇത്തരം ശ്രമങ്ങൾ വിദ്യാസമ്പന്നരായ ആദിവാസികളുടെ ഇടയിൽ ഉണ്ടാക്കുന്ന പുച്ഛമെങ്കിലും കക്ഷി രാഷ്ട്രീയ ഭിക്ഷാംദേഹികൾ കാണാതെ പോകരുത്.

Read More: സംഘടനയില്ല, നേതാക്കളും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിനെ ലക്ഷ്യമിട്ട ആര്‍എസ്എസിന് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനായത് ഇങ്ങനെ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories