TopTop
Begin typing your search above and press return to search.

സംഘപരിവാരത്തെ ഭീമാ കോരേഗാവ് അസ്വസ്ഥമാക്കുന്നത് അത് ദളിത്‌ പോരാട്ട ചരിത്രമായതു കൊണ്ടാണ്

സംഘപരിവാരത്തെ ഭീമാ കോരേഗാവ് അസ്വസ്ഥമാക്കുന്നത് അത് ദളിത്‌ പോരാട്ട ചരിത്രമായതു കൊണ്ടാണ്
ഭീമാ കോരേഗാവുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ള മാവോയിസ്റ്റ് ബന്ധമെന്ന ആരോപണവും ആക്ടിവിസ്റ്റുകളുടെ വിവാദ അറസ്റ്റും ചര്‍ച്ച ചെയ്യുമ്പോഴും അവര്‍ക്ക് വേണ്ടി ശബ്ദമുയർത്തുമ്പോഴും കൂടെ നിൽക്കുമ്പോഴും നാമോർക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്.

ഭീമാ കോരേഗാവിലെ ആഘോഷങ്ങൾ ദശാബ്ദങ്ങളായി ആചരിച്ചു പോരുന്ന ജനതയെ മുൻ നിർത്തിയാകണം നമ്മുടെ പോരാട്ടം. ഇക്കഴിഞ്ഞ ജനുവരിയില്‍ അവിടെ നടന്ന ആർഎസ്എസ് അതിക്രമത്തിന് മുന്നേ ഭീമാ കോരേഗാവ് ചരിത്രം ഈ രാജ്യത്തിലെ പ്രമുഖ പുരോഗമന ചരിത്രകാരന്മാർ പോലും അവഗണിച്ച ഒന്നായിരുന്നു. ഹൈന്ദവ ഫാസിസത്തിനെതിരായ ചെറുത്തു നില്‍പ്പുകൾക്കും പോരാട്ടങ്ങൾക്കും ഇത്തരം ദളിത്‌ ചരിത്രാഖ്യാനങ്ങൾ മുൻപന്തിയിൽ നിൽക്കണമെന്ന യാഥാർത്ഥ്യമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ വെളിവാക്കുന്നത്.

ബ്രാഹ്മണിസം അപരരാക്കിയ ജനതയുടെ വിജയാഹ്ളാദങ്ങൾ ആത്മീയ - രാഷ്ട്രീയ -സാംസ്‌കാരിക ഫാസിസ്റ്റുകളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിരിക്കുന്നത്. ഭീമാ കോരേഗാവ് സ്മാരകം നിർമിച്ചത് ബ്രിട്ടീഷുകാർ ആണെന്ന് ഓർക്കുക. ഇത്രയും കാലത്തിനു ശേഷവും അതൊരു ചരിത്രസ്മാരകം ആകാത്തതിന് പിന്നിലുള്ള കാരണം ചികഞ്ഞു നാം അധികമൊന്നും പോകേണ്ടതില്ല. രാജ്യസ്നേഹികൾ എന്നും പ്രജാപതികള്‍ എന്നും ചരിത്രം പറയുന്ന മറാത്താ പേഷ്വാമാരുടെ ഭരണത്തിന്റെ യഥാർത്ഥ ചിത്രമാണ് ഭീമാ കോരേഗാവ് യുദ്ധസ്മാരകം. സ്വന്തം ജനതയുടെ ആത്മാഭിമാനം തകർത്ത പേഷ്വാ രാജാക്കന്മാർക്കു നേരെ അടിസ്ഥാന വർഗം നടത്തിയ പോരാട്ടം കൂടെയാണ് അത്. യാഥാർത്ഥ്യം ഇതായിരിക്കെ ബാജി റാവു മസ്താനി പോലുള്ള ബിഗ്‌ബഡ്ജറ്റ് മസാല സിനിമകൾ മുന്നോട്ടു വെയ്ക്കുന്ന കൃത്രിമമായ ചരിത്രാഖ്യാനങ്ങൾ മാത്രമാകണം നമുക്ക് ലഭ്യമാകുന്നത് എന്നതു തന്നെയാണ് സംഘപരിവാറിന്റെ ആത്യന്തിക ലക്ഷ്യം.

എല്ലാത്തരം അടിച്ചമർത്തലുകളും അവഗണനകളും അതിജീവിച്ച്, അധികാര സ്ഥാനങ്ങളോട് കാലാകാലം പോരാടിയാണ് ദളിതർ ഭീമാ കൊരേഗാവിലെ ആഘോഷങ്ങൾ നടത്തി പോന്നത്. 200-ആം വാർഷികമായതിനാൽ രാധിക വെമുല, ഉമർ ഖാലിദ്, ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെ അതിഥികളായി ക്ഷണിക്കുകയായിരുന്നു. അടുത്ത വർഷം അവർക്കു പകരം മറ്റാരെങ്കിലുമാകാം ക്ഷണിക്കപ്പെടുക. ബ്രാഹ്മണിക്കൽ അവസരവാദികളെ ഭയപ്പെടുത്തുന്നത് ദളിതർ ദശാബ്ദങ്ങളായി ആഘോഷിക്കുന്ന വിജയ ചരിത്രമാണെന്നും, ചടങ്ങിൽ പങ്കെടുത്ത പ്രമുഖർക്ക് നേരെയുള്ള ആരോപണങ്ങൾ വഴി അതിന് മാവോയിസ്റ് നിറം നൽകുന്നത് അതിനെ മറയ്ക്കാനുള്ള രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണെന്നും നമുക്ക് മനസ്സിലാകണം. ആര്‍എസ്എസും മറ്റു ആത്മീയ ഹിന്ദുത്വവാദികളും ചരിത്രകാരന്മാരും മുന്നോട്ടു വെയ്ക്കുന്ന ചരിത്രത്തെ വേരോടെ തകർക്കുന്നു എന്നതാണ് ഭീമാ കോരേഗാവിനോടുള്ള അവരുടെ യഥാർത്ഥ ശത്രുത.

കഴിഞ്ഞ ജനുവരിയിൽ ഭീമാ കോരേഗാവ് സംഘര്‍ഷമുണ്ടാകുന്ന സമയത്ത് ജെഎന്‍യുവിനു സമീപമാണ് താമസിച്ചിരുന്നത്. അതിനു ശേഷം BAPSA-യുടെ നേതൃത്വത്തിൽ ദളിത്‌ ഡോക്യുമെന്ററി സംവിധായകനായ സോംനാഥ് വാങ്ങ്മരെയുടെ ഭീമാ കോരേഗാവിനെ പറ്റിയുള്ള ഡോക്യുമെന്ററി അവിടെ പ്രദർശിപ്പിച്ചിരുന്നു. ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും ഫാസിസത്തിനെതിരെ പോരാടുന്ന പ്രമുഖ കാമ്പുസുകളിൽ ഒന്നായി അറിയപ്പെടുന്ന ജെഎന്‍യുവിൽ പോലും അതിലുള്ള പങ്കാളിത്തം വളരെ കുറവായിരുന്നു. അതിന്റെയൊരു കാരണം, ദളിത്‌ ചരിത്രാഖ്യാനങ്ങൾ ഹൈന്ദവ ഫാസിസത്തിനെതിരെയുള്ള മുഖ്യ അസ്ത്രങ്ങളാണെന്ന തിരിച്ചറിവ് ഒരു സമൂഹമെന്ന നിലയ്ക്ക് നമുക്കിന്നും കൈവന്നിട്ടില്ല എന്നതാണ്.

ഭീമാ കോരേഗാവ് അതിക്രമത്തിന് ശേഷം മഹാരാഷ്ട്രയിലെ ദളിത്‌ ജനത നിസീമമായ അതിക്രമങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. തന്റെ വീട് കത്തിയെരിഞ്ഞതിനു സാക്ഷിയായ പൂജ സാകത് എന്ന ദളിത്‌ യുവതി സാക്ഷി പറഞ്ഞതിനു ശേഷം വീട്ടിലെ കിണറ്റിനുള്ളതിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്  മുതൽ ക്രൂരമായ മർദ്ദനങ്ങളെ വരെ അവർക്ക് നേരിടേണ്ടി വന്നു. പക്ഷെ, അവയെല്ലാം നമുക്ക് ഒരു ചെറിയ കോളം വാർത്ത മാത്രമായിരുന്നു.  തങ്ങളുടെ നിലനിൽപ്പിനും ഇതുവരെ പറഞ്ഞ ചരിത്രത്തിനും വെല്ലുവിളിയാകുമെന്ന് അറിഞ്ഞുകൊണ്ട് ഹൈന്ദവ ഫാസിസ്റ്റുകൾ നടത്തിയ ഗൂഢാലോചനയാണ് അതെന്നു നാമോർത്തില്ല.

സ്വത്വവാദമെന്നും ഇടുങ്ങിയ ചിന്താഗതിയെന്നും പറഞ്ഞ് അവഗണിക്കുന്ന ജനതയുടെ രാഷ്ട്രീയ -ചരിത്രാഖ്യാനങ്ങൾ പോലും ബ്രാഹ്മണിക്കൽ ഹൈന്ദവ തീവ്രവാദികൾക്ക് എതിരെയുള്ള ശക്തമായ വെല്ലുവിളിയാണെന്ന യാഥാർത്ഥ്യം നാം തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതുണ്ട്. ഏറ്റെടുക്കലുകൾക്കുമപ്പുറം അവർ നടത്തുന്ന പോരാട്ടങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുക എന്നത് ഹൈന്ദവ സാംസ്‌കാരിക മേധാവിത്വത്തിനും ഫാസിസത്തിനും എതിരെ പോരാടുന്ന ഓരോരുത്തരുടെയും കടമയാണ്. അനേകം രാമായണങ്ങളെയും രാമനെയും പറ്റി പഠിക്കാനുപയോഗിക്കുന്ന ഊർജ്ജം ദളിത്‌ ജനത നയിക്കുന്ന ഹൈന്ദവ ഫാസിസ്റ്റു വിരുദ്ധ ചരിത്രങ്ങൾക്കു വേണ്ടിയും ചിലവഴിക്കേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/india-prakashambedkar-bhimakoregaon-reemergence-united-dalit-politics/

https://www.azhimukham.com/edit-modi-bjp-are-in-desperation-to-win-election/

https://www.azhimukham.com/india-two-men-ignated-mumbai-riots/

https://www.azhimukham.com/edit-pune-police-claim-on-assassination-bid-against-narendra-modi-and-questions/

Next Story

Related Stories