TopTop
Begin typing your search above and press return to search.

പ്രവചിക്കപ്പെട്ട ഒരു ദുരന്തം-ഡോ. ടി വി സജീവ് എഴുതുന്നു

പ്രവചിക്കപ്പെട്ട ഒരു ദുരന്തം-ഡോ. ടി വി സജീവ് എഴുതുന്നു

കേരളം ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രളയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലൊരു പ്രകൃതി ദുരന്തത്തോട് പ്രതികരിക്കാൻ കേരള ജനത സജ്ജമായിരുന്നില്ല. അതിന് കാരണം ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന മനുഷ്യരെ സംബന്ധിച്ച് അവർക്ക് അങ്ങനെയൊരു അനുഭവമില്ല എന്നതാണ്.

എന്നാൽ ഈ തരത്തിലൊരു അനുഭവത്തിന്റെ കുറവ് വലിയ ദുരന്തത്തിലേക്ക് പോകും എന്നുള്ളതുകൊണ്ട് തന്നെ ഇതേ തോതിലുള്ള മുന്നറിയിപ്പുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. അതേസമയം ഇത്തരത്തിലൊരു ദുരന്തത്തിന്റെ സാധ്യത മുൻകൂട്ടി കണ്ടിട്ടുള്ളതുമാണ്. ഇന്നിപ്പോൾ നടക്കുന്ന ഒരു പ്രധാന ചർച്ച എന്താണ് ഈ പ്രശ്നത്തിന് കാരണമെന്നതിനെ മുൻനിർത്തിയാണ്. ഈ പ്രശ്നം ഉണ്ടാകാൻ കാരണം ഡാം തുറക്കാൻ വൈകിയതാണ്, ഡാം തുറന്ന സമയത്ത് വേണ്ടത്ര മുന്നറിയിപ്പ് നൽകിയില്ല എന്നൊക്കെയാണ്; കാലാവസ്ഥ പ്രവചനവുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ കേട്ടു. ആ പ്രവചിക്കപ്പെട്ട കാര്യങ്ങളെ കൃത്യമായി മനസിലാക്കിക്കൊണ്ട് ഏകോപിപ്പിക്കുന്നതിൽ വന്ന പരാജയമാണ് എന്നെല്ലാമുള്ള ചർച്ചകളാണ് ഇന്ന് പ്രധാനമായും നടന്നു കൊണ്ടിരിക്കുന്നത്.

ഇക്കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ട ചില ന്യൂനതകൾ നമുക്ക് കണ്ടെത്താൻ പറ്റുമെങ്കിൽ പോലും നാം പ്രധാനമായും മനസ്സിലാക്കേണ്ട ഒരു കാര്യം വളരെ ദീർഘമായിട്ടുള്ള ഒരു പരിസ്ഥിതി നാശത്തിന്റെ ഫലമാണ് ഈ പ്രളയമെന്നതാണ്. ഏഴ് വർഷം മുമ്പ് പശ്ചിമഘട്ട മേഖലയുടെ പരിപാലനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ച മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം കഴിഞ്ഞ ദിവസം വരികയുണ്ടായി. അദ്ദേഹം പറഞ്ഞത് ഈ ദുരന്തം ഒരു മനുഷ്യ സൃഷ്ടിയാണെന്നാണ്. അദ്ദേഹം അങ്ങനെ പറയുമ്പോൾ അതിന് രണ്ട് അംശങ്ങളുണ്ട്. അതിൽ ഒന്ന്, തത്ക്കാലത്തേക്കുള്ള, അതായത് ഈ ചെറിയ സമയത്ത് നമുക്ക് പറ്റിയ തെറ്റുകളെക്കുറിച്ചാണ്. അതോടൊപ്പം തന്നെ പ്രധാനപ്പെട്ട ഒരു കാര്യം, ദീർഘകാലമായി നമുക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട് എന്നതാണ്.

ചെറിയ സമയത്തിനുളളിൽ നമുക്ക് പറ്റിയ തെറ്റുകൾ മനസിലാക്കുകയും, അത് തിരുത്തി ഭാവിയിൽ ഇത്തരമൊരു ദുരന്തമുണ്ടാകുന്നത് തടയുകയും ചെയ്യും എന്ന് വിചാരിക്കുന്നത് തെറ്റാണ്. അതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

ഈ വർഷം മഴ തുടങ്ങുന്ന സമയത്ത് തന്നെ നമ്മൾ കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലുണ്ടായ ഉരുൾ പൊട്ടലുകൾ നാം പഠിക്കേണ്ടതായുണ്ട്. കോഴിക്കോട് ഏഴും വയനാട്ടിലും മലപ്പുറത്തും രണ്ട് വീതവും ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. ഈ പതിനൊന്ന് ഉരുൾപൊട്ടൽ സ്ഥലങ്ങളും സന്ദർശിച്ചതിൽ നിന്നും മനസിലായ ഒരു പ്രധാനപ്പെട്ട കാര്യം ഈ ഉരുൾപൊട്ടലുകളെല്ലാമുണ്ടായത് അവിടെ പ്രവർത്തിക്കുന്ന പാറമടകളോട് ചേർന്നാണ് എന്നതാണ്. എന്നുവച്ചാൽ ഈ ഉരുൾപൊട്ടലുകൾ ഉണ്ടായ മലയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരു പാറമട പ്രവർത്തിക്കുന്നുണ്ട്. ഒന്നു രണ്ട് സ്ഥലങ്ങളിൽ മലയുടെ മുകളിൽ തന്നെ പാറക്കല്ലുകൾ പൊടിയാക്കുന്നതിനും കഴുകുന്നതിനും ആവശ്യമായ ജലം വലിയ തോതിൽ ശേഖരിച്ച് വയ്ക്കുന്നുണ്ട്. മനുഷ്യജീവനുകൾ നഷ്ടപ്പെട്ട കോഴിക്കോട് ഉരുൾപൊട്ടലിന് കാരണമായത് ഇത്തരത്തിൽ മലമുകളിലുള്ള ജലസംഭരണിയാണ്. കേരളത്തിൽ ഏകദേശം ആറായിരത്തോളം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്വാറികളെല്ലാം തന്നെ സ്വകാര്യ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരവധി അഭിപ്രായ വ്യത്യാസങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ട്. വലിയ തോതിലുള്ള അഴിമതിയും പല ഘട്ടങ്ങളിലായി ആരോപിക്കപ്പെട്ടിട്ടുണ്ട്. ക്വാറിയോട് ചേർന്ന് ജീവിക്കുന്ന മനുഷ്യർ അവിടെ നിന്നും ഒഴിഞ്ഞു പോകേണ്ട സാഹചര്യവും പല ഘട്ടങ്ങളിലുമുണ്ടായി.

വീടുകളിലേക്ക് കല്ല് വന്നു വീണ് അപകടങ്ങൾ ഉണ്ടായതിനാലും ശുദ്ധജലം കിട്ടാതെ വന്നതിനാലുമാണ് ഈ ഒഴിഞ്ഞു പോകലുകൾ സംഭവിച്ചത്. ഇതൊന്നും പോരാഞ്ഞിട്ട് ക്വാറി ഉടമ സ്ഥലം വാങ്ങിക്കൂട്ടിയതു കൊണ്ടോ, ഭീഷണിപ്പെടുത്തിയതു കൊണ്ടോ വലിയ തോതിലുള്ള പലായനം കേരളത്തിലുണ്ടായിട്ടുണ്ട്. ഇത് നമ്മളൊരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ധാരാളമായി ക്വാറികൾ ഉണ്ടാകുകയും അവിടെ നിന്നെല്ലാം ആളുകൾ ഒഴിഞ്ഞ് പോകുകയും ചെയ്യുന്ന വലിയ തോതിലുള്ള ഒരു പ്രക്രിയ കേരളത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രധാനപ്പെട്ട പ്രശ്നം എന്താണെന്നു വച്ചാൽ ഓരോ ക്വാറികളിലും ഉണ്ടാകുന്ന സ്ഫോടനങ്ങൾ പശ്ചിമഘട്ട മലനിരകളെ ആകെ അസ്ഥിരപ്പെടുത്തുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് എന്നതാണ്. അതിന് കാരണം, ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് വജ്രം കഴിഞ്ഞാല്‍ കരിങ്കല്ലിലൂടെയാണ്. നമ്മൾ കേൾക്കുന്ന ശബ്ദത്തേക്കാൾ വലിയ തോതിലുള്ള ശബ്ദം പ്രകമ്പനമായി കരിങ്കല്ലിനുള്ളിലൂടെ കടന്നു പോകും. ഓരോ സ്ഫോടനം നടക്കുമ്പോഴും പശ്ചിമഘട്ട മലനിരകൾ ആകെയൊന്ന് കുലുങ്ങും. വലിയ തോതിലുള്ള മഴ പെയ്യുമ്പോൾ ദുർബലമായിരിക്കുന്ന മലകൾ ഒറ്റയടിക്ക് ഒഴുകി പോകുന്ന അവസ്ഥയുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ദുർബലമായ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും പാടില്ലെന്ന് മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തത്. എന്നാൽ നാമത് ചെവിക്കൊണ്ടില്ല.

ധാരാളം മനുഷ്യർ പരിസ്ഥിതിലോല പ്രദേശങ്ങൾ കയ്യേറുകയും വീട് വയ്ക്കുകയും അതിന് വേണ്ടി മല ചെത്തി നിരപ്പാക്കുകയും ചെയ്തു. അവിടെ വച്ചിട്ടുള്ള പല വീടുകളും ഇന്ന് നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ധാരാളം മനുഷ്യ ജീവനുകളും അക്കൂട്ടത്തിൽ നഷ്ടപ്പെടുകയുണ്ടായി.

പെയ്ത മഴയോടൊപ്പം തന്നെ സംഭരണികളിൽ നിന്നും വന്ന വെള്ളവും ചേർന്നാണ് ഈ ദുരന്തമുണ്ടായത്. ഡാമുകൾ രണ്ട് തരത്തിലുള്ള പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. വലിയ തോതിൽ മഴയുണ്ടാകുന്ന സമയത്ത് വെള്ളത്തെ തടഞ്ഞു നിർത്തി വെള്ളപ്പൊക്കം തടയുന്നു. അതേസമയം അതിന്റെ മാനേജ്മെന്റിൽ പാളിച്ചകളുണ്ടായാൽ അതു തന്നെ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യും. പശ്ചിമഘട്ട വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലിൽ പറഞ്ഞത് കാലഹരണപ്പെട്ട എല്ലാ ഡാമുകളും ഡീകമ്മിഷൻ ചെയ്യണം എന്നാണ്. ഡീകമ്മിഷൻ ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഡാമുകൾ പൊളിച്ചു കളയുക എന്നല്ല. മറിച്ച് ഘട്ടംഘട്ടമായി അതിന്റെ പ്രവർത്തനം കുറച്ചു കൊണ്ടുവന്ന് കാലക്രമേണ ഡാം ഇല്ലാത്ത അവസ്ഥയിലെത്തിക്കുക എന്നതാണ്. ലോകത്തെ മുഴുവൻ രാജ്യങ്ങളും ചെയ്യുന്നത് അതാണ്.

നമ്മളെ സംബന്ധിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള ഏക മാർഗ്ഗം ഇത്തരത്തിലുള്ള ഡാമുകളാണ് എന്ന തെറ്റിദ്ധാരണയിലാണ് നമ്മൾ ഇപ്പോഴും നിൽക്കുന്നത്. എന്നാൽ നമുക്ക് വൈദ്യുതിയുടെ നിരവധി സ്രോതസുകൾ കണ്ടെത്തേണ്ടതായിട്ടുണ്ട്. നാഷണൽ ഗ്രിഡിൽ തന്നെ ധാരാളം വൈദ്യുതി ലഭ്യമായ ഒരു കാലം വന്നിട്ടുണ്ട്. അതിനാൽ തന്നെ നമുക്ക് ഇത്രയധികം ഡാമുകൾ ആവശ്യമില്ല എന്ന സാഹചര്യത്തിൽ എത്തിയിട്ടുണ്ട്. ഡാമുകൾ ഉണ്ടാക്കുന്ന ഭീഷണിയാണ് ഗാഡ്ഗിൽ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. ഇന്ന് കേരളത്തിലെ പെരിങ്ങൽകുത്ത് പോലുള്ള പല ഡാമുകളും മണ്ണ് നിറഞ്ഞ് ഏകദേശം അതിന്റെ പകുതി സംഭരണ ശേഷിയിലേക്ക് എത്തിയിട്ടുണ്ടെന്ന് വിദഗ്ധന്മാർ തന്നെ സൂചിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ഡാമുകളെ ഇനിയും നിലനിർത്തിക്കൊണ്ട് നമുക്ക് അധിക ദൂരം മുന്നോട്ട് പോകാനാകില്ല.

അത്തരമൊരു നീക്കത്തെ പൂർണമായും തള്ളിക്കളയുകയും ഡാമിന്റെ പ്രവർത്തനങ്ങൾ ഇതേ രീതിയിൽ മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുന്ന സമയത്ത് വലിയ ദുരന്തമുണ്ടാകുകയും ചെയ്തു. അതിന് ശേഷവും കെഎസ്ഇബിയുടെ ചെയർമാന്റെ പ്രസ്താവന കഴിഞ്ഞ ദിവസം കാണുകയുണ്ടായി. അതിരപ്പള്ളിയിൽ ഒരു ഡാമുണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി വെള്ളം പിടിച്ചു വയ്ക്കാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഈയൊരു കാഴ്ചപ്പാടാണ് അപകടമുണ്ടാക്കുന്നത്. ഓരോ ഡാം പണിയുമ്പോഴും- ഡാമിന് മാത്രമല്ല, ഓരോ വലിയ പ്രോജക്ടുകളിലും അതിന്റെ പരിസ്ഥിതി ആഘാതം കൂടി പരിശോധിക്കേണ്ടതുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തി തീരുമാനങ്ങളെടുക്കുന്ന ഒരു സംവിധാനം നിലവിൽ വരേണ്ടതായിട്ടുണ്ട്. അത്തരത്തിലുളള ഒരു തിരിച്ചറിവിലേക്ക് ഈ സമൂഹം മുന്നോട്ടുപോകുന്നുണ്ടോ എന്നാണ് ഈ സമയത്ത് നാം അന്വേഷിക്കേണ്ടത്. തീർച്ചയായും മനുഷ്യ നിർമ്മിതമായിട്ടുള്ള ഈ മഹാദുരന്തത്തിന് രണ്ട് കാരണങ്ങളുണ്ട്. അതിലൊന്ന് തത്ക്കാലത്തേക്കുള്ള തെറ്റുകളാണ്, മറ്റേത് ദീർഘകാലത്തേക്കുള്ള തെറ്റുകളും.

ദീർഘകാലമായി പറ്റുന്ന തെറ്റുകൾ തിരുത്താൻ ആവശ്യമായ മൂന്ന് പ്രധാനപ്പെട്ട നിർദ്ദേശങ്ങളാണ് പ്രൊഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ കമ്മിഷൻ മുന്നോട്ടുവച്ചിട്ടുള്ളത്. അതിൽ ആദ്യത്തേത് ഫിനാൻഷ്യൽ ഗവേണൻസ് എന്ന സംവിധാനത്തെ മാറ്റി എൻവിറോൺമെന്റൽ ഗവേണൻസിലേക്ക് മാറണം എന്നതാണ്. ഫിനാൻഷ്യൽ ഗവേണൻസിൽ ഒരു തീരുമാനമെടുക്കുന്നത് കയ്യിൽ പണമുണ്ടോ എന്ന് നോക്കിയാണ്. ഉദാഹരണത്തിന് നാമൊരു വീട് വയ്ക്കുകയും വീടിന് മുന്നിൽ ടൈൽ ഇടണോയെന്ന് കയ്യിലെ പണത്തിന്റെ ലഭ്യതയനുസരിച്ച് തീരുമാനിക്കുകയും ചെയ്യുന്നു. അതേ സമയം ഞാൻ എന്റെ വീടിന് മുന്നിൽ ടൈൽ ഇട്ടാൽ മഴ പെയ്യുന്ന സമയത്ത് വെള്ളമിറങ്ങില്ലെന്നും അതിലൂടെ തൊട്ടടുത്തുള്ള കിണറ്റിൽ വെള്ളമില്ലാത്തതിന് കാരണമാകുകയും ചെയ്യുമെന്ന ബോധത്തിൽ പ്രവർത്തിക്കുന്നതാണ് എൻവിറോൺമെന്റൽ ഗവേണൻസ്.

ഇത്തരത്തിൽ ഒരു വീടിനപ്പുറത്തേക്ക് ഒരു പഞ്ചായത്തിന്റെ, ഒരു ജില്ലയുടെ, ഒരു സംസ്ഥാനത്തിന്റെ വികസന സംവിധാനങ്ങളെ ഫിനാൻഷ്യൽ ഗവേണൻസിൽ നിന്നും മാറ്റിക്കൊണ്ട് എൻവിറോൺമെന്റൽ ഗവേണൻസിലേക്ക് മാറ്റേണ്ടതുണ്ട്. ഇതാണ് പ്രൊഫ. ഗാഡ്ഗിൽ മുന്നോട്ടുവച്ച ആദ്യത്തെ നിർദ്ദേശം. ഈ നിർദ്ദേശം ഏറ്റെടുക്കാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള മഹാദുരന്തങ്ങൾ ആവർത്തിക്കപ്പെടും.

രണ്ടാമതായി അദ്ദേഹം പറയാൻ ശ്രമിച്ച കാര്യം നമ്മുടെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചാണ്. നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നാം സാമാന്യമായി മനസിലാക്കേണ്ടത് അത് ട്രങ്കേറ്റഡ് ഡെമോക്രസി ആണെന്നാണ്. ട്രങ്കേറ്റഡ് ഡെമോക്രസി എന്നാൽ ഇടവിട്ടുള്ള ജനാധിപത്യം. അഞ്ച് വർഷം കൂടുമ്പോൾ നാം ഭരിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നു. പിന്നെ അഞ്ച് വർഷത്തേക്ക് നാം ഭരണത്തിൽ ഇടപെടുന്നില്ല. ഈ ഇടവിട്ടുള്ള ജനാധിപത്യത്തെ തുടർച്ചയായ ജനാധിപത്യമാക്കി മാറ്റുക എന്നതാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ നിർദ്ദേശം.

തുടർച്ചയായുള്ള ജനാധിപത്യമായി നമ്മുടെ ജനാധിപത്യത്തെ മാറ്റുന്നതെങ്ങനെയാണെന്നു വച്ചാൽ, അതാത് സമയത്തുണ്ടാകുന്ന പ്രശ്നങ്ങളിൽ ജനങ്ങൾ സക്രിയമായി ഇടപെടാൻ പറ്റുന്ന വിധത്തിൽ ജനാധിപത്യ സംവിധാനത്തെ മാറ്റി തീർക്കുന്നതിലൂടെയാണ്. അത് ചെയ്യാനുള്ള പ്രായോഗിക സംവിധാനമെന്നത് ഏറ്റവും താഴെത്തട്ടിലുള്ള ഗ്രാമസഭകളാണ്. ഗ്രാമസഭാ മേഖലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഗ്രാമസഭയുടെ കർശന നിരീക്ഷണത്തിലായിരിക്കണം നടക്കേണ്ടത്. ഇത്തരത്തിൽ ജനാധിപത്യ വികേന്ദ്രീകരണമില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുക തന്നെ ചെയ്യും.

ഇത്തരത്തിൽ ഒരു പ്രളയത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ടപ്പോൾ അതേക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിലോ വാർഡ് മെമ്പറുടെ കയ്യിലോ ഉണ്ടായിരുന്നില്ല. അത്തരത്തിൽ വികേന്ദ്രീകൃതമായ ഒരു ദുരന്തനിവാരണ സംവിധാനം നമുക്കുണ്ടായിരുന്നെങ്കിൽ ഈ ദുരന്തമുണ്ടാകില്ലായിരുന്നു. കേന്ദ്രീകൃതമായ ദുരന്തനിവാരണ സംവിധാനമാണ് നമുക്കുള്ളത്. തിരുവനന്തപുരത്തു നിന്നാണ് അത് ചെയ്യുന്നത്. ഈ സംവിധാനം വികേന്ദ്രീകൃതമാകുന്നതോടെ ഏറ്റവും താഴേത്തട്ടിൽ തന്നെ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ വാർഡ് മെമ്പർ തലത്തിൽ നിന്നു തന്നെ ദുരന്തനിവാരണം പ്രവർത്തിച്ച് തുടങ്ങും. പഞ്ചായത്ത് വാർഡ് മെമ്പറാണ് ഏറ്റവുമധികം ജനങ്ങളുമായി ഇടപെടുന്നത്. അദ്ദേഹത്തിന്റെ കൈവശം ഈ നിർദ്ദേശങ്ങളുണ്ടായിരുന്നെങ്കിൽ അത് വളരെ വേഗത്തിൽ തന്നെ ജനങ്ങളിലേക്ക് ആശയവിനിമയം ചെയ്യപ്പെടുമായിരുന്നു. ഇതാണ് ഗാഡ്ഗിൽ മുന്നോട്ടുവച്ച രണ്ടാമത്തെ കാര്യം.

മൂന്നാമതായി അദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ട കാര്യം നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളാണ്. ഓരോ സർക്കാർ വകുപ്പും ഓരോ രാവണൻ കോട്ടയായി മാറുകയും ഒരു വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മറ്റൊരു വകുപ്പിന് അറിയാതാകുകയും ചെയ്യുന്ന വളരെ അപകടകരമായ അവസ്ഥയെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത് വകുപ്പുകൾ തമ്മിലറിയുന്നില്ലെന്ന് മാത്രമല്ല, ഒരു വകുപ്പിനകത്ത് നടക്കുന്ന കാര്യങ്ങൾ പോലും പരസ്പരം അറിയാത്ത സാഹചര്യമാണുള്ളത്. ഇതോടെ ജനങ്ങൾക്കും കാര്യങ്ങൾ അറിയാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നു. ഈ സാഹചര്യം മാറി ഓരോ സർക്കാർ വകുപ്പിന്റെയും പ്രവർത്തനം കൂടുതൽ സുതാര്യമാകണം, ജനപങ്കാളിത്തത്തോടു കൂടിയാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ നിർദ്ദേശം.

ഈ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടു വച്ച റിപ്പോർട്ടിനെയാണ്- ഒരു സമൂഹമെന്ന നിലയ്ക്ക് ധാരാളം എതിരഭിപ്രായങ്ങളുണ്ടായിട്ടുണ്ടെങ്കിലും നാം ഒറ്റക്കെട്ടായി നിന്ന് തള്ളിക്കളഞ്ഞത്. ആ റിപ്പോർട്ടിനെ തിരിച്ചുപിടിച്ചു കൊണ്ട് അതിലെ നന്മകൾ തിരിച്ച് ആവാഹിച്ചു കൊണ്ട് മാത്രമേ ഇത്തരത്തിലുള്ള വലിയ അപകടങ്ങളെ ഇനിയങ്ങോട്ടുള്ള കാലം കേരളത്തിന് മറികടക്കാനാകുകയുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/edit-how-kerala-acts-in-flood-and-making-a-new-kerala-model/

https://www.azhimukham.com/offbeat-what-gadgil-mean-by-human-made-tragedy-writes-kaantony/


Next Story

Related Stories