TopTop
Begin typing your search above and press return to search.

സംഘപരിവാര്‍ മിശ്രണം, മാതൃഭൂമിയുടെ പാക്കിംഗ്; പത്രത്തിനൊപ്പം ഇങ്ങനെയാണ് 'സംസ്കാരം' പ്രചരിപ്പിക്കുന്നത്

സംഘപരിവാര്‍ മിശ്രണം, മാതൃഭൂമിയുടെ പാക്കിംഗ്; പത്രത്തിനൊപ്പം ഇങ്ങനെയാണ്
സംഘപരിവാരം എന്നത് മറ്റേതൊരു ബൂർഷ്വാ സാമൂഹ്യ - രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പോലെ തങ്ങളുടെ പ്രത്യയ ശാസ്ത്ര നിലപാടുകൾ പ്രചരിപ്പിക്കാനും നിലനില്‍ക്കുന്ന ബൂർഷ്വാ ജനാധിപത്യ സാമൂഹിക വ്യവസ്ഥയിൽ അധികാരത്തിലേറാനും ശ്രമിക്കുന്ന മറ്റൊരു സംവിധാനമാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. കഴിഞ്ഞ നൂറു വർഷത്തോളമായി ജ്ഞാനോദയ മൂല്യങ്ങളോടും നവോത്ഥാന സ്ഥാപനങ്ങളോടും, പൊതുവായി ആധുനികതയോടും 'സുദീർഘ യുദ്ധ'ത്തിൽ' (protracted war) ഏർപ്പെട്ടിരിക്കുന്ന നിരവധി സ്പീഷിസുകളുടെ കുടുംബപ്പേര് കൂടിയാണ് സംഘപരിവാർ. അതായത് പ്രത്യക്ഷത്തിൽ സംഘപരിവാറിന്റെ സംഘടനാ വ്യൂഹത്തിന്റെ ഭാഗമല്ലെങ്കിലും ആ പ്രത്യയശാസ്ത്രത്തെ ഉൾക്കൊള്ളുകയും വളർത്തുകയും ചെയ്യുന്ന നിരവധി സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളുമുണ്ട്. അത്തരത്തിൽ സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ കേരളത്തിലെ പതാകാവാഹകരായി മാതൃഭൂമിയെന്ന പത്രം നിലനിന്നതെങ്ങനെയെന്ന അന്വേഷണമാണ് ഈ ലേഖനം.

2018 ഏപ്രിൽ 16 തിങ്കളാഴ്ച കേരളത്തിൽ നടന്ന സംഘപരിവാർ സ്പോൺസേഡ് ഇസ്‌ലാമിസ്റ്റ് ഓർഗനൈസ്ഡ് ഹർത്താലിനെ പറ്റി ഏപ്രിൽ 18 ബുധനാഴ്ച മാതൃഭൂമി ഒന്നാം പേജിൽ പ്രധാന വാർത്ത പ്രസിദ്ധീകരിച്ചു; "വാട്സപ്പ് ഹർത്താൽ - ലക്‌ഷ്യമിട്ടത് വർഗീയ കലാപം" എന്നായിരുന്നു തലക്കെട്ട്. വാർത്ത തുടരുന്നു, "തീവ്ര സ്വഭാവമുള്ള ചില സംഘടനകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഹർത്താൽ ആഹ്വാനം ചെയ്ത് സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ആസൂത്രണം നടന്നത്, സംസ്ഥാന വ്യാപകമായി ഇത്തരമൊരു പ്രവണതയുണ്ടാകുന്നത് അപകടകരമാണ്".

ഹർത്താലിന് നേതൃത്വം കൊടുത്തത് ഇസ്‌ലാമിക സംഘടനകൾ ആയതിനാലും ആസിഫ വിഷയത്തിൽ സംഘപരിവാറിനെതിരെയുള്ള ഹാർത്തലായതിനാലും, മാതൃഭൂമി ഉദ്ദേശിക്കുന്നതെന്തെന്നു വ്യക്തം. എന്നാൽ രണ്ടുദിവസത്തിനകം വാട്സപ്പ് ഹർത്താൽ സംഘപരിവാർ ഗൂഡാലോചനയാണെന്ന് കേരളാ പോലീസ് കണ്ടെത്തി, മുഖ്യ സൂത്രധാരരായ അഞ്ച് ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എന്നാൽ പ്രസ്തുത വാർത്ത മാതൃഭൂമി നൽകിയത് വായിച്ചാൽ ആരുടേയും കണ്ണ് നിറയും. "പറ്റിപ്പോയി - അച്ഛന് മുത്തം നൽകി അഖിൽ ജയിലേക്ക്" എന്നായിരുന്നു തലക്കെട്ട്. വാർത്ത ഇങ്ങനെ അവസാനിക്കുന്നു, "നാട്ടുകാർക്ക് വേണ്ടി ഒന്നും ചെയ്യരുതെന്നും വീട്ടുകാർക്ക് വേണ്ടി ജീവിക്കണമെന്നും അഖിൽ മാധ്യമങ്ങളോട് പറഞ്ഞു". കേരള ചരിത്രത്തിലെ ഏറ്റവും വലിയൊരു കലാപ ഗൂഡാലോചനയെ എത്ര ലളിതമായാണ് 'നാട്ടുകാർക്ക് വേണ്ടിയുള്ള ഒരു പറ്റിപ്പോകലായി' മാതൃഭൂമി വെള്ളപൂശിയത്.

