UPDATES

റെജി ദേവ്

കാഴ്ചപ്പാട്

Guest Column

റെജി ദേവ്

ട്രെന്‍ഡിങ്ങ്

ഫ്രീതിങ്കേഴ്സ്; ദളിത് അനുഭവങ്ങളെ സ്റ്റേജിനു താഴെയിരുത്തി ജാതി, സംവരണം എങ്ങനെ ചര്‍ച്ച ചെയ്യും?

മാറേണ്ടത് സവർണരാണ് എന്ന് പറയുന്നതിന് പിന്നിൽ അവർ ബോധവാന്മാരാകണം എന്ന് മാത്രമല്ല, അപരരുടെ ജീവിതവും അവകാശങ്ങളും കൊണ്ട് മൂലധനം സ്വരൂപിക്കുന്നത് നിർത്താനായുള്ള സൂക്ഷ്മമായ പ്രവർത്തനം കൂടി ഉണ്ടാകണം എന്ന് കൂടിയാണ്

റെജി ദേവ്

മലയാളം ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ശ്രദ്ധേയമായ Freethinkers-സ്വതന്ത്രചിന്തകര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ വാര്‍ഷിക കൂട്ടായ്മ ഓഗസ്റ്റ് 11, 12 തിയതികളില്‍ എറണാകുളം ടൌൺ ഹാളിൽ വച്ച് നടക്കുകയാണ്. ശാസ്ത്രവും സാമൂഹിക വിഷയങ്ങളും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ്, വളരെ സജീവമായ ഓൺലൈൻ ചർച്ചകൾക്കും സംവാദങ്ങൾക്കും മതവിമർശനങ്ങൾക്കും ശാസ്ത്രവിദ്യാഭ്യാസലേഖനങ്ങൾക്കും മാനവികതാപ്രചരണങ്ങൾക്കുമെല്ലാം വേദിയായിട്ടുണ്ട് എന്ന് വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് ഷേര്‍ ചെയ്തിട്ടുള്ള കുറിപ്പില്‍ പറയുന്നു. ഈ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ദ്ധരായവര്‍ രണ്ടു ദിവസം സംസാരിക്കുന്നതാണ് വാര്‍ഷിക സമ്മേളനത്തിലെ പ്രധാന പരിപാടി. ഇതിനൊപ്പം ശ്രദ്ധേയമായ ഒന്നാണ് പരിപാടിയോട് അനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറം. ജാതി സംവരണവും സാമൂഹിക നീതിയും എന്നതാണ് ഓപ്പണ്‍ ഫോറത്തിന്റെ വിഷയം. പ്രശാന്ത് അപ്പുൽ, ഡോ. അരുൺ എൻ.എം, അരുന്ധതി ടി.എസ്, ഡോ. ശ്യാം മോഹൻ: ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുന്നതായിട്ട് പേര് അച്ചടിച്ച് വന്നവർ ഇവർ നാലുപേരുമാണ്.

എന്റെ അറിവിൽ ആദ്യത്തെ രണ്ടു പേരും ദളിത്‌ വിഭാഗങ്ങളിൽ പെട്ടവരല്ല, മറിച്ച് സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ മൂലധനത്തിന്റെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്ന പ്രബല സമുദായങ്ങളിൽ പെട്ടവരാണ്; പ്രസ്തുത വിഷയത്തിൽ കേരളത്തിലെ പൊതുസമൂഹത്തിൽ നിന്ന് ഒരംശം പോലും അനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്തവർ. സംവരണത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് സാമൂഹിക പ്രതിനിധാനം ആണെന്ന് അതേപ്പറ്റി ചർച്ച സംഘടിപ്പിക്കുന്നവർക്ക് മനസ്സിലാകാതെ പോയതു കൊണ്ടായിരിക്കുമോ ഇങ്ങനെ സംഭവിക്കുന്നത്? സണ്ണി കപിക്കാടും മായ പ്രമോദും ഉൾപ്പടെയുള്ള വ്യക്തികൾ പ്രാസംഗികരായി ഉണ്ടല്ലോ എന്നാണ് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ മറ്റൊരു സുഹൃത്ത്‌ എന്നോട് ചോദിച്ചത്.

ഇത്രനാൾ കൃത്യമായി, സൂക്ഷമതയോടെ മറച്ചു പിടിക്കാൻ ശ്രമിച്ച ജാതി എന്ന സാമൂഹിക യാഥാർഥ്യത്തിന്റെ യഥാർത്ഥ മുഖം കേരള പൊതുസമൂഹം ചർച്ച ചെയ്യുന്നതിന് പിന്നിൽ ഇവരെ പോലെയുള്ള ദളിത്‌ ചിന്തകരുടെയും, ആക്ടിവിസ്റ്റുകളുടെയും പ്രവർത്തനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതിനാൽ അവരില്ലാതെ ഒരു ചർച്ച സംഘടിപ്പിക്കാൻ കൂടി കഴിയില്ല എന്നതാണ് യാഥാർത്ഥ്യം, പ്രത്യേകിച്ച് സ്വതന്ത്ര ചിന്തകർക്ക്. ആരോഗ്യരംഗം സ്ത്രീ സൗഹാർദ്ദപരമോ എന്ന വിഷയത്തിൽ സംസാരിക്കാൻ എന്റെ സുഹൃത്തു കൂടിയായ ഒരു സ്ത്രീ ഡോക്ടറെ തിരഞ്ഞെടുക്കാന്‍ സാധിച്ചവര്‍ക്ക്, ജാതി സംവരണവും സാമൂഹിക നീതിയും എന്ന വിഷയത്തിൽ ആ കൃത്യത പുലർത്താൻ കഴിയാത്തത് തന്നെയാണ് ജാതിയുടെ കേരളത്തിലെ സൂക്ഷ്മമായ പ്രവർത്തനം.

മുകളിൽ പറഞ്ഞ വ്യക്തികൾ ആരും തന്നെ സംവരണ വിരുദ്ധരോ, പ്രത്യക്ഷമായി ജാതിവ്യവസ്ഥയെ പിന്താങ്ങുന്നവരോ ആണെന്നല്ല. പക്ഷേ, വിദ്യാഭ്യാസ കാലത്ത് സംവരണത്തിന്റെ പേരിൽ അധിക്ഷേപങ്ങളോ, കുറ്റപ്പെടുത്തലോ അനുഭവിച്ചിട്ടുള്ള, സംവരണത്തിന്റെ ആനുകൂല്യം കൊണ്ട് മാത്രം സാമ്പത്തിക -സാമൂഹിക മൂലധനങ്ങൾ സ്വരൂപിക്കാൻ കഴിയുന്ന ഒരു ജനതയെപ്പറ്റി നടക്കുന്ന ചർച്ചയിൽ ആ അനുഭവങ്ങളൊന്നും ജീവിതത്തിൽ ഇല്ലാത്തവരുടെ പേരുകൾ നോട്ടീസിൽ പ്രാധാന്യത്തോടെ അച്ചടിച്ച് മറ്റൊരു സാംസ്‌കാരിക മൂലധനമായി മാറ്റുന്നത് തന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജാതി. അംബേദ്കർ മുതൽ ഇന്നാട്ടിലെ അക്കാദമിഷ്യൻമാർ പറഞ്ഞതിലും കൂടുതൽ ഇവർക്ക് പറയാൻ ഉണ്ടാകുമെന്നും ഞാൻ കരുതുന്നില്ല. മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലും പ്രവർത്തന രംഗത്തും പ്രഗത്ഭരായ ഒരുപാടു ദളിത്‌ സൈദ്ധാന്തികരും പ്രവർത്തകരും ഉള്ള നാട് കൂടിയാണ് കേരളം. സംവരണത്താൽ അഡ്മിഷൻ നേടിയതിന്റെ പേരിൽ വിദ്യാഭ്യാസ ജീവിതം മുഴുവൻ മാനസികമായ സമ്മർദ്ദങ്ങളും പുറമെ നിന്നുള്ള ഹിംസയും അതിജീവിച്ചു പോരാടിയ ഒരു ജീവിതം ഇവരിലാർക്കുമുണ്ടാകാനും വഴിയില്ല. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുതൽ മുൻ രാഷ്‌ട്രപതി കെ.ആർ നാരായണൻ വരെ നീണ്ടുനിൽക്കുന്ന ഒന്നാണത്. “Pass the Mike, We are not your thesis subjects”എന്നുള്ളത് ഇന്നത്തെ ദളിത്‌ മൂവ്മെന്റ്സിന്റെ പ്രധാന മുദ്രാവാക്യങ്ങളാണ്.

സംവരണം ലഭിച്ച് അഡ്മിഷൻ നേടിയതിനാൽ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും നേരിട്ട് ഒടുവിൽ ഗത്യന്തരമില്ലാതെ പഠനം മറ്റൊരു കോളേജിൽ വേറൊരു കോഴ്സിലേക്ക് മാറ്റേണ്ടി വന്ന അനുഭവം എന്റെ കുടുംബത്തിൽ തന്നെയുണ്ട്. ദൈനംദിന ജീവിതത്തിലെ ഇത്തരം ആയിരക്കണക്കിന് അനുഭവങ്ങളെ സ്റ്റേജിനു താഴെയിരുത്തി അപരരെ കൊണ്ട് ക്ലാസ്സ്‌ എടുപ്പിക്കുന്നത് തന്നെയാണ് (നാമറിയാതെ) നമ്മിലൂടെ പ്രവർത്തിക്കുന്ന ജാതി. സഹതാപത്തിൽ നിന്നും കടമയിൽ നിന്നുമൊക്കെ മാറി ദളിതരുടെ അവകാശമാണ് എന്ന തോന്നൽ പ്രബലമാകണം എങ്കിൽ അവരുടെ ജീവിതം ചർച്ച ചെയ്യുന്ന പരിപാടികളിലെങ്കിലും അവരെ ഉൾപ്പെടുത്തി പേര് അച്ചടിക്കണം. അതേ, പേര് അച്ചടിക്കണം; മായ പ്രമോദിന്റെ മുഖചിത്രം മാധ്യമത്തിൽ വന്നതുപോലെ.

മാറേണ്ടത് സവർണരാണ് എന്ന് പറയുന്നതിന് പിന്നിൽ അവർ ബോധവാന്മാരാകണം എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്. അപരരുടെ ജീവിതവും അവകാശങ്ങളും കൊണ്ട് മൂലധനം സ്വരൂപിക്കുന്നത് നിർത്താനായിട്ടുള്ള സൂക്ഷ്മമായ പ്രവർത്തനം അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകണം എന്ന് കൂടിയാണ്. മുഖത്ത് കറുത്ത പെയിന്റ് അടിച്ച് കോളനികളിൽ പോകുന്നതും മുഖം കറുപ്പിച്ച് ആദിവാസിയുടെ റോൾ സിനിമയിൽ ചെയ്യുന്നതും അവരുടെ കലാരൂപങ്ങള്‍ അവരില്ലാതെ കച്ചവടം ചെയ്യുന്നതുമെല്ലാം അവർക്ക് അവകാശപ്പെട്ട മൂലധനം സ്വരൂപിക്കലാണ്.
അഭിമന്യുവിന്റെ കുടുംബത്തിനു മാത്രം വീടും, നാട്ടിൽ ഒരു കുഞ്ഞു വായനശാലയും നിർമ്മിക്കുന്ന കേരള ജനത, അവരുടെ ഇത്രനാളത്തെ ദൈനംദിന ജീവിതത്തെ കുറിച്ചോ, പോരാട്ടത്തെക്കുറിച്ചോ അതിലേക്കു നയിക്കുന്ന സാഹചര്യങ്ങളെ കുറിച്ചോ ചർച്ച ചെയ്യുന്നതേയില്ല. അഭിമന്യുവിനെ പറ്റി സംസാരിച്ചു കൊണ്ട് ഗോമതി അക്കയെപ്പറ്റി മൗനം പാലിക്കുന്ന ബുദ്ധിരാക്ഷസൻമാരാണ് നമ്മൾ. സ്വന്തം ജീവിതത്തിലെ ജാത്യാനുഭവ യാഥാർത്ഥ്യങ്ങൾ ചോദ്യമായി ഉയർത്തുമ്പോൾ ജാതി പറയുന്നവനായി ചിത്രീകരിച്ചു ജയിലിലിടുമെന്നു ഭീഷണി കേൾക്കേണ്ടി വരുന്ന അനുഭവങ്ങൾ ഉൾപ്പെടുന്നതാണ് ദളിത്‌ ജീവിതങ്ങൾ. അവ ഇനിയും മറ്റുള്ളവരിലൂടെ കേൾക്കാൻ ശ്രമിക്കരുത്. കേരള സമൂഹത്തിലെ സംവരണ വിരുദ്ധതയും, അന്തർലീനമായ ജാതി വ്യവസ്ഥയും പുറത്താകുന്ന അവസ്ഥയിൽ നാം ‘ഞെട്ടുന്നത്’ ദൈനംദിന ജീവിതത്തിലെ ദളിതരുടെ അനുഭവങ്ങൾ കേൾക്കാൻ നാം വേദി ഒരുക്കാത്തത് കൊണ്ട് കൂടിയാണ്. അവരുടെ വിഷയങ്ങളിൽ എന്ത് ചർച്ച നടന്നാലും അവരെ ‘അതിലെല്ലാം’ ഉൾപ്പെടുത്താത്തതു കൊണ്ടുകൂടിയാണ്.

ഇത്രനാൾ അഡ്രസ് ചെയ്യപ്പെടാതിരുന്ന സംവരണ വിരുദ്ധതയും ജാതീയതയും അഡ്രസ്സ്‌ ചെയ്യപ്പെടുന്നില്ലേ, അത് തന്നെ വിജയമല്ലേ എന്നുള്ള വാദങ്ങളും ശരിയാണ്. പക്ഷെ ഫൂലെ, അംബേദ്കർ മുതൽ ഇന്നിന്റെ ദളിത്‌ ചിന്തകർവരെ നിങ്ങളുടെ ഇടയിൽ നിന്നും പറഞ്ഞു കൊണ്ടിരിക്കുന്നതായ വിഷയം ഇതുവരെ മുഖ്യധാരയിലേക്ക് എത്തിപ്പെട്ടില്ല എങ്കിൽ അത് ആരുടെ പ്രശ്നമാണ്? ദളിത്‌ ജീവിതങ്ങൾക്കും പൊതു സമൂഹത്തിൽ അവരുന്നയിക്കുന്ന വിഷയങ്ങൾക്കും വിസിബിലിറ്റിയും സ്വീകാര്യതയും കിട്ടിയതിൽ സമൂഹ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. ബോധവത്കരണ ക്ലാസ്സുകൾക്കും സംവാദങ്ങൾക്കും പുറമെ ദളിതരുടെ ദൈനംദിന ജീവിതവും അതിജീവനവും നമുക്ക് മുന്നിൽ മുൻപെങ്ങുമില്ലാത്ത വിധം അവതരിപ്പിക്കാൻ അവർക്കു കഴിഞ്ഞതും സമൂഹ മാധ്യമങ്ങളിലൂടെയാണ്. അത്തരമൊരു സാധ്യത ഉപയോഗപ്പെടുത്തി വേരുറപ്പിക്കുന്ന സ്വാതന്ത്രചിന്തകർ, ജാതി സംവരണവും സാമൂഹിക നീതിയും എന്ന വിഷയത്തിലുള്ള ചർച്ചയിൽ ദളിതരെ മാറ്റി നിർത്തുന്നത് അവകാശനിഷേധമാണ്. സാംസ്‌കാരിക മൂലധനം അവരുടെ ചിലവിൽ മറ്റുള്ളവർക്ക് നൽകലാണ്. ഈ പറഞ്ഞവർക്ക് അവരുടേതായ അനുഭവങ്ങൾ പ്രസ്തുത വിഷയത്തിലില്ല എന്നതും പ്രാധാന്യമേറിയതാണ്.

