TopTop
Begin typing your search above and press return to search.

ഫാ. നോബിള്‍, നിങ്ങളുടെ ശിരസ്സ് പരതിനോക്കുക, അവിടെ 666 ആലേഖനം ചെയ്തിട്ടുണ്ടാകും; വിശുദ്ധ യോഹന്നാന്റെ വെളിപാട്, പതിമൂന്നാം അധ്യായം

ഫാ. നോബിള്‍, നിങ്ങളുടെ ശിരസ്സ് പരതിനോക്കുക, അവിടെ 666 ആലേഖനം ചെയ്തിട്ടുണ്ടാകും; വിശുദ്ധ യോഹന്നാന്റെ വെളിപാട്, പതിമൂന്നാം അധ്യായം
But whoever causes one of these little ones who believe in Me to sin, it would be better for him if a millstone were hung around his neck, and he were drowned in the depth of the sea – Mathew 18;6

നീതിക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന ഒരു പാവം കന്യാസ്ത്രീയെ ദുർനടപ്പുകാരിയായി ചിത്രീകരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ പ്രവർത്തിച്ച ഫാദർ നോബിൾ താൻ ഒട്ടും നോബിൾ അല്ലെന്നും യേശുവിന്റെ പുരോഹിതനായിരിക്കുവാൻ യോഗ്യനല്ലെന്നും തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. കാരക്കമലയിലെ ഫ്രാൻസിസ്കൻ മഠത്തിലെ അംഗമായ സിസ്റ്റർ ലൂസിയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിക്കുക വഴി അയാൾ സിസ്റ്റർ ലുസിക്കുമേൽ അവസാനത്തെ ആണികൂടി അടിക്കാനുള്ള ശ്രമമാണ് നടത്തിയത്. മഠത്തിനുള്ളിലെ സി സി ടി വി ദൃശ്യങ്ങൾ അയാൾക്ക് ലഭ്യമാക്കിയവർ ആരുതന്നെയായാലും അവരുടെ മനസ്സും വിഷലിപ്തമാണെന്ന് പറയാതെ വയ്യ. ഇവർ എല്ലാവരുടെയും ശ്രദ്ധയിലേക്കാണ് യേശുവിന്റെ നാല് സുവിശേഷകാരന്മാരിൽ ഒരാളായ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള ഒരു വാക്യം ആമുഖമായി കുറിച്ചത്. യേശു അരുൾ ചെയ്തതായി മത്തായി എഴുതിയിട്ടുള്ള ഇതേ വാക്യം ലൂക്കയുടെയും മാർക്കോസിന്റെയും സുവിശേഷങ്ങളിലും വായിക്കാം.

പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ലെന്നു അറിയാം. എങ്കിലും പറയുകയാണ് സിസ്റ്റർ ലൂസിയെ പുറത്താക്കാൻ വേണ്ടി നീചമായ പ്രവർത്തികളിൽ വ്യാപൃതരായിരിക്കുന്ന നിങ്ങളുടെ മനസ്സിൽ കുടികൊള്ളുന്നത് യേശുവിന്റെ വിശുദ്ധിയല്ല, സാത്താന്റെ കുടിലതയാണ്. സത്യത്തിൽ സിസ്റ്റർ ലൂസിയല്ല മഠത്തിൽ നിന്നും പുറത്തുപോകേണ്ടത്. നീതിക്കുവേണ്ടി നിലകൊണ്ട അവരെ മഠത്തിൽ നിന്നും പുകച്ചു പുറത്തുചാടിക്കാൻ നീചമായ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന നിങ്ങളൊക്കെയാണ് സഭയിൽ നിന്ന് തന്നെ പുറത്തുപോകേണ്ടത്. നിങ്ങൾ ധരിച്ചിരിക്കുന്ന സഭാ വസ്ത്രങ്ങൾക്ക് എന്തെങ്കിലും വിശുദ്ധത നിങ്ങൾ കല്പിക്കുന്നുണ്ടെങ്കിൽ ഇനിയും അമാന്തം കാണിക്കരുത്.

ഫ്രാങ്കോ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന കന്യാസ്ത്രീക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിലാണ് സിസ്റ്റർ ലൂസി വേട്ടയാടപ്പെടുന്നത്. അവർ അംഗമായ ഫ്രാൻസിസ്കൻ കോൺഗ്രിഗേഷൻ 'അനുസരണക്കേട്' എന്ന എടുത്താൽ പൊന്താത്ത കുറ്റം ചുമത്തിയതിനു പിന്നിൽ ഫാദർ നോബിൾ ഔദ്യോഗിക വക്താക്കളിൽ ഒരാളായ മാനന്തവാടി രൂപതയുടെ പങ്ക് ഇതിനകം തന്നെ പുറത്തുവന്നതാണ്. ഇതാദ്യമായല്ല മാനന്തവാടി രൂപത മോശം പ്രവർത്തിയുടെ പേരിൽ വാർത്തകളിൽ ഇടം തേടുന്നത്.

ഇതേ രൂപതയിൽ തന്നെ അംഗമായ ഒരു പുരോഹിതൻ ഒരു സാധു പെൺകുട്ടിയെ ഗർഭണിയാക്കിയതും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കന്യാസ്ത്രീകൾ നടത്തുന്ന ഒരു ആശുപത്രിയിൽ നിന്നും രായ്ക്കുരായ്മാനം വയനാട്ടിലെ ഒരു അനാഥാലയത്തിലേക്ക് കടത്തിക്കൊണ്ടു പോയതും ഒക്കെ ഈ അടുത്ത കാലത്തു തന്നെ നടന്ന സംഭവങ്ങളാണ്. അന്ന് ആ പുരോഹിതന്റെ അവിഹിത ബന്ധം മൂടിവെക്കാനും അയാളുടെ കുഞ്ഞിനെ അനാഥാലയത്തിലേക്ക് കടത്തികൊണ്ടുപോകാനുമൊക്കെ മുൻകൈ എടുത്തത് ഇതേ രൂപതയിൽ തന്നെ പെട്ട മറ്റൊരു പുരോഹിതനും രണ്ടു കന്യാസ്ത്രീകളുമായിരുന്നു. പുരോഹിതന്റെ അവിഹിതത്തിന് മറയൊരുക്കിയവരിൽ പെട്ടവർ തന്നെയാണ് ഇപ്പോൾ ഒരു സാധു കന്യാസ്ത്രീയെ വേശ്യയായി ചിത്രീകരിച് സമൂഹ മധ്യത്തിൽ അവഹേളിക്കാൻ ശ്രമിക്കുന്നത് എന്നതും ഓർക്കേണ്ടതുണ്ട്.

സിസ്റ്റർ ലൂസിയെ ദുർനടപ്പുകാരിയെന്നു മുദ്രകുത്താൻ ശ്രമിക്കുന്ന ഫാദർ നോബിളിനെപ്പോലുള്ളവർ മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള വാക്യത്തോടൊപ്പം വിശുദ്ധ യോഹന്നാന്റെ വെളിപാടിൽ നിന്നുള്ള പതിമൂന്നാം അധ്യായം കൂടി ഒന്ന് വായിക്കണം. കടലിൽ നിന്നും കയറി വരുന്നതായി യോഹന്നാൻ കണ്ട മൃഗത്തെക്കുറിച്ചുള്ളതാണ് ആ അദ്ധ്യായം. പത്തു കൊമ്പും ഏഴ് തലയുമുള്ള ആ മൃഗത്തിന് ഒരു സംഖ്യയുണ്ട്. അത് 666 എന്ന സംഖ്യ ആണെന്നാണ് യോഹന്നാൻ പറയുന്നത്. വായിച്ചു കഴിയുമ്പോൾ നിങ്ങളും നിങ്ങളുടെ ശിരസ്സിൽ ഒന്ന് പരതി നോക്കണം. ആ സംഖ്യ അവിടെയും ആലേഖനം ചെയ്തിട്ടുണ്ടോ എന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read: “ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറാന്‍ ലജ്ജയില്ലേ? ഈ വൈദികന്‍ വ്യാജ പ്രൊഫൈലിലൂടെയും എന്നെ ആക്രമിച്ചു”; സോഷ്യല്‍ മീഡിയയിലൂടെ ‘അനാശാസ്യ’ പ്രചാരണം നടത്തിയ ഫാ. നോബിളിനെതിരെ സി. ലൂസി കളപ്പുരയ്ക്കല്‍

Next Story

Related Stories