UPDATES

ബ്ലോഗ്

‘രാഹുല്‍ ബ്രാന്‍ഡ്’ ഒരു തേങ്ങയല്ല എന്നോര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു

കേരള വോട്ടര്‍മാരിലെ നിര്‍ണ്ണായക ശക്തികളായ ന്യൂനപക്ഷങ്ങളെയും യുവാക്കളെയും സ്ത്രീകളെയും സ്വാധീനിക്കാന്‍ രാഹുല്‍ ബ്രാന്‍ഡിന് കഴിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ലഡു വിതരണം നടത്താം

കഴിഞ്ഞ ദിവസം കൊല്ലം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ ഒരു തെരഞ്ഞെടുപ്പ് സംഭാഷണത്തിനിടെ പറഞ്ഞു. കേരളത്തിലെ യു ഡി എഫിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. രാഹുല്‍ ബ്രാന്‍ഡിനെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചാല്‍. എന്നാല്‍ അതിത്ര കടന്നു ഒരു തവണ എല്‍ ഡി എഫ് ജയിച്ച, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 20,870 വോട്ടിന് മാത്രം കോണ്‍ഗ്രസ്സിലെ എം ഐ ഷാനവാസ് വിജയിച്ച, മുസ്ലീം ലീഗിന്റെ കാരുണ്യത്തില്‍ മാത്രം ജയിക്കുന്ന ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉരുക്കുകോട്ട എന്നു പറഞ്ഞു രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കൊണ്ടുവരാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്ന തരത്തിലേക്ക് വളരുമെന്ന് കരുതിയില്ല. പ്രത്യേകിച്ചും എ-ഐ തര്‍ക്കം മൂലം പ്രഖ്യാപിക്കാന്‍ വൈകിയ സീറ്റിലേക്ക്. കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് ടി സിദ്ധിക്ക് അനൌദ്യോഗികമായി വോട്ട് പിടുത്തം തുടങ്ങിയ മണ്ഡലത്തില്‍. താന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പിന്‍മാറുകയാണ് എന്ന രാഷ്ട്രീയ അല്‍പ്പത്തരം പ്രഖ്യാപിക്കപ്പെടുന്ന അപഹാസ്യ നാടക രംഗത്തിലേക്ക് കോണ്‍ഗ്രസിന്റെ പരമോന്നത നേതാവ് വലിച്ചിഴയ്ക്കപ്പെടുന്ന ദൈന്യതയിലേക്ക്. കേരളത്തിലെ കോണ്‍ഗ്രസ്സിലെ തമ്മില്‍ തല്ലും ഒളിവെട്ടുകളും പരിഹരിക്കാനുള്ള ബദല്‍ സ്ഥാനാര്‍ത്ഥിയാണോ രാഹുല്‍ ഗാന്ധി?

കേരളത്തിലെ കോണ്‍ഗ്രസ്സ് പാനലിലെ 16 സ്ഥാനാര്‍ത്ഥികളെയും ഒന്നിച്ചു പ്രഖ്യാപിക്കുകയും അതില്‍ രാഹുല്‍ ഗാന്ധി ഒന്നാമനായിരിക്കുകയും ചെയ്യുന്ന അവിസ്മരണീയ മുഹൂര്‍ത്തമല്ലേ കോണ്‍ഗ്രസ്സുകാര്‍ കളഞ്ഞുകുളിച്ചത് എന്നു ആരെങ്കിലും ചോദിച്ചുപോയാല്‍ കുറ്റം പറയാന്‍ പറ്റില്ല . ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തില്‍ ബഹുദൂരം മുന്നിലായിട്ടും തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് സീറ്റുകളിലേക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ കഴിയാത്തത് കോണ്‍ഗ്രസ്സിന്റെ വിജയ സാധ്യതയെ തകര്‍ത്തു എന്നു രാഷ്ട്രീയ വിശകലന വിദ്വാന്മാര്‍ നിരീക്ഷിക്കുന്നതിനുള്ള മാസ് മറുപടിയായില്ലേ രാഹുലിന്റെ സ്ഥാനാര്‍തിത്വ നീക്കം എന്നൊക്കെ പറയുന്നത് ഒരു കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ചിന്തയെ ആകുന്നുള്ളൂ. പ്രത്യേകിച്ചും രാജ്യത്തെ പ്രതിപക്ഷം ബിജെപിക്കെതിരെ പോരാടുമ്പോള്‍ ആ പോരാട്ടത്തില്‍ ഒരു പക്ഷത്തു കൈ കോര്‍ത്തു നില്‍ക്കുന്ന രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടം കനപ്പിക്കാന്‍ രാഹുല്‍ വരും എന്നത് ദിശാബോധം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതുതന്നെ. പഴയ തഴമ്പിന്റെ ഗാംഭീര്യം.

ഈ അവസരത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ രാഷ്ട്രീയത്തെ ചതുരംഗം മാത്രമായി കാണുന്നു എന്ന പരിതാപകരമായ അവസ്ഥയെ അല്ല വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്. മറിച്ച് 2014 മുതല്‍ ഇങ്ങോട്ട് രാഹുല്‍ സ്വയം വളര്‍ത്തിക്കൊണ്ടുവന്ന ‘രാഹുല്‍ ബ്രാന്‍ഡി’നെ കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി എങ്ങനെ ഉപയോഗിക്കും എന്നതിനെ കുറിച്ചാണ്.

മോദിയുടെ 56 ഇഞ്ചിനെ നേരിടാനുള്ള കെല്‍പ്പ് രാഹുലിനില്ല എന്ന സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രൊപ്പഗണ്ടയ്ക്കായിരുന്നു 2014 മുതല്‍ ഇങ്ങോട്ട് ശക്തി. പപ്പുമോന്‍ വിളി അതില്‍ നിന്നുണ്ടായതാണ്. ഏറ്റവും ഒടുവില്‍ മോദിയുടെ വിവാദമായ ഡിസ്ലെക്സിയ പരാമര്‍ശം വരെ അതെത്തി. എന്നാല്‍ ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും അത്യാവശ്യം മികച്ച രീതിയില്‍ പ്രയോഗിക്കുകയും ഗുജറാത്തില്‍ വിജയത്തിനടുത്തെത്തുകയും മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണം പിടിച്ചെടുക്കുകയും ചെയ്യുന്ന തരത്തിലേക്ക് രാഹുല്‍ ബ്രാന്‍ഡിന്റെ മൂല്യം വര്‍ധിച്ചു എന്നത് ഇപ്പോള്‍ ബിജെപി പോലും ഭയപ്പെടുന്ന ഒരു യാഥാര്‍ഥ്യമാണ്.

ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന രാഹുലിനെ ഈ അടുത്തകാലത്ത് നമ്മള്‍ കണ്ടു. കര്‍ണ്ണാടകയില്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി പദം ജനതാ ദള്‍ എസിന് വിട്ടുകൊടുക്കുന്ന വിശാലമനസ്കതയും രാജ്യം കണ്ടു. എന്‍ ഡി എ മുന്നണിക്കെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മോദിയെ ആലിംഗനം ചെയ്തു വാര്‍ത്ത സൃഷ്ടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നാടകീയ നീക്കവും കണ്ടു. റാഫേല്‍ അഴിമതി കത്തിച്ചുപിടിച്ചു ‘ചൌക്കിദാര്‍ ചോര്‍ ഹൈ’ പ്രയോഗം ദേശീയ രാഷ്ട്രീയത്തിലേക്ക് വിസ്ഫോടക ശേഷിയോടെ പ്രയോഗിച്ചതും കണ്ടു.അങ്ങനെ മോദി വേഴ്സസ് രാഹുല്‍ രാഷ്ട്രീയം രാജ്യത്ത് എല്ലായിടത്തുമില്ലെങ്കിലും കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍ എതിരിടുന്ന ഇടങ്ങളില്‍ കൊണ്ടുവരാന്‍ ഈ രാഹുല്‍ ബ്രാന്‍ഡിന് ഒരു പരിധിവരെ കഴിഞ്ഞു.

കേരളവുമായി ബന്ധപ്പെട്ട് നോക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി കേരള നേതാക്കള്‍ക്കൊപ്പം യു എ യില്‍ നടത്തിയ സന്ദര്‍ശനം ഏറെ വാര്‍ത്ത പ്രാധാന്യം സൃഷ്ടിക്കുകയുണ്ടായി. സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കലാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്നാണ് രാഹുല്‍ യു എ യില്‍ പ്രസംഗിച്ചത്. മലയാളികളായ പ്രവാസികള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയ പ്രസംഗമായിരുന്നു രാഹുലിന്‍റേത്. പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ബിജെപിയെ നേരിടാന്‍ കെല്‍പ്പുള്ള നേതാവാണ് രാഹുല്‍ എന്ന വിശ്വാസം ഊട്ടിയുറപ്പിക്കപ്പെടാന്‍ യു എ ഇ സന്ദര്‍ശനം സഹായിച്ചു എന്നു വിലയിരുത്തപ്പെടുന്നത് അതിശയോക്തിയാവില്ല.

മറ്റൊരു സംഭവം ഈ അടുത്ത ദിവസം ചെന്നൈ സ്റ്റെല്ല മേരീസില്‍ രാഹുല്‍ നടത്തിയ വിദ്യാര്‍ത്ഥികളുമായുള്ള സംവാദമാണ്.
ചോദ്യം ചോദിക്കുമ്പോള്‍ സര്‍ എന്ന് വിളിച്ച പെണ്‍കുട്ടിയോട് എന്നെ രാഹുല്‍ എന്ന് വിളിക്കാമോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ച രംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ രാഹുലിന്റെ പ്രതികരണങ്ങളെ സ്വീകരിച്ചത്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്ത്, ഇതിനെക്കുറിച്ച് താങ്കള്‍ എന്ത് കരുതുന്നു, അതേക്കുറിച്ച് എന്ത് കരുതുന്നു എന്നെല്ലാം നിങ്ങളില്‍ എത്ര പേര്‍ക്ക് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ കഴിയും. എന്തുകൊണ്ടാണ് 3000 സ്ത്രീകളുടെ മുന്നില്‍ നിന്ന് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലാത്തത്? ഇങ്ങനെയൊക്കെയാണ് യുവാക്കളുമായി അവരില്‍ ഒരാളായി നിന്നുകൊണ്ടു സംവാദം നടത്താനുള്ള തന്റെ ഫ്ലെക്സിബിലിറ്റിയെ മോദിയുമായി താരതമ്യപ്പെടുത്തി രാഹുല്‍ ഗാന്ധി അവതരിപ്പിച്ചത്.

Read More: ബി ജെ പി വിരുദ്ധ പ്രതിപക്ഷത്തുള്ള ഒരു മതേതരകക്ഷിയുമായി കോൺഗ്രസ് അധ്യക്ഷൻ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ എന്ത് സന്ദേശമാണ് ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന് രാഹുല്‍ ഗാന്ധി നൽകുന്നത്?

യുവാക്കള്‍ക്കിടയില്‍ രാഹുല്‍ പ്രിയങ്കരനാകുന്നു എന്നു തെളിയിക്കുന്ന സംഭവമായി സാമൂഹ്യ മാധ്യമങ്ങള്‍ ഈ പരിപാടിയെ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നല്ല സ്വാധീനമുള്ള കേരളത്തിലെ യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തീര്‍ച്ചയായും ജീന്‍സിട്ട രാഹുല്‍ ബ്രാന്‍ഡിന് കഴിയും എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ഒരു മണ്ഡലത്തില്‍ ശരാശരി 6000 വോട്ടിന്റെ പുതിയ വോട്ടര്‍മാരുണ്ട് എന്നാണ് കണക്ക്. അങ്ങനെ വരുമ്പോള്‍ ഏകദേശം ഒന്നേ കാല്‍ ലക്ഷം പുതിയ യുവ വോട്ടര്‍മാര്‍. അവരെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ പല മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാം എന്നത് നിലവിലെ സാഹചര്യത്തില്‍ ലളിതമായ മാത്തമാറ്റിക്സ് ആണ്.

ചുരുക്കി പറഞ്ഞാല്‍ കേരള വോട്ടര്‍മാരിലെ നിര്‍ണ്ണായക ശക്തികളായ ന്യൂനപക്ഷങ്ങളെയും യുവാക്കളെയും സ്ത്രീകളെയും സ്വാധീനിക്കാന്‍ രാഹുല്‍ ബ്രാന്‍ഡിന് കഴിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ലഡു വിതരണം നടത്താം. പക്ഷേ അതിനു ഈ തിരഞ്ഞെടുപ്പിന്റെ ദേശീയ മുദ്രാവാക്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന കുറുക്കുവഴി നീക്കം നടത്തിയിട്ട് വേണോ അതോ മികച്ച തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികള്‍ ഉപയോഗിച്ച് രാഹുല്‍ ബ്രാന്‍ഡിനെ കേരളത്തിലെ വോട്ടര്‍മാരുടെ മനസിലേക്ക് എത്തിച്ചു കൊണ്ടുവേണോ എന്നാണ് കോണ്‍ഗ്രസ്സ് ബുദ്ധി കേന്ദ്രങ്ങള്‍ തീരുമാനിക്കേണ്ടത്. രാഹുല്‍ ബ്രാന്‍ഡ് ഒരു തേങ്ങയല്ല എന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു.

©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