സംവരണം, ജാതി അടിസ്ഥാനമായ വിഭവകേന്ദ്രീകരണം – അധികാരരാഹിത്യം, അങ്ങനെ ദളിത്‌ സാമൂഹിക ജീവിതത്തെ സംബന്ധിക്കുന്ന വിഷയങ്ങളിൽ അറിവും അനുഭവവും കൈമുതലായ ദളിത്‌ ചിന്തകരെയും ആക്ടിവിസ്റ്റുകളെയും പ്രവർത്തകരെയും മാറ്റി നിർത്തി അപരർക്ക് മൂലധനം നിർമിച്ചു നല്‍കുന്നതിനോട് ഒന്നേ പറയാനുള്ളൂ… “PASS THE MIKE”.

NB: സംവരണത്തിനെതിരെയുള്ള സമരങ്ങൾക്ക് സർക്കാരുകൾ തന്നെ പിന്തുണ നൽകുന്ന ഇക്കാലത്ത് ഇങ്ങനെ ഒരു ചർച്ച സംഘടിപ്പിക്കാൻ മുൻകൈയെടുത്ത ഫ്രീതിങ്കേഴ്‌സിനെ അനുമോദിക്കുന്നതിനോടൊപ്പം തന്നെ, വ്യക്തിപരമായ, ദളിത്‌ വീക്ഷണ കോണിൽ നിന്നുള്ള ഒരു വിമർശനമാണ് ഉന്നയിക്കാൻ ശ്രമിച്ചത്. പേര് അച്ചടിച്ചവരിൽ രണ്ടു പേര്‍ ഒ.ബി.സി വിഭാഗക്കാര്‍ ആണെന്നറിയാമെങ്കിലും മൂലധന സ്വരൂപണത്തിനായി സംവരണത്തെ ഏറ്റവുമധികം ആശ്രയിക്കുന്ന, സ്വന്തമായി കോളേജുകൾ ഇല്ലാത്ത, കോളനികളിൽ വസിക്കുന്ന, രാഷ്ട്രീയ അധികാരമില്ലാത്ത, അതിലുപരി സംവരണവിഷയത്തിൽ പ്രതിസ്ഥാനത്ത് എന്നും നിർത്തപ്പെടുന്ന ഒരു ജനതയുടെ ഭാഗം ചേർന്നു തന്നെയാണ് വിമർശനം നടത്തിയിട്ടുള്ളത്. എല്ലാവിധ ആശംസകളും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സൗപര്‍ണിക രാജേശ്വരി എന്ന് പട്ടികവര്‍ഗക്കാര്‍ക്ക് പേരോ? പുരോഗമന കേരളം ദളിത്/ആദിവാസികളുടെ ജാതി കീറി നോക്കുമ്പോള്‍

ജാതിയോ, ഇവിടെയോ? നിങ്ങളെത്ര കസവ് നേര്യതിട്ട് മറച്ചാലും അത് വെളിപ്പെടുന്നുണ്ട്

‘പറയ്‌, പെല കളറിനെന്താ കുഴപ്പം?’ തൊമ്മിക്കുഞ്ഞ് രമ്യ എഴുതുന്നു

ജാതി കേരളം; പന്തളം ബാലനെ മലയാള സിനിമ പുറത്താക്കിയത് ഇങ്ങനെ

റെജി ദേവ്

റെജി ദേവ്

ഡല്‍ഹിയില്‍ ഡോക്ടറായി ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