2017 ഏപ്രിൽ 6-ന് ആലപ്പുഴയിൽ ഒൻപത് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ സംഘപരിവാർ പ്രവർത്തകനായ അനന്തു എന്ന പതിനേഴുകാരൻ ആർഎസ്എസ് ബന്ധം അവസാനിപ്പിച്ചതിനാണ് സംഘപരിവാരം അനന്തുവിനെ അടിച്ച് കൊന്നത്. എന്നാൽ പ്രസ്തുത സംഭവം റിപ്പോർട്ട് ചെയ്ത മാതൃഭൂമി വാർത്ത ഇങ്ങനെ പറയുന്നു, "അതേസമയം ഇത് ഒരു രാഷ്രടീയ കൊലപാതകമല്ല എന്നാണ് സൂചന. കൊല്ലപ്പെട്ട അനന്തുവും ആര്‍എസ്എസുകാരാനായിരുന്നു എന്നാണ് പറയപ്പെടുന്നത്‌.
" സൂചന, പറയപ്പെടുന്നു തുടങ്ങിയ വാക്കുകൾ ശ്രദ്ധിക്കണം.

ഇനി മറിച്ചൊന്ന് ആലോചിച്ചു നോക്കാം, സിപിഎം പോകട്ടെ , ഡിവൈഎഫ്ഐയിൽ നിന്നും രാജി വെച്ച ഒരു പ്രവർത്തകൻ കൊല്ലപ്പെടുന്നു, തുടർന്ന് ഡിവൈഎഫ്ഐയുടെ പ്രധാന നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുന്നു, എന്താകും വാർത്തകളുടെ രൂപവും ഭാവവും. 2016 നവംബർ 18 ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച ഡിമോണിടൈസേഷൻ നടപടികൾ നല്ലതിനാണെന്നു ധരിച്ച നിരവധി പേർ ആദ്യത്തെ രണ്ടാഴ്ച കാലമെങ്കിലും ഉണ്ടായിരുന്നു, വി ടി ബൽറാം ഉൾപ്പെടെ. പക്ഷെ ഒരു മാസം കൊണ്ട് തന്നെ എത്രമാത്രം ജനവിരുദ്ധമാണ് ഈ നടപടികൾ എന്ന് സംഘപരിവാർ അനുഭാവികൾ പോലും സമ്മതിക്കാൻ തുടങ്ങി. ഒരു വർഷം കഴിഞ്ഞ് ബിജെപി ഐടി സെൽ പ്രോപ്പഗണ്ടാ വോളണ്ടിയർമാർ പോലും ഡിമോണിടൈസേഷൻ നടപടികളെ ന്യായികരിക്കാൻ നാണിക്കുന്ന കാലത്ത് 2017 നവംബർ 8-ന് മാതൃഭൂമി നെറ്റ് എഡിഷനിൽ "
നോട്ടിൽ ശുദ്ധികലശം വരുത്തി ഇന്ത്യ
" എന്ന പേരിൽ ഒരു 'സംഘപരിവാർ വാട്സപ്പ് ലേഖനം' പ്രസിദ്ധീകരിച്ചു.

പലപ്പോഴും ബിജെപി, ആർഎസ്എസ് നേതാക്കളിൽ പലരും അവരുടെ പ്രോപ്പഗണ്ടാ ലേഖനങ്ങൾ മാതൃഭൂമിയിൽ എഴുതാറുണ്ട് എന്നാൽ അവരാരും എഴുതിയതല്ല ലേഖനം. 'രേവതി' എന്ന പേരിലാണ് ലേഖനം പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ എത്രവേണമെങ്കിലും ഇത്തരം നിലപാടുകൾ എണ്ണിയെടുക്കാം, എന്നാൽ ഇത്തരം എണ്ണപ്പെട്ട വാർത്തകൾ കൊണ്ട് ഒരു പത്ര സംസ്കാരത്തയൊന്നടങ്കം കാവിപുതപ്പിക്കാനാവുമോ? തീർച്ചയായും ഇല്ല. അതുകൊണ്ട് മാതൃഭൂമിയെന്ന ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനൊപ്പം വളർന്ന പത്രത്തെ ചരിത്രവത്കരിച്ചു കൊണ്ടേ നമുക്കത്തരം നിഗമനങ്ങളിൽ എത്താനാവൂ...

ടിപ്പുവിന്റെ വരവോടെ ആരംഭിച്ചതും മലബാർ കലാപത്തോടെ ഉച്ചസ്ഥായിയിലെത്തിയതുമായ മലബാറിലെ ജന്മി-ഭൂവുടമകൾക്കെതിരായ സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചരിത്രപരമായി ഒരു പക്ഷെ സംഘപരിവാറിന് ഏറ്റവും വേരോട്ടമുള്ള ഇടമായി മാറേണ്ട ഭൂമികയായിരുന്നു മലബാർ. അതിനു തടയിട്ടത് പ്രധാനമായും മൂന്ന് കാരണങ്ങളാണ്. ഒന്ന്, മലബാറിൽ സാമുദായികേതരമായി വർഗ്ഗ അടിസ്ഥാനത്തിൽ നടന്ന കർഷക സമരങ്ങളും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശാക്തീകരണവും. രണ്ട്, മുസ്‌ലിം പ്രമാണി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ മുസ്‌ലിം ഭൂരിപക്ഷത്തിന്റെ പാർട്ടിയായി ലീഗ് മാറിയത്. മൂന്ന്, ഹിന്ദു ജന്മി - ഭൂവുടമ വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള പാർട്ടിയായി കോൺഗ്രസ്സ് മാറി എന്നത്. പൊട്ടൻഷ്യൽ സംഘപരിവാറുകാരുടെ പാർട്ടിയായി കോൺഗ്രസ്സ് നിന്നതോടെ ഇത്തിരി പരദേശി ബ്രാഹ്മണരുടെയും കച്ചവടത്തിനെത്തിയ ബനിയകളുടെയും സംഘമായി പ്രത്യക്ഷ സംഘപരിവാർ ചുരുക്കപ്പെട്ടു.

മുൻപേ സൂചിപ്പിച്ച ജന്മി - ഭൂവുടമ - സവർണ്ണ കോൺഗ്രസ്സുകാരുടെ പത്രമായാണ് മാതൃഭൂമി പ്രവർത്തനമാരംഭിക്കുന്നത്. വൈക്കം സത്യഗ്രഹ കാലത്ത് "പുലയരും ഈഴവരും കോൺഗ്രസ്സ് വാളന്റിയർമാർക്കൊപ്പം നിത്യേന അറസ്റ്റ് വരിച്ചുകൊണ്ടിരുന്നു" എന്ന് വെണ്ടക്ക നിരത്തിയ അതേ തറവാട്ടു പത്രമാണ്, ബാബറി മസ്ജിദിനെ തർക്ക മന്ദിരമായും, പിണറായി വിജയനെ ദാവൂദ് ഇബ്രാഹിമായും ബെഹ്‌റയെയും നളിനി നെറ്റോയെയും നഗ്ന വാനരായും ചുമട്ട് തൊഴിലാളിയെ തെരുവ് ഗുണ്ടയായും ചിത്രീകരിച്ച് മലയാളത്തിന്റെ സവർണ്ണ ബോധത്തെ തീറ്റിപ്പോറ്റുന്നത്. ഫ്യൂഡൽ വ്യവസ്ഥയിൽ തൊഴിലാളിയില്ല അടിയോനും ഉടയോനുമേയുള്ളൂ. മുതലാളിത്തവും ഫ്യൂഡലിസവും തമ്മിലെ തൊഴിൽ ബന്ധ വ്യത്യാസമെന്താണെന്ന് മനോരമയിലേയും മാതൃഭൂമിലേയും തൊഴിലാളികളോട് ചോദിച്ചാൽ മതി. ചിലരോട് ചോദിക്കാൻ ഗുവാഹത്തി വരെ പോകണമെന്ന് മാത്രം.നായർ എന്നത് ഒരു ജാതികൂട്ടം മാത്രമല്ല കേരളീയ സവർണ്ണ പൊതുബോധത്തിന്റെ കൂടി പേരാണ്. മാതൃഭൂമിയെ 'നായന്മാരുടെ പത്രം' എന്ന് വിശേഷിപ്പിച്ചത് സി കൃഷ്‌ണൻ സ്ഥാപിച്ച മിതവാദി പത്രമാണ്. തളി ക്ഷേത്ര സമരത്തിലും ഈഴവരുടെ ബുദ്ധമത പരിവർത്തനത്തിലും മാതൃഭൂമി സ്വീകരിച്ച നായർ 'തറവാടി' നിലപാടിനോടുള്ള സി കൃഷ്ണന്റെ സ്വാഭാവിക പ്രതികരണമായിരുന്നു അത്. അന്ന് മാതൃഭൂമി സി കൃഷ്ണനെതിരെ എഡിറ്റോറിയലിൽ എഴുതി - "മിതവാദിയുടെ പത്രാധിപർ സ്വയം ബുദ്ധമതക്കാരനെന്ന് അവകാശപ്പെടുന്ന ആളാണല്ലോ, അതിനാൽ മിതവാദിയും ജാതിക്കതീതമല്ലല്ലോ?" എന്നതായിരുന്നുന്നു മാതൃഭൂമിയുടെ യുക്തി. ബുദ്ധമതം ജാതിക്കതീതമാണെന്ന സി കൃഷ്ണന്റെ മറുപടിയോട് രൂക്ഷമായാണ് മാതൃഭൂമി പ്രതികരിച്ചത്. "എന്നാൽ ബുദ്ധമതക്കാരായ ചിലർ താങ്കൾ തീയന്മാരാണെന്നു പറയുന്നതെന്തെ"ന്നായിരുന്നു മാതൃഭൂമിയുടെ എഡിറ്റോറിയൽ ചോദ്യം. 1936 ൽ ചങ്ങനാശേരിയിൽ ചേർന്ന എസ്എന്‍ഡിപി വാർഷിക യോഗത്തിൽ സവർണ്ണ ഹിന്ദുത്വത്തിനെതിരായ പ്രതിഷേധം ആളിക്കത്തി. ജാതി മർദ്ദനത്തിനെതിരായി ക്രിസ്ത്യൻ, സിഖ്, മുസ്ലിം മതങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ചാലോചിക്കാമെന്ന് അധ്യക്ഷൻ കെ. അയ്യപ്പൻ ഉൾപ്പെടെ പ്രസംഗിച്ചു. ഈഴവർ ബുദ്ധമതക്കാരാണെന്നു തന്നെ സമ്മേളനം വിലയിരുത്തി. 'സർക്കാരുദ്യോഗങ്ങളും നിയമസഭാസ്ഥാനങ്ങളും എല്ലാ സമുദായങ്ങൾക്കും കിട്ടുന്ന യഥാര്‍ത്ഥ ദേശീയ സ്ഥിതി വരുത്തുവാൻ സമുദായ പ്രാതിനിധ്യമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല' എന്ന പ്രമേയം യോഗം പാസാക്കി. ഈ സമ്മേളനത്തെ നിശിതമായി വിമർശിച്ചു കൊണ്ടായിരുന്നു പിറ്റേന്നത്തെ മാതൃഭൂമി എഡിറ്റോറിയൽ. സമുദായ പ്രാതിനിധ്യം എന്നത് ദേശീയതാ വിരുദ്ധമാണെന്നായിരുന്നു മാതൃഭൂമിയുടെ കണ്ടെത്തൽ. "ഇന്നത്തെ ഓരോ സമുദായവും ഈ രാജ്യത്തിന്റെ ഒരു ചെറു മാതൃകയല്ലേ? ഓരോ സമുദായത്തിലും ധനികന്മാരും ദരിദ്രന്മാരും മുതലാളിമാരും തൊഴിലാളിമാരും എല്ലാം ഉണ്ട്. അവർക്കെല്ലാം കൂടി മൊത്തമായി കുറെ ഉദ്യോഗങ്ങളും നിയമസഭാ സ്ഥാനങ്ങളും ലഭിക്കുന്നതുകൊണ്ട് ആ സമുദായത്തിന്റെ ശരിയായ ആവശ്യങ്ങൾ നിറവേറി എന്ന് അതിലുള്ള ജനസാമാന്യം സമ്മതിക്കുമോ?" മാതൃഭൂമി ചോദിച്ചു.

