TopTop

വിയോജിക്കാം, പക്ഷെ ഗ്യാസ് ലൈന്‍ ആയതുകൊണ്ട് എന്ത് 'ഗ്യാസും' അടിക്കാം എന്ന് കരുതരുത്

വിയോജിക്കാം, പക്ഷെ ഗ്യാസ് ലൈന്‍ ആയതുകൊണ്ട് എന്ത്
മുക്കത്തെ ഗെയില്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാദങ്ങളില്‍ വസ്തുതാപരമായ അവ്യക്തതകളും ഊതിപ്പെരുപ്പിക്കലും സൌകര്യപുര്‍വ്വമുള്ള വിട്ടുകളയലുമൊക്കെ ഇരുപക്ഷത്തും ഉണ്ട് എന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന ദൃശ്യ, പത്ര, സൈബര്‍ മാധ്യമ സംവാദങ്ങളില്‍ നിന്നും മനസിലാകുന്നത്. ഒപ്പം മുഖ്യവിഷയത്തില്‍ നിന്ന് ശ്രദ്ധ വഴിതിരിച്ച് വിടുന്ന അനാവശ്യ വിവാദങ്ങള്‍ കുടിയാകുമ്പോള്‍ പറയുകയും വേണ്ട.

ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്  ഉയരുന്ന വിമര്‍ശനങ്ങളെ മുഖ്യമായും രണ്ടായി തിരിക്കാം. ഒന്ന് ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടവ. രണ്ട് സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ടത്. ഈ രണ്ട് മുഖ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉപ പ്രശ്നങ്ങളും ഉണ്ട്. അവയെ ഒന്നൊന്നായി ഒന്ന് പരിശോധിച്ച് നോക്കാം.

ഭൂപ്രശ്നം

ഭൂപ്രശ്നം എന്ന് പറയുന്നത് ഇന്ത്യയില്‍ എന്നല്ല, കേരളത്തില്‍ പോലും അങ്ങനെ പൊറോട്ട പോലെ പരത്തി അടിച്ച് ചുട്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല. ഒന്നാമത് സര്‍ക്കാരിന്റെ പരിഷ്കരിച്ച രേഖകളില്‍ പോലും നിലനില്‍ക്കുന്ന ഭൂമിയുടെ വില, അതിന് വാസ്തവവുമായി തൊട്ട് തെറിച്ച ബന്ധം പോലും ഇല്ല എന്ന് പിണറായിക്കും ചെന്നിത്തലക്കും എനിക്കും പള്‍സര്‍ സുനിക്കും ഉദയഭാനു വക്കീലിനും തൊട്ട് മരിച്ചുപോയ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പോലെയുള്ള അവധൂതര്‍ക്ക് വരെ അറിയാം. ചുമ്മാ വാക്കിന് കിട്ടിയപ്പോള്‍ വാങ്ങിയ ഒന്നര ഏക്കര്‍ നടപ്പാത മാത്രമുള്ള വസ്തുവിന് മുമ്പില്‍ കൂടി നാലുമീറ്റര്‍ വീതിയുള്ള പഞ്ചായത്ത് റോഡ്‌ വരുന്നതിന്റെ ഭാഗമായി അതില്‍ നിന്നും ഒരു പത്ത് സെന്റ്‌ പോയാലും ലാഭമാണ് എന്ന് കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാത്ത ഉത്തരാധുനിക ബുദ്ധിജീവികള്‍ക്ക് വരെ കണക്കു കൂട്ടിയറിയാം. എന്നാല്‍ ഇതല്ല നാഷണല്‍ ഹൈവേയുടെ അരികിലുള്ള മൂന്നു സെന്ററില്‍ വീടും തട്ടുകടയും സെറ്റ് ചെയ്ത് ജീവിച്ച് പോകുന്നവരുടെ കാര്യമെന്നും.

ഇനി നഷ്ടപരിഹാരത്തിന്റെ കാര്യമെടുക്കാം. ന്യായവിലയുടെ അന്‍പത് ശതമാനമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് കേള്‍ക്കുന്നു. എന്താണീ ന്യായവില? അത് കൊടുത്താല്‍ കേരളത്തില്‍ എവിടെയെങ്കിലും ഭൂമി വാങ്ങാനാവുമോ? ഇല്ല എന്ന് വ്യക്തം. അപ്പോള്‍ ന്യായവിലയല്ല, മാര്‍ക്കറ്റ് വിലയാവണം നഷ്ടപരിഹാരത്തിന് മാനദണ്ഡമാക്കെണ്ടത്. ഇനി മറ്റൊരു കാര്യം ഭൂമിയുടെ ഉടമസ്ഥത കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നതാണ്. വെറും സാങ്കേതികം മാത്രമായ ഒരു വാദം. ഈ പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഇടത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പറ്റില്ല എന്നതുമുതല്‍ കൃഷിക്കും മരം വച്ച് പിടിപ്പിക്കലിനും വരെ സ്വാഭാവികമായും നിയന്ത്രണങ്ങള്‍ ഉണ്ടാകും. അത് മാത്രമല്ല, യാന്ത്രികമായ യുക്തിയില്‍ ഒരിക്കലും പൊന്തിവരാത്ത മറ്റൊരു പ്രശ്നം ആ അഞ്ചോ പത്തോ സെന്റിന്റെ ക്രയവിക്രയ സാധ്യത പല കുടുംബങ്ങളുടെയും നിലനില്‍പ്പിനെ തന്നെ നിര്‍വചിക്കുന്നതാണ് എന്ന കാര്യവും. ഇങ്ങനെ ഒരു കുരുക്കുള്ള വസ്തു ആരും വാങ്ങില്ല. അതുകൊണ്ട് തന്നെ ഉടമസ്ഥാവകാശം ആ പത്തുമീറ്ററില്‍ നിലനില്‍ക്കുന്നു എന്നതല്ല, ആ കുരുക്ക് കാരണം ബാക്കിയുള്ള വസ്തു പോലും കൈമാറ്റം ചെയ്യാന്‍ പറ്റാതെ പോകും എന്നതാണ്.

http://www.azhimukham.com/kerala-gail-pipeline-project-concern-and-justifications-kr-dhanya/

എന്നാല്‍ ഇതാണോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്ര കടുത്ത പ്രതിഷേധങ്ങള്‍ മുക്കത്ത് ഉണ്ടായതിന്റെ കാരണം? പത്ത് മീറ്റര്‍ വീതി എന്ന് പറഞ്ഞാല്‍ തന്നെ അഞ്ചോ, അതില്‍ കുറവോ ഉള്ള വസ്തു ഫലത്തില്‍ ഉടമയ്ക്ക് നഷ്ടപെട്ട അവസ്ഥ തന്നെയാവും. ഉടമസ്ഥാവകാശം പോകുന്നില്ല എന്ന് സാങ്കേതികമായി പറയാമെങ്കിലും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും പാടില്ല എന്നതിനാല്‍ യാഥാര്‍ഥ്യം വസ്തു നഷ്ടമായി എന്ന് തന്നെയാണ്. എന്നാല്‍ ഇതിനെ കുറിച്ച് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഗെയില്‍ പ്രതിനിധി പറഞ്ഞത് അത്തരം പ്രശ്നങ്ങള്‍ മനസിലാക്കി അവരെ ഒഴിവാക്കിയാണ് അലൈന്മെന്റ് എന്നാണ്. ഗെയില്‍ പ്രതിനിധിയുടെ വാദം മുഖവിലയ്ക്ക് എടുക്കണ്ട. എന്നാല്‍ അത്തരം സവിശേഷ പ്രശ്നം നേരിടുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ ഇതിനോടകം തങ്ങളുടെ പ്രശ്നം അധികാരികളെ അറിയിച്ചിട്ടുണ്ടാവണമല്ലോ. അതുകൊണ്ട് തന്നെ അവരുടെ എണ്ണവും വിലാസവും ഉള്‍പ്പെടെ സമരാനുകൂലികളുടെ പക്കല്‍ ഉണ്ടാകേണ്ടതും ഇതുപോലെ തീപിടിച്ച വാദകോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ അതവര്‍ മുന്നോട്ടു വയ്ക്കേണ്ടതുമാണ്.

എന്നാല്‍ ഒരു പ്രവാസി, ഭാവിയില്‍ വീട് വയ്ക്കാനായി ഉദ്ദേശിക്കുന്ന പത്ത് സെന്റിന്റെ നടുവിലൂടെ ഈ ലൈന്‍ കടന്നുപോകുന്നു എന്നതല്ലാതെ രണ്ടാമതൊന്ന് ആരും ഉന്നയിച്ച് കണ്ടില്ല. ഇദ്ദേഹത്തിന്റെ പ്രശ്നമാണോ ഇപ്പോള്‍ ഈ സമരമായി കത്തിപ്പടരുന്നത്? ഒരു വ്യക്തിക്ക് വേണ്ടി സമരം ഉണ്ടാവാന്‍ പാടില്ല എന്നല്ല. അത് ഒരു സവിശേഷ പ്രശ്നമായി ഉന്നയിക്കപ്പെട്ട് പരിഹാരം കാണാത്തതിനാലാണോ ഈ പ്രക്ഷോഭം?

ഭൂമിയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തര്‍ക്കം പ്രസക്തം തന്നെയാണ് ഇപ്പോഴും. എന്നാല്‍ അതാണോ സമരത്തിന്റെ കാരണം? അല്ല എന്നതാണ് വാസ്തവം. പരിസ്ഥിതിവാദികളും കോണ്‍ഗ്രസുകാരും ലീഗുകാരും ഇസ്ലാമിസ്റ്റുകളും അടങ്ങുന്ന സമരാനുകൂലികളുടെ പ്രതിനിധികള്‍ തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് വിഷയത്തിന്റെ ഫോക്കസ് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നു.

http://www.azhimukham.com/opinion-gail-pipe-line-project-keeps-international-standards-nidhin-pavithran/

സുരക്ഷാ ഭീഷണി

സുരക്ഷാ ഭീഷണി എന്ന പ്രശ്നം പല ആങ്കിളില്‍ ഉയര്‍ത്തപ്പെടുന്ന ഒന്നാണ് ഇവിടെ. എല്‍പിജിയേക്കാളും താരതമ്യേനെ അപകടരഹിതമാണ് എല്‍എന്‍ജി എന്ന വാദത്തിന് അപവാദമായി ഗെയിലിന്റെ തന്നെ വാതക പൈപ്പ്‌ലൈന്‍ വഴി ഉണ്ടായ  നിരവധി അപകടങ്ങള്‍ പദ്ധതി വിരോധികള്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ ലേറ്റസ്റ്റായി ഉണ്ടായത് ആന്ധ്രയിലെ തീപിടിത്തമാണ്. ഇതേത്തുടര്‍ന്ന് അവിടത്തെ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

2014-ല്‍ ആന്ധ്രയില്‍ നടന്ന അപകടം കഴിഞ്ഞ് 2017-ല്‍ പദ്ധതി കേരളത്തില്‍ എത്തുമ്പോള്‍ ഗെയില്‍ സ്വീകരിച്ച അധിക ജാഗ്രതാ സംവിധാനങ്ങളെ ഫ്രാന്‍സിസ് നസ്രെത്തിനെ പോലെയുള്ളവരുടെ പോസ്റ്റുകളില്‍ നിന്നും മനസിലാക്കാം. അദ്ദേഹത്തിന്റെ പോസ്റ്റിലെ ഒരു ഭാഗം താഴെ കൊടുക്കുന്നു.

"ഗെയിൽ കേരളത്തിൽ ഇടുന്ന പൈപ്പ് ഇൻഫ്രാസ്ട്രക്ചറിൽ രണ്ട് കാര്യങ്ങളാണ് അവർ പറയുന്നത്.

1- പൈപ്പുകളിൽ ലീക്ക് ഉണ്ടോ, ഗാസ് ഫ്ളോ എത്ര, മർദ്ദം എത്ര, എന്നൊക്കെ ഇലക്ട്രോണിക് ആയി (കേന്ദ്രീകൃതമായി, ഒരൊറ്റ ഇടത്തുനിന്ന്) നിരീക്ഷിക്കാനും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി അപായ സിഗ്നലുകൾ അയയ്ക്കാനും ഉള്ള സംവിധാനങ്ങൾ (SCADA). ഈ സംവിധാനങ്ങളെ ഉപഗ്രഹം വഴി നിരീക്ഷിക്കുന്നുമുണ്ട്.


2- പൈപ്പുകൾ തുരുമ്പിക്കാതിരിക്കാൻ വൈദ്യുതി ഉപയോഗിച്ചുള്ള സംരക്ഷണ സംവിധാനം (impressed current Cathodic Protection) - ഗോദാവരിയിൽ തീപിടിച്ച പൈപ്പ് ലൈനിനു ഇത് ഇല്ലായിരുന്നു, ഇപ്പോൾ ആന്ധ്രയിലെ പൈപ്പ് ലൈനുകളെല്ലാം കാഥോഡിക് സംരക്ഷണം ഉള്ള പൈപ്പുകളിലേക്ക് മാറ്റുന്നു."

അപകടരഹിതമായ ജീവിതം എന്നത് അസാധ്യമായ ഒരു സാധ്യതയാണ്, പ്രകൃതിവിരുദ്ധവും. ഈ കാണുന്ന വികസന പൊല്ലാപ്പ് ഒന്നും ഇല്ലാതിരുന്ന കാലത്തും പ്രകൃതിയില്‍ ഓരോ ജീവനും ഒരു അപകട സാധ്യതയെ എന്നും മുന്നില്‍ കണ്ടിരുന്നു. അത്  മറ്റൊരു ജന്തുവിന് ആഹാരമാകുക എന്നതാണ്. അല്ലെങ്കില്‍ ആഹാരത്തിനായുള്ള സംഘര്‍ഷത്തില്‍ അപകടം, അഥവാ പരിക്ക് പറ്റുക, അങ്ങനെ പട്ടിണി കിടന്ന് ചാവുക എന്നത്. അപ്പോള്‍ അതിജീവനമെന്നത് അപകടത്തെ ഒഴിവാക്കലല്ല, അതിനെ ചുരുക്കലാണ് എന്ന് വ്യക്തം. ഗെയില്‍ പദ്ധതിയെ അപകടസാധ്യത മുന്‍നിര്‍ത്തി ഇന്ന് എതിര്‍ക്കുന്നവര്‍ പണ്ട് പറഞ്ഞതെന്തായിരുന്നു എന്ന് ഓര്‍ത്തെടുത്താല്‍ ഈ വാദത്തിന്റെ പൊള്ളത്തരവും വ്യക്തമാകും.

http://www.azhimukham.com/news-wrap-islamic-extremist-organisations-behind-gail-protest-says-cpm-bjp-and-police-sajukomban/

സുരക്ഷയെ ചൊല്ലി ആശങ്ക ഉയര്‍ത്തുന്നതാരൊക്കെ?

ഇപ്പോള്‍ സമരം എറ്റെടുക്കാന്‍ പോകുന്നു എന്ന് പറയുന്ന യുഡിഎഫിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പണ്ട് പദ്ധതിയെ കുറിച്ച് പത്രസമ്മേളനം വിളിച്ച് വിശദികരിച്ചത് ഇത് കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണ് എന്നല്ലേ? ഇന്ന് സമരത്തെ എതിര്‍ക്കുന്നവര്‍ പറയുന്ന യുക്തികള്‍ ഒക്കെത്തന്നെയാണ് അന്ന് അദ്ദേഹവും പറഞ്ഞത്. നമ്മുടെ വീതികുറഞ്ഞ റോഡുകളിലൂടെ പാഞ്ഞുപോകുന്ന ഗ്യാസ് ടാങ്കറുകള്‍ ഉണ്ടാക്കുന്ന സുരക്ഷാ ഭീഷണി വച്ച് നോക്കുമ്പോള്‍ ഇത് താരതമ്യേനെ എത്രയോ അപകടം കുറഞ്ഞതാണ് എന്ന്. കൃത്യമായ  സുരക്ഷാ മാനദണ്ഢങ്ങള്‍ ഉണ്ട് എന്നും അതിന് മോണിട്ടറിംഗ് സംവിധാനങ്ങളും ഉണ്ട് എന്നും പറഞ്ഞാലും പദ്ധതി വിരോധികളായ സി.ആര്‍ നീലകണ്ഠനെ പോലെയുള്ളവര്‍ ചോദിക്കുന്നത് ഇതൊക്കെ നടക്കും എന്നതിന് എന്തുറപ്പ് എന്നാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി ആപ്പ് ഭരിക്കുന്ന ഡല്‍ഹിയില്‍ ഗെയില്‍ പൈപ്പ് വഴി വിതരണം ചെയ്യപ്പെടുന്ന വാതകം വ്യാപകമായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇതൊരു കുഴിച്ചിട്ട ബോംബ്‌ ആണെങ്കില്‍ അതിനെ തോണ്ടി എത്രയും പെട്ടന്ന് നിര്‍വീര്യമാക്കാന്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനപക്ഷ സര്‍ക്കാര്‍ ശ്രമിക്കണ്ടേ, അതാവണ്ടേ മുന്‍ഗണനാ ക്രമത്തില്‍ ആദ്യം വരേണ്ടതും? എന്തുകൊണ്ട് അത് ഉണ്ടാകുന്നില്ല?

ഇതിനൊക്കെ എന്ത് മറുപടി! ഇദ്ദേഹത്തെപ്പോലെയുള്ളവരെ കൂടെക്കൂട്ടുന്നതോടെ സമരക്കാരുടെ, 'പദ്ധതിക്ക് ഞങ്ങള്‍ എതിരല്ല' എന്ന നിലപാട് പോലും സംശയിക്കേണ്ടാതായി വരുന്നു. പിന്നെയൊരു വാദം ലീഗ് പ്രതിനിധി ഉയര്‍ത്തിയ 'കടല്‍ വഴി കൊണ്ടുപോയ്ക്കൂടെ' എന്നതാണ്. അങ്ങനെയെങ്കില്‍ അത് 2015-16 കാലത്തും ആകാമായിരുന്നു. എന്തുകൊണ്ട് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായ കുഞ്ഞാലിക്കുട്ടി അത്തരം ഒരു നിര്‍ദ്ദേശം വച്ചില്ല?

http://www.azhimukham.com/kazhchzppadu-cr-neelakandan-asking-vital-questions-about-gail-pipe-line/

മുക്കത്ത് സമരം നയിക്കുന്ന കോണ്‍ഗ്രസ്, ലീഗ് പ്രതിനിധികള്‍ ഉന്നയിക്കുന്ന വിചിത്ര വാദങ്ങളില്‍ ഒന്ന് അവിടുത്തെ ജനസാന്ദ്രതയാണ്. അപ്പോള്‍ കൊച്ചി ഉള്‍പ്പെടെയുള്ള പദ്ധതി കടന്നുപോകുന്ന മറ്റ് സ്ഥലങ്ങള്‍ ജനവാസമില്ലാത്തവയാണോ? സുരക്ഷയാണ് പ്രശ്നമെങ്കില്‍ അത്തരം ന്യായമായ ഒരു ആശങ്കയുടെ സാധുതയ്ക്കായി കള്ളങ്ങളെയും വ്യാജപ്രചരണങ്ങളെയും അവലംബിക്കേണ്ടതില്ല. അപ്പോള്‍ സമരാനുകൂലികള്‍ ഊതിപ്പെരുപ്പിക്കുന്ന സുരക്ഷാ ഭീഷണി വസ്തുതാവിരുദ്ധവും മറ്റ് താത്പര്യങ്ങളില്‍ ഊന്നുന്നതുമാണെന്ന് വ്യക്തം.

ഇതെല്ലാം കഴിഞ്ഞും പിന്നെയും ചില വിമര്‍ശനങ്ങള്‍ ബാക്കിയാവുന്നു. അത് ഈ പറഞ്ഞ രാഷ്ട്രീയ പശ്ചാത്തലവും അതില്‍ നിന്നുണ്ടാകുന്ന താല്പര്യങ്ങളും ഒന്നും ഇല്ലാത്ത അഡ്വ. ജഹാംഗിര്‍ ആമിന റസാഖിനെ പോലെയുള്ള  നിഷ്പക്ഷര്‍ വിഷയം ഉറക്കമൊഴിച്ചിരുന്ന് പഠിച്ച് കണ്ടെത്തുന്ന ചില ശാസ്ത്ര, വസ്തുതാ 'സത്യ'ങ്ങളാണ്. അവ പലതുണ്ട്. തത്കാലം മുഖ്യമായ  രണ്ടെണ്ണം എടുക്കാം. ഒന്ന് ഈ പദ്ധതി വഴി ഗാര്‍ഹിക ആവശ്യത്തിനായി വാതകം ലഭിക്കും എന്ന വാദമേ നടപ്പുള്ളതല്ല എന്നതാണ്. മറ്റൊന്ന് ഇത് നടപ്പായ ഇടങ്ങളില്‍, വികസിത രാജ്യങ്ങളില്‍ ഉള്‍പ്പെടെ പൈപ്പ് ലൈന്‍ കടന്നുപോകുന്നത് ജനവാസ കേന്ദ്രങ്ങള്‍ക്ക് പുറത്ത് കൂടിയാണെന്നും. ഇതിന്റെ സത്യാവസ്ഥ എന്ത് എന്നറിയാന്‍ ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടു. അത് ഇതാണ്.

http://www.azhimukham.com/trending-ajith-medachirayil-take-on-cr-neelakandan/

ഫെയ്സ്ബുക്ക് പോസ്റ്റ്‌

"പല വിദേശ രാജ്യങ്ങളിലും എല്‍എന്‍ജി പൈപ്പുകളില്‍ നിന്ന് വീടുകളിലേക്ക് പാചകാവശ്യത്തിന് ഗാസ് കണക്ഷന്‍ നല്‍കുന്നുണ്ട് എന്ന് കേട്ടു. അവയൊക്കെയും ജനവാസമില്ലാത്ത ഇടത്തുകൂടിയാണോ പോകുന്നത്? അങ്ങനെയെങ്കില്‍ വീടുകളിലേക്ക് എങ്ങനെ എത്തിക്കും?

ഇന്ത്യയില്‍ പദ്ധതി പുര്‍ത്തിയാക്കിയ ഇടങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ വഴി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് വിതരണം എവിടെയൊക്കെ നടക്കുന്നുണ്ട്? എവിടെയെങ്കിലും ഉണ്ടെങ്കില്‍ ആ ലൈന്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് പുറത്ത് കൂടിയാണോ പോകുന്നത്?


കേരളത്തില്‍ തന്നെ, ഈ പൈപ്പ് ലൈന്‍ മുക്കം ഒഴികെയുള്ള ഇടങ്ങളില്‍ ഒക്കെയും ജനവാസമില്ലാത്ത ഇടങ്ങളിലൂടെയാണോ പോകുന്നത്?

സംഗതി വീണ്ടും കറങ്ങിത്തിരിഞ്ഞ് ജനവാസകേന്ദ്രം, സുരക്ഷാ ഭീഷണി എന്ന ഇടത്ത് തന്നെ വന്നതുകൊണ്ട് ചോദിക്കുകയാണ്."

ഇതാണാ പോസ്റ്റ്‌. ഇതിന് കിട്ടിയ കമന്റുകള്‍ ഉള്‍പ്പെടുത്തി പിന്നെയും ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അത് താഴെ കൊടുക്കുന്നു.

വിദേശ രാജ്യങ്ങളിലോക്കെയും വാതക പൈപ്പ്‌ലൈന്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് പുറത്ത് കൂടിയാണ് പോകുന്നത് എന്ന് വാദിക്കുന്നവര്‍ അറിയാനായി അല്പം മുമ്പിട്ട ഒരു പോസ്റ്റില്‍ വന്ന ചില കമന്റുകള്‍.

Naseer Ch: ലോകത്തൊരിടത്തും, പൂർണമായി ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റി ഇവ കടന്നുപോകുന്നില്ല. ഞാൻ ഖത്തറിലാണ് ജോലിചെയ്യുന്നത്. ഇവിടെയും തഥൈവ.

Kalesh Kumar: ബാംഗ്ലൂർ ഉണ്ട്. ഇവിടെ നഗരത്തിനകത്തുകൂടിയാ പൈപ്പ് ലൈൻ.

Joby Chacko: സഖാവേ നമ്മളിവിടെ അമേരിക്കയിൽ ആണ് താമസം. എല്ലാ അപ്പാർട്ട്‌മെന്റിലും വീടുകളിലും ഒക്കെ പൈപ്പ് ലൈൻ വഴിയാണ് ഗ്യാസ് വിതരണം. പാത്രം അടുപ്പത്ത് വെച്ചു സ്വിച്ച് തിരിച്ചാൽ അടുപ്പ് കത്തും. അല്ലാതെ നമ്മുടെ നാട്ടിൽ പോലെ രാവിലെ മുതൽ ഗ്യാസ് കുറ്റി ഗേറ്റിങ്കൽ കൊണ്ടു വെച്ചു ഗ്യാസും വണ്ടി വരുന്നുണ്ടോ എന്നു വഴിക്കണ്ണോടെ കാത്തിരിക്കേണ്ട അവസ്ഥയില്ല. സബ്സിഡി ബാങ്കിൽ വന്നോന്നു നോക്കി ഇരിക്കേണ്ട അവസ്ഥ ഇല്ല. ഈ പൈപ്പ് ലൈനുകൾ എല്ലാം ജനവാസ കേന്ദ്രങ്ങളിലൂടെ തന്നെയാണ് പോകുന്നത്.


റെജി ജോർജ്ജ്: ന്യൂയോര്‍ക്ക് സിറ്റിയുടെ താഴെക്കൂടെ ഗ്യാസ് ലൈന്‍ കടന്നുപോകുന്നുണ്ട്. അത് വളരെ പഴക്കമുള്ള ഗ്യാസ് പൈപ്പാണ്. 2014-ലും 2015-ലും ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ച് അപകടവുമുണ്ടായിട്ടുണ്ട്. അപകടങ്ങള്‍ പ്രധാനമായും ഉണ്ടാകുവാനുള്ള കാരണം നിയമവിരുദ്ധമായി മനുഷ്യര്‍ ഗ്യാസ് കണക്ഷന്‍ എടുക്കതിലൂടെയാണുണ്ടാകുന്നത്.

Alex John: യു.കെയില്‍, ലണ്ടനിലെ കാര്യം ഞാന്‍ പറയാം. ലണ്ടനിലെ എല്ലാ സ്‌ട്രീറ്റുകളിലുടേയും ഗാസ്‌ ലെെന്‍ കടന്ന് പോകുന്നു. അതില്‍ നിന്നും തൊട്ട്‌ ചേര്‍ന്ന് നില്‍ക്കുന്ന വീടുകളിലേക്ക് വീടുകളുടെ അടിയിലുടെയോ പാര്‍ശ്വങ്ങളിലൂടെയോ കണക്കറ്റ് ചെയ്‌തിട്ടാണ്‌ അടുക്കളയിലെ സ്‌ററൗവിലേക്ക് ഗ്യാസ്‌ എത്തുന്നത്‌. എന്നുവെച്ചാല്‍ നാട്ടിലെ വാട്ടര്‍ കണക്‌ഷന്‍ പോലെ തന്നെ. 
റോഡിന്റെ ഇരുവശവും വീടുകള്‍ ചേര്‍ന്ന് ചേര്‍ന്ന്‌ നില്‍ക്കുന്നു. 20 വര്‍ഷത്തോളമായി ഞാനിവിടെ ജീവിക്കുന്നു. എന്‍െറ വീടിന്‍െറ അടിയിലൂടെയാണ് ഗ്യാസ്‌ കണക്‌ഷന്‍. ഇനി മറെറാന്ന്, ഗ്യാസ്‌ സംഭരണ ടാങ്കുകള്‍ (പുതുവയ്‌പ്പ് മോഡല്‍) അതും ലണ്ടന്‍െറ ഉളളിലുണ്ട്.  ലണ്ടനിലെ ജനസാന്ദ്രതയെ കുറിച്ച്‌ ഞാന്‍ പറയേണ്ടല്ലോ. 

http://www.azhimukham.com/trending-why-dont-gov-come-to-people-to-discuss-withrasak-paleari-asking/

ഇനി ഗ്യാസ് ലൈന്‍ കുത്തകകള്‍ക്ക് വേണ്ടിയാണ്, ഇതില്‍ നിന്ന് വീടുകളിലേക്ക് പാചകവാതകം ലഭ്യമാക്കലൊന്നും നടപ്പുള്ള കാര്യമേ അല്ല എന്ന് വാദിക്കുന്നവര്‍ക്കായി ചില സാക്ഷ്യങ്ങള്‍

Kalesh Kumar: ബാംഗ്ലൂർ ഉണ്ട്. ഇവിടെ നഗരത്തിനകത്തുകൂടിയാ പൈപ്പ് ലൈൻ. ജനവാസകേന്ദ്രത്തിലൂടെ കടകൾക്കും ബഹുനില ഫ്ലാറ്റുകൾക്കും മുന്നിലൂടെ. കുറ്റി ഗ്യാസിനെക്കാളും വിലക്കുറവുള്ളതുകൊണ്ട് സംഗതിക്ക് നല്ല ഡിമാന്റുമാ.

Naseer Ch: ഡൽഹിയിൽ വീടുകളിൽ ഈ ഇന്ധനമാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.

VN Prakash: ഞാൻ ബാംഗ്ലൂരിലാണ് ഇപ്പോൾ താമസിക്കുന്നത്... ജനവാസമേഖലയിൽ കൂടിത്തന്നെയാണ് എല്‍.എന്‍.ജി പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഗർഹിക/വ്യാവസായിക ആവശ്യത്തിന് ഈ വാതകം ഉപയോഗിക്കുന്നുണ്ട്.


ഇനി തീരുമാനം, വായിക്കുന്നവര്‍ എടുക്കുക. അത് എന്തായാലും ഗ്യാസ് ലൈന്‍ വഴി വീടുകള്‍ക്ക് പാചക വാതകം കൊടുക്കാനേ ആവില്ല, പദ്ധതി നടപ്പിലായ ഇടങ്ങളില്‍ ഒക്കെയും അത് ജനവാസ കേന്ദ്രങ്ങള്‍ക്ക് പുറത്ത് കൂടിയാണ് പോകുന്നത് തുടങ്ങിയ കള്ളങ്ങള്‍ 'പഠിച്ച്' പറയരുത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories