UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

കബളിപ്പിക്കപ്പെട്ട ഒരു രാജ്യത്തിന് അതിന്റെ ജീവശ്വാസവും ധാര്‍മികതയും വീണ്ടെടുക്കേണ്ടതുണ്ട്

ബിജെപി പ്രസിഡന്റിനെ ആധുനിക ‘ചാണക്യന്‍’ എന്ന് വാഴ്ത്തിക്കൊണ്ടുള്ള ലേഖനങ്ങള്‍ നീതി ആയോഗ് അംഗങ്ങള്‍ വരെ പത്രമാധ്യമങ്ങളില്‍ എഴുതിപ്പിടിപ്പിക്കുന്ന കാലം.

ഹരീഷ് ഖരെ

കഴിഞ്ഞ ഞായറാഴ്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ വായനക്കാരില്‍ ഒരാള്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ നിരാശകലര്‍ന്ന ഒരു കത്ത് എഡിറ്റര്‍ക്ക് (ദ ട്രിബ്യൂണ്‍, സെപ്തംബര്‍ 20) അയച്ചിട്ടുണ്ട്: ‘പരാമര്‍ശങ്ങള്‍ പരുഷമായിരുന്നു എന്ന് മാത്രമല്ല, ഒരു ആഘോഷവേളയ്ക്ക് ചേരുന്നതുമായിരുന്നില്ല… പാര്‍ട്ടിയുടെ കീഴ്ത്തട്ടിലുള്ള ഒരു വഴക്കാളിയുടെ നിന്ദ്യമായ ജോലി ഉപേക്ഷിക്കാന്‍ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ തലവനായ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവണം.’ അണക്കെട്ടിനെ എതിര്‍ക്കുന്നവരുടെ ‘അടിയാധാരം’ വരെ തനിക്ക് ലഭ്യമാണെന്ന് ഭീഷണിയുടെ സ്വരത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത് ഇവിടെ ഓര്‍ക്കുക. അണക്കെട്ടിന്റെ ശിലാസ്ഥാപനം നടത്തിയത് നെഹ്രുവായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പേര് ബോധപൂര്‍വം പ്രധാനമന്ത്രി പരാമര്‍ശിച്ചില്ല എന്നും പത്രറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഊട്ടിവളര്‍ത്തപ്പെട്ട അല്‍പ്പത്തം നിരവധി പേരുടെ കാതുകള്‍ക്ക് സംഗീതമാകുന്ന ഒരു സമയം അത്ര വിദൂരമല്ലാത്ത ഒരു കാലത്ത്  ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതല്ല. ഇപ്പോള്‍, അത് ചൊടിപ്പിക്കുന്നു. രാജ്യത്തിന് ഒരു വികാരവിരേചനം ആവശ്യമായിരുന്ന ഒരു സമയം ഉണ്ടായിരുന്നു. 2014 മെയില്‍ അത് സംഭവിച്ചു. കുറച്ചുകാലത്തേക്ക്, തികഞ്ഞ രാഷ്ട്രീയ ഊര്‍ജ്ജത്തിലും ദ്രുതഭാഷണങ്ങളിലും ശകാരപ്രേമികളായ നേതൃത്വത്തിലും തങ്ങളുടെ തന്നെ കണ്ണഞ്ചുന്നത് നിരവധി ആളുകള്‍, പ്രത്യേകിച്ചും തങ്ങളുടെ ഭരണസാങ്കേതിക നിസംഗതയില്‍ അഭിമാനം കൊള്ളന്നവര്‍, തിരിച്ചറിഞ്ഞു; പുതിയ, ബൗദ്ധിക വിരുദ്ധ പ്രവണതകളും ജനപ്രിയ ദേശീയതയുടെ ആവാഹനവും വളരെ സ്വാഭാവികവും ചട്ടപ്പടിയുള്ളതുമാണ് എന്ന ബോധം വളര്‍ന്നു.

എന്നാല്‍ അങ്ങനെ കബളിപ്പിക്കപ്പെട്ട ഒരു രാജ്യം അതിന്റെ ജീവശ്വാസവും ധാര്‍മ്മിക നിശ്ചയങ്ങളും വീണ്ടെടുക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച കണ്ടതുപോലെയുള്ള ഇടുങ്ങിയ മാനസികവ്യാപാരങ്ങളില്‍ ഈ രാജ്യത്തിനിപ്പോള്‍ ഔന്നിത്യം തോന്നുന്നില്ല. സര്‍വോപരി, ഒരു അവഹേളന പ്രസ്ഥാനത്തില്‍ അഞ്ചുവര്‍ഷം കുരുങ്ങിക്കിടക്കാന്‍ ഒരു രാജ്യത്തിനുമാവില്ല. കാര്‍ത്തി ചിദംബരത്തിനെതിരെ നടക്കുന്ന മറ്റൊരു സിബിഐ റെയ്ഡിന്റെയോ റോബര്‍ട്ട് വാദ്രയ്ക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിന്റെയോ പേരില്‍ നമുക്ക് എത്രകാലം ആവേശം കൊള്ളാന്‍ സാധിക്കും. അല്ലെങ്കില്‍, ദേശീയ സമ്പദ് വ്യവസ്ഥയിലും ദേശീയ സ്ഥാനപനങ്ങളിലും കുടിലചിത്തര്‍ ഏല്‍പ്പിച്ച കടുത്ത ക്ഷതങ്ങളെ കുറിച്ചുള്ള തെളിവുകള്‍ എത്രകാലം അവഗണിക്കാന്‍ സാധിക്കും?

തെളിവുകള്‍ കുന്നുകൂടുകയാണ്. നോട്ട്‌നിരോധനം സൃഷ്ടിച്ച ദേശവ്യാപക അവ്യവസ്ഥ; ജിഎസ്ടി കേന്ദ്രീകൃത വിള്ളലുകള്‍; കുതിച്ചുയരുന്ന തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം അപരിമിത അധികാരം കൈയാളുന്ന പരിമിത ബുദ്ധികളുടെ അവകാശവാദങ്ങളെ തകര്‍ത്തെറിയുന്നവയാണ്. പെട്രോളിന്റെയും ഡീസലിന്റെയും കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള വിലവര്‍ദ്ധന ഗര്‍വിഷ്ടമായ രീതിയില്‍ ന്യായികരിക്കപ്പെടുന്നു. ഇവയെല്ലാം തിരിച്ചടിച്ച് തുടങ്ങിയിരിക്കുന്നു.

കാര്യക്ഷമതയോ ശേഷിയോ സൃഷ്ടിക്കാന്‍ വ്യക്തിപ്രഭാവത്തിനായിട്ടില്ല. ആശയക്കുഴപ്പം ബാധിച്ച ഒരു സമൂഹത്തില്‍ ഊര്‍ജ്ജവും ലക്ഷ്യവും ഉത്തേജിപ്പിക്കുന്നതിന് ഒരു നേതാവിന് സാധ്യമായേക്കാമെങ്കിലും വ്യക്തിത്വ ആരാധനയ്ക്ക് ഉറപ്പുള്ള ചില കോട്ടങ്ങളുണ്ട്. ആ കോട്ടങ്ങള്‍ ഇപ്പോള്‍ രാജ്യത്തിന്റെ ചൈതന്യത്തിനും ക്രിയാത്മകതയ്ക്കും വിലയിട്ടുകൊണ്ടിരിക്കുകയാണ്. മനസുകളെ പൂട്ടിയിടാന്‍ നമ്മോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.

ഒരു തരത്തിലുള്ള കൂട്ടായ അല്‍പ്പബുദ്ധികളുടെ അടിമകളായി നമ്മള്‍ മാറുന്നു എന്നതാണ് വലിയ കഷ്ടം. ഉന്നതമായ ചിന്തകളെയും നൈപുണ്യങ്ങളെയും നമ്മള്‍ ഒഴിവാക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ബഹുമാനിക്കപ്പെടുന്ന രഘുറാം രാജന് പകരം ഇന്ത്യയുടെ റിസര്‍വ് ബാങ്കില്‍ ആരുടെ മുന്നിലും കുനിഞ്ഞു നില്‍ക്കുന്ന ഒരാള്‍ വരുന്നു; താന്‍ സ്വാഗതം ചെയ്യപ്പെടുന്നില്ല എന്ന തോന്നല്‍ അരവിന്ദ് പനഗാരിയയ്ക്ക് ഉണ്ടാവുന്നു. ‘വിദേശപരിശീലനം’ നേടിയ സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ കാലം കഴിഞ്ഞുവെന്ന് ആദ്യത്തെ പൊതുപ്രസ്താവനയില്‍ പ്രഖ്യാപിക്കുന്ന ഒരു സാധാരണ സാമ്പത്തികകാരന്‍ പനഗാരിയയുടെ സ്ഥാനം അപഹരിക്കുന്നു. ലൂട്ട്യന്‍സിലെ വരേണ്യര്‍ എന്ന വിശേഷിപ്പിക്കപ്പെടുന്നവര്‍ക്കെതിരായ വിശാലവും അപക്വവുമായ കുരിശുയുദ്ധത്തിന്റെ ഭാഗമാണ് വിദേശ പ്രതിഭകളെയും നൈപുണ്യത്തെയും അപമാനിക്കാനുള്ള ഔദ്യോഗിക പിന്‍ബലമുള്ള ഈ നീക്കം. രാജ്യത്തെ ഐക്യപ്പെടുത്തുകയും ചലിപ്പിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത നെഹ്രൂവിയന്‍ പൊതുസമ്മതിയെ തകര്‍ത്തെറിയുന്നതിന്റെ അവിഭാജ്യഘടകമായി വേണം ‘ലൂട്ട്യന്‍സിലെ വരേണ്യര്‍’ക്കെതിരായ ഈ ആക്രമണത്തെ കാണാന്‍.

പകരം ആവര്‍ത്തനവിരസമായ ഒരു വാദം മുന്നോട്ട് വരുന്നു; ‘വിദേശ’ ആശയങ്ങളും യുക്തികളും നമ്മെ ഭരിക്കാന്‍ നമ്മള്‍ അനുവദിച്ചതുകൊണ്ടാണ് ദേശീയ ഔന്നിത്യം നമ്മെ വിട്ടകന്നതെന്ന് നമ്മോട് പറയുന്നു; അതുകൊണ്ടുതന്നെ ‘ഭാരതീയത’യുടെ സാംസ്‌കാരിക സത്ത വീണ്ടെടുക്കാനും പുനഃസ്ഥാപിക്കാനുമുള്ള സമയം ആഗതമായിരിക്കുന്നു. കോളനി ചിന്തകളുടെയും കോളനി വീക്ഷണത്തിന്റെയും തടവിലാണ് നമ്മള്‍ ഇപ്പോഴും എന്നാണ് വാദം. ‘ഉണര്‍ത്തെഴുന്നേറ്റ പുതിയ ഭാരത’ത്തിന് വേണ്ടി നമ്മുടെ മനസുകളെ കോളനി വിമുക്തമാക്കുക എന്നതാണ് കാലം ആവശ്യപ്പെടുന്നത് എന്നാണ് ആ വാദം. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്തിന്റെ സാന്നിധ്യത്തില്‍ ഒരു നീതി ആയോഗ് അംഗമാണ് ഈ ദുര്‍ഭൂതത്തിന് രൂപകല്‍പന നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്: ‘ഇന്ത്യ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്; രാജ്യം സ്പന്ദിക്കുകയാണ്; അത് തമസിനെ മറികടക്കുകയും രജസിനെ (ഗുണപരമായ മാറ്റത്തെ) ഉള്‍ക്കൊള്ളുകയുമാണ്.’ ഉണ്ടായിരിക്കേണ്ട എല്ലാ നൈപുണ്യവും വിജ്ഞാനവും നമുക്കുണ്ട് എന്ന് നമ്മോട് പറയുന്നു; ലോക ഗുരുവായി നമ്മള്‍ മാറുന്നതിന് പുരാതന ജ്ഞാനത്തിലേക്ക് മടങ്ങിപ്പോകേണ്ട ആവശ്യം മാത്രമേയുള്ളു. ഐവി ലീഗും അതിന്റെ ഉല്‍പന്നങ്ങളും നമുക്ക് ആവശ്യമില്ല; നമ്മുടെ അപരിഷ്കൃത സര്‍വകലാശാലകളും അവരുടെ വിലക്ഷണ ‘പണ്ഡിതരും’ ആ വിടവ് നികത്തിക്കൊള്ളും. സര്‍വകലാശാല ലൈബ്രറികള്‍ നമുക്ക് കത്തിക്കാം. ആര്‍ക്കും അതില്‍ നഷ്ടബോധം തോന്നില്ല. നമുക്ക് നമ്മുടെ ശ്രേഷ്ഠമായ ഭൂതകാലമുണ്ട് എന്നണെല്ലോ വാദം.

ഈ അഗമ്യഗാമിയായ പൊങ്ങച്ചം ആരെയും അത്ഭുതപ്പെടുത്തുന്നില്ല. കാരണം, ഈ രണ്ടാംതരം നിര്‍വാഹകരെ തുറന്നുകാണിക്കുന്നതിനുള്ള തൊഴില്‍പരമായ ധൈര്യം നമ്മുടെ ബുദ്ധിജീവികള്‍ക്കും മാധ്യമങ്ങള്‍ക്കും നഷ്ടമായിരിക്കുന്നു. ഒരു പുതിയ ധാര്‍ഷ്ട്യം ഉടലെടുത്തിരിക്കുന്നു. നമ്മുടെ കൂട്ടായ പരാജയങ്ങള്‍ക്കുള്ള എല്ലാ ഉത്തരവും ദീനദയാല്‍ ഉപാധ്യായയുടെ കൈകളില്‍ ഉണ്ടായിരുന്നു എന്ന് നമ്മള്‍ ശാഠ്യം പിടിക്കുന്നു. റാഫി മാര്‍ഗ്ഗിലെ വിപി ഹൗസിലെ ഇടുങ്ങിയ താവളങ്ങളില്‍ നിന്നും സഫ്ദര്‍ജംഗ് റോഡില്‍ മോടിപിടിപ്പിച്ച പുല്‍ത്തകിടികളോട് കൂടിയ വിശാല ബംഗ്ലാവുകളിലേക്ക് മാറിയതോടെ, തങ്ങള്‍ക്ക് രാജകീയ പ്രാമാണികത ലഭിച്ചതായി ഈ അല്‍പ്പബുദ്ധികള്‍ വിചാരിക്കുന്നു. തങ്ങളുടെതായ ദര്‍ബാരി സംസ്‌കാരം ഈ പുതിയ സുല്‍ത്താന്മാര്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ബിജെപി പ്രസിഡന്റിനെ ആധുനിക ‘ചാണക്യന്‍’ എന്ന് വാഴ്ത്തിക്കൊണ്ടുള്ള ലേഖനങ്ങള്‍ നീതി ആയോഗ് അംഗങ്ങള്‍ പത്രമാധ്യമങ്ങളില്‍ എഴുതിപ്പിടിപ്പിക്കുന്നു.

നമ്മുടെ ചിന്തകളെ തടവിലിടുന്ന പ്രക്രിയയ്ക്കാണ് നമ്മള്‍ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. വ്യക്തിപൂജ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മഹാന്മാരായ നേതാക്കളുടെ ശക്തിയ്ക്കും ആസ്തിക്കും മേല്‍ അവരുടെ പരിമിതികളും ദൗര്‍ബല്യങ്ങളും സ്ഥാനം പിടിക്കുന്നു. സര്‍ഗ്ഗശേഷിയുടെ കൂട്ടായ്മയ്ക്കുള്ള ശേഷി നഷ്ടമായതോടെ സര്‍ക്കാരിന്റെ കാബിനറ്റ് സംവിധാനത്തിന്റെ കാര്യക്ഷമതയ്ക്ക് ഭംഗമേറ്റിരിക്കുന്നു. പ്രതിഭയുടെ ദൗര്‍ലഭ്യത്തെ മറികടക്കാന്‍ പ്രധാനമന്ത്രിയുടെ വാചാടോപ ശൗര്യത്തിനോ രാഷ്ട്രീയ എതിരാളികളെ അവഹേളിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കിനോ അദ്ദേഹത്തിന്റെ ഭൂതകാല എളിമയ്‌ക്കോ ഭാരതമാതാവിനോടുള്ള അദ്ദേഹത്തിന്റെ അവിതര്‍ക്കിത പ്രതിജ്ഞാബദ്ധതയ്‌ക്കോ സാധിക്കുന്നില്ല. ഒരിക്കല്‍ അദ്ദേഹം ദേശത്തെ വിസ്മയിപ്പിച്ചിരുന്നു; ആ പ്രഭാവം ഇപ്പോഴില്ല. അമിത അതിശയോക്തി കലര്‍ന്ന വാഗ്ദാനങ്ങളും അവകാശവാദങ്ങളുമായി തരംതാണ പ്രകടനങ്ങള്‍ തുലനം ചെയ്യാനാവാതെ വന്നതോടെ കഴിവില്ലായ്മ വെളിപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.

അതിനിടയില്‍, ഗോരഖ്പൂര്‍, ഫറുഖാബാദ്, നാസിക് സിവില്‍ ആശുപത്രി എന്നിവിടങ്ങളില്‍ സംഭവിച്ച കുട്ടികളുടെ മരണവും പഞ്ചകുളയില്‍ ഉണ്ടായ കലാപവും സദ്ഭരണം എന്ന സങ്കല്‍പത്തെ പുനര്‍നിര്‍വചിച്ചിരിക്കുന്നു. കൂടുതലായി എന്ത് പറയാന്‍. ഓരോ ശ്രദ്ധേയ പരാജയങ്ങള്‍ക്കും ധാര്‍ഷ്ട്യം നിറഞ്ഞ ന്യായീകരണങ്ങള്‍ ഉണ്ടാവുന്നു: നമ്മള്‍ ഒരു വലിയ രാജ്യമായതിനാല്‍ കലാപങ്ങളും പരാജയങ്ങളും ഉണ്ടാവും എന്നണത്. കാര്‍ഷികമേഖലയിലെ ദുരിതം തുടരുന്നു. അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന മഹത്തായ വാഗ്ദാനം നല്‍കിയ ശേഷം, കേന്ദ്രത്തിന്റെ ഉത്തരവാദിത്വം നിരാകരിക്കാനാണ് ഹതാശയനായ കൃഷി മന്ത്രിയോട് ആവശ്യപ്പെടുന്നത്; പകരം അവശ്യ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നു. പൊതുജനവിശ്വാസത്തെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും എത്രമേല്‍ അവഹേളിക്കുന്നു! യുക്തിസഹമായ ഒരു വിപരീതാഖ്യാനം തുന്നിച്ചേര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുകയോ സാധിക്കാതിരിക്കുകയോ ചെയ്യട്ടെ, പൗരന്മാര്‍ തങ്ങളെ രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