80 വർഷങ്ങൾക്കിപ്പുറം സംവരണ വിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്ന സവർണ്ണ ശരീരങ്ങളുടെ അതേ ശബ്ദം നമുക്കിവിടെ കേൾക്കാം. മാതൃഭൂമി എഡിറ്റോറിയൽ തുടരുന്നു, "21 ലക്ഷം ഈഴവർക്ക് അവരുടെ ജനസംഖ്യാനുപാതമനുസരിച്ച് പ്രാതിനിധ്യം കിട്ടിയാൽ തന്നെ , സ്വന്തമായി ഒന്നും ചെയ്യാൻ അവർക്ക് കഴിയില്ല. സമുദായങ്ങൾക്ക് പൂർണ്ണമായ പ്രാതിനിധ്യം എന്ന് പറഞ്ഞാൽ, അന്യോന്യം വിവാഹവും പന്തിഭോജനവുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന പതിനായിരക്കണക്കിന് സമുദായങ്ങൾക്ക് പ്രത്യേകം പ്രാതിനിധ്യം നൽകലാവും. ഇത് സാധ്യമാണോ? സാധ്യമായാൽ തന്നെ ഇതുകൊണ്ട് സമുദായ വ്യത്യാസം ഇല്ലാതാകുമോ? ദേശീയത്വം സ്ഥാപിതമായെന്നു അയ്യപ്പനെങ്കിലും കൃതാർത്ഥത തോന്നുമോ?".

മനസ്സിലാകുന്നുണ്ടല്ലോ അല്ലേ? ഇതാണ് ദേശീയ പത്രം അക്കാലത്ത് തന്നെ പത്രത്തോടൊപ്പം പ്രചരിപ്പിച്ച സംസ്‌കാരം. തൊണ്ണൂറുകളിലെ സംവരണ വിരുദ്ധ സമരങ്ങളിലെ മുദ്രാവാക്യങ്ങൾ ഓർമയിലെത്തുന്നുവോ. ആ അശ്ലീല സവർണ്ണ ബോധത്തിന്റെ പൈതൃകം എവിടെയെന്ന്‌ ഇനി സംശയിക്കേണ്ട. ദേശീയ പത്രത്തിന്റെ പാരമ്പര്യം തുടരുന്നു - "ഒരു ജാതിയായി നാം ജീവിക്കണമെങ്കിൽ ജാതി തിരിച്ചുള്ള പ്രാതിനിധ്യം പാടില്ലെന്നുള്ളത് തർക്കമറ്റ സംഗതിയാണ്. വർഗീയത്വം തന്നെയാണ് ദേശീയത്വമെന്നും വർഗീയ പ്രാതിനിധ്യമാണ് ഒരു ജാതിയെന്ന നിലവരുത്തുന്നതിന് ആവശ്യമെന്നും വാദിക്കുന്നവരുടെ ബുദ്ധിയുടെ വക്രതയെപ്പറ്റി എന്ത് പറയട്ടെ". മാതൃഭൂമി സംവാദമവസാനിപ്പിച്ചത്, "സഹോദരനെപ്പോലുള്ള വർഗീയവാദികൾക്ക് അതിശക്തമായ തിരിച്ചടി നല്കിക്കൊണ്ടായിരുന്നു" (മാതൃഭൂമിയുടെ ചരിത്രം പ്ലാറ്റിനം ജൂബിലി പ്രസിദ്ധീകരണം ഭാഗം 2 ). മാതൃഭൂമി ആഗ്രഹിച്ചാലുമില്ലെങ്കിലും കീഴ്ജാതിക്കാരുടെ തൊഴിൽ - അധികാര പ്രാതിനിധ്യം വീണ്ടും വീണ്ടും ചർച്ചയായി. 1936 ജൂൺ 23-നെഴുതിയ ദീർഘ മുഖപ്രസംഗത്തിൽ മാതൃഭൂമി, കീഴാള വിമർശനങ്ങൾക്ക് മറുപടി നൽകി. "പതിനാറു കൊല്ലമായി സംയുക്ത നിയോജക മണ്ഡലങ്ങൾ നിലവിൽ വന്നിട്ട്, ഒരൊറ്റ തീയ്യൻ പോലും ഇന്നുവരെ നിയമസഭയിൽ കടന്നിട്ടില്ല. വോട്ടർമാരുടെ സാമുദായിക മനോഭാവമല്ലേ ഇതിനു കാരണം എന്ന കൃഷ്ണന്റെ ചോദ്യം കാമ്പുള്ളതാണ്. എന്നാൽ ദേശീയത്വ അനുകൂലികൾ വർദ്ധിച്ചു വരികയാണ്. സാമുദായികത്വ അനുകൂലികൾ കുറഞ്ഞും വരുന്നു. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കക്ഷി നിശ്ചയമായും തിയ്യരായ സ്ഥാനാർത്ഥികളെ നിർത്താതിരിക്കില്ല. നായരും തീയരും ജാതി വിസ്മരിച്ച് അവർക്ക് വോട്ടു ചെയ്യുകയും ചെയ്യും." ( മാതൃഭൂമിയുടെ ചരിത്രം - രണ്ടാം വാല്യം , പേജ് 102)

സംവരണത്തെ സംബന്ധിച്ച് എക്കാലവും സവർണ തറവാടികൾ ഉയർത്തിയ വിതണ്ഡ വാദങ്ങളുടെ ആദ്യരൂപം ഇവിടെ കാണാം. ഇത് കേരളത്തിൽ മാത്രം ഉയർന്ന ഒരു പ്രതിഭാസമല്ല. ദളിതർക്ക് പ്രത്യേക മണ്ഡലം എന്ന അംബേദ്കറുടെ ആവശ്യത്തെ 'മരണം വരെ നിരാഹാരമെന്ന' പതിവ് ആയുധം കൊണ്ടാണ് ഗാന്ധി നേരിട്ടത്. നിരാഹാരം തുടങ്ങി രണ്ട് ദിവസത്തിനകം തന്നെ സന്ദർശിക്കാനെത്തിയ പട്ടേലിനോട് ഗാന്ധി പറഞ്ഞു, "പ്രത്യേക മണ്ഡലമെന്ന ആവശ്യം ഹിന്ദു ജനവിഭാഗത്തെ വിഭജിക്കുമെന്നും രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്നും അവർ (ദളിതർ) മനസ്സിലാക്കുന്നില്ല. untouchable hooligans will make common cause with Muslim hooligans and kill caste Hindus. Has the British government no idea of all this?" (തർജ്ജമ നടത്തി ഗാന്ധീയൻ വാക്കുകളുടെ പഞ്ച് കളയുന്നില്ല). പറഞ്ഞു വന്നത് കോൺഗ്രസ്സിൽ എക്കാലവും അധീശത്വമുണ്ടായിരുന്ന സവർണ്ണ ഹിന്ദുത്വത്തിന്റെ കേരളീയ മുഖമായിരുന്നു മാതൃഭൂമി എന്ന് മാത്രമാണ്. ആ സവർണ്ണതയുടെ മറ്റൊരു മുഖം മാതൃഭൂമിയുടെ മുസ്‌ലിം അപരത്വത്തോടുള്ള നിലപാടാണ്.

മലബാർ കലാപകാലത്ത് ഒറ്റപ്പാലത്ത് വെച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ദേശീയവാദികൾക്കായൊരു പത്രം എന്ന ആശയം ഉടലെടുക്കുന്നത്. കെ പി കേശവമേനോനായിരുന്നു അന്ന് കെപിസിസി സെക്രട്ടറി. മാതൃഭൂമിയെന്ന പേര് നിർദ്ദേശിച്ചതും അദ്ദേഹം തന്നെ. ഓഹരി ഒന്നിന് അഞ്ചു രൂപ നിരക്കിൽ ഇരുപതിനായിരം ഓഹരികളോടെ ഒരു ലക്ഷം രൂപ മൂലധനത്തിൽ 1922 ഫെബ്രുവരി 15-ന് 'മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി' രജിസ്റ്റർ ചെയ്തു. കെപി കേശവമേനോൻ, കെ മാധവൻ നായർ, എ കരുണാകര മേനോൻ, എ ആർ മേനോൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, വി സുന്ദരയ്യർ, പി അച്യുതൻ എന്നിവരായിരുന്നു ആദ്യ ഡയറക്ടർ ബോഡ്. മലബാർ കലാപത്തിന് ശേഷം കോൺഗ്രസ്സ് നേതൃത്വത്തിന്റെ സവർണ ഹിന്ദു പക്ഷപാതിത്തം കൂടുതൽ പ്രകടമാക്കുകയും 'ചാലപ്പുറം ഗ്യാങ് ' പിടിമുറുക്കുകയും ചെയ്തതോടെയാണ് 1924 ൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന് 'അൽ അമീൻ' ആരംഭിക്കേണ്ടി വന്നത്. 'മെയ്‌വഴക്കം' വേണ്ടത്രയില്ലാത്തതും നിലപാടുകളിലെ കാർക്കശ്യവും ഏറെ താമസിയാകാതെ അൽ അമീന്റെ അന്ത്യം കുറിച്ചു. മലബാറിലെ മുസ്ലീങ്ങൾക്ക് സവർണ കോൺഗ്രസ്സിൽ നീതി ലഭ്യമാകില്ലെന്ന മുസ്‌ലിം ജനവിഭാഗത്തിന്റെ തിരിച്ചറിവാണ് മലബാറിലെ ലീഗിന്റെ വളർച്ചയ്ക്ക് പരോക്ഷമായി കാരണമായത്. മുസ്ലിം ലീഗിന്റെ കോൺഗ്രസ്സ് മുന്നണി പ്രവേശനത്തെയും ഏറ്റവുമധികം എതിർത്തത് മാതൃഭൂമിയായിരുന്നു. മഹാത്മാ ഗാന്ധിയുടെ മൂത്ത മകൻ ഹരിലാൽ ഗാന്ധി ഇസ്‌ലാം മതം സ്വീകരിച്ച് അബ്ദുള്ളാ ഗാന്ധിയായത് 1936 മെയ് മാസത്തിലാണ്. ഈ സംഭവം വലിയ വിവാദങ്ങൾക്ക് മലബാറിൽ തിരികൊളുത്തി. മതപരിവർത്തനങ്ങൾക്കെതിരെ മാതൃഭൂമി നിശിതമായ നിലപാടെടുത്തു. മാതൃഭൂമി പത്രാധിപർ കേളപ്പൻ ആര്യസമാജക്കാരനാണെന്ന് അൽ- അമീൻ ആരോപിച്ചു. അബ്ദുള്ളാ ഗാന്ധിക്ക് 1936 സെപ്തംബറിൽ പൊന്നാനിയിൽ നൽകിയ സ്വീകരണത്തിലെ ഒരു പ്രമേയം മാതൃഭൂമിയെ ബഹിഷ്കരിക്കാൻ ഉള്ളതായിരുന്നു. തുടർന്ന് നടന്ന വിവാദങ്ങളിൽ ഇടപെട്ട് കൊണ്ട് മാതൃഭൂമി എഴുതി: "മതത്തിലേക്ക് ആളെ ചേർക്കാനുള്ള സംരംഭത്തിന്റെ ന്യായത ഞങ്ങൾക്കിതുവരെ മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ല. എന്റെ മതമാണ് സത്യമതം എന്ന് അഭിപ്രായപ്പെടുന്നവരുടെ നേരെ, കുറ്റം ചെയ്യുന്ന കുട്ടികളോടുള്ള ഒരനുകമ്പയാണ് ഞങ്ങൾക്ക് തോന്നാറ്... എല്ലാ കാലത്തേക്കും എല്ലാ ദേശങ്ങൾക്കും എല്ലാ തരക്കാർക്കുമായി ദൈവം ഒടുവിൽ ഒരു പ്രവാചകനെ അയച്ചു എന്നുള്ള അന്ധവിശ്വാസം ലോകം സ്വീകരിച്ചു കൊള്ളുവാൻ എലാവരോടും, ബുദ്ധിയുള്ളവരോടും ബുദ്ധിയില്ലാത്തവരോടും വലിയ ചിന്തകന്മാരോടും, മഹാത്മജിയെപ്പോലുള്ള, ഒരു മതത്തെയും മതക്കാരെയും ദ്വേഷിക്കാത്ത, എല്ലാ മതത്തിലും നന്മ കാണുന്ന, ഒരു സത്യാന്വേഷിയോടും ഏതു തരക്കാരനും ആവശ്യപ്പെടുന്നത് കാണുമ്പോൾ ആളെപ്പിടിയൻ മതങ്ങളെ പറ്റി ഞങ്ങൾക്ക് നിരാശ തോന്നുന്നു" (മാതൃഭൂമിയുടെ ചരിത്രം - രണ്ടാം വാല്യം , പേജ് 88-ൽ ഉദ്ധരിക്കപ്പെട്ടത്). മേൽ ഖണ്ഡികയെ പറ്റി ഒരുതരത്തിലുള്ള വിശകലനവും ലേഖകൻ നടത്തുന്നില്ല. വായനക്കാർ നിശ്ചയിക്കട്ടെ.

ആർഎസ്എസിന്റെ കേരള സംഘാടനചരിത്രവുമായി ബന്ധപ്പെട്ട് അവർ ഇറക്കിയ 'ദക്ഷ' എന്ന സ്മരണിക കേരളത്തിലെ സംഘപരിവാർ മുന്നേറ്റത്തിന് മാതൃഭൂമിക്ക് കടപ്പാടറിയിക്കുന്നു. 59-ലെ വിമോചന സമരം, 68-ലെ തളിക്ഷേത്ര പ്രക്ഷോഭം, 69-ലെ മലപ്പുറം ജില്ലാ വിരുദ്ധ സമരങ്ങൾ, കോഴിക്കോട് സർവ്വകലാശാലാ സ്ഥാനം മലപ്പുറത്തായതിനെതിരെ നടന്ന സമരങ്ങൾ തുടങ്ങിയവയെല്ലാം ഈ കടപ്പാടിന് കാരണമായി . ഇഎംഎസ് നേതൃത്വം നൽകിയ 1967 ലെ സപ്തകക്ഷി മന്ത്രിസഭയുടെ കാലത്ത് മാതൃഭൂമിയിൽ 'മലബാറിലെ ക്ഷേത്രങ്ങളുടെ ദുരവസ്ഥ'യെ പറ്റി വന്ന ലേഖന പരമ്പരയാണ് ആദ്യം മലബാർ ക്ഷേത്ര സംരക്ഷണ സമിതിക്കും പിന്നീട് കേരള ക്ഷേത്ര സംരക്ഷണ സമിതിക്കും പ്രചോദനമായത്. സംഘപരിവാറിന്റെ സാംസ്കാരിക സംഘടനയായ തപസ്യയുടെ രൂപീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ചത് കെ.പി കേശവ മേനോനായിരുന്നു. ഇന്നും തപസ്യയുടെ മുഖ്യ സ്പോൺസർ മാതൃഭൂമി തന്നെ. എൺപതുകളുടെ മധ്യത്തിൽ ശരിഅത്ത് വിവാദ കാലത്താണ് മാതൃഭൂമി അതിന്റെ സർവ്വ മുസ്ലിം വിരുദ്ധതയും പുറത്തെടുത്തത്. എം ഡി നാലാപ്പാടായിരുന്നു അന്ന് എഡിറ്റർ. നാടുനീളെ ബാലികമാരെ വിവാഹം ചെയ്തു നടക്കുകയും, ഒടുവിൽ മുത്തലാക്ക് ചൊല്ലി ഉപേക്ഷിക്കുകയും ചെയ്യുന്ന മുസ്ലീം  പുരുഷനെന്ന എക്കാലത്തെയും സംഘപരിവാർ അപരനിർമ്മിതി ഇക്കാലത്ത് പത്രത്തിൽ പരമ്പരയായി അച്ചടിച്ചു.1987 ജനുവരി 14-ന് മാതൃഭൂമി ഇഎംഎസ്സിന്റെ പേരിൽ ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചു. "ബാബറി മസ്ജിദ് പൊളിച്ചു മാറ്റി പ്രശ്നം പരിഹരിക്കണം - ഇഎംഎസ്" എന്നായിരുന്നു ആ ഫാബ്രിക്കേറ്റഡ് വാർത്തയുടെ തലക്കെട്ട് . അന്ന് തന്നെ ഇഎംഎസ് ആ വാർത്ത പച്ച നുണയാണെന്ന് പ്രസ്താവിച്ചിട്ടും അത് പിൻവലിക്കാനോ ഖേദപ്രകടനം നടത്താനോ മാതൃഭൂമി തയ്യാറായില്ല. ആ പത്രക്കട്ടിംഗ് ഇന്നും സംഘപരിവാർ - ഇസ്‌ലാമിസ്റ്റ് വൃത്തങ്ങളിൽ ഒരേപോലെ ഓടിക്കൊണ്ടിരിക്കുന്നു. ബാബറി മസ്ജിദ് ആകട്ടെ മാതൃഭൂമിക്ക് എന്നും തർക്ക മന്ദിരം ആയിരുന്നു. (വാക്കുകളുടെ തെരഞ്ഞെടുപ്പ് ശ്രദ്ധിക്കണം - 'മന്ദിരം' - മന്ദിർ). 1992 ഡിസംബർ 6 ന് സംഘപരിവാർ തീവ്രവാദികൾ ബാബറി മസ്ജിദ് തകർത്തു. അടുത്ത ദിവസം ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും കേരളത്തിൽ ദേശാഭിമാനിയും സംഘപരിവാറുകാർ ബാബറി മസ്ജിദ് തകർത്തു എന്ന് വാർത്ത നൽകിയപ്പോൾ 'തർക്ക മന്ദിരത്തിനു കർസേവകർ വ്യാപകമായി കേടുവരുത്തി' എന്ന 'ഗംഭീര' തലക്കെട്ടാണ് മാതൃഭൂമി നൽകിയത്. (തർക്കമന്ദിരം തകർക്കലും ഡെസ്ക്കിലെ സമ്മർദ്ദങ്ങളും - എൻ പി രാജേന്ദ്രൻ , 2007 ഡിസംബർ 7) . ഈ തലക്കെട്ടാകട്ടെ വ്യാപകമായ വിമർശനങ്ങൾക്ക് വിധേയമായി. എന്നാൽ 2009 ൽ ബാബറി മസ്ജിദ് വിഷയത്തിൽ അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി റിപ്പോർട്ട് ചെയ്ത ഡൽഹി ലേഖകൻ ഡി ശ്രീജിത്തിന്റെ റിപ്പോർട്ടിലെ 'ബാബറി മസ്ജിദ്' എന്ന വാക്കുകൾ എട്ടിടത്ത് തന്റെ കാവി പെൻസിൽ കൊണ്ട് 'തർക്ക മന്ദിരം' എന്ന് തിരുത്തി മാതൃഭൂമി എഡിറ്റർ വീണ്ടും മാതൃകയായി.

തൊഗാഡിയ മുതൽ ശശികല വരെയുള്ളവർ മാതൃഭൂമിക്ക് സ്വീകാര്യരാകുമ്പോൾ മദനിയെപ്പോലുള്ളവർ എന്നും തീവ്രവാദികൾ മാത്രമായിരുന്നു. കോടതി ശിക്ഷിച്ച ഹിന്ദു തീവ്രവാദികളോട് പോലും മൃദുസമീപനം സ്വീകരിക്കുന്ന മാതൃഭൂമി, മദനിയുടെ കേസിൽ വിചാരണക്ക് മുമ്പ് തന്നെ തീർപ്പു കല്പിച്ചു. മദനിയുടെ വിചാരണ, വേഗത്തിൽ പൂർത്തിയാക്കണമെന്ന സാംസ്കാരിക പ്രവർത്തകരുടെ പ്രസ്താവനയോട് പ്രതികരിച്ചു കൊണ്ട് 1998 ആഗസ്റ്റ് 3നു മാതൃഭൂമി എഡിറ്റോറിയൽ എഴുതി: "മഅ്ദനിയെപ്പോലുള്ളവര്‍ക്ക് വേണ്ടി ആരെങ്കിലും എഴുതി തയ്യാറാക്കുന്ന കൂട്ടപ്രസ്താവനയുടെ ചുവട്ടില്‍ ഒപ്പുചാര്‍ത്തികൊടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സ്വതന്ത്ര ബുദ്ധിജീവികളുടെയും നിഷ്പക്ഷ ചിന്തകരുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും വിശ്വാസ്യതയാണ്". ബാബറി മസ്ജിദ് സംഭവത്തെ തുടർന്ന് ആര്‍എസ്എസിനെ നിരോധിച്ചപ്പോൾ "ആര്‍എസ്എസ് സാംസ്കാരിക സംഘടനയാണെ"ന്ന സാംസ്കാരിക നായന്മാരുടെ പ്രസ്താവന മുൻപേജിൽ പേറിയ പത്രമാണ് ഇതെന്നോർക്കണം.മാതൃഭൂമി പത്രം 2002 ഏപ്രിൽ 9-ന്‌ 'ക്ഷേത്രം കൈമാറി ഹസ്സൻ ഹാജി മാതൃകയായി' എന്നൊരു ബോക്സ് ന്യൂസ് നൽകി. അതിന്റെ ആദ്യ വാചകം ഇങ്ങനെയായിരുന്നു: "തന്റെ പുരയിടത്തിലെ അതിപുരാതനവും ജിർണിച്ചതുമായ ക്ഷേത്രം ഹിന്ദുക്കൾക്ക്‌ വിട്ടുകൊടുത്തുകൊണ്ട്‌ വാണിയന്നൂരിലെ നെടിയേടത്ത്‌ ഹസ്സൻ ഹാജിയും കുടുംബവും രാഷ്‌ട്രത്തിനുതന്നെ മാതൃകയാകുന്നു”. തങ്ങളുടെ പുരയിടത്തിൽ ഉള്ള പുരാതന ക്ഷേത്രം വിശ്വാസികൾക്ക് വിട്ടുകൊടുക്കാനുള്ള ഒരു വ്യക്തിയുടെ തീരുമാനം "രാഷ്ട്രത്തിനു മാതൃകയാണെന്നാണ്" മാതൃഭൂമി പറഞ്ഞു വെക്കുന്നത്. സംഘപരിവാർ ഇന്ത്യയിലെ മിക്ക ന്യൂനപക്ഷ ആരാധാലയങ്ങളും പുരാതന കാലത്ത് ക്ഷേത്രങ്ങളായിരുന്നെന്ന് അവകാശപ്പെടുന്നൊരു കാലത്താണ് മാതൃഭൂമി ഈ 'മാതൃക' രാജ്യത്തിനു നിർദ്ദേശിക്കുന്നത്.

സിപിഎമ്മിലെ വിഭാഗീയ കാലത്ത് പരമാവധി മുതലെടുക്കാൻ മാതൃഭൂമിയെ പ്രേരിപ്പിച്ച മുഖ്യഘടകങ്ങളിലൊന്ന് 'കണ്ണൂർ ലോബി'യും ഹിന്ദുത്വ ശക്തികളും തമ്മിലെ അടങ്ങാത്ത കലി കൂടിയായിരുന്നു. ഈ വാദത്തിന്റെ സാംഗത്യം മനസ്സിലാക്കാൻ സമീപകാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘപരിവാർ നടത്തുന്ന സിപിഎം വിരുദ്ധ പ്രചാരണങ്ങളുടെയും വിഭാഗീയ കാലത്തെ മാതൃഭൂമിയുടെ പ്രചാരണങ്ങളുടെയും സാദൃശ്യം ശ്രദ്ധിച്ചാൽ മതിയാകും. ആര്‍എസ്സിനെ കണ്ണൂരിലെ 'ഉയരുന്ന പ്രതിശക്തിയായി' അവതരിപ്പിച്ച മാതൃഭൂമി കണ്ണൂരിലെ അക്രമങ്ങളുടെ മുഴുവൻ ഉത്തരവാദിത്തവും സിപിഎമ്മിന് മുകളിൽ എക്കാലവും ചാർത്തി.

കേരളത്തിലെ സംഘപരിവാർ പൊതുബോധത്തെ അവരുടെ സംഘടനാ സംവിധാനങ്ങൾക്ക് പോലും സാധിക്കാത്ത വിധം ശക്തിപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കാണ് ഗോപീകൃഷ്‌ണൻ എന്ന കാർട്ടൂണിസ്റ്റ് മാതൃഭൂമിയിലൂടെ നിർവഹിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സമീപകാലത്ത് സംഘപരിവാരം നടത്തുന്ന ജാതി - മത കൊലപാതകങ്ങളിൽ നിലപാടെടുത്തതിനോട് എത്ര നിന്ദ്യമായാണ് ഗോപീകൃഷ്ണന്റെ വര പ്രതികരിച്ചതെന്നു നാം കണ്ടതാണ്. കെവീയെസ് ഹരിദാസ് മുതൽ സുഗതകുമാരി വരെ മൃദുവും ഖരവുമായ സകല സംഘപരിവാറുകാരെയും കേരളത്തിലെ പൊതു സമൂഹത്തിൽ രാഷ്ട്രീയ ചിന്തകരായി അവതരിപ്പിച്ച് സ്വീകാര്യത നേടിക്കൊടുത്തതിലും നിർണായക പങ്കാണ് ഇക്കാലമത്രയും മാതൃഭൂമി വഹിച്ചത്.ഇന്ത്യൻ മുതലാളിത്തത്തിന്റെ ഒരു സവിശേഷത യൂറോപ്യൻ മുതലാളിത്തത്തിൽ നിന്ന് വിഭിന്നമായി ഫ്യൂഡൽ - ഭൂവുടമ വിഭാഗങ്ങളുമായുള്ള സംഘർഷത്തിലൂടെയല്ല അത് വളർന്നത് എന്നതാണ്. മുകളിൽ നിന്ന് അടിച്ചേല്പിക്കപ്പെട്ട ഒരു കൊളോണിയൽ മുതലാളിത്ത വ്യവസ്ഥയ്ക്കകത്ത് നിലവിലെ ഫ്യൂഡൽ ചൂഷണ വ്യവസ്ഥയെ കൂടി സമർത്ഥമായി ഉപയോഗിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ട് തന്നെ ഫ്യൂഡൽ വ്യവസ്ഥയുടെ ഗുണഭോക്താക്കളായ ജാതി - ജന്മി - ഭൂവുടമ -വിഭാഗങ്ങൾക്ക് ഒരേ സമയം മുതലാളിത്ത ആധുനികതയുടെ ഭൗതികസാധ്യതകളെ ഉപയോഗപ്പെടുത്താനും അതേസമയം ആ ആധുനികതയുടെ മൂല്യ വ്യവസ്ഥകളെ നിരാകരിക്കാനും കഴിഞ്ഞു. കൊളോണിയൽ കാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നത് ഒരു ആധുനികതയുടെ ഉൽപ്പന്നമായ ഒരു സംഘടനാ രൂപമായിരിക്കുമ്പോൾ തന്നെ അതിന്റെ നേതൃത്വം ജാതി - ജന്മി - ഭൂവുടമ വിഭാഗങ്ങൾക്കുമായിരുന്നു. ആ നേതൃത്വത്തിന്റെ കേരളത്തിലെ ഉത്പന്നമായിരുന്നു മാതൃഭൂമി. വെടിവട്ടവും അസംബന്ധങ്ങളും അളവില്ലാത്ത ഭൂമിയും അധികാരിപ്പണിയുമൊക്കെയായി ജീവിച്ച ഒരു തറവാടിക്കൂട്ടത്തിന്റെ മുഖത്ത് ആദ്യമടിച്ച കർഷക കലാപങ്ങൾ മുതൽ ഉറക്കത്തിൽ അവരെ നിലത്തേക്കെറിഞ്ഞ ഭൂപരിഷ്കരണം വരെയുള്ളതാണ് ഈ ഫ്യൂഡൽ തറവാടിത്തത്തിന് മുസ്ലിം ജനസാമാന്യത്തോടും കമ്യൂണിസ്റ്റ് പാർട്ടിയോടുമുള്ള അടങ്ങാത്ത പക. ആ പ്ലാറ്റ്ഫോമിന്റെ ഇന്ത്യയിലെ പേര് കൂടിയാണ് സംഘപരിവാരം. ഫ്യൂഡൽ പാരമ്പര്യത്തിന്റെ ഗൃഹാതുരത പേറുന്ന വായനക്കാരും ഉടമകളുമുള്ളൊരു തറവാടി പത്രം സ്വാഭാവികമായും സംഘപരിവാർ ശക്തികളുടെ പതാകാവാഹകരായാണ് അവതരിക്കുക. അതിന്റെ മൂല്യങ്ങൾ ആധുനികതാനിഷേധവും അപരവിരുദ്ധവും ആയിരിക്കും. അതുകൊണ്ട് ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള പത്രം എന്ന മാതൃഭൂമിയുടെ വാദം ഭാഗികമായി ശരിയാണ്. ഇന്ത്യൻ ദേശീയതാ പ്രസ്ഥാനത്തിനകത്ത് എല്ലാകാലവും സ്വാധീനമുണ്ടായിരുന്ന സവർണ്ണ- ഭൂവുടമാ ഹൈന്ദവ ദേശീയതയുടെ പാരമ്പര്യമാണത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories