Top

ഇഷ്ടങ്ങളുടേതാണ് ഈ മതരഹിത ജീവിതം-ഹബീബ് അഞ്ജു

ഇഷ്ടങ്ങളുടേതാണ് ഈ മതരഹിത ജീവിതം-ഹബീബ് അഞ്ജു
കുറച്ച് ദിവസങ്ങളായി സ്ട്രീം മുഴുവനും ജാതിയും മതവുമാണ്. മാർച്ച് 26ന് നിയമസഭയിൽ വന്നൊരു നക്ഷത്രമില്ലാ ചോദ്യമാണീ ഇളക്കം ട്രിഗർ ചെയ്തത്. ഈ വർഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർത്ഥികൾ ജാതി, മതം എന്നിവക്കുള്ള കോളങ്ങൾ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ട് എന്നതായിരുന്നു ഇതിനെല്ലാം അടിസ്ഥാനമായ ആ ഡാറ്റ. ഒറ്റനോട്ടത്തിൽ ആവേശം കൊള്ളാനുള്ളതുണ്ടെങ്കിലും വിശദവിവരങ്ങളിലേക്ക് പോയാൽ ഈ കണക്കിൽ പലതും സോഫ്റ്റ്‌വെയറിൽ ഓപ്ഷൻ കൊടുത്തതിലെ ചില ലൂപ്‌ഹോളുകൾ കാരണം സൃഷ്ടിക്കപ്പെട്ടതാണെന്ന് കാണാം. എന്തായാലും കുറച്ച് ദിവസത്തേങ്കിലും മതത്തേയും ജാതിയേയും അത് വേണ്ടെന്ന് വെക്കുന്നവരേയും വെക്കാത്തവരേയും അതിന്റെ മെറിറ്റും ഡീമെറിറ്റും ഒക്കെ ചർച്ചാവിഷയങ്ങളാക്കാൻ ഈ സംഭവത്തിന് കഴിഞ്ഞു.

സ്കൂൾ രേഖയിൽ കൊടുക്കുന്ന വിവരങ്ങളിൽ നിന്ന് ജാതിയും മതവും ഒഴിവാക്കിയാൽ ഇല്ലാതാവുന്ന ഒന്നല്ല ഏതൊരാൾക്കും നിലവിലുള്ള പ്രിവിലേജുകൾ. പ്രിവിലേജ് ഇല്ലാത്തയാൾക്ക് ഇതോടെ ഒന്നും വന്നു ചേരുന്നും ഇല്ല. അതേ സമയം ജാതിയുടെ മാത്രമല്ല, എന്ത് കാര്യത്തിലായാലും ഒരു മാറ്റം വരുമ്പൊ ആദ്യ ദിവസം തന്നെ ഫുൾ ഫ്ലെഡ്‌ജിൽ എല്ലാ കുറവുകളും തീർന്ന് തന്നെ അത് വരണം എന്ന് ഒരു സമൂഹത്തിൽ വാശി പിടിച്ചിട്ട് കാര്യമൊന്നുമില്ല. ഏതിനും അതിന്റേതായ സമയം എടുക്കുക തന്നെ ചെയ്യും. ഏതെങ്കിലും ഒരു രേഖയിൽ നിന്ന് ജാതിയും മതവും ഇല്ലാതാവലല്ല, മറിച്ച് ജാതിയും മതവും അപ്രസക്തമാവുന്ന ഒരു നിലയാണ് വരേണ്ടത്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ അങ്ങനെ ഒരു സമൂലമാറ്റം നടപ്പിലാവാൻ പതിറ്റാണ്ടുകൾ എടുത്തേക്കാം. അങ്ങനെയൊരു വിഷയത്തിൽ ഇന്ന് എണ്ണത്തിൽ ചെറുതെങ്കിലും ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ പൊട്ടിച്ച് പുറത്തേക്ക് വരുന്നവർ അവരുടെ ഭാഗം കൃത്യമായി നിർവഹിക്കുന്നുണ്ട്.

ആറ് കൊല്ലം മുൻപ് വിവാഹത്തോടെയാണ് മതത്തിന്റെ വേലിക്കെട്ടുകളിൽ നിന്ന് പുറത്തു കടക്കാൻ തുടങ്ങുന്നത്. വീട്ടുകാരെല്ലാം ഒറ്റക്കെട്ടായി എതിർത്ത വിവാഹമായിരുന്നത് കൊണ്ട് താരതമ്യേന എളുപ്പമുള്ള ട്രാൻസിഷൻ പിരീഡിലൂടെയാണ് കടന്ന് പോയത്. അങ്ങനെ ചെയ്താൽ പാപം കിട്ടുമെന്നും, ഇന്ന പരിഹാരം ചെയ്യണമെന്നും, ഇങ്ങനെ ചെയ്താൽ നരകത്തിൽ പോവുമെന്നുമൊക്കെ പറഞ്ഞ് തല തിന്നാൻ പിന്നാലെ ആളുകളില്ലാതിരുന്നത് കൊണ്ട് തന്നെ വലിയ കടമ്പകളില്ലാതെ ആ ഘട്ടം കടന്നു പുറത്ത് വരാനും പറ്റി.

മതത്തിന്റെ വിലങ്ങുകളിൽ നിന്ന് പുറത്തു വരുമ്പോൾ ആദ്യം ശ്രദ്ധിക്കുന്ന കാര്യം പിന്നീടങ്ങോട്ടുള്ള സമയലാഭമാണ്. ഒരു നിമിഷം കൊണ്ട് തീർത്തും അപ്രസക്തമായ കുറേയേറെ കാര്യങ്ങൾ ആവർത്തിച്ച് വായിക്കാനും മനഃപ്പാഠമാക്കാനും വേണ്ടി ചിലവഴിക്കപ്പെട്ട എന്തോരം മണിക്കൂറുകൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോയി എന്ന തിരിച്ചറിവും, അവിടുന്നങ്ങോട്ട് ആ മണിക്കൂറുകൾ തിരിച്ച് കിട്ടാൻ പോകുന്നെന്ന സന്തോഷവും ഒരു പാക്കേജായാണ് വരിക. മുൻപ് എന്ത് ചെയ്യാനും അതിനും മുന്നും പിന്നും വരുന്ന എന്തൊക്കെയോ നിർബന്ധിത കാര്യങ്ങൾക്കുള്ള സമയം കൂടെ കണ്ടത്തേണ്ട അവസ്ഥയാണെങ്കിൽ, അവിടുന്നങ്ങോട്ട് അവനവനു സൗകര്യമുള്ള സമയം എന്ന ഘടകം മാത്രം പ്രസക്തമാവും.

http://www.azhimukham.com/kerala-caste-religion-among-students-controversy-and-its-facts-report-by-kr-dhanya/

ആ മണിക്കൂറുകൾക്കൊപ്പം തിരിച്ച് കിട്ടുന്ന മറ്റൊന്ന് വിശാലമായൊരു വീക്ഷണത്തിനുള്ള അവസരമാണ്. അത്ര കാലവും ഏതെങ്കിലും ഒരു ചട്ടക്കൂടിനുള്ളിലൂടെ മാത്രം നോക്കിക്കണ്ടിരുന്ന കാഴ്ചകൾ ഏത് ആങ്കിളിലും നോക്കാനുള്ള സ്വാതന്ത്യത്തോടൊപ്പം, അത്രകാലവും ഉരുക്കുപോലെ ഉറച്ചു നിന്നിരുന്ന പല 'സത്യങ്ങളും' അടിയോടെ ഇളകിത്തുടങ്ങുന്നതും കൺമുന്നിൽ കാണാം. എന്തിനും ഏതിനും ഒരു യുക്തിയില്ലാത്ത ഫിക്സഡ് ഉത്തരം കൊണ്ട് സംതൃപ്തമാവണ്ട അവസ്ഥയിൽ നിന്ന് മാറി, ഒരു വാദത്തിന്റെ വിശ്വാസ്യത എത്രത്തോളമുണ്ട് എന്ന് തിരയാൻ തുടങ്ങും. ചില കെട്ടുകഥകൾക്ക് മാത്രം വിശുദ്ധി കൽപ്പിക്കപ്പെടുന്ന ഇരട്ടത്താപ്പിനെ ഇത്ര നാളും നിങ്ങളുടെ കൺമുന്നിൽ നിന്ന് മറച്ചുപിടിച്ച മറകളും അഴിഞ്ഞു വീഴും. അതോടെ യാഥാർത്ഥ്യബോധമുള്ള പ്രതീക്ഷകൾക്കും വാഗ്ദാനങ്ങൾക്കും മാത്രമാവും മോട്ടിവേറ്റ് ചെയ്യാൻ പറ്റുന്നത്. തെളിവ് ചോദിക്കുക എന്നത് ഒരു ശീലമാവുകയും ചെയ്യും.

അനാവശ്യമായി ആരെയൊക്കെയോ അനുസരിക്കേണ്ട ബാധ്യതയിൽ നിന്നും കിട്ടുന്ന മോചനമാണ് മറ്റൊന്ന്. ഒരു മതത്തിന്റെ അധികാരശ്രേണിയിൽ മുകളിൽ നിൽക്കുന്നു എന്ന ഒരൊറ്റക്കാരണത്താൽ ഏത് നെറികേടിനേയും അത് ചെയ്യുന്ന നെറികെട്ടവരെയും ന്യായീകരിക്കേണ്ടി വരുന്ന ഗതികേട് അതോടെ ഇല്ലാതാവും. അവനവൻ അധ്വാനിച്ചുണ്ടാക്കുന്ന പണം ഇതേ അധികാരശ്രേണിയുടെ പേര് പറഞ്ഞ അനർഹർക്ക് വീതം വക്കേണ്ട അവസ്ഥയും പിന്നീടുണ്ടാവില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് ഭക്തി കൂർപ്പിച്ച് സ്വന്തം ശരീരത്തിലേൽപ്പിക്കേണ്ടി വരുന്ന പീഢനങ്ങൾക്ക്, അത് കുത്തിയോ മുറിവേൽപ്പിച്ചോ ഭാരം ചുമന്നോ പട്ടിണി കിടന്നോ ഇനി മറ്റേതെങ്കിലും ബീഭത്സരൂപത്തിലായാലും, തലവച്ചു കൊടുക്കേണ്ടി വരില്ലെന്നത് മറ്റൊരാശ്വാസം.

http://www.azhimukham.com/keralam-caste-ostracism-in-kudumbashree-reports-dheeshna/

ചെയ്യുന്ന ഓരോ കാര്യവും ഒരു ചെക്ക് ലിസ്റ്റുമായി ഒത്ത് നോക്കി പാപമാണോ എന്ന് പരിശോധിക്കേണ്ട എന്ന സൗകര്യത്തോടൊപ്പം, ആവശ്യത്തിന് കൈമണിയടിച്ചാൽ ആരോ വന്ന് ബാക്കി കാര്യങ്ങൾ ചെയ്ത് തരും എന്ന വ്യാമോഹവും ഇല്ലാതെയാവും. കാര്യം നടക്കണമെങ്കിൽ അവനവൻ തന്നെ മെനക്കെടണമെന്ന യാഥാർത്ഥ്യബോധവും, അത്തരം നേട്ടങ്ങൾ തരുന്ന ആത്മാഭിമാനവും വളരെ വലുതാണ്. അവനവന്റെ വിശ്വാസമാണ് വലുത് എന്ന് പറഞ്ഞ് യുദ്ധത്തിനിറങ്ങേണ്ട ആവശ്യമില്ലാത്തതുകൊണ്ട് അക്കാര്യത്തിലും നല്ല സമാധാനവുമുണ്ട്.

ഏതൊരു മതവും വളരുന്നതും പ്രോത്സാഹിപ്പിക്കുന്നതും അത് പിന്തുടരുന്ന ഒരു ശക്തമായ കൂട്ടത്തോടൊപ്പമാണ്. അതുകൊണ്ട് തന്നെ ആ കൂട്ടത്തിനുള്ളിൽ ഓരോരുത്തരെയും തളച്ചിടാനുള്ള വഴികളും ആചാരങ്ങളുമായിരിക്കും അതാത് മതങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. ഈ ചട്ടക്കൂടിൽ നിന്നും പുറത്ത് കടക്കുന്നതോടെ മറ്റുള്ളവരെ താഴ്ന്ന എന്തോ ആയി കാണേണ്ടി വരുന്ന ഗതികേടും, അവനവന്റെ കൂട്ടരോട് മാത്രം കൂട്ടുകൂടാനുള്ള, കൂട്ടുറപ്പിക്കാനുള്ള ആചാരങ്ങളും എന്നെന്നേക്കുമായി അവസാനിക്കും. മനുഷ്യനെ, അവൻ ഉൾപ്പെട്ട കൂട്ടം എന്താണെന്ന് നോക്കാതെ, പകരം അവനെത്ര മനുഷ്യനായി ജീവിക്കുന്നുണ്ടെന്നതിന് മുൻഗണന വരും.

http://www.azhimukham.com/newswrap-not-religion-humans-are-great-writes-sukanya-outcasted-by-yadava-community-writes-sajukomban/

ചുരുക്കത്തിൽ, പൊട്ടിച്ചെറിയാൻ ഒരൊറ്റ ചങ്ങലയേ ഉണ്ടായിരുന്നുള്ളു, അതും ദുർബലമായ ഒന്ന്. അത്ര കാലവും ആ ചങ്ങലക്കെന്തോ ശക്തിയുണ്ടെന്ന് കരുതിയിരുന്ന മനസ്സിനായിരുന്നു സത്യത്തിൽ ബലക്കുറവ്. അതിനെ അതിജീവിച്ചപ്പോൾ കിട്ടിയതോ, ഇഷ്ടമുള്ള സമയം ഉറങ്ങാനുള്ള, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള, ഇഷ്ടമുള്ളത് കഴിക്കാനുള്ള, ഇഷ്ടമുള്ളിടത്തെല്ലാം യാത്ര ചെയ്യാനുള്ള, ഇഷ്ടമുള്ളവരോട് സംസാരിക്കാനുള്ള, ഇഷ്ടമില്ലാത്ത ആചാരങ്ങളെപ്പറ്റി ആലോചിച്ച് കഷ്ടപ്പെടേണ്ടാത്ത, ഇഷ്ടമുള്ള ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാൻ പറ്റുന്ന, ജനനത്തെയും മരണത്തെയും പറ്റി ആവലാതിപ്പെടേണ്ടാത്ത, അനീതിക്കും അഴിമതിക്കും നിസ്സഹായനായി കൂട്ടുനിൽക്കേണ്ടി വരേണ്ടാത്ത, കേവലയുക്തിക്ക് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടി വരാത്ത ഒരു ജീവിതശൈലിയും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/offbeat-dont-cast-aside-caste-shiju/

Next Story

Related Stories