Top

കശ്മീർ ചരിത്രം ആട്ടക്കഥ; അമ്ലേഷ്യം ഇല്ലാതെ

കശ്മീർ ചരിത്രം ആട്ടക്കഥ; അമ്ലേഷ്യം ഇല്ലാതെ
നമ്മൾ വീടിനു പുറത്തിറങ്ങുമ്പോൾ, ഒരാൾ നമ്മളെ നടുവിരൽ പൊക്കി കാണിച്ച്, "എടാ മൈനേ" എന്ന് വിളിക്കുന്നു. നമ്മൾ ഇതിനോട് എങ്ങനെ പ്രതികരിക്കും?

ഇതിനു ഉത്തരം പറയണമെങ്കിൽ ഇനിയും കാര്യങ്ങൾ അറിയണം. ആൾ പത്താം ക്ളാസിൽ ഒന്നിച്ച് പഠിച്ചത് ആണെങ്കിലോ? തിരിച്ചു തന്തക്ക് വിളിച്ച് ആശ്ലേഷിച്ചേക്കാം. ശത്രു ആണെങ്കിലോ? ആൾ കത്തി എടുക്കുന്ന ഗുണ്ടാ ആണോ? അതോ ഒന്ന് കൊടുത്താലും കുഴപ്പം ഇല്ലാത്തവൻ ആണോ?

അതായത് നമുക്ക് ഓർമ്മകൾ വേണം. അമ്ലെഷ്യം അഥവാ അംനേഷ്യ എന്ന ഓർമ ഇല്ലായ്മ വന്നാലോ? ഇടി കറുത്ത മൂടാൻ - സോറി - ഇതികര്‍ത്തവ്യതാ മൂഢൻ ആയിപ്പോകും.

ഇത് പോലാണ് ചരിത്രം അറിയാതെ സമകാലീന സംഭവങ്ങളെ വിലയിരുത്തുന്നത്.

മ്മക്ക് സ്വാതന്ത്യ്രം വേണോന്നു പറഞ്ഞു ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ബഹളം വച്ചോണ്ട് നടക്കുന്നു. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലും നാല്പതുകളിലും, ഗാന്ധി, നെഹ്റു, പട്ടേൽ എന്നിവരാണ് പ്രധാന വീരന്മാർ. അങ്ങനെ കാംഗ്രസ് വിലസിക്കൊണ്ട് ഇരിക്കുമ്പോ, രണ്ടു ടീമ്സ്, ഇടയിൽ കോലു മിട്ടായി പെറുക്കാൻ വന്നു. ഒന്ന് ജിന്ന. രണ്ട് അംബേദ്കർ. സവർണ ഹിന്ദുക്കടെ പാർട്ടി ആണ് നിങ്ങടെ പാർട്ടി. സ്വാതന്ത്ര്യം കിട്ടിയാ ഞങ്ങ മൂഞ്ചും. ഇതാണ് അടിസ്ഥാനപരമായി, രണ്ടു ഇടങ്കോൽ പാർട്ടികളും പറഞ്ഞത്.

അംബേദ്കറെ ഒരു വിധത്തിൽ തൽക്കാലം അടക്കി ഇരുത്തി.

ജിന്ന പക്ഷെ രക്ഷയില്ല! മുസ്ലിം ലീഗും ഒക്കെ ആയി ഭയങ്കര കച്ചറകൾ. അവസാനം, ചില പ്രൊവിൻഷ്യൽ ഇലെക്ഷനുകളിൽ, മദ്രാസ്സിൽ വരെ ഉള്ള, പാകിസ്ഥാൻ ഉണ്ടായാൽ തന്നെ അങ്ങോട്ട് പോകാൻ യാതൊരു പാങ്ങും ഇല്ലാത്ത മുസ്ലീങ്ങൾ വരെ, മുസ്ലിം ലീഗിന് വോട്ട് ചെയ്തു. കുറ്റം പറയാൻ പറ്റില്ല. അങ്ങനത്തെ ഒരു വൈകാരിക കോപ്പ് കെട്ടാണ് ജിന്ന ഉണ്ടാക്കി എടുത്തത്. പല വർഗീയ കലാപങ്ങളും പുള്ളി തിരി കൊളുത്തുകയും ചെയ്തു. അങ്ങനെ രണ്ടു രാജ്യങ്ങൾ ഉണ്ടാവാതെ രക്ഷയില്ല എന്ന് വന്നു.

അങ്ങനെ ബും....എന്ന് രണ്ടെണ്ണം പൊട്ടി ഭൂമിയുടെ നെഞ്ചത്തേക്ക് വീണു - ഒന്ന് ഇന്ത്യ എന്ന ഹിന്ദുസ്ഥാൻ . രണ്ട്, പാകിസ്ഥാൻ. ഹിന്ദുസ്ഥാനീലെ അന്നത്തെ പ്രമാണി ഹിന്ദുക്കളിൽ അധികാരം ഉണ്ടായിരുന്നവരുടെ ഗുണം കൊണ്ട്, ഹിന്ദുസ്ഥാൻ ഒരു മത രാജ്യം ആയില്ല. പാകിസ്ഥാൻ ഉണ്ടായതെ മത രാജ്യം ആയിത്തന്നെ ആണ്.

ഈ കെയ്ക്ക് ഒക്കെ ഉണ്ടാക്കി മുറിക്കുമ്പോൾ ചിതറുന്ന മാതിരി, അഞ്ഞൂറോളം ചെറു നാട്ടു രാജ്യങ്ങൾ ബാക്കി വന്നു. അതിൽ മുസ്ളീം ഭൂരിപക്ഷം ഉള്ളവ പാകിസ്ഥാനിലോട്ടും, ഹിന്ദു ഭൂരിപക്ഷം ഉള്ളവ ഇന്ത്യയിലോട്ടും വരും എന്നായിരുന്നു പ്രതീക്ഷ. പട്ടേൽ, നെഹ്റു, വി പി മേനോൻ എന്നിവർ ചേർന്ന്, മിക്ക രാജാക്കന്മാരുടെയും, കൈ പിടിച്ചു തിരിച്ച്, ചെവിക്ക് നുള്ളി, ഒക്കെ സമ്മതിപ്പിച്ചു. പക്ഷെ കുറെ രാജ്യങ്ങൾ ഇടഞ്ഞു നിന്നു: കാശ്മീർ
തിരുവിതാംകൂർ, ജുനഗഢ്, ഹൈദരാബാദ്.

ഇതിൽ തിരുവിതാംകൂറിലെയും ഹൈദെരാബാദിലെയും ജനങ്ങൾ ഇളകി, അവസാനം ഇന്ത്യയിൽ ചേരാൻ നിര്‍ബന്ധിതർ ആയി. ഈ കഥ വേറെ അവസരത്തിൽ.

അപ്പൊ ജുനഗഢിൽ മുസ്ലിം രാജാവ്, ഭൂരിപക്ഷം ഹിന്ദു പ്രജകൾ. കാശ്മീരിൽ ഹിന്ദു രാജാവ്, മുസ്ളീം പ്രജകൾ. ഭൂരിപക്ഷം ആണ് ജനങ്ങൾ എന്നെ ഉദ്ദേശിച്ചുള്ളൂ.

ജുനഗഢിലെ നവാബ് പാകിസ്താനിൽ ചേരണം എന്ന് പറഞ്ഞു, ജിന്നക്ക് കത്ത് കൊടുത്തു!

അവിടാണ് പ്രശ്നം ആയത്. കശ്മീർ പാകിസ്ഥാൻ എടുത്തോട്ടെ എന്ന് വിചാരിച്ച് റിലാസ്കെട് ആയി ഇരിക്കയായിരുന്നു, നെഹ്റും പട്ടേലും. ഇത് കേട്ടതോടെ തരിച്ചു കയറി. ആർക്ക്? മ്മ്ടെ ആൾക്കാർക്ക്. പ്രത്യേകിച്ചും പട്ടേലിന്.

അവസാനം ജുനഗഢ് നവാബ് ഓടി പാക്കിസ്ഥാനിലേക്ക് പോയി, സ്ഥലം ഇന്ത്യയുടെ കൈയിൽ വരുകേം ചെയ്തു.

പക്ഷെ കശ്മീർ രാജാവ് ഹരി സിങ്, നമ്മൾ സ്വതന്ത്ര രാജ്യമായി വിലസും എന്ന് പറഞ്ഞു നിൽക്കയാണ്.

ഉഗ്രൻ സ്ഥലം ആണ് കശ്മീർ. സുന്ദരി. സുരഭിലി. ഹിമാലയ വെളുമ്പി. തടാക കോമള, പച്ച, ശ്വേത മനോഹരി. മലകൾ തിങ്ങും മോഹിനി.

ജമ്മു താഴെ. വിഭജനവും പലായനങ്ങളും കഴിഞ്ഞപ്പോൾ, ഹിന്ദു ഭൂരിപക്ഷം. മോളിൽ കശ്മീർ താഴ്വര. പിന്നെ ഗിൽജിത് ബാൾട്ടിസ്ഥാൻ. എല്ലായിടത്തും മുസ്ലിം ഭൂരിപക്ഷം. എന്നാൽ താരതമ്യേന മത ചിന്ത കുറവുള്ളവർ. ശാന്തശീലർ. രാജാവ് ഹിന്ദു. സർക്കാർ ഉദ്യോഗസ്ഥർ മിക്കതും അതിനാൽ തന്നെ ഹിന്ദു; പ്രധാനമായും, പണ്ഡിറ്റുകൾ.

ഇന്ത്യ, പാകിസ്ഥാൻ കൂടാതെ, അഫ്ഘാനിസ്ഥാൻ, ചൈന, ഈ രാജ്യങ്ങളും അയൽക്കാർ. റഷ്യ ഏതാനും കിലോമീറ്ററുകൾ മാത്രം. ഭയങ്കര സ്ഥാനം ഉള്ള സ്ഥലം. ജിയോ പൊളിറ്റിക്കൽ വാസ്തു പ്രകാരം ഉഗ്രൻ. റൊമ്പ പ്രമാദ മാന ഇടം.

ഇതിനിടയിൽ അതാ ഒരാൾ. ആറടി നാലിഞ്ച് പൊക്കത്തിൽ ഒരു സുന്ദര ചെറുപ്പക്കാരൻ. ഇവനെ നോക്കി വച്ചോ. പത്തറുപത് വര്‍ഷം കഴിഞ്ഞും മരിച്ചു കഴിഞ്ഞും പുള്ളി കശ്മീർ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും. പേര് ഷേഖ് അബ്ദുല്ല. ഷേഖ് അന്നത്തെ സയൻസ് ബിരുദധാരി. ഡൽഹിയിൽ നിന്ന് പഠിച്ചു വന്നാൽ ഉടൻ രാജാവിന്റെ കീഴിൽ കശ്മീർ സർക്കാരിൽ ജോലി കിട്ടേണ്ടവൻ. മുസ്ലിം ആയത് കൊണ്ട് കിട്ടുന്നില്ല. ആൾ ഇളകി. പ്രസംഗത്തോട് പ്രസംഗം. ആയിരങ്ങൾ പിറകെ കൂടുന്നു - മുസ്ലിം കോൺഫെറെൻസ് എന്ന സംഘടനാ രൂപീകരിക്കുന്നു. പിന്നീട് ഹിന്ദുക്കളെയും, സിക്കുകാരെയും ഒക്കെ ചേർത്ത് നാഷണൽ കോൺഫെറെൻസ് എന്ന സംഘടനാ ഉണ്ടാക്കുന്നു. ഉദ്ദേശം സൽഭരണം.

ട്വിസ്റ്റ് - നെഹ്രുവും ഷെഖും ഭായി ഭായി. രണ്ടു പേരും ആത്മാർത്ഥ സുഹൃത്തുക്കൾ ആവുന്നു. രണ്ടു പേരും സെക്കുലാർ ലിബറൽസ്. ഷെയ്ഖ് തികഞ്ഞ മുസ്ലിം. പക്ഷെ തികഞ്ഞ സെക്കുലർ മതേതര വാദി. പാകിസ്ഥാൻ വേണ്ടേ വേണ്ട. ഒന്നുകില്‍ ഇന്ത്യയിൽ ചേരും. ഇല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കും. പക്ഷെ കൺഫ്യൂഷൻ. രാജാവ് ഇപ്പോൾ കാശ്മീരിൽ ഒന്നുമല്ല. ഷേഖ് എന്ന് പറഞ്ഞാൽ ആളോള് ചാവും. ഹിന്ദുവും മുസ്ലീമും ഒക്കെ. ജനങ്ങൾക്കും പാകിസ്ഥാനിൽ ചേരേണ്ട. ഷേഖ് പറേന്നത് കേൾക്കും എല്ലാരും.

ഇങ്ങനെ കൺഫ്യൂഷൻ അടിച്ചോണ്ട് നിൽക്കുമ്പോ പാകിസ്ഥാൻ അക്ഷമൻ ആയി. അതോ അക്ഷമയോ. എന്തായാലും ക്ഷമ നശിച്ചു. കാശ്മീരിന്റെ നെഞ്ചത്തോട്ട് കൊറേ പത്താൻ കാർ ഗോത്ര വർഗക്കാരെ ലോറികളിൽ തോക്കും കൊടുത്തു പറഞ്ഞു വിട്ടു. കമാൻഡ് പാകിസ്ഥാൻ ആർമി. ഗോത്രക്കാർ ജാതി മത ഭേദമന്യേ കാശ്മീർകാരെ കൊള്ളയടിച്ചും, കൊന്നും ബലാത്സംഗം ചെയ്തും, ശ്രീനഗറിലേക്ക് കുതിച്ചു. രാജാവ് ജമ്മുവിലേക്ക് ഓടിത്തള്ളി.

"അണ്ണാ, രക്ഷിക്കണേ" ഹരി സിങ് നെഹ്റുവിനെ വിളിച്ച് കരഞ്ഞു. ഷെഖും വിളിച്ചു.

"അടിയൻ ലച്ചിപ്പോം, പക്കേങ്കി മ്മ്ടെ കൂടെ കൂടണം, ന്തെ?" - നെഹ്റു ആൻഡ് പട്ടേൽ.

"ഒക്കെ - എന്ത് വേണോ ചെയ്യാം."

അങ്ങനെ ഇന്ത്യൻ ആർമി ഫ്ളൈ ചെയ്തു ശ്രീനഗറിൽ ഇറങ്ങി. ചടപടാ എല്ലാരേം ഓടിച്ചു. പാകിസ്ഥാനു വടക്കുള്ള ജിൽജിത് ബാൾടിസ്ത്താൻ ഒക്കെ കയിലാക്കി പി ഓ കെ ആക്കി നിന്ന്. നമ്മൾ ജമ്മുവും കശ്മീർ താഴ്വരയും വച്ച് കൊണ്ടിരിക്കയാണ്. അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും.

ഐക്യ രാഷ്ട്ര സഭ ഇടപെട്ടു. യുദ്ധം നിന്നു. ഹിത പരിശോധന നടത്തണം എന്നായി.

ഇനി അത് പള്ളീൽ പറഞ്ഞാ മതി എന്ന് നെഹ്റു.

ഇതിനിടയിൽ ഷേഖ് പിന്നേം കരാർ മാറ്റിക്കൊണ്ടിരുന്നു. സ്പെഷ്യൽ സ്വാതന്ത്ര പദവി വേണം, ആരും അങ്ങോട്ട് കേറി വരരുത്, തേങ്ങാ മാങ്ങാ ഒക്കെ എഴുതി ചേർത്ത ആർട്ടിക്കിൾ 370 ഒക്കെ നെഹ്രുവും പട്ടേലും സമ്മതിച്ചു.

എങ്ങനെങ്കിലും ഒന്ന് വേഗം ഞങ്ങടെ കുടീലോട്ട് വാടെ!

അപ്പോഴേക്കും ജമ്മുവിലെ ഹിന്ദുക്കൾ ഇളകി. ഭാരതീയ ജന സംഘ് എന്ന ബി ജെ പിയുടെ പഴേ പാർട്ടിയുടെ ആളായ ശ്യാമ പ്രസാദ് മുക്കർജി അവിടെ ചെന്ന് കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കി. ഒരു ധാരണയുടെ ഇടയിൽ, അറസ്റ്റിൽ ആയ അദ്ദേഹം ജയിലിൽ ഹാർട്ട് അറ്റാക്ക് ആയി മരിച്ചു. പോരെ പൂരം!

ചോരക്കു പകരം ചോര! പകരം ഞങ്ങൾ ചോദിക്കും! കശ്മീർ ഞങ്ങടെ തറവാട് സ്വത്ത്! അഖണ്ഡ ഇന്ത്യ! എന്നൊക്കെ ആയി ഒരു സംഘടനാ ഓരിയിടൽ തുടങ്ങി.

ഇത് കേട്ടതോടെ ഷേഖിനു പേടി ആയി. നെഹ്റു ചത്താൽ ഇന്ത്യ വെറും ഹിന്ദുസ്ഥാൻ ആകും. നമ്മുടെ കാര്യം ഖുദാ ഗവാ. ഇങ്ങനെ ആണ് ഷേഖിനു തോന്നിയത്. പിന്നേം ഷേഖ് സംഭവങ്ങൾ വച്ച് താമസിപ്പിച്ചോണ്ട് ഇരുന്നു. ഇതിനിടെ ഇന്ത്യൻ ഇന്റലിജൻസ് പതുക്കെ നാഷണൽ കോണ്‍ഫറന്‍സില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കി. ഇന്ത്യയിൽ ഉടൻ ചേരണം എന്നുള്ള ഒരു ഗ്രൂപ്പ് ഉണ്ടാക്കി, ഷെയ്ഖിനെ പുറത്താക്കി! അർധരാത്രി തന്നെ അറസ്റ്റും ചെയ്തു.

പിന്നെ ഒന്നും പറയണ്ട. വച്ചടി വച്ചടി കശ്മീർ ജനങ്ങൾ ഇന്ത്യയിൽ നിന്ന് അകന്നു. പാകിസ്താൻ സകല കുത്തിത്തിരുപ്പും ഉണ്ടാക്കി. 65 ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്ത് കാശ്മീരിൽ കയറിയ പാകിസ്താനുമായി യുദ്ധം. അത് ഒത്തു തീർപ്പായത് ഇന്ത്യൻ ആർമി പാകിസ്ഥാന്റെ പഞ്ചാബിലോട്ട് കേറി ലാഹോറിലേക്ക് മാർച്ച് ചെയ്തപ്പോൾ.

ശാസ്ത്രി പോയി, ഇന്ദിര വന്നു. പിന്നേം യുദ്ധം. ബംഗ്ലാദേശ് ഉണ്ടായി. പാകിസ്താന്റെ മുഖത്ത് കിട്ടിയ അടി. ഷെയ്ഖ് പലപ്പോഴായി അറസ്റ്റിൽ.

തെരഞ്ഞെടുപ്പുകൾ പേരിന്. പല തെരഞ്ഞെടുപ്പുകളും വെറും ഷോ. ബൂത്ത് പിടിച്ചത് സർക്കാർ തന്നെ. കോൺഗ്രസ് കാലത്ത് തന്നെ. എങ്ങനെയും കശ്മീർ മണ്ണ് നമുക്ക് നില നിർത്തണം.

ഇതിനിടെ ആഗോള ഇസ്ലാമൈസേഷൻ. അത് മുതലെടുത്ത് സിയ ഉൾ ഹക്ക്. സ്ഥിരം ഭീകരത. ഭീകരർക്ക് സഹായം. ഗറില്ലാ യുദ്ധം - യുദ്ധമല്ലാത്ത സ്ഥിരം യുദ്ധം - പ്രോക്സി വാർ. കശ്മീർ ജനങ്ങൾ ഇന്ത്യക്കെതിര്. പക്ഷെ ഇനി നമുക്ക് കൈ വിടാൻ പറ്റാത്ത ജിയോ പൊളിറ്റിക്സ്.

ഇതിനിടെ പാവം കാശ്മീരി പണ്ഡിറ്റുകളെ ക്രൂര വംശ ഹത്യ നടത്തി ഓടിച്ചു, കശ്മീർ മുസ്ലീം ഭീകരർ. പതിനായിരങ്ങൾ എല്ലാം നഷ്ടപ്പെട്ടു അഭയാർത്ഥികൾ ആയി. വളരെ അധികം പണ്ഡിറ്റുകളുടെ ജീവൻ നഷ്ടപ്പെട്ടു.

പക്ഷെ ഒരു കാര്യം നമ്മൾ ഓർക്കണം. ഇത്രയും നാളിനിടെ, കശ്മീർ പ്രശ്നം കാരണം, മറ്റുള്ള ഇന്ത്യൻ മുസ്ലീങ്ങൾ ഭീകര വാദത്തിലേക്ക് ഇറങ്ങിയതേ ഇല്ല. അമേരിക്കയിൽ ഒക്കെ ഇസ്ലാം തീവ്ര വാദം ശക്തിപ്പെട്ടപ്പോളും, ഇന്ത്യയിൽ നിന്ന് വളരെ കുറച്ച് പേരെ ശരിക്കും പറഞ്ഞാൽ ഉണ്ടായുള്ളൂ. അത് മാറിയത്, ഇങ്ങനത്തെ ചില ചരിത്ര വഴികളിലൂടെ ആണ്:

രഥ യാത്ര
ബാബ്റി മസ്ജിദ് തകർക്കൽ
രാഷ്ട്രീയം, വർഗീയ ലഹള, വർഗീയ ലഹള, രാഷ്ട്രീയം .
ബോംബെ ലഹളകൾ
ബോംബെ ബോംബ് ഭീകര ആക്രമണം
പല പല ഭീകര ആക്രമണങ്ങൾ
പിന്നെ വലിയ വർഗീയ ലഹള

അങ്ങനെ അങ്ങനെ, നല്ല ജഗ പൊഗ.

ഇങ്ങനെ കാര്യങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോഴും നമ്മുടെ രാജ്യം നല്ലതാണ്. ഭരണ ഘടന നല്ലതാണ്. നിയമ വാഴ്ച ഉണ്ട്. എല്ലാ മനുഷ്യർക്കും സമാധാനമായി ജീവിക്കാനുള്ളത്ര തീറ്റയും, കുടിയും ഒക്കെ പതുക്കെ, കഷ്ടപ്പെട്ട് ഉണ്ടായി വരുന്നു. പതുക്കെ ഒക്കെ നേരെ ആകുമോ?

എനിക്ക് പ്രതീക്ഷ ഉണ്ട്.

ജയ് ഹിന്ദ്!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories